ഭൂത വർത്തമാന കാലങ്ങൾ വിടാം, ഭാവി തേടാം?
…………………………………………………..
ഒരു എഴുത്തുകാരൻ, ഗുരുവുമായി, അഭിമുഖം നടത്തുകയായിരുന്നു!
അദ്ദേഹം ചോദിച്ചു: ”എല്ലാവരും അങ്ങയെ
ജീനിയസ് എന്നാണല്ലാ വിളിക്കുന്നത്?”
“താങ്കൾക്കും, അങ്ങനെ തന്നെ വിളിക്കാം”
എന്നായിരുന്നു, ഗുരുവിന്റെ മറുപടി!
“ലോകം മുഴുവനും, താങ്കളെ ജീനിയസായി
കാണുന്നതിന്റെ കാരണം എന്താണ്?’
എഴുത്തുകാരൻ വീണ്ടും ചോദിച്ചു. “ഞാൻ കാര്യങ്ങളെ ശ്രദ്ധിച്ചു കാണുന്നതു കൊണ്ടും, അപഗ്രഥിക്കുന്നതു കൊണ്ടുമാകാം?” എന്നായിരുന്നു, ഗുരുവിന്റെ, അതിനുള്ള മറുപടി!
“മറ്റുള്ളവരെ അപേക്ഷിച്ച്, എന്തു വ്യത്യസ്ഥകളാണ്, താങ്കളുടെ കാഴ്ചയ്ക്കുള്ളത്”, എഴുത്തുകാരൻ
ചോദ്യം അവസാനിപ്പിക്കാൻ തയ്യാറായില്ല! ഗുരു പറഞ്ഞു: അറപ്പുളവാക്കും വിധം ഇഴഞ്ഞു നടക്കുന്ന പുഴുവിൽ, എനിക്കു ചിത്ര ശലഭത്തെ കാണാനാകും! പക്ഷിയുടെ മുട്ടയിൽ, ഉയർന്നു പറക്കുന്ന പറവയെ ഞാൻ കാണുന്നു! ചെറിയ ഒരു വിത്തിൽ,
വടവൃക്ഷവും!
ഒരാൾ എന്താണ് എന്നറിഞ്ഞു പെരുമാറാനാകുന്നതും, ഒരാൾ എന്താകും എന്നറിഞ്ഞു പെരുമാറുന്നതും തമ്മിൽ, മനോഭാവത്തിൽ, ഏറെ വ്യത്യാസമുണ്ട്?
ഇപ്പോഴത്തേ അവസ്ഥ കാണാൻ, ഹൃസ്വ
ദൃഷ്ടി മതി! ഭാവികാല അവസ്ഥ അറിയാൻ, ദീർഘ ദൃഷ്ടി ആവശ്യമാണ്! തൽസ്ഥിതി മാത്രം കണ്ടു പെരുമാറുന്നവരുടെ ശൈലി അപക്വമായിരിക്കും! കുഞ്ഞുങ്ങളെ പഠിപ്പിച്ചെടുക്കുന്ന അദ്ധ്യാപകരും, ശേഷി കുറഞ്ഞവരെന്നു കരുതപ്പെടുന്നവരെ പരിശീലിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന പരിശീലകരും, അവരുടെ ഭാവിസാദ്ധ്യതകൾ കണ്ടെത്താൻ കഴിവുള്ളവരാണെങ്കിൽ, അവർ അത്ഭുതങ്ങൾ സൃഷ്ടിക്കും!
ആർക്കും ആരുടെയും ഭൂതകാലം വെടിപ്പാക്കാനാകയില്ല! പക്ഷെ, എല്ലാവർക്കും തങ്ങളുടെ ഭാവികാലം മെച്ചപ്പെടുത്താനാകും! പോരായ്മകളുടെയും, ന്യൂനതകളുടെയും പഴയകാല അവശിഷ്ടങ്ങൾ തിരയുന്നതിനു പകരം, പ്രതീക്ഷകളുടെയും, അവസരങ്ങളുടെയും,
വരും കാല സാദ്ധ്യതകൾ കണ്ടെത്തുന്നതല്ലേ,
ഏറെ പ്രയോജനകരം!
” നീ ആരായിരുന്ന എന്നെനിക്കറിയാം?” എന്നു പറയുന്നത്, അപരന്റെ വളർച്ചയിൽ അസൂയ
ഉള്ളവരാണ്! “നീ ആരാകും എന്നെനിക്കറിയാം?’ എന്നതു മാർഗ്ഗദർശികളുടെ ദർശന വാക്യമാണ്! ആരെങ്കിലും, ഒരാളുടെ അത്ര നല്ലതല്ലാത്ത ഭൂത കാലം ചികഞ്ഞെടുത്തു കൊണ്ടു വരുന്നുണ്ടെങ്കിൽ അതിനർത്ഥം, അയാളുടെ ഇപ്പോഴത്തെ കാലം നല്ലതാണ് എന്നാണ്! ആരെങ്കിലും, ഒരാളുടെ മെച്ചപ്പെടാൻ സാദ്ധ്യതയുള്ള ഭാവിയേക്കുറിച്ചു വാചാലനാകുന്നെങ്കിൽ അതിനർത്ഥം, ചില കുറവുകൾ പരിഹരിച്ചാൽ, അയാളൊരു വിസ്മയം ആകുമെന്നാണ്! ഒരാൾക്കു വഴി കാട്ടിയാകാനാകണമെങ്കിൽ, അയാളുടെ ഭൂത വർത്തമാന കാല ചരിത്രത്തിന്റെ പുറകേയല്ല, ഭാവി സാദ്ധ്യതകളുടെ പിന്നാലെ വേണം സഞ്ചരിക്കാൻ? സർവ്വേശ്വരൻ സഹായിക്കട്ടെ? എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!
പ്രൊഫസ്സർ എ.വി. ഇട്ടി