17.1 C
New York
Sunday, May 28, 2023
Home Special ഓർമ്മകൾക്ക് എന്ത് സുഗന്ധം (ഭാഗം - 97) 'ചുമട് താങ്ങി'

ഓർമ്മകൾക്ക് എന്ത് സുഗന്ധം (ഭാഗം – 97) ‘ചുമട് താങ്ങി’

തയ്യാറാക്കിയത്: സൈമ ശങ്കർ

ചുമട് താങ്ങി

ചുമട് താങ്ങി ഓർക്കുന്നുവോ?? പുതിയ തലമുറയ്ക്ക് പരിചയം ഇല്ലാത്തതും പഴയ തലമുറക്കാർക്ക് ആശ്വാസമായിരുന്നതുമായ ഒരു സംവിധാനമാണ് ചുമട് താങ്ങികൾ. അത്താണി എന്നും അറിയപ്പെടുന്നു.

പേരുകൊണ്ടു തന്നെ ഉപയോഗം വ്യക്തമാകുമല്ലൊ? കരയിലൂടെ ഗതാഗതതിന് വാഹന സൗകര്യം നിലവില്‍ വരുന്നതിന് ഏറെക്കാലം മുമ്പ് സാധനങ്ങള്‍ തലച്ചുമടായാണ് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോയിരുന്നത്. ചുമട് താങ്ങി അഥവാ അത്താണി ഇടയ്ക്കിടെ വഴിയോരങ്ങളില്‍ സ്ഥാപിക്കപ്പെട്ടതിനാല്‍ ചുമടുകള്‍ പരസഹായം കൂടാതെ തലയില്‍ നിന്നും ഇറക്കി വച്ച് വിശ്രമിക്കുന്നതിന് ഈ സംവിധാനം വളരെയധികം പ്രയോജനപ്രദമായിരുന്നു. പഴയ ഗ്രാമകാഴ്ചകളില്‍ അല്പമൊക്കെ അപരിചിതമാണെങ്കിലും അന്വേഷണത്തില്‍ വളരെയധികം പ്രാധാന്യമുള്ളവയായിരുന്നു ഇവയെന്ന് മനസ്സിലാക്കാന്‍ കഴിയും. രണ്ട് കല്‍ത്തൂണുകള്‍ക്ക് മുകളില്‍ ഒരു പലകയ്ക്ക് സമാനമായ കരിങ്കല്‍പാളി ഉയര്‍ത്തി വച്ചിരിക്കുന്നതിനെയാണ് ചുമട് താങ്ങി എന്ന് പറയുന്നത്. ചിലയിടങ്ങളില്‍ തടികൊണ്ടും ഇത് നിര്‍മ്മിച്ചിരുന്നു. എന്നാല്‍, സ്ഥിരമായ സംവിധാനമായി കരിങ്കല്ലാണ് ഉപയോഗിച്ചിരുന്നത്. വെട്ടുകല്ലുകള്‍ കൊണ്ടുള്ള വലിയ ചതുര തൂണുകള്‍ മാത്രമായും ഉത്തരകേരളത്തില്‍ ധാരാളം അത്താണികളുണ്ട്.

5-6അടി ഉയരത്തിലാണ് ഇവ പാതയോരങ്ങളില്‍ സ്ഥാപിക്കാറുള്ളത്. ചുമട് താങ്ങിയോട് ചേര്‍ന്നു തന്നെ കളത്തട്ടും ഉണ്ടായിരിക്കും. ചുമടുകള്‍ ചുമട് താങ്ങിയില്‍ വച്ച ശേഷം ചുമട്ടുകാര്‍ അടുത്തുള്ള കുളത്തില്‍ നിന്നോ കിണറ്റില്‍ നിന്നോ വെള്ളം കുടിച്ച ശേഷം കളത്തട്ടില്‍ വന്ന് വിശ്രമിക്കുമായിരുന്നു. ചുമട്ടുകാര്‍ക്ക് പരസഹായമില്ലാതെ തന്നെ ചുമട് തലയില്‍ വീണ്ടും കയറ്റി വയ്ക്കുന്നതിനായാണ് അഞ്ചടി ഉയരത്തില്‍ ഇത് സ്ഥാപിച്ചിരുന്നത്. വഴിയമ്പലങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കളത്തട്ടുകളോട് കൂടി ചേര്‍ന്ന് ചുമട് താങ്ങികള്‍ സ്ഥാപിക്കുന്നതില്‍ രാജാക്കന്‍മാരും പ്രമാണിമാരും വളരെയധികം ശ്രദ്ധാലുക്കളായിരുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ പ്രാധാന്യം നല്‍കിയിരുന്ന ചുമട് താങ്ങികള്‍ ചരിത്രസ്മാരകങ്ങളായി ഇന്നും പലയിടങ്ങളിലും കാണപ്പെടുന്നു.

മനോഹരമായ കൊത്തുപണികളും ലിഖിതങ്ങളുമുള്ള ആകര്‍ഷകങ്ങളായ ചുമട് താങ്ങികളും നമുക്ക് വിവിധയിടങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ ദൃശ്യമായപ്പോള്‍ ചുമട് താങ്ങികള്‍ നീക്കം ചെയ്യപ്പെടുകയോ നശിപ്പിച്ചു കളയുകയോ ചെയ്തിട്ടുണ്ട്. ദേശീയ പാത വികസനത്തിന്റെ പേരില്‍ കേരളത്തിലുടനീളമുള്ള അത്താണികള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുന്നു.അത്താണികളുണ്ടായിരുന്ന ചില പ്രദേശം ആ പേരുകളില്‍ അറിയപ്പെടാനും തുടങ്ങി. തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ അത്താണി എന്ന പേരില്‍ പ്രദേശങ്ങളുമുണ്ട്.

കാസര്‍കോട് ജില്ലയില്‍ ഒറ്റക്കല്ലിലാണ് അത്താണികള്‍ പലതും നിര്‍മ്മിച്ചിട്ടുള്ളത്. ചുമട് ഇറക്കി വച്ച് വിശ്രമിച്ച കര്‍ഷകരുടേയും തൊഴിലാളികളുടേയും കുടിയാന്‍മാരുടേയുമൊക്കെ കഥകള്‍ പറയുന്ന ചുമട് താങ്ങികള്‍ പഴയകാലത്തിന്റെ അനുഭവ സാക്ഷ്യങ്ങളാണ്. നാടുവാഴികളും ക്ഷേത്രഭരണാധിപന്‍മാരും സ്ഥാപിച്ച അത്താണികള്‍ പലയിടങ്ങളിലും കാഴ്ചക്കാര്‍ക്ക് വലിയ കൗതുകങ്ങളൊന്നും പകരുന്നില്ലെങ്കിലും അതിനു പിന്നിലെ ചരിത്ര വസ്തുതകള്‍ ധാരാളം അവയ്ക്കു പറയാനുണ്ടാവും.ആയിരം വര്‍ഷം പഴക്കമുള്ള അത്താണികള്‍ പാലക്കാട്ടും കോഴിക്കോട്ടും വയനാട്ടിലുമൊക്കെ ഇന്നും കാണാന്‍ കഴിയുന്നു.
തലച്ചുമടായി കൊണ്ടുവരുന്ന മണ്‍കലങ്ങളും ഗാര്‍ഹിക ഉപകരണങ്ങളും പരചരക്കുകളും ഭക്ഷ്യവസ്തുക്കളുമൊക്കെ ഇറക്കി വച്ച് വിശ്രമത്തിനു പോയ വ്യക്തികളുടെ വിയര്‍പ്പിന്റെയും കഷ്ടതകളുടേയും സ്മാരകശിലകളായി ഇവ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.

ഇപ്പോഴുള്ള പല വാഹന ഗതാഗത പാതകളും പണ്ട് വെറും നടപ്പാതകളായിരുന്നു. നൂറ്റാണ്ടുകളുടെ കഥകളുടെ മൂക സാക്ഷികളായ ചുമട് താങ്ങികള്‍ ആശ്ചര്യത്തിന്റെ പ്രതീകങ്ങളായി നിലനില്‍ക്കുന്നുവെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു.

രാജഭരണകാലത്തും ബ്രിട്ടീഷുകാരുടെ ഭരണകാലത്തും കാളവണ്ടികളും ഉന്തുവണ്ടികളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും കുറഞ്ഞ ചെലവില്‍ ചരക്കുകള്‍ കൈമാറ്റം ചെയ്തിരുന്നത് തലച്ചുമടായിട്ടായിരുന്നു. നാട്ടു പ്രമാണിമാര്‍ രാജാവിനെ പ്രീണിപ്പിക്കുന്നതിനായി ചെയ്യുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അത്താണികള്‍ പലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രാജാക്കന്‍മാരുടെ ജന്‍മദിനങ്ങളും ചരമ ദിനങ്ങളും അവയില്‍ കൊത്തിവച്ച് നിര്‍മ്മിച്ചു നല്‍കിയിരുന്നു. പ്രസവത്തോടെ മരിക്കുന്ന ഗര്‍ഭിണികളുടെ സ്മരണാര്‍ത്ഥവും ഒരു കാലത്ത് ഇവ നിര്‍മ്മിച്ചിരുന്നു. ഗര്‍ഭിണികളുടെ ഗര്‍ഭഭാരം ഇറക്കി വയ്ക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നതരത്തില്‍ ചുമട്ടുകാര്‍ തലയിലിരിക്കുന്ന ഭാരം ഇറക്കി വയ്ക്കാനാകാതെ കഷ്ടപ്പെടരുത് എന്ന ആശയത്തിന്റെ പിന്‍ബലത്തിലും ചുമട് താങ്ങികള്‍ നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ചിരുന്നു.

ചുമട് താങ്ങികള്‍ക്ക് മുകളില്‍ പടര്‍ന്നു നില്‍ക്കുന്ന തരത്തില്‍ വലിയ തണല്‍ മരങ്ങളും സമീപത്ത് തണ്ണീര്‍ പന്തലുകളും ചിലയിടങ്ങളില്‍ സ്ഥാപിച്ചിരുന്നു. അത്താണികള്‍ കൂട്ടമായി ചില സ്ഥലങ്ങളില്‍ കാണപ്പെട്ടിരുന്നു. അവ കച്ചവട കേന്ദ്രങ്ങളും ചന്തകളുമായിരുന്നുവെന്ന് ഈ കല്‍ സ്മാരകങ്ങള്‍ നമ്മളെ വിളിച്ചറിയിക്കുന്നു.

പഴയ കാലത്തിന്റെ ഭാരിച്ച ഭാണ്ഡങ്ങൾ താങ്ങിയ മധുര സ്മരണകളുമായി വിരളമായി മാത്രം കാണപ്പെടുന്ന ചുമട് താങ്ങികൾക്ക് ഉപയോഗം ഇപ്പോൾ ഇല്ലെങ്കിലും സുഗന്ധം നിറച്ച ഓർമ്മചെപ്പിൽ നമുക്കത് കരുതി വയ്ക്കാം.

തയ്യാറാക്കിയത്: സൈമ ശങ്കർ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: