17.1 C
New York
Friday, July 1, 2022
Home Special ഓർമ്മകൾക്ക് എന്ത് സുഗന്ധം: ഭാഗം (68) - "കളിപ്പാട്ടങ്ങൾ"

ഓർമ്മകൾക്ക് എന്ത് സുഗന്ധം: ഭാഗം (68) – “കളിപ്പാട്ടങ്ങൾ”

മധുരസ്മരണകളുണർത്തുന്ന പഴയകാല ഓർമ്മകളിലേക്കൊരു യാത്രയ്ക്ക് വേദിയൊരുക്കിക്കൊണ്ട് സൈമാ ശങ്കർ അവതരിപ്പിക്കുന്നു… “ഓർമ്മകൾക്ക് എന്ത് സുഗന്ധം” – ഭാഗം (68) “കളിപ്പാട്ടങ്ങൾ”

പണ്ടത്തെ, അതായത് ഏകദേശം 1985വരെയുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങൾ ഏതൊക്കെ ആയിരുന്നു വെന്നു ഓർമ്മയുണ്ടോ? ഇന്നത്തെ തലമുറയ്ക്ക് , ഉപയോഗിക്കാനോ, സങ്കൽപിക്കാനോ പോലും സാധിക്കാത്തത്രയും ധാരാളം പ്രകൃതിദത്തമായ സൗജന്യ കളിപ്പാട്ടങ്ങൾ പഴയ കാലത്തെ കുട്ടികൾ ഉപയോഗിച്ചിരുന്നു. അതൊക്കെ ഒന്നൊന്നായി ഓർത്തെടുത്തു മനസ്സിന്റെ അലമാരയിൽ വീണ്ടും ചേർത്തു വയ്ക്കാം.

അടുക്കളയിൽ അമ്മ തേങ്ങാ ചുരണ്ടിയിട്ട്,അടുപ്പിൽ ഇന്ധനമായി ഉപയോഗിക്കാൻ മാറ്റി വയ്ക്കുന്ന ചിരട്ട കൾ പെറുക്കി വന്നു പാത്രങ്ങൾ ആയി സങ്കല്പിച്ചു മണ്ണപ്പം ചൂടും. അർദ്ധ ഗോളാകൃതിയിൽ മണ്ണപ്പം ചുട്ടു നിരത്തി വച്ചേക്കുന്ന കാഴ്ചകളൊക്കെ മൺ മറഞ്ഞു പോയിരിക്കുന്നു. മൂന്ന് ചെറിയ കല്ല് വച്ച് അടുപ്പ് ഉണ്ടാക്കി അതിൽ ചിരട്ട വച്ച് വെള്ളം ഒഴിച്ച് പച്ചിലകൾ കീറിയിട്ട് അടിയിൽ രണ്ടുമൂന്നു ഈർക്കിൽ ഒടിച്ചു വച്ച് ചോറും കറിയും ഉണ്ടാക്കുന്ന തായി സങ്കല്പിച്ചു കളിക്കും. പാത്രങ്ങൾ ആയി ചിരട്ടയും, പ്ലാവില കോട്ടി കരണ്ടി യും ഉണ്ടാക്കും. പഴയ കള്ളി മുണ്ടും, അരസാരിയും ഒക്കെ എടുത്തു വന്നു മേല് ചുറ്റി അച്ഛൻ അമ്മ കളിക്കും കൂട്ടത്തിൽ ഉള്ള മറ്റ് കൂട്ടുകാരെ കുഞ്ഞുങ്ങൾ ആയും സങ്കൽപിക്കും. എന്നിട്ട് എല്ലാരും കൂടെ പാചകം ചെയ്തതൊക്കെ കഴിക്കുന്നതായി അഭിനയിക്കും. പ്ലാവില കൊണ്ട് കരണ്ടി മാത്രം അല്ല ഈർക്കിൽ വച്ച് പ്ലാവിലകൾ പല ആകൃതിയിൽ കോർത്തു കെട്ടി തൊപ്പി, ബെൽറ്റ്‌ തുടങ്ങി ധാരാളം കളിപ്പാട്ടങ്ങൾ ഉണ്ടാക്കും. ഒരു ചെറിയ ഈർക്കിലിന്റെ രണ്ട് വശവും വെള്ളക്ക തിരുകി നടുവിൽ ഒരു പ്ലാവില മടക്കി കുത്തി ഒരു നീളൻ കമ്പിൽ ഈർക്കിലിന്റെ മധ്യത്തിൽ വച്ച് കെട്ടി ഉരുട്ടു വണ്ടി ഉണ്ടാക്കി ഡർർർർർർർർ എന്ന് ശബ്ദം വായിലൂടെ കേൾപ്പിച്ചു ആ വണ്ടി ഓടിച്ച അനുഭവം ഉള്ളവർ ആരേലും ഉണ്ടോ?? ഇത് ആൺകുട്ടികളുടെ കളിപ്പാട്ടം ആണ്. എന്നാൽ പെൺകുട്ടികൾ മരച്ചീനി (കപ്പ )ഇലയുടെ നേർത്ത തണ്ട് കൊണ്ട് പ്രത്യേക രീതിയിൽ ഒടിച്ചു മാല ഉണ്ടാക്കും, ഇലയുടെ ഭാഗം ചെറുതായി പൂവിന്റെ ആകൃതിയിൽ നിർത്തി ലോക്കറ്റും ഉണ്ടാക്കും. ചില കപ്പ ചെടിയിൽ ഒരു കായ ഉണ്ടാകും അതിൽ ഒരു ഈർക്കിൽ കോർത്തു കമ്മൽ ആക്കും. വാടാമല്ലി തുടങ്ങിയ ചെറിയ വട്ടത്തിൽ ഉള്ള പൂക്കളും പറിച്ചു ചെവിയിൽ വയ്ച്ചു കമ്മൽ ആക്കും.ചെറിയ പാറ കല്ലുകൾ, വളപ്പൊട്ടു കൾ, മയിൽ‌പീലി, മൺ പാത്രങ്ങളുടെ ഉടഞ്ഞ ഓട്ടു കഷ്ണം, കുറച്ചു ഈർക്കിൽ ഇവയൊക്കെയാണ് പെൺകുട്ടികളുടെ മുഖ്യ കളി കോപ്പുകൾ എങ്കിലും ആൺകുട്ടികൾക്ക് വേറെയും ധാരാളം കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നു.

പേപ്പറിൽ കപ്പൽ, വള്ളം, ഉണ്ടാക്കി മഴയത്ത് കുഴികളിൽ കെട്ടികിടക്കുന്ന വെള്ളത്തിൽ വിട്ട് കളിക്കുക. പേപ്പറിൽ റാക്കറ്റ് ഉണ്ടാക്കി പറത്തുക. പട്ടം ഉണ്ടാക്കി പറത്തൽ തുടങ്ങിയവ .എന്നാൽ മറ്റുള്ള കളിപ്പാട്ടങ്ങളേക്കാൾ ഈ റാക്കറ്റിനും, പ്ലെയിനിനും, വള്ളത്തിനും ഒക്കെ ലേശം വില കൊടുക്കേണ്ടി വന്നിട്ടുണ്ടാവും കേട്ടോ.. കാരണം ഈ കളിപ്പാട്ടങ്ങൾ ഒക്കെയും നോട്ടു ബുക്കിലെ വെള്ള കടലാസ് കീറിയാണ് ഉണ്ടാക്കുക.പട്ടം ദിന പത്രം കൊണ്ടും. അതും മിക്കവാറും അന്നത്തെ പത്രം തന്നെ എടുക്കും. അതിന്‌ അമ്മയുടെയോ അച്ഛന്റെയോ കൂടാതെ വീട്ടിലെ മുതിർന്നവരുടെ എല്ലാം അടി, നുള്ള്, പിച്ച്, ശകാരം ഒക്കെ സഹിക്കേണ്ടി വരും.പിന്നെ പണ്ടൊക്കെ ബിസ്ക്കറ്റ്, എണ്ണ ഒക്കെ വരുന്ന തകര പാട്ടകൾ ഉണ്ടായിരുന്നു. ആ പാട്ടകൾ എടുത്തു വന്നു കോല് വച്ച് അടിച്ചു ചെണ്ട എന്ന സങ്കല്പത്തിൽ വലിയ ശബ്ദം ഉണ്ടാക്കും. പാട്ടകൾ ചണുങ്ങി പോകും. അടി അതിനും ഉറപ്പാണ്.

വീട്ടിൽ മുതിർന്നവർ കുളിച്ചിട്ട് വെയിലിൽ ഉണങ്ങാൻ മുറ്റത്തെ അയയിൽ വിരിച്ച തോർത്തും എടുത്തു ആറ്റു വക്കിൽ മീൻ പിടിക്കും. രണ്ടും നാലും പേര് ചേർന്ന് തോർത്തിന്റെ രണ്ടറ്റവും പിടിച്ചു വെള്ളത്തിൽ താഴ്ത്തി യാണ് മീൻ പിടിത്തം. കുഞ്ഞു മീനുകൾ കിട്ടുകയും ചെയ്യും.

വാഴയിലയും ചേമ്പിലയും മഴ നനയാതെ കുടയായി ഉപയോഗിക്കും.ചേമ്പില കൊണ്ട് കുട മാത്രം അല്ല വെള്ള തുള്ളികൾ ഇലയിൽ ഒട്ടി പരന്നു പോകാത്തതിനാൽ മുത്തു മണി പോലെ തുള്ളികൾ നിറച്ചു ഉരുട്ടി കളിക്കും ഇലയിൽ നിന്നും പുറത്തു പോകാതെ ഇല ചായ്ച്ചും നിവർത്തിയും വളരെ അഭ്യാസത്തോടെ ചെയ്യുന്ന രസകരമായ കളിയാണ് അത്. സ്കൂളിൽ പോകുന്ന വഴിയിൽ ബലൂൺ പോലെ ഇരിക്കുന്ന ഞൊട്ട ഞൊടിയൻ കായ് പറിച്ചു നെറ്റിയിൽ ഇടിച്ചു പൊട്ടിച്ചു ശബ്ദം കേൾക്കുമ്പോൾ കുട്ടികൾക്ക് ഒരു ആനന്ദം ആണ്. അകത്തു ഉരുണ്ടു പച്ചകളറിലും പഴുക്കുമ്പോൾ ഓറഞ്ചു നിറത്തിലുമാകുന്ന ഒരു കായുമുണ്ടാവും.
അതുപോലെ അപ്പൂപ്പൻ താടി എന്നൊരു വിത്ത് പഞ്ഞി കെട്ട് പോലെ ഇരിക്കുന്നതിനാൽ അതും എടുത്തു ഊതി പറത്തി രസിക്കുന്ന കളിപ്പാട്ടം ആയിരുന്നു.എന്തിനേറെ വെറും ഈർക്കിൽ പോലും ഒടിച്ചു കുറച്ചു കഷ്ണങ്ങൾ ആക്കി കുറേ കളികൾ ഉണ്ടായിരുന്നു. പാറ കഷ്ണങ്ങൾ കൊണ്ടും വിവിധ കളികൾ ഉണ്ടായിരുന്നു. 5പാറ കഷ്ണം വച്ചും 20പാറ കഷ്ണം വച്ചും ഒക്കെ യുള്ള കൊത്തം കല്ല് കളികൾ കൂടുതലും പെൺകുട്ടികളുടേതായിരുന്നു.

പിന്നെ പുരയിടത്തിലോട്ട് ഇറങ്ങി ചാഞ്ഞു കിടക്കുന്ന ഓലയിൽ നിന്നും ഓലയ്ക്കാൽ എടുത്തു വിവിധ തരം കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയിരുന്നു . പന്ത്, വാച്ച്‌, കണ്ണട, പമ്പരം, പാമ്പ്, പീപ്പി തുടങ്ങിയവ . ഇത്തരം കളിപ്പാട്ടങ്ങൾക്ക് വില തുച്ഛവും, ഗുണം മെച്ചവുമാണ്. അയല്പക്കത്തെ കുട്ടികളും, കൂട്ടുകാരും ഒക്കെ ചേർന്ന് വിവിധ കളിപ്പാട്ടങ്ങൾ ഉണ്ടാകുകയും, പരസ്പരം പങ്ക് വയ്ക്കുകയും, കളിക്കുകയും ഒക്കെ ചെയ്ത കാലം ഇത് വായിക്കുന്നവരിൽ ചിലർക്ക് എങ്കിലും ഗൃഹാതുരത്വമുണർത്തിയിരിക്കും.പണ്ടത്തെ കളിപ്പാട്ടങ്ങളുടെ ലിസ്റ്റിൽ മുഖ്യ പങ്കുള്ള രണ്ടെണ്ണം കൂടി ഉണ്ട്. ഒന്ന് സൈക്കിളിന്റെ പഴയ ടയർ, പിന്നൊന്ന്‌ കവുങ്ങിന്റെ പാള. വീട്ടിൽ അമ്മ കടയിൽ പോയി എന്തെങ്കിലും സാധനം വാങ്ങി വരാൻ പറഞ്ഞാൽ ഓടി പോയി ടയർ എടുത്തു ഒരു കോല് വച്ച് തട്ടി ഉരുട്ടിക്കൊണ്ട് കൂടെ ഓടി പോകും. സ്കൂട്ടർ ഒടിച്ചു പോകുന്ന പോലെ ഒരു സംതൃപ്തിയിൽ. എന്നാൽ കമുങ്ങിന്റെ ഓലയുടെ പാളയിൽ കൂട്ടുകാരെ ഇരുത്തി ബസ് എന്നോ ട്രെയിൻ എന്നോ സങ്കല്പിച്ചു വലിച്ചു കൊണ്ട് പോകുകയാണ് ചെയ്യുക. ടയർ അങ്ങനെ അന്നത്തെ കുട്ടികളുടെ സ്വന്ത ഉപയോഗ വാഹനവും, പാള യാത്രക്കാരെ ഇരുത്തി ക്കൊണ്ട് പോകുന്ന വാഹനവും ആയിരുന്നു.ഈ ടയർ അടുത്ത വീട്ടിലെ കുട്ടിയും, കൂട്ടുകാരും ഒക്കെ കടയിൽ പോകാനും, മൈതാനത്തിൽ കളിക്കാൻ പോകാനും ഒക്കെ കടം വാങ്ങി പോകും. കുറച്ചു നേരം ഉരുട്ടി എവിടെയെങ്കിലും ഒക്കെ പോയിട്ട് തിരിച്ചു കൊടുക്കും.ടയർ ഉരുട്ടി ക്കൊണ്ട് ഓടുന്ന കുട്ടിയുടെ തോളിലോ ഷിർട്ടിന്റെ പുറകിലോ പിടിച്ചു കൊണ്ട് പുറകെ ഓടുന്നതിനു ലിഫ്റ്റ് കൊടുക്കുന്നതായിട്ടാണ് സങ്കൽപം.

ഒരു മീറ്റർ ഓളം മൂന്നു ഓല മടൽ എടുത്തു ത്രികോണം ആകൃതിയിൽ മുകളിൽ കെട്ടി താഴെയും മൂന്ന് കമ്പ് വച്ച് തൃക്കോണത്തെ യോജിപ്പിച്ചു,പഴയ റബ്ബർ ചപ്പൽ എടുത്തു വട്ടത്തിൽ മുറിച്ചു ടയർ പോലെമടലിന്റെ അടിഭാഗത്തു ഫിറ്റ്‌ ചെയ്തു ഒരു വണ്ടി ഉണ്ടാക്കിയിരുന്നു. നടന്നു തുടങ്ങുന്ന കുഞ്ഞുങ്ങൾ ഇതിൽ പിടിച്ചു നടന്നു കളിക്കും.ഇതുപോലെ ഒരു വലിയ ഓല മടലിന്റെ ചെത്തിയ ഭാഗവും ചെറിയ ഒരു കഷ്ണം കൂടി എടുത്തു താഴെ T ആകൃതിയിൽ കെട്ടി ബോട്ടിലിന്റെ രണ്ട് മൂടി കൂടി ഫിറ്റ്‌ ചെയ്താൽ ഉരുട്ടി കളിക്കുന്ന വണ്ടി ആയിരുന്നു.

ഇങ്ങനെ എത്ര എത്ര രസകരമായ ഓർമ്മകൾ ഓർത്തെടുത്തു ചുണ്ടിന്റെ കോണിൽ ഒരു മന്ദസ്മിത പൂ വിരിയുന്നതറിയാതെ ഇത് വായിച്ചിരുന്നു പോകുന്നവരും ഉണ്ടാകും.
ഇന്നത്തെ കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ യഥാർത്ഥ സൈക്കിൾ, സ്കൂട്ടർ, കാർ ഒക്കെ ഉപയോഗിക്കാൻ അവസരം ലഭിക്കുന്നു.ഇന്നത്തെ കുട്ടികൾ റിമോർട്ട് കൺഡ്രോളിൽ ഉപയോഗിച്ച് കളിക്കുന്ന JCB എന്ന കളിപ്പാട്ടത്തിനു പകരം പഴയ കാലത്ത് കുട്ടികൾ തുമ്പിയെ പിടിച്ചു അതിനെ ക്കൊണ്ട് കല്ല് എടുപ്പിച്ചു കളിച്ചിരുന്നു.
പെൺകുട്ടികൾ ചിത്രശലഭത്തെ പിടിച്ചു അതിന്റെ ചിറകിലെ പല കളർ പൊടി ചൂണ്ടു വിരൽ കൊണ്ട് പതുക്കെ തൊട്ടു നെറ്റിയിൽ, കവിളിൽ, മൂക്കിൽ, കയ്യിൽ ഒക്കെ പൊട്ട് വച്ച് കളിക്കും.അന്നത്തെ വിവിധ കളർ സിന്ദൂരം അത് തന്നെ. മഞ്ഞ, കറുപ്പ്,ഓറഞ്ചു കളറുകൾ ഒറ്റയ്ക്കും, കലർന്നും ഒക്കെ യുള്ള ചിത്രശലഭങ്ങൾ ധാരാളം ആയി തൊടിയിലും മുറ്റത്തും സ്കൂൾ പരിസരത്തും പൂന്തോട്ടത്തിലും കാണപ്പെട്ടിരുന്നു.

ഇന്ന് ആയിരം മുതൽ പതിനായിരം വരെ വിലയുള്ള കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് മാതാ പിതാക്കൾ വാങ്ങി കൊടുക്കാറുണ്ട്. റിമോർട്ട് കൺഡ്രോൾ ഉപയോഗിച്ച് ഓടുന്ന കളിപ്പാട്ടങ്ങൾ, വീഡിയോ ഗെയിം,കൂടാതെ വലിയ വലിയ കളിക്കോപ്പുകൾ നിറഞ്ഞ പാർക്കുകൾ, മാളുകൾ, കളിപ്പാട്ടങ്ങൾ മാത്രം വിൽക്കാനായി ഷോപ്പുകൾ എല്ലാം ഉണ്ട്. അതിനാലാവാം പണ്ടത്തെ കളിപ്പാട്ടങ്ങൾ എല്ലാം ഗൃഹാതുരത്വത്തിന്റെ സുഗന്ധം ഉള്ള ഓർമ്മകൾ മാത്രമായി മാറി.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...

ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു.

  വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച (ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: