ഇക്കഴിഞ്ഞ മെയ് മാസത്തിൽ കാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ക്ലാസ്സിക് വിഭാഗത്തിൽ ഉത്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് മലയാളികളുടെ അഭിമാനമായ, വിഖ്യാത ചലച്ചിത്ര പ്രതിഭയായ ശ്രീ G അരവിന്ദന്റെ “തമ്പ് ” എന്ന ചിത്രമാണ്. ഇന്ത്യയിൽ നിന്ന് ഈ വിഭാഗത്തിൽ സത്യജിത്റേ യുടെ പ്രതിധ്വനിയും അവതരിപ്പിച്ചു. ശ്രീ അരവിന്ദന്റെ മകൻ ശ്രീ രാമു അരവിന്ദന്റെ ശ്രമഫലമായിട്ടാണ് ഈ ചിത്രത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കാൻ കഴിഞ്ഞത്. അത് ഇന്ത്യൻ സിനിമക്ക് പ്രത്യേകിച്ച് മലയാള സിനിമക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമാണ്. ഒരു മലയാളചലച്ചിത്രംനിർമ്മിച്ച് നാൽപ്പത്തി നാല് വർഷങ്ങൾക്കു ശേഷം അന്താരാഷ്ട്ര തലത്തിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് മലയാള സിനിമക്ക് കിട്ടിയ അപൂർവ്വവും അമൂല്യവുമായ ബഹുമതിയാണ്.
സംസ്ഥാന, ദേശീയ, അന്തർദേശീയ ബഹുമതികൾക്ക് അർഹമായ ഈ ചിത്രം 1978 ൽ ആണ് നിർമ്മിച്ചത്. ഈ ചിത്രം ഏറെചർച്ചചെയ്യപ്പെട്ടിരുന്നു. ഇന്നും പല ഇൻസ്റ്റീട്യൂട്ടുകളിലും പഠിപ്പിക്കുന്നുമുണ്ട്. എന്നാൽ പുതു തലമുറ യ്ക്ക് ഈ ചിത്രം കാണാനുള്ള അവസരം ഇല്ലായിരുന്നു. ഇപ്പോൾ നല്ല ക്വാളിറ്റിയിൽ ചിത്രം കാണാനുള്ള അവസരം ഉണ്ട്.
അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ കളർ ചിത്രങ്ങൾ ആയിരുന്നു എങ്കിലും തമ്പ് ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു. ആ സിനിമയുടെ സൗന്ദര്യം മുഴുവൻ ആവാഹിക്കാൻ പറ്റുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണെന്ന് അദ്ദേഹത്തിന്അറിയാമായിരുന്നു.
ഈ ചിത്രത്തിന് മൂന്ന് ദേശീയ അവാർഡും സ്റ്റേറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്. തിരക്കഥയും സംഭാഷണവും ശ്രീ അരവിന്ദൻ ആയിരുന്നു തയാറാക്കിയത്. സംവിധാനവും അദ്ദേഹം നിർവഹിച്ചു. കാമറ ശ്രീ ഷാജി N കരുൺ, എഡിറ്റിംഗ് ശ്രീ രമേഷ്. ഇവർക്ക് മൂന്ന് പേർക്കും ദേശീയ അവാർഡ് ലഭിച്ചു. ജനറൽ പിക്ചേർസിന് വേണ്ടി ശ്രീ K രവീന്ദ്രൻ നായർ നിർമിച്ച ചിത്രം 1978ൽ റിലീസ് ചെയ്തു.ഭാരത് ഗോപി, നെടുമുടി വേണു, ശ്രീരാമൻ ജലജ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. നെടുമുടി വേണുവിന്റെയും ജലജയുടെയും ആദ്യ സിനിമയാണ് തമ്പ്. .ബാക്കി അഭിനേതാക്കൾ എല്ലാം തന്നെ ആ ഗ്രാമവാസികൾ തന്നെയാണ്. ഒരു തിരക്കഥ പോലും എഴുതാതെ ചിത്രികരണം ആരംഭിച്ചു. ഒരു സർക്കസ്കാർ ഒരു ഗ്രാമത്തിൽ വരുന്നതും അവിടെ സർക്കസ് നടത്തിയതിന് ശേഷം തിരികെ പോകുന്നതുമാണ് കഥ എന്ന് മാത്രമാണ് ശ്രീ അരവിന്ദൻ നിർമാതാവിനോട് കഥ പറഞ്ഞത്. അദ്ദേഹത്തിലുംഅദ്ദേഹത്തിന്റെ സിനിമയിലും വിശ്വാസം ഉണ്ടായിരുന്ന നിർമ്മാതാവ് സാമ്പത്തിക നഷ്ടം ഉണ്ടായാലും സാരമില്ല എന്ന് പറഞ്ഞു ധൈര്യപൂർവം സിനിമ എടുക്കാൻ അനുവാദം നൽകി. ഇന്ന് ഒരു നിർമ്മാതാവിനും ഉണ്ടാകില്ല ആ ആത്മധൈര്യം. ശ്രീ MG രാധാകൃഷ്ണൻ ആണ് സംഗീത സംവിധാനം നിവ്വഹിച്ചത്.
പ്രസാദ് കോർപറേഷൻ, മാർട്ടിൻ സ്കോർസേസ് ഫിലിം ഫൌണ്ടേഷൻ തുടങ്ങിയവരുടെ പിന്തുണയോടെ 8 മാസത്തെ പരിശ്രമത്തിന് ശേഷമാണ് 4k യിൽ ശിവേന്ദ്രസിംഗ്ദുംഗാപൂരിന്റെ നാഷണൽ ഹെറിറ്റേജ് ഫൌണ്ടേഷൻ റീസ്റ്റോറേഷൻ നടത്തിയത് . നിർമാതാവ് ശ്രീ രവീന്ദ്രൻ നായരുടെ അനുമതിയോടെ ശ്രീ അരവിന്ദന്റെ മകൻ ശ്രീ രാമു നിർദേശങ്ങൾ നൽകിയാണ് പുതിയ റീ സ്റ്റോറേഷൻ നടത്തിയത്.
കാർട്ടൂണിസ്റ് ആയി അനേക വർഷത്തെ പരിചയമുള്ള ശ്രീ അരവിന്ദന് മികച്ച വിഷ്വൽ ബാക്ക് ഗ്രൗണ്ട് ഉണ്ട്. അത്തരം ബാക്ക്ഗ്രൗണ്ട് ഉള്ള മണി കൗൾ, കുമാർ സാഹ്നി എന്നിവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആയിരുന്നു. അന്ന് സിനിമയെ സ്വാധിനിച്ചത് തീയേറ്റർ, ചിത്രകല, സാഹിത്യം സംഗീതം ഇവയൊക്കെ ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ ഇവയൊക്കെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ഇവയിലെല്ലാം മികവുറ്റ പ്രതിഭയായിരുന്നു അദ്ദേഹം. നല്ലൊരു ഗായകൻ, കാർട്ടൂണിസ്റ്, ചിത്രകാരൻ, സംഗീത സംവിധായകൻ അങ്ങനെ നീണ്ടു പോകുന്നു. അദ്ദേഹത്തിന്റെ പ്രതിഭ. ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്താൽ ആയിരുന്നു അദ്ദേഹ ത്തിന്റെ സിനിമകൾ.ആദ്യ സിനിമ. ഉത്തരായനം മുതൽ വാസ്തുഹാര വരെ എല്ലാസിനിയിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ മിന്നലാട്ടം കാണാം.
അദ്ദേഹത്തിന്റെ ഓരോ സിനിമയും വ്യത്യസ്ത ശൈലിയിൽ ഉള്ളതാണ്. ഓരോ സിനിമയും ഓരോ പരീക്ഷണങ്ങൾ ആണെന്ന് പറയാം. ആദ്യ സിനിമ ഉത്തരായനം. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ചെയ്തതാണ്. രണ്ടാമത്തെ ചിത്രം കാഞ്ചനസീത ശ്രീ CS ശ്രീകണ്ഠൻ നായരുടെ നാടകത്തെആസ്പദമായി ചെയ്ത സിനിമയാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ആണ് അദ്ദേഹം ആ നാടകംസിനിമആക്കിയത്. രാമായണത്തിൽ മറ്റാരും നല്കാത്ത ഒരു ഭാഷ്യമാണ് അദ്ദേഹം ചിത്രത്തിൽകൂടി നൽകിയത്. ഏറെ അഭിന്ദനങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയ ചിത്രം കൂടിയാണ് അത്. ക്രിസ്തിയപശ്ചാത്തലത്തിൽ എടുത്ത ചിത്രമാണ് എസ്തപ്പാൻ. ചിദംബരം, കാഞ്ചന സീത, കുമ്മാട്ടി,പോക്ക് വെയിൽ, ഒരിടത്ത്, വാസ്തുഹാര തുടങ്ങിയവയാണ് മറ്റ് സിനിമകൾ.കുമ്മാട്ടിക്ക് കുട്ടികളുടെ സിനിമക്കുള്ള ദേശീയ അവാർഡ് നേടിയിരുന്നു. അദ്ദേഹം എടുത്തതിൽ മിക്കവാറുംഎല്ലാ സിനിമകൾക്കും സംസ്ഥാന,ദേശീയ അവാർഡുകൾ നേടി.
സിനിമയിൽ വരുന്നതിനു മുൻപ് മാതൃഭൂമി ആഴ്ചപതിപ്പിൽ “ചെറിയ മനുഷ്യരും വലിയ ലോകവും ” എന്ന പേരിൽ കാർട്ടൂൺ പരമ്പര ചെയ്തിരുന്നു. ലോകത്തിൽ ആദ്യത്തെ കാർട്ടൂൺ പരമ്പര ആയിരുന്നു അത്.ധാരാളം പേര് ആസ്വദിച്ച ഒരു പരമ്പര ആയിരുന്നു അത്.
പൊതുവെ മൗനത്തിന്റെ വാല്മീകത്തിൽ ഒളിക്കുമെങ്കിലും ചുരുക്കം ചില സുഹൃത്തുക്കളോട് ആത്മബന്ധം പുലർത്തിയിരുന്നു. ശ്രീ ജോൺ പോൾ ശ്രീ പവിത്രൻ, ശ്രീ മണികൗൾ തുടങ്ങിയവരുമായി നല്ല ബന്ധമായിരുന്നു. അകാലത്തിൽ അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചില്ലായിരുന്നു എങ്കിൽ ലോകസിനിമക്ക് കുറെ നല്ല സിനിമകൾ കൂടി നൽകി മലയാളത്തിന്റെ യസ്സസ് വീണ്ടും വാനോളം ഉയർത്തിയേനെ അദ്ദേഹം. അതുല്യ പ്രതിഭക്ക് പ്രണാമം 🙏🏽🙏🏽
ജിത ദേവൻ