ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയുളള വാക്കുകളിലൂടെ മലയാളിയുടെ ചിന്തകളെ ഉണർത്തിയ കവി ചെമ്മനം ചാക്കോ .
കേരളീയ സമൂഹത്തിന്റെ വർത്തമാനകാലത്തെ കുറിച്ച് അതേ കാലയളവിൽ ചിത്രീകരണം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.
ചെമ്മനത്തിന്റെ ഹാസ്യകവിതകളിൽ ഏറെയും സമൂഹത്തിലെ ദുഷിച്ച അവസ്ഥകൾക്ക് നേർക്ക് പിടിച്ച കണ്ണാടിയായിരുന്നു.
ആളില്ലാകസേരകൾക്കെതിരെ ചെമ്മനം നടത്തിയ വാക്കേറ്റങ്ങൾക്ക് ഇന്നും എന്നും പ്രസക്തിയുണ്ട്. വിമർശനങ്ങൾ വിളിച്ചുവരുത്തിയ എതിർപ്പുകളും വിവാദങ്ങളും സംവാദങ്ങളും ചെമ്മനം കവിതയാക്കി.
മാർച്ച് 7ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം ഗ്രാമത്തിലാണ് ചെമ്മനം ചാക്കോയുടെ ജനനം. പിറവം സെന്റ് ജോസഫ്സ് ഹൈസ‌്‌കൂൾ, ആലുവ യു.സി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ചാക്കോ മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി.
നാൽപ്പതുകളിലാണ് സാഹിത്യ ജീവിതത്തിന് തുടക്കം കുറിച്ചത്. ചക്രവാളം മാസികയില്‍ ‘പ്രവചനം’ എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ‘ഉള്‍പ്പാര്‍ട്ടി യുദ്ധം’ എന്ന കവിതയിലൂടെയാണ് ചെമ്മനം ചാക്കോ വിമര്‍ശന ഹാസ്യത്തിലേക്ക് തിരിഞ്ഞത്.
ഇരുപത്തിരണ്ടോളം കവിതാഗ്രന്ഥങ്ങളും ബാലസാഹിത്യ കവിതകളും കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതോടൊപ്പം വിമർശനഹാസ്യ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.
,കനകാക്ഷരങ്ങൾ, നെല്ല്, ഇന്ന്, പുത്തരി, അസ്ത്രം, ആഗ്നേയാസ്ത്രം, ദുഃഖത്തിന്റെ ചിരി, ആവനാഴി, ജൈത്രയാത്ര, രാജപാത, ദാഹജലം, ഭൂമികുലുക്കം, അമ്പും വില്ലും, രാജാവിനുവസ്ത്രമില്ല, ആളില്ലാക്കസേരകൾ, ചിന്തേര്, നർമ്മസങ്കടം, ഒന്ന് ഒന്ന് രണ്ടായിരം, ഒറ്റയാൾപട്ടാളം, ഒറ്റയാന്റെ ചൂണ്ടുവിരൽ, അക്ഷരപ്പോരാട്ടം, തലേലെഴുത്ത്, കനൽക്കട്ടകൾ തുടങ്ങിയവയാണ് കവിതാ ഗ്രന്ഥങ്ങൾ.
വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ‘രാജപാത’ എന്ന കാവ്യ സമാഹരത്തിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയത്.
പിറവം സെന്റ്. ജോസഫ്സ് ഹൈസ്കൂൾ, പാളയംകോട്ട സെന്റ് ജോൺസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവ്വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1968 മുതൽ 86 വരെ കേരള സർവ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി, ഓഥേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സെൻസർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട്.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2018 ആഗസ്റ്റ് 15-ന് അന്തരിച്ചു. ദീപ്തമായ അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു….
അവതരണം: അജി സുരേന്ദ്രൻ✍