“എന്താ മാഷേ മുഖമെല്ലാം വല്ലാതിരിക്കുന്നത് ? സുഖമില്ലേ ?”
” ഓ … ഒന്നും പറയണ്ട . രണ്ട് ദിവസമായി ശ്വാസം മുട്ടൽ തുടങ്ങിയിട്ട് . ”
“അയ്യോ, എന്നിട്ട് മരുന്നൊന്നും വാങ്ങിയില്ലേ മാഷേ ? ”
“ങ്ഹാ, മരുന്നൊക്കെ വാങ്ങി. പക്ഷേ, അതുകൊണ്ട് മാത്രം ശ്വാസം മുട്ടൽ മാറാൻ സാധ്യതയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. ”
“അതെന്താ മാഷേ ? സാധാരണ രീതിയിൽ മരുന്ന് കഴിച്ചാൽ അസുഖം മാറേണ്ടതല്ലേ ?”
” കാര്യമൊക്കെ ശരിയാണ്. നമ്മൾ മരുന്ന് കഴിക്കുന്നത് അസുഖങ്ങൾ മാറാനാണ്. എന്നാൽ അസുഖങ്ങൾ ഉണ്ടാക്കുന്നത് നമ്മുടെ പ്രവർത്തികൾ തന്നെയാണെങ്കിലോ ?”
” മാഷ് എന്താ പറഞ്ഞുവരുന്നത് ? ഒന്ന് തെളിച്ച് പറയൂ മാഷേ …”
” ലേഖേ, എനിക്കുള്ള ശ്വാസമുട്ടലും ചുമയും കേവലം എനിക്ക് മാത്രമാണെങ്കിൽ അതിനെ ഒരു രോഗമെന്ന് പറയാമായിരുന്നു. എന്നാലിത് നാട്ടിലുള്ള ഭൂരിഭാഗം വയോജനങ്ങൾക്കും അനുഭവപ്പെടുന്നുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത് ”
“അതെന്താ മാഷേ ?
ഇത് കോറോണപോലുള്ള മറ്റൊരു പകർച്ചവ്യാധിയാണോ ? ”
” ഇത് പകർച്ചവ്യാധിയൊന്നുമല്ല പക്ഷേ അതിലും ഭയാനകമായ ഒന്നാണ്. ‘അന്തരീക്ഷ മലിനീകരണം.’ ”
“അതെന്താ മാഷേ ?”
“അപ്പോ, ലേഖ വാർത്തയൊന്നും കാണുന്നില്ലേ ? കഴിഞ്ഞ രണ്ട് ദിവസമായി നമ്മുടെ നാട് നീളെ പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടായ വിഷപ്പുകയാണ്. അത് ശ്വസിച്ചവർക്കെല്ലാം പലതരത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. അത്തരത്തിൽ ഉണ്ടായതാണ് എന്റെ ശ്വാസംമുട്ടലും . ”
” അപ്പോ അതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലെല്ലാം കോടമഞ്ഞുപോലെ വെളുത്ത പുക വഴിയിലെല്ലാം നിറഞ്ഞു നിന്നിരുന്നതല്ലെ ?”
“അതെ, അതെന്താണ് സംഭവമെന്ന് ആദ്യദിനങ്ങളിൽ ആർക്കും മനസിലായില്ല. അതുകൊണ്ടുതന്നെ പ്രഭാതസവാരിക്കിറങ്ങിയ എല്ലാവർക്കും വിഷപ്പുക ശ്വസിക്കേണ്ടതായി വന്നു. അതിലൊരാളാണ് ഈ ഞാനും . ”
“അങ്ങനെയാണല്ലേ മാഷിന് ശ്വാസംമുട്ടലുണ്ടായത് ? എന്നാലും, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ കത്തിക്കാൻ പാടില്ലെന്നാണെല്ലോ എല്ലായിടത്തും എഴുതി വച്ചിരിക്കുന്നത് ? പിന്നെ ആരാണിത് ചെയ്തത് ?”
” ചെയ്തത് ആരാണെന്നറിയില്ല. എന്നാലും ചെയ്തത് ഒരുമാതിരി ചെയ്തായിപ്പോയി. രണ്ട് ദിവസംകൊണ്ട് ശ്വാസം മുട്ടിയിട്ട് ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയിലായി ഞാൻ. ചാകുന്നതിന് മുൻപ് അല്പം ശുദ്ധവായു ശ്വസിക്കണമെന്നുണ്ട്. അതിനും ഇനി ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടറിനെ ആശ്രയിക്കണം. അല്ലാതെ മറ്റൊരു മാർഗ്ഗവും ഞാൻ കാണുന്നില്ല. അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീഴുന്നു. അല്ലാതെന്ത് പറയാൻ . ”
റോബിൻ പള്ളുരുത്തി✍