വ്യത്യസ്തമായൊരു പിറന്നാൾ ആഘോഷം.—
’കൊഴുക്കട്ട’യിൽനിന്ന് സൂം മീറ്റിങ്ങിലേക്ക്…..
ബാല്യ കൗമാര യൗവന കാലഘട്ടത്തിൽ ‘കൊഴുക്കട്ട’ യോടെ ആയിരുന്നു എൻറെ പിറന്നാൾ ആഘോഷിച്ചിരുന്നത്. കാരണം മിക്കവാറും ഓശാന ഞായർ വിഷുവിനോട് അനുബന്ധിച്ച് തന്നെ ആയിരുന്നു വരാറുണ്ടായിരുന്നത്.
കുടുംബസ്ഥനായപ്പോൾ ശർക്കരയും സേമിയയും മാറിമാറിയുള്ള പായസങ്ങളോടുകൂടി പിറന്നാൾ ആഘോഷങ്ങളായി.കുറച്ചു കൂടി വയസ്സായപ്പോൾ കേക്ക് മുറിക്കലും പുഡിങ്ങും സൂഫ്‌ളൈയും പായസത്തിന്റെ സ്ഥാനം കയ്യടക്കി.ഔദ്യോഗിക ജീവിതം അവസാനിച്ച് വേരുകൾ തേടി എൻറെ സ്വന്തം നാടായ ഇരിഞ്ഞാലക്കുടയിൽ തിരിച്ചെത്തിയപ്പോഴേക്കും മക്കളൊക്കെ പല നാടുകളിലേക്കും വിദേശത്തേക്കും കൂടുവിട്ട് പറന്നകന്നിരുന്നു. അപ്പോൾ പോസ്റ്റുമാൻ കൊണ്ടുവന്നിരുന്ന ആശംസ കാർഡിൽ ആഘോഷങ്ങൾ ഒതുങ്ങി.പിന്നീട് രാവിലെ തന്നെ പ്രഭാതകൃത്യങ്ങൾ ഒക്കെ തീർത്തു വിദേശത്തുനിന്നും പല നാടുകളിൽ നിന്നും വരുന്ന ലാൻഡ് ഫോൺ വിളിക്കായുള്ള കാത്തിരിപ്പായി. കമ്പ്യൂട്ടർ യുഗം എത്തിയപ്പോൾ അതിലേക്ക് നോക്കി ഇരിപ്പായി. പിന്നെയാണ് പലതരം ആപ്പുകളുമായി സ്മാർട്ട് ഫോണുകൾ പ്രത്യക്ഷപ്പെടുന്നത്. മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാവരും വീഡിയോ കോളിൽ പല സമയത്ത് എത്തി പിറന്നാളാശംസകൾ നേർന്നു.വർഷങ്ങൾ പിന്നെയും കഴിഞ്ഞു.
2023ൽ മകന്റെ കുടുംബത്തോടൊപ്പം ഇരുന്ന് ജന്മദിന കേക്ക് മുറിക്കുന്നത് സൂം മീറ്റിംഗ് വഴി ഒരേസമയത്ത് എൻറെ നാല് മക്കളും ആയി പല നാടുകളിൽ ഇരുന്ന് കണ്ടു പരസ്പരം സംസാരിച്ചു പിരിഞ്ഞു.വ്യത്യസ്തമായൊരു പിറന്നാൾ ആഘോഷം.
പിറന്നാൾ ആഘോഷങ്ങൾ അവിടെയും തീരുന്നില്ല.ബാങ്ക് ജോലിയിൽ നിന്ന് വിരമിച്ച് വീട്ടിൽ വിശ്രമജീവിതം ആരംഭിച്ചിരിക്കുന്ന മകൻറെ കുടുംബത്തോടൊപ്പം ചിറ്റിലപ്പിള്ളി സ്ക്വയറിലേക്ക്…..
ചിറ്റിലപ്പിള്ളി സ്‌ക്വയർ.
പിന്നീട് അടുത്ത കാലത്തു തുറന്ന ചിറ്റിലപ്പിള്ളി സ്‌ക്വയർ കാണാനെത്തി. ആരോഗ്യ സംരക്ഷണം, സാഹസികത, കായികം, വിനോദം എന്നിവക്കു സൗകര്യങ്ങളുള്ള പാർക്കാണിത്.
റോഡ്ഷോ നടത്താം; വിവാഹം ആകാം ; സമ്മേളനങ്ങളും നടത്താം.ചിൽഡ്രൻസു ട്രാഫിക് പാർക്ക്, ഫിഷ്പോണ്ട് , ബേഡ്സ് പോണ്ട് എന്നിവയും വിവിധ ഗെയ്മുകളുമുണ്ട്. നീന്തിക്കളിക്കാം ……… കോൺക്രീററു കെട്ടിടങ്ങളും വൈദ്യുതി അലങ്കാരങ്ങളും കണ്ടാൽ ഏതോ വിദേശരാജ്യംപോലെ തോന്നാം.
പക്ഷെ ആൾക്കാരെല്ലാം ഇന്ത്യക്കാർ തന്നെ. ഫുഡ് കോർട്ടിൽ നിന്നു ഭക്ഷണവും ലഭിക്കും.
കൊച്ചിക്കടുത്തുള്ള തൃക്കാക്കര പഞ്ചായത്തിൽ ഭാരത മാതാ കോളേജിനടുത്താണ്. ഏതാണ്ട് 11 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. കൊച്ചൗസേപ്പു ചിറ്റിലപ്പിള്ളി എന്ന മലയാളി വ്യവസായിയുടെ സംരംഭമാണിത്.
വി ഗാർഡ് ഇൻഡസ്ട്രീസിന്റെ ഏതാനും ഓഹരികൾ 90 കോടി രൂപക്ക് വിറ്റിട്ടാണ് പുതിയ സംരംഭങ്ങൾ തുടങ്ങിയിരിക്കുന്നത്. സ്ഥലം ഈ ആവശ്യത്തിനു ഉപയോഗിച്ചതു കൊണ്ട് ക്രിസ്ത്യാനികളുടെ എറണാകുളം – അങ്കമാലി രൂപതയുടെ ബാങ്കു ലോൺ അടച്ചു തീർക്കാൻ കഴിഞ്ഞു.
കടമ്പ്രയാറിലെ താറാവു സഞ്ചാരം
കടമ്പ്രയാർ ടൂറിസ്റ്റ് വില്ലേജു സന്ദർശിച്ചു. എറണാകുളം ജില്ലയിലെ ഒരു പുഴയാണിത്. 27 കിലോമീറ്റർ നീളമുണ്ട്; പതിനാലോളം കൈവഴികളും.
അടുത്തുള്ള ദേശക്കാരും വ്യവസായശാലകളും ഇൻഫോപാർക്കും സ്മാർട്ടു സിറ്റിയും വെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലാണിത്. പച്ചനിറത്തിലുള്ള വെള്ളവും നെൽ വയലുകളും നിറഞ്ഞ ഒരു ഗ്രാമം.
പലതരം ബോട്ടുകളൊക്കെ ഓടിയിരുന്ന സ്ഥലമായിരുന്നു. എന്നാൽ താറാവു കൂട്ടങ്ങൾ സഞ്ചരിക്കുന്നതേ കണ്ടുള്ളൂ. വെള്ളത്തിൽ ഇറങ്ങുന്ന സൂര്യനെ കാണുന്നതിനു കാർമേഘങ്ങൾ സമ്മതിച്ചില്ല. ബ്രഹ്മപുരത്തിനടുത്തായതുകൊണ്ടു മലിനീകരണത്തെ പേടിച്ചാണ് അവിടെയുള്ളവർ കഴിയുന്നത്.
അപ്പച്ചൻ സ്ഥാപിച്ച നവോദയ ഫിലിം സ്റ്റുഡിയോ, ഞാലിക്കാട്ടിൽ റോഡ്, കാക്കനാട് , എറണാകുളം 682030. ഇവിടെ അടുത്താണ് ; തൃക്കാക്കര നിയോജകമണ്ഡലത്തിൽ. അങ്ങോട്ടുള്ള വഴിയിലൂടെ കുറച്ചു നേരം നടന്നു. ഇടക്കിടെ ആളുകൾക്കിരുന്നു വിശ്രമിക്കാനുള്ള സ്ഥലങ്ങളുമുണ്ട്.
നവോദയ ഫിലിം സ്റ്റുഡിയോയിലാണ് മൈ ഡിയർ കുട്ടിച്ചാത്തൻ, പടയോട്ടം, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തുടങ്ങിയ ചിത്രങ്ങൾ ഷൂട്ടു ചെയ്തത്. 1976 ൽ തുടങ്ങിയത് 2000 ൽ പുതുക്കിപ്പണിതു. നവോദയക്കാർ അവിടെ വന്നതോടെ മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനു മുണ്ടാമൊരു സൗരഭ്യം എന്നതു പോലെ ആ പ്രദേശമാകെ അട്ടിമറിഞ്ഞു. പഞ്ചായത്തുകാർ ഒരു പാർക്കുണ്ടാക്കി. അതു കാണാനും പ്രകൃതി സൗന്ദര്യം നുകരാനുമാണ് ഞങ്ങൾ അവിടം സന്ദർശിച്ചത്.
തിരിച്ചു വരുന്ന വഴി അടുത്ത കാലത്തു തുറന്ന ഒരു പഞ്ചാബു റസ്റ്റോറന്റിൽ കയറി. ഗൊൽ ഗാപ്പയായിരുന്നു പുതുമയുള്ളത്.
Golgappa (panipuri of Mumbai or waterfalls in English)
Consists of a hollow, Crispy fried puffed ball that is filled with other items and popped into one’s Mouth whole.
ജോണി തെക്കേത്തല, ഇരിങ്ങാലക്കുട✍