പണ്ട് കാലത്ത് നവ ജാത ശിശുക്കളെ കിടത്തി ഉറക്കാൻ ഉപയോഗിച്ചിരുന്ന തുണിയിൽ കെട്ടിയ തൊട്ടിൽ ഇപ്പോൾ നവീകരിച്ച് മെത്തവിരിച്ച പലകയിൽ നിർമ്മിച്ച മൂടിയില്ലാത്ത പെട്ടിയുടെ ആകൃതിൽ എത്തി നിൽക്കുന്നു.മുൻപ് വീടിന്റെ ഉമ്മറത്ത്, അല്ലെങ്കിൽ മുറിയിൽ കഴുക്കോലിൽ സാരിയോ കൈലിയോ മുണ്ടോ ഉപയോഗിച്ച് ഞാത്തു കെട്ടിയിരുന്ന തൊട്ടിൽ ഇപ്പോൾ രണ്ട് കമ്പിൽ അല്ലെങ്കിൽ കമ്പിയിൽ ഘടിപ്പിച്ച ബോക്സ് ആയി പുരോഗമിച്ചു. വയലിലും വീടുപണിയ്‌ക്കും പോകുന്ന സ്ത്രീകൾ മരത്തിന്റെ കൊമ്പിൽ തൊട്ടിൽ കെട്ടി കുഞ്ഞിനെ ഉറക്കി കിടത്തിയിട്ട് പണിയെടുത്തിരുന്നതും, കുഞ്ഞു കരഞ്ഞാൽ ഓടി പ്പോയി തൊട്ടിൽ ആട്ടുന്നതും പാൽ കൊടുക്കുന്നതും എല്ലാം കണ്ടിരുന്ന കാലം മധുരിയ്ക്കുന്ന ഓർമ്മകൾ ആയി മധ്യവയസ്സ് പിന്നിട്ട മലയാളികളുടെ മനസ്സിൽ ഉണ്ടാവും.
ഇന്ന് ആധുനിക രീതിയിൽ മുകളിൽ കറങ്ങുന്ന കളിപ്പാട്ടം ഘടിപ്പിച്ചതും, സ്വിച്ചിട്ടാൽ താനെ ചലിയ്ക്കുന്നതുമായ ധാരാളം തൊട്ടിലുകൾ ഉണ്ടെങ്കിലും തുണി തൊട്ടിലിന്റെ ഗുണങ്ങൾ ഓർക്കാതിരിക്കുന്നത് എങ്ങനെ?
തുണികൊണ്ടുള്ള തൊട്ടിലുകൾ അമ്മയ്ക്കും കുഞ്ഞിനും വളരെ സൗകര്യപ്രദമാണ്. പരിപാലിക്കാൻ എളുപ്പമാണ്, സ്ഥലം ലാഭിക്കുന്നു,വീടിനു അകത്തോ മുറ്റത്തോ വയലിലോ എവിടെയും അമ്മ പണിയെടുക്കുന്നതിന്റെ അടുത്ത് തുണി തൊട്ടിൽ കെട്ടാം.സാരിയോ മുണ്ടോ ബെഡ്ഷീറ്റോ തുടങ്ങിയ വയിൽ കെട്ടുന്നതിനാൽ വൃത്തിയാക്കാൻ എളുപ്പമാണ്. വിലയും കുറവാണു. തൊട്ടിലിന്റെ അടിഭാഗം നിലത്തേക്ക് കഴിയുന്നത്ര താഴ്ത്തി കെട്ടുന്നതിനാൽ കുഞ്ഞു തറയിൽ വീണുണ്ടാകുന്ന അപകടങ്ങൾ ആധുനിക തൊട്ടിലുകളെ അപേക്ഷിച്ചു വളരെ കുറവായിരിയ്ക്കും .
തലമുറകളായി തുണി തൊട്ടിൽ നിലനിൽക്കുന്നതിന്റെ രഹസ്യം എന്തെന്നാൽ
കുഞ്ഞുങ്ങൾ അമ്മയുടെ ഗർഭപാത്രത്തിലെ എന്ന പോലെ സുരക്ഷാ സൗകര്യത്തോടെ ഉറങ്ങാൻ ഇഷ്ടപ്പെടുന്നു. അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന അവരുടെ സുഖകരമായ ജീവിതത്തിന്റെയും അമ്മ നടക്കുമ്പോൾ, മറ്റ് ജോലികൾ ചെയ്യുമ്പോൾ ഉള്ള കുലുക്കവും അവർ ആസ്വദിച്ച ചലനങ്ങളും തൊട്ടിലാട്ടത്തിനോട് സാമ്യമുള്ളതാണ്.അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിൽ കുഞ്ഞുങ്ങൾ അനുഭവിച്ച ചലനങ്ങളുമായി തൊട്ടിലാട്ടുമ്പോൾ കുലുങ്ങുന്ന ചലനങ്ങളെ ബന്ധപ്പെടുത്തുന്നു. അങ്ങനെ കുഞ്ഞുങ്ങൾ കോട്ടൺ തുണി തൊട്ടിലിന്റെ മൃദുലമായ ചലനങ്ങളുടെ താളം ഇഷ്ടപ്പെടുന്നു. തുണി തൊട്ടിലിൽ കുഞ്ഞ് കൈ കാൽ ചലിപ്പിയ്ക്കുമ്പോൾ , തൊട്ടിലും കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു ഉറങ്ങാൻ പ്രേരിപ്പിക്കുന്നു.
പരന്ന മെത്തയിൽ കിടത്താതെ പരുത്തി തൊട്ടിലിൽ ഉറങ്ങുന്നത് കുഞ്ഞിന്റെ തല സുന്ദരവും വൃത്താകൃതിയിലുള്ളതുമായ രൂപത്തിലേക്ക് വളരാൻ സഹായിക്കുമെന്ന് അറിയപ്പെടുന്നു . ഇത് ശുചിത്വവുമാണ്. കുഞ്ഞ് മൂത്രമൊഴിക്കുമ്പോൾ, അത് നേർത്ത കോട്ടൺ തുണിയിൽ നിന്ന് താഴേക്ക് വീഴുകയും വേഗത്തിൽ വരണ്ടുപോകുകയും കുഞ്ഞിനെ വരണ്ടതാക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി അമ്മമാരുടെ തലമുറകൾ പരുത്തിതുണിയിൽ, തൂങ്ങിക്കിടക്കുന്ന തൊട്ടിലിന്റെ ഗുണങ്ങളെക്കുറിച്ച് നന്നായി അനുഭവിക്കുകയും അവരുടെ അടുത്ത തലമുറകൾക്ക് ലളിതമായ ഈ സാങ്കേതികവിദ്യ കൈമാറുകയും ചെയ്തു. പക്ഷെ പുരോഗമനത്തിന്റെ പാതയിൽ ആധുനിക സഞ്ജീകരണങ്ങളോടെയുള്ള തൊട്ടിലുകൾ വന്നതിനാൽ തുണി തൊട്ടിൽ സുഗന്ധം ഉള്ള ഓർമ്മകൾ മാത്രമായി മാറി ക്കൊണ്ടിരിയ്ക്കുന്നു.
തയ്യാറാക്കിയത്: സൈമ ശങ്കർ✍
Nicely written
തൊട്ടിലിൽ കിടന്ന ഓർമ്മ ലഭ്യമല്ല എങ്കിലും വായിക്കുമ്പോൾ ആ ഒരു സുഖം അനുഭവപ്പെടുന്നു