17.1 C
New York
Wednesday, August 17, 2022
Home Special ഒരു എഞ്ചിനീയറുടെ സർവീസുൽസവം:- 99 &100.

ഒരു എഞ്ചിനീയറുടെ സർവീസുൽസവം:- 99 &100.

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

99. പർച്ചേസ് ഡിവിഷൻ:-

പർച്ചേസ് ഡിവിഷൻ, എക്സിക്യൂട്ടീവ് എൻജിനീയർ തിരുവനന്തപുരം ഓഫീസിൽ ഞാൻ ഇരിക്കുന്ന മുറിയിൽ തന്നെയായിരുന്നു. അദ്ദേഹം ഒരിക്കൽ ഭാവി പ്രവചിക്കുന്ന ഒരാളെ കാണാൻ പോയി. സാധാരണ ജോത്സ്യൻ അല്ല. പക്ഷേ അയാൾ പറയുന്നത് വള്ളിപുള്ളി തെറ്റാതെ നടക്കാറുണ്ടത്രേ!! ആറുമാസത്തിനകം ഉദ്യോഗക്കയറ്റം കിട്ടുമെന്നായിരുന്നു പ്രവചനം. ഞങ്ങൾ നോക്കിയിട്ട് ബോർഡിൽ അതിന് യാതൊരു സാധ്യതയുമില്ല. എന്നാൽ പ്രവചനക്കാരൻ തന്റെ വാക്കുകളിൽ നിന്ന് പിൻമാറാൻ തയ്യാറല്ല. അടുത്തനാളുകളിൽ ഈ എക്സിക്യൂട്ടീവ് എഞ്ചിനീയർ തിരുവനന്തപുരത്തെ ടൈറ്റാനിയം പദ്ധതിയിൽ ചീഫ് എഞ്ചിനീയറായി ഡെപ്യൂട്ടേഷനിൽ പോയി.

എന്നെ ആണ് പകരം പർച്ചേസ് സെക്ഷനിൽ നിയമിച്ചത്. പർച്ചേസിനു പുറമേ ആ ഡിവിഷനിൽ വേറൊരു ജോലി കൂടി ഉണ്ടായിരുന്നു. ചെക്ക് ഒപ്പിടുക, അക്കൗണ്ട്സ്‌ അയയ്ക്കുക തുടങ്ങിയ ജോലികൾ.ചീഫ് എൻജിനീയർക്ക് പുറമേ അദ്ദേഹത്തിനു പകരം ചെക്ക് ഒപ്പിടാൻ ആയി രണ്ടുപേർക്കു കൂടി അധികാരമുണ്ട്. ഒന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കാണ് . മറ്റൊരാൾ ഒരു എക്സിക്യൂട്ടീവ് എൻജിനീയർ ആണ്. സാധാരണയായി ഏറ്റവും സീനിയറായ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് ഈ അധികാരം നൽകുക.ഞാൻ സീനിയർ അല്ല. സീനിയർ മിടുക്കനാണ്. പക്ഷേ സംശയം ഒഴിഞ്ഞിട്ട് നേരമില്ലാത്ത ആളാണെന്ന് ഒരു പൊതു അഭിപ്രായം ഉണ്ട്. അതുകൊണ്ട് എന്നെ ഏൽപ്പിച്ചെങ്കിലേ ശരിയാകൂ എന്ന് സ്ഥാനമൊഴിയുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. ചീഫ് എഞ്ചിനീയറും സമ്മതിച്ചു. അതുകൊണ്ട് ആ ചുമതലയും എനിക്ക് നിർവഹിക്കേണ്ടി വന്നു.

മേലുദ്യോഗസ്ഥരുടെ ശമ്പളബിൽ അടക്കം പലതിലും ഞാനാണ് ഒപ്പിട്ടിരുന്നത്. ഇത് ചില പ്രയാസങ്ങൾ സൃഷ്ടിച്ചു. ഒരിക്കൽ എൻറെ സുപ്പീരിയർ ഒരു ചിട്ടിക്ക് ജാമ്യം നിന്നു. അദ്ദേഹത്തിന്‍റെ ശമ്പളത്തിൽനിന്ന് പലതരം കിഴിവുകൾ ഉണ്ട്. കയ്യിൽ കിട്ടുന്ന തുക (ടേക്ക് ഹോം പേ ) കുറവാണ്. ചിട്ടി മുടങ്ങുകയാണെങ്കിൽ വീണ്ടും തുക കുറക്കേണ്ടി വരും. ഒരാളുടെ ശമ്പളത്തിൽ നിന്ന് പിടിക്കാവുന്ന തുകക്ക് പരിധിയുണ്ട്. ആ പരിധി വിടുന്നത് ഞാൻ അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹത്തിൻറെ സഹകരണത്തോടെ ജാമ്യം നിന്നതിന്റെ അപേക്ഷ സ്വീകരിച്ചില്ല.

മറ്റൊരിക്കൽ വേറൊരു സുപ്പീരിയർ ഓഫീസറുടെ ഓഫീസ് ടെലിഫോൺ ബിൽ വന്നപ്പോൾ തുക വളരെ കൂടുതലാണ്. ഞാൻ അതുമായി അദ്ദേഹത്തെ സമീപിച്ചു. അഞ്ചുമണിക്ക് അദ്ദേഹം സ്ഥലം വിടും. അതിനുശേഷം ആരൊക്കെയോ മുറിയിൽ കയറി വിളിക്കുന്നതാവും എന്നാണ് മറുപടി. “ഇപ്പോഴത്തെ ബിൽ ഞാൻ ഒപ്പിടുന്നു. പക്ഷേ സാർ ഒന്ന് ശ്രദ്ധിക്കണം.” എന്ന് പറഞ്ഞ് തിരിച്ചു പോന്നു.

പണ്ടുകാലത്ത് ഫെയ്സ്ബുക്ക് ഒന്നുമില്ല. പകരം അമേച്വർ റേഡിയോയിൽ കൂടി മോഴ്സ്‌ കോഡ് വഴി ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുമായി ബന്ധപ്പെടുന്നത് ഒരു വിനോദമാണ്. എൻറെ ഈ സുപ്പീരിയർക്കു ഈ വിനോദം ഉണ്ട്. അദ്ദേഹം ഓഫീസിൽ വന്നതിനുശേഷം പലരെയും സബ്സ്ക്രൈബർ ട്രങ്ക് ഡയലിംഗ് ( STD ) വഴി വിളിക്കുകയാണ്. അതാണ് യഥാർത്ഥ കാരണം. ഞാൻ ഇതൊന്നും പറഞ്ഞില്ല. പക്ഷേ പിന്നീട് ബിൽ തുക കൂടുതൽ ആയിട്ടില്ല.

100.റിഫ്രഷർ കോഴ്സ് :-

ഞാൻ തിരുവനന്തപുരം ഓഫീസിൽ ജോലി ചെയ്യുമ്പോൾ എന്നെ ന്യൂഡൽഹിയിൽ ഒരു പഠനാന്തര പരിശീലനത്തിന് (റിഫ്രഷർ കോഴ്സ്) അയച്ചു. കൃഷി ജലസേചന മന്ത്രാലയത്തിലെ കേന്ദ്ര ജല കമ്മീഷൻ ആണ് ഇത് നടത്തിയത്. 12 ദിവസത്തെ പരിപാടിയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ രാത്രി പത്തു മണിയായി. കേരള ഹൗസിലേക്ക് പോകുന്ന ബസ്സിൽ കയറി. കുറച്ചുദൂരം പിന്നിട്ടപ്പോൾ തന്നെ അത് ബ്രേക്ക് ഡൗണായി. പകരം എയർലൈൻ കാർക്ക് ബസ്സില്ലത്രെ. പത്തിരുപത് പേരുണ്ട്. ഹിന്ദിഭാഷ അറിയാവുന്നവർ ലോറി ഡ്രൈവർമാരെ ‘സോപ്പിട്ട്’ അതിൽ കയറി ഓരോരുത്തരായി സ്ഥലംവിട്ടു. നാലഞ്ചു പേർ ബാക്കിയായി. ഞാൻ പറയുന്ന ഭാഷയിൽ അവർക്കു മനസ്സിലാകുന്നത് ‘ജന്തർ മന്ദിർ’ എന്ന വാക്ക് മാത്രമാണ്. ഭാഗ്യത്തിന് അതുവഴി ഒരു ലൈൻ ബസ് വന്നു. അതിൽ കയറി ജന്തർമന്ദറിന് അടുത്ത് എത്തിയപ്പോൾ ഇറങ്ങി.കയ്യിൽ കൊണ്ടു നടക്കാവുന്ന ഒരു പെട്ടി മാത്രമേ എൻറെ കയ്യിൽ ഉള്ളൂ. കുറച്ചു മാത്രം സാധനങ്ങൾ കൂടുതൽ സുഖം യാത്ര സന്തോഷകരം ആക്കുക.(ലെസ്സ് ലഗേജ് മോർ കംഫർട്ട് മേക്യ്ക്ക് എ ട്രാവൽ പ്ലഷർ) എന്നതാണ് എൻറെ നിഷ്ഠ.

കേരള ഹൗസിന് അടുത്തെത്തിയപ്പോൾ അവിടെ താമസിക്കുന്നവരെ കണ്ടുകിട്ടി. പിന്നെ ഹിന്ദി അറിയാത്തതിന്റെ ബുദ്ധിമുട്ടുണ്ടായില്ല. അവരിലൊരാൾ ട്രെയിനിങ്ങിന് തന്നെ വന്നതാണ്. പെട്ടി വിമാന കമ്പനിക്കാർ നഷ്ടപ്പെടുത്തി. അതുകൊണ്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ ചെലവാക്കാൻ കൈവശം വേണ്ടത്ര പണമില്ലാതെയുമാണ് നടപ്പ്. അഞ്ചാറു ദിവസം കഴിഞ്ഞാണ് പെട്ടി കിട്ടിയത്. കേരള ഹൗസിൽ ആയിരുന്നു താമസം. ആദ്യം കുറച്ചു ദിവസം പ്രത്യേക മുറി കിട്ടി.പിന്നെ സർവാണി മുറിയിലേക്ക് മാറി. അതുകൊണ്ട് കേരളത്തിലെ പല പ്രശസ്തരെയും സഹമുറിയന്മാർ(റൂംമേറ്റ്സ് )ആയി ലഭിച്ചു. ഫിലിം ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാൻ, പ്രസിദ്ധ എഴുത്തുകാരൻ ഡോക്ടർ കെ.എം.ജോർജ് മുതലായവർ ഇക്കൂട്ടത്തിൽപെടുന്നു. മലയാളത്തിന് റോമൻ ലിപി (റോമൻ സ്ക്രിപ്റ്റ് ഫോർ മലയാളം) എന്നിങ്ങനെയുള്ള എൻറെ ലേഖനങ്ങൾ കേരള സർക്കാരിൻറെ പ്രസിദ്ധീകരണങ്ങളിൽ വരാൻ ഈ പരിചയപ്പെടൽ സഹായിച്ചു.ഡൽഹി യിലെ പല ഹോട്ടലുകളിൽ താമസിച്ചിരുന്ന പ്രമുഖ ഉദ്യോഗസ്ഥർ കേരള ഹൗസിലെ രാത്രിയിലെ കഞ്ഞിയും പയറും പപ്പടവും കഴിക്കാൻ ഒത്തുകൂടാറുണ്ട്. അവരിൽ ചിലരുമായി പരിചയപ്പെടാനും കേരള ഹൗസിലെ താമസം സഹായിച്ചു.

ഇൻവെന്ററി കൺട്രോൾ ആൻഡ് മെറ്റീരിയൽ മാനേജ്മെൻറ് എന്ന വിഷയത്തിലായിരുന്നു പഠനം. ഇവിടെ പഠിപ്പിച്ച കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പള്ളത്തെ എൻറെ ഓർമക്കുറിപ്പുകളിൽ എഴുതിയിരുന്നത്. അതുകൊണ്ട് ആ വിവരങ്ങൾ വീണ്ടും കൊടുക്കുന്നില്ല. ഇവിടെ പഠിച്ച കാര്യങ്ങൾ പർച്ചേസ് ഡിവിഷനിൽ ജോലി ചെയ്യുമ്പോൾ ഉപകാരപ്പെട്ടു. ഒരുവിധം കാര്യങ്ങൾ സുഗമമായി പോയി.

ഇതിനിടയിൽ ഒരു ദിവസം ഡൽഹിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടു. രാഷ്ട്രപതിഭവൻ, ചുവപ്പു കോട്ട, രാജ്ഘട്ട്, കുത്തബ്മീനാർ, നെഹ്റു സ്മാരകമായ തീൻ മൂർത്തി നഗർ, 1724ൽ പണിത വാനനിരീക്ഷണകേന്ദ്രം ആയ ജന്തർ മന്തർ തുടങ്ങിയവയാണ് കണ്ടത്.

കുത്തബ്‌മീനാറിന്റെ ഉള്ളിലൂടെ 234 അടി ചാടി കയറി മുകളിലെത്തി. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിൽ തോറ്റ സമയമായിരുന്നു. അവർ ജനസമ്പർക്ക പരിപാടിയുമായി വീട്ടിൽ എല്ലാവരെയും കാണുന്നുണ്ടായിരുന്നു. അവിടെയും അരമണിക്കൂർ ചെലവാക്കി.

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.
trjohny @gmail.com

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: