നാലുകെട്ടുകൾ
ഇന്നത്തെ അപ്പാർട്മെന്റുകൾ, ബഹുനില മാളികകൾ, ബംഗ്ലാവുകൾ ഒക്കെ പ്രാബല്യ ത്തിൽ വരും മുൻപ് കേരളത്തിലെപുരാതന തറവാടുകൾക്ക് നാലുകെട്ട്, എന്ന് അറിയപ്പെട്ടിരുന്നു .കൂടാതെ എട്ടുകെട്ട്, പതിനാറു കെട്ട് തുടങ്ങിയ ഭവനങ്ങളും ഉണ്ടായിരുന്നു. വാസ്തു വിദ്യാകല ശൈലി യിൽ നടുവിൽ ഒരു മുറ്റവും നാലുവശത്തും ചുവർ കെട്ടി മുറികൾ പണിയുന്ന വീടിനെ ആണ് നാലു കെട്ട് എന്ന് പറയുക. പ്രധാന വാതിലിൽ ചേർത്ത് പൂമുഖവും മിക്കവാറും നാലുകെട്ടിൽ ഉണ്ടാവും.
വീടിനു നടുവിലുള്ള മുറ്റത്തെ ‘നടുമുറ്റം’ എന്നു വിളിക്കുന്നു. കെട്ടിടത്തെ നടുമുറ്റത്തിനു ചുറ്റുമായി നാലു കെട്ടുകളായി നിർമ്മിക്കുന്നതിനാലാണ് നാലുകെട്ട് എന്ന പേരുണ്ടായത്. തെക്കിനി, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെയാണ് കെട്ടുകൾക്ക് പേര്. പണ്ടൊക്കെ കൂട്ടുകുടുംബങ്ങളായിട്ടാണ് നാലുകെട്ടുകളിൽ താമസിച്ചിരുന്നത്.
നാലുകെട്ടിനുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകസ്ഥലങ്ങളുണ്ട്. നാലുകെട്ടിന്റെ വടക്കുഭാഗത്തായാണ് അടുക്കളയും മേലടുക്കളയും. വടക്കിനിയിൽ ദൈവികകാര്യങ്ങൾക്കുള്ള ഒരുക്കങ്ങളും പതിവുണ്ട്. പടിഞ്ഞാറുഭാഗത്ത് സാധനങ്ങൾ സൂക്ഷിക്കാനുള്ള കലവറയും കിടപ്പുമുറിയും. തെക്കുഭാഗവും കിഴക്കുഭാഗവും അതിഥികൾക്കുള്ള വലിയ അകങ്ങളാണ്. നെല്ലു സൂക്ഷിക്കാനുള്ള അറകളും നാലുകെട്ടിൽ കാണാം. മുൻവശത്തെ മുറ്റത്ത് ഒരു തുളസിത്തറയും ഉണ്ടായിരിക്കും. നാലുകെട്ടിനു പുറത്തു പുരയിടത്തിൽ ഒരു കുളവും ഉണ്ടാവും.
ആദ്യകാലത്ത് മൺചുമരുകളും ഓലകൊണ്ടുള്ള മേൽക്കൂരകളുമായിരുന്നു ഇവയുടെ നിർമ്മാണരീതിയ്ക്ക് ഉപയോഗിച്ചിരുന്നത്. പിന്നീട് മേച്ചിലോടുകൾ പ്രചാരത്തിലായതോടെ ഇവ ഓടു മേഞ്ഞു തുടങ്ങി. ഇതിന് ഈടുള്ള മരങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ അവയിൽ കൊത്തുപണികൾ ചെയ്യാനും തുടങ്ങി. രണ്ടോ മൂന്നോ നിലകളുള്ള നാലുകെട്ടുകളും പണ്ടുണ്ടായിരുന്നു. നാലുകെട്ടുകൾക്ക് പടിപ്പുരകൾ നിർമ്മിക്കുന്നതും പതിവായിരുന്നു.
നാലുകെട്ട് ഇരട്ടിച്ച് എട്ടുകെട്ടും പണിയാറുണ്ട് .അതിന് വീടിനകത്തുതന്നെ രണ്ട് നടുമുറ്റം ഉണ്ടായിരിക്കും. നാലു നടുമുറ്റങ്ങളുള്ള പതിനാറുകെട്ടും പണ്ടുണ്ടായിരുന്നു.കേരളത്തിൽ ഇപ്പോൾ ആകെ രണ്ടോ മൂന്നോ പതിനാറു കെട്ടുകളെ ഉള്ളു.എട്ടുകെട്ടും നാലുകെട്ടും ഒക്കെ പൊളിച്ചു മാറ്റി ബഹുനില ഓഫീസ് കെട്ടിടങ്ങൾ , ബംഗ്ലാവുകൾ , അപ്പാർട്മെന്റുകൾ തുടങ്ങി യവ പണിതുയർത്തി വരുന്നു. അതിലെ താമസക്കാർ അച്ഛൻ അമ്മ ഒന്നോ രണ്ടോ മക്കൾ അടങ്ങിയ അണുകുടുംബവും. പണ്ടത്തെപ്പോലെ ധാരാളംസ്വന്തബന്ധങ്ങൾ അടങ്ങിയ കൂട്ടുകുടുംബ സമ്പ്രദായവും വളരെ വളരെ വിരളമായി കാണപ്പെടുന്നു.
നാലു കെട്ടിന്റെ, എട്ടു കെട്ടിന്റെ, പതിനാറു കെട്ടിന്റെ ഒക്കെ ഭംഗിയും ഐശ്വര്യവും അവർണ്ണനീയമാണ്. ഐക്യതയോടെ മുതു മുത്തശ്ശി മുതൽ ചെറു പേരക്കിടാങ്ങൾ വരെ യുള്ള ധാരാളം ബന്ധു ജനങ്ങൾ നിറഞ്ഞ കൂട്ട് കുടുബങ്ങൾ. എല്ലാപേരും പരസ്പരം ആശ്രയിച്ചും, സഹായിച്ചും, സ്നേഹിച്ചും, സന്തോഷത്തോടെ ജീവിച്ചിരുന്ന നാലുകെട്ടുകൾ.നടു മുറ്റത്ത് കുട്ടികൾ ഓടി ചാടി കളിക്കുന്നതും, സ്ത്രീകൾ മുറത്തിൽ അരി എടുത്തു വച്ച് പാറ്റി യും കല്ല് പെറുക്കിയും ഒരറ്റത്തു ഇരിക്കുന്നതും, കാരണവർ ഒരു കോണിൽ ചാരു കസേര യിൽ ഇരിക്കുന്നതും, മുത്തശ്ശി ചെറിയ ഇടികല്ലിൽ വച്ച് വെറ്റില പാക്ക് ചുണ്ണാമ്പ്, പുകയില ചേർത്ത് ഇടിച്ചു മുറുക്കുന്നത്, ഓണം, വിഷു തുടങ്ങിയ വിശേഷ അവസരങ്ങളിൽ എല്ലാരും ചേർന്ന് സദ്യ ഒരുക്കലും, തറയിൽ വിരിച്ച പായയിൽ നിരന്നു എല്ലാരും ഒരുമിച്ച് ഇരുന്നു വാഴ യിലയിൽ വിളമ്പി സദ്യ ഉണ്ണുന്നതും, കുട്ടികളുടെയും, മുതിർന്ന വരുടെയും ചിരിയും, കല പില യും ചേർന്ന് ആഹ്ലാദനിമിഷങ്ങൾ അലയടിക്കുന്ന നാലുകെട്ടു കൾ എല്ലാം ഇനിയും മനസ്സിൽ ഓർത്തെടുത്ത് കാണുവാൻ മാത്രം ആണ് സാധിക്കുക. അവയെല്ലാം ഇന്നത്തെ അപ്പാർട്മെന്റ്കളിൽ വാസ മാക്കിയ അണുകുടുംബങ്ങൾക്ക് നഷ്ടമായിരിക്കുന്നു വെങ്കിലും സുഗന്ധം ഉള്ള ഓർമ്മകളായി എന്നും മലയാളി മനസ്സുകളിൽ തങ്ങി നിൽക്കും.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘
തയ്യാറാക്കിയത്: സൈമ ശങ്കർ