17.1 C
New York
Tuesday, October 3, 2023
Home Special 🟥 എലിസബേത്ത് - രവി നീലഗിരിയുടെ നോവൽ ©️ ◼️ അധ്യായം...

🟥 എലിസബേത്ത് – രവി നീലഗിരിയുടെ നോവൽ ©️ ◼️ അധ്യായം മുപ്പത്

രവി നീലഗിരി✍

ഉറങ്ങാതെ കഴിച്ചു കൂട്ടിയ മൂന്ന് നാല് രാത്രികൾ. ശരിയായ കാഴ്ച്ചകളിലേക്ക് മനസ്സിപ്പോഴും എത്തിയിട്ടില്ല. വലിയൊരു ദു:സ്വപ്നത്തിൽ നിന്നും ഞെട്ടിയുണരുന്നത് പോലെയല്ല ഇത്. തലച്ചോറിന് പിടി കൊടുക്കാത്ത കർത്താവിന്റെ ചില തീരുമാനങ്ങൾ. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളായിരുന്നു ഇക്കഴിഞ്ഞ രാപ്പകലുകൾ നിറയെ. ഒരു മായാജാലക്കാരന്റെ കൺകെട്ട് വിദ്യയിലെ ഒരു കഥാപാത്രമായി താൻ മാറിയിരിക്കുന്നു.
ജോസ്മി ഇരുട്ടിൽ എഴുന്നേറ്റിരുന്നു.
നിശ്ശബ്ദമായ രാത്രി. ഒരില പോലും അനങ്ങുന്നില്ലെന്ന് തോന്നി. എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. കുറച്ച് മുൻപ് വരെ എലിസബേത്തിന്റെ മുറിയിൽ വെളിച്ചം കണ്ടിരുന്നു. വൈകി ഉറങ്ങുന്നത് അവളാണ്. എപ്പോഴും എന്തെങ്കിലുമൊക്കെ വായിച്ചിരിക്കുന്നത് കാണാം. ഉറങ്ങുന്നതിന് മുൻപ് അവൾ ജോസ്മിയുടെ മുറിയിൽ വന്നിരുന്നു. അസമയത്തും മുറിയിൽ വെളിച്ചം കണ്ട് വന്നതായിരിക്കണം. അവളുടെ നോട്ടങ്ങൾ മറ്റുള്ളവരുടേത് പോലെയല്ല. കാഴ്ച്ചകളും.
” വെല്ല്യേച്ചി ഇതുവരെ ഉറങ്ങിയില്ലേ ?”
” ഇല്ല – ”
ജോസ്മി അവളെ പിടിച്ച് കട്ടിലിലിരുത്തി. പിന്നെ രണ്ട് കൈകൾ കൊണ്ടും അവളുടെ മുഖം തലോടി ചിരിക്കാൻ ശ്രമിച്ചു. ജോസ്മിയുടെ വിഷാദവും ഉറക്കവും തളം കെട്ടി നില്ക്കുന്ന കണ്ണുകളിലേക്ക് എലിസബേത്ത് നോക്കി. വെല്ല്യേച്ചി എത്ര ക്ഷീണിച്ചു പോയിരിക്കുന്നു. ഈ ചിരി പോലും വെല്ല്യേച്ചിയുടേതല്ല.
” ഈയിടെയായി വെല്ല്യേച്ചി എന്നോട് തീരെ മിണ്ടാറില്ല -”
എലിസബേത്തിന്റെ മുഖം വാടിയത് അവളെ വേദനിപ്പിച്ചു. പതിഞ്ഞ ശബ്ദത്തിലെ വാക്കുകളിൽ മറഞ്ഞിരുന്ന വിഷമവും. ആലോചിക്കുമ്പോൾ ശരിയാണ്. ഞാനാകെ മാറിപ്പോയിരിക്കുന്നു. സംസാരം ആരോടുമില്ല. കുറച്ച് നാളുകൾക്ക് മുൻപുള്ള ജോസ്മിയല്ല ഇത്. എലിസബേത്ത് അത് ശ്രദ്ധിക്കുന്നു. മനസ്സിലാക്കുന്നു.
” ഏയ്..അത് മോന് വെറുതെ തോന്നുന്നതാ..”
ജോസ്മി ഒഴിഞ്ഞു മാറി.
കണ്ണുകളിലേക്ക് നോക്കാതെ അവളുടെ ചുമലിൽ പിടിച്ച് തിരിച്ചിരുത്തി. പിന്നെ എലിസബേത്തിന്റെ മുടി അവൾ നിറുകയിലേക്ക് കെട്ടിവെച്ചു. എണ്ണമയമില്ലാതെ മുടിയാകെ ചെമ്പിച്ച് പോയിരിക്കുന്നു. മുൻപ് എല്ലാ ഞായറാഴ്ച്ചകളിലും അനിയത്തിമാരുടെ തലയിൽ നിർബ്ബന്ധിച്ച് എണ്ണ തേപ്പിക്കുമായിരുന്നു. കഴിഞ്ഞ കൊല്ലം വരെ എലിസബേത്തിനെ കുളിപ്പിച്ചതും അവളോർത്തു.
” നാളെ വെല്ല്യേച്ചി തലയിൽ എണ്ണ തേച്ച് കുളിപ്പിച്ച് തരാം..”
അവൾ ഒന്നും മിണ്ടാതെ വെല്ല്യേച്ചിയെ തന്നെ നോക്കിയിരുന്നു. ജോസ്മി പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ എലിസബേത്ത് വെറുതെ മൂളി. താനറിയാൻ പാടില്ലാത്ത എന്തൊക്കെയോ വെല്ല്യേച്ചി മറയ്ക്കുന്നു. കണ്ണുകളത് പറയുന്നുണ്ട്.
” പപ്പ ചീത്ത പറഞ്ഞോ ഇന്നലെ ?”
ഇന്നലെ രാത്രി വളരെ വൈകിയും പപ്പ വെല്ല്യേച്ചിയുടെ മുറിയിലുണ്ടായിരുന്നു.
” ഏയ്..”
ജോസ്മി അവളെ കെട്ടിപ്പിടിച്ചു. പെട്ടെന്നായിരുന്നു അത്. ഒരു തണുപ്പ് ദേഹമാസകലം വന്ന് മൂടി. ഹൃദയത്തിന്റെ ക്രമം തെറ്റിയുള്ള മിടിപ്പ് എലിസബേത്ത് കേട്ടു. കഴുത്തിൽ തിരിച്ചറിഞ്ഞ ചൂട് കണ്ണീരിന്റേതാണോ ?
” മോൻ പോയി ഉറങ്ങ്..”
എലിസബേത്തിന് മുഖം കൊടുക്കാതെ അവൾ പറഞ്ഞു.
എലിസബേത്ത് പോയി കഴിഞ്ഞും ജോസ്മിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കോടയിറങ്ങി മഞ്ഞിൻമറ തീർത്ത ഒരു ഫാംഹൗസിന്റെ നരച്ച ചിത്രം കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി ദുസ്വപ്നങ്ങളിലുണ്ട്. ഉറങ്ങാനിപ്പോൾ ഭയമാണ്. കണ്ണടച്ചാൽ കാണുന്ന കാഴ്ച്ചകൾക്ക് ചതിയുടെ ചക്രവ്യൂഹങ്ങളുടെ ആഴവും പരപ്പും.
ദിശയറിയാതെ, കാഴ്ച്ചകൾ മങ്ങി, കാലുകൾ കുഴഞ്ഞ് നടുമുറ്റത്ത് മണ്ണിലേക്ക് കമിഴ്ന്ന് വീണത് ഓർമ്മയുണ്ട്. അടുത്തടുത്ത് വരുന്ന നായ്ക്കളുടെ കിതപ്പുകളും. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിലുള്ള ഒരവസ്ഥയിൽ മങ്ങിയ കാഴ്ച്ചയിൽ മറ്റൊന്നു കൂടി കണ്ടു. ഒരു കാറിന്റെ ചെളി പുരണ്ട ചക്രങ്ങൾ കണ്ണുകൾക്ക് മുൻപിൽ വന്ന് നിന്നത്.. പിന്നെ, മണൽത്തരികളിൽ ഞെരിയുന്ന ബൂട്സിന്റെ ശബ്ദങ്ങളും, ആക്രോശങ്ങളും, കിതപ്പുകളുമൊക്കെ പതുക്കെ കാതുകളിൽ നിന്നകന്ന് ഇല്ലാതെയായി.
സമയമെത്ര കടന്ന് പോയി. അറിയില്ല. ഓർമ്മ വരുമ്പോൾ ദേഹമാസകലം വേദനയുണ്ട്. കൺപോളകൾ വലിച്ച് തുറക്കാൻ ശ്രമിച്ചു. നിസ്സഹായതയോടെ വീണ്ടും കിടന്നു. തൊണ്ട വരളുന്നു. കുറച്ച് വെള്ളം വേണം. ആരോ വായിലേക്ക് ഒരു കവിൾ വെള്ളം ഒഴിച്ചു തന്നു.
പിന്നെയും കുറെ സമയം വേണ്ടി വന്നു, കണ്ണുകൾ തുറക്കാൻ. ഓടുന്ന ഒരു കാറിന്റെ പിൻ സീറ്റിൽ കിടക്കുകയാണെന്ന അറിവിൽ അവൾ ഞെട്ടിയെഴുന്നേറ്റു. അതിവേഗം സഞ്ചരിക്കുന്ന ഒരു കാറിലാണവൾ. അവൾ ഭയന്ന് വിറച്ച് പുറത്തേക്ക് നോക്കി. പുറകിലേക്ക് ഓടി മറയുന്ന പച്ചപ്പിന്റെ കാഴ്ച്ചകൾ. കാറിന്റെ മുൻ സീറ്റിൽ ഇതുവരെയും കാണാത്ത അപരിചിതരായ രണ്ട് ചെറുപ്പക്കാർ. ഒന്നും മനസ്സിലായില്ല.
അവൾ ഉറക്കെ നിലവിളിച്ചു.
തൊണ്ടയിൽ കുരുങ്ങിയ ഒരു നേർത്ത ശബ്ദം മാത്രമായിരുന്നു അത്. ഏതോ താഴ് വരയിൽ നിന്നും വരുന്ന കാറ്റിന്റെ അവ്യക്തമായ ഒരിരമ്പൽ പോലെ ചിലമ്പിച്ച ശബ്ദം.
” വണ്ടി നിർത്ത്.. നിങ്ങളാരാണ് ?”
അവൾ ഡോറിൽ ആഞ്ഞിടിച്ച് തുറക്കാൻ ശ്രമിച്ചു. അവൾ അലറി വിളിച്ചെങ്കിലും അവളുടെ ശബ്ദം ഒരു തേങ്ങൽ പോലെ ദുർബ്ബലമായിരുന്നു. ഇവരാരാണ് ? തന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് ?
ഒരുവൻ പിൻതിരിഞ്ഞ് ഒരു കൈത്തോക്കെടുത്ത് അവളുടെ നേരെ നീട്ടി. അവൾ ഭയന്ന് വീണ്ടും കരയാൻ തുടങ്ങി.
” നാല് ബുള്ളറ്റാണ് അവിടെ തീർത്തത്. ഇനി രണ്ടെണ്ണം കൂടി ബാക്കിയുണ്ട്. നിനക്കും ചാകണോ ആ പട്ടികളെപ്പോലെ..”
” നിങ്ങളാരാണ്.?പറയൂ.”
അവളുടെ കരച്ചിൽ ഒരു തേങ്ങലായി മാറി. രക്ഷപ്പെടാനായി മനസ്സ് പഴുതുകൾ തേടി.
” ഒച്ചയെടുക്കണ്ട. വീയാർ നോട്ട് യുവർ എനിമീസ്. കുറച്ച് സമയത്തിനുള്ളിൽ നിനക്ക് നിന്റെ വീടിന് മുൻപിലിറങ്ങാം. ഉത്തരം പ്രതീക്ഷിച്ച് ഇനിയൊരു ചോദ്യവും വേണ്ട. മനസ്സിലായോ ?”
പിന്നെയങ്ങോട്ട് എല്ലാം നിശ്ശബ്ദമായിരുന്നു.
വീടിന് മുൻപിലുള്ള ബസ് സ്റ്റോപ്പിൽ കാറ് നിന്നപ്പോൾ അവൾക്ക് വിശ്വസിക്കാനായില്ല. തെളിച്ചമുള്ള കാഴ്ച്ചകളിലേക്ക് കണ്ണുകളറിയാതെ തുറന്നു. നാല് സമുദ്രങ്ങൾ തിരകളടങ്ങി നിശ്ശബ്ദമായത് പോലെ. തനിക്ക് ചുറ്റും സംഭവിക്കുന്നതെന്താണെന്ന് അവൾക്ക് മനസ്സിലായില്ല. അവൾ വേഗം കാറിൽ നിന്നിറങ്ങി.
” നില്ക്കൂ..”
ഒരാൾ ഡോർ തുറന്ന് ഹാന്റ്ബാഗ് അവളുടെ നേർക്ക് നീട്ടി. ഡോർ അടക്കുന്നതിന് മുൻപായി അവൾ ചോദിച്ചു:
” സത്യത്തിൽ നിങ്ങളാരാണ് ?”
” ഒരു സഹോദരനാവാൻ ഒരമ്മയുടെ വയറ്റിൽ തന്നെ പിറക്കണമെന്നില്ല..”
അയാൾ ചിരിച്ചു.
കാറിൽ വെച്ച് കണ്ട മുഖമേയല്ല ഇത്. ആ കൈത്തോക്കിന് പിറകിൽ കണ്ട മുഖവും ഇതല്ല. ഒരു ചിരിക്കുന്ന മുഖം നമുക്കെത്ര സ്വാസ്ഥ്യം തരുന്നു. പകരം അവൾക്കും ചിരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, അതിന് മുൻപെ അവരുടെ വണ്ടി നീങ്ങിക്കഴിഞ്ഞിരുന്നു. ദൂരെ ഒരു പൊട്ട് പോലെ അത് മറയുന്നത് വരെ അവൾ അവിടെ തന്നെ നിന്നു.
റോഡിൽ നിന്നും അവൾ വീടിന് മുൻപിലുള്ള ഇടവഴിയിലേക്കിറങ്ങി. വഴിയിൽ കുറച്ച് സമയം വെറുതെ നിന്നു. സമയം അഞ്ച് മണി. കോളേജ് വിട്ട് വരുന്ന അതേ സമയം. ഉലഞ്ഞ ഡ്രസ്സിൽ പറ്റിപ്പിടിച്ചിരുന്ന മണൽത്തരികൾ അവൾ തട്ടിക്കളഞ്ഞു. ഹെയർ പിന്നുകളൂരി മുടി വീണ്ടും ഒതുക്കി കെട്ടി. കണ്ണുനീരിന്റെ ഉണങ്ങിയ പാടുകൾ കവിളുകളിൽ നിന്നും വടിച്ചെടുത്തു.
കുട്ടിക്കാലത്ത് സൈക്കിളിൽ നിന്നും വീണത് ഇവിടെയാണ്. ഓർമ്മകളിൽ ആ വീഴ്ച്ചയില്ല. പപ്പയത് പറഞ്ഞപ്പോൾ അത്ഭുതത്തോടെ കേട്ട് നിന്നു. അന്ന് ഇവിടെ വെച്ച് പപ്പ പറഞ്ഞതോർത്തു: ആരും ഒന്നും അറിയരുത്.
അതെ, ആരും ഒന്നും അറിയരുത്.
രാത്രി വളരെ വൈകിയും അവളുറങ്ങാതെ കിടന്നു. ഈയൊരൊറ്റ പകലിൽ എന്തൊക്കെയാണ് സംഭവിച്ചത് ? ആരാണവർ ?
കണ്ണുകളടഞ്ഞപ്പോൾ ഫാത്തിമയുടെ മുഖമാണ് മനസ്സിലേക്ക് വന്നത്. അവളെ കാണണം. നാളെത്തന്നെ. തന്നെ എന്തിനാണിങ്ങനെ ചതിച്ചതെന്നറിയണം. ഇതാണോ ഒരു കൂട്ടുകാരി ?
പക്ഷെ, പിറ്റെ ദിവസം ജോസ്മി ഹോസ്റ്റലിലെത്തിയപ്പോൾ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു അവളുടെ മുറി. ക്ലാസ്സിലും അവളെ കണ്ടില്ല. കാമ്പസിൽ പതിവായി കാണുന്ന നെല്ലിമരത്തിന്റെ ചുവട്ടിലുമില്ല.
പിറ്റെ ദിവസം വീണ്ടും രാവിലെ ജോസ്മി ഫാത്തിമയുടെ മുറിയുടെ മുൻപിലെത്തി. അടച്ചിട്ട മുറിയുടെ മുൻപിൽ എന്ത് ചെയ്യണമെന്നറിയാതെ വെറുതെ നിന്നു. അവളെ കാണണം. ശരിക്കും മനാഫ് ആരാണെന്നറിയണം. ഈ നാടകത്തിൽ അവളുടെ റോൾ എന്താണെന്നറിയണം.
” അവൾ നാട്ടിൽ പോയി. അമ്മക്ക് സുഖമില്ലെന്ന് ഫോൺ വന്നു. മിനിഞ്ഞാന്ന് രാത്രി.. ഇന്നലെ വെളുപ്പിനേ പോയി.”
തൊട്ടടുത്ത മുറിയിലെ പെൺകുട്ടിയാണ്. ബെർത്ത്ഡെ ദിവസം അവളെ കണ്ടതോർക്കുന്നു.
” നിങ്ങളാണോ ജോസ്മി ?”
” ഉം..”
” ഒരു കത്ത് തരാൻ പറഞ്ഞിരുന്നു.”
അവൾ അകത്ത് പോയി നാലായി മടക്കിയ ഒരു കത്ത് കൊണ്ട് വന്നു.
വഴിയിൽ അവളത് തുറന്ന് നോക്കി.
” എന്നെ തിരക്കി നീ വരുമെന്നെനിക്കറിയാം. ഞാൻ വരും. എനിക്ക് നിന്നെ കാണണം. സംസാരിക്കണം. അതിന് മുൻപ് നീയെന്നെ ശപിക്കരുത്..”
അവൾ ചിരിച്ചു.
വരണം. എനിക്കും നിന്നെ കാണണം. ഒരു പകൽ മുഴുവൻ ഞാനനുഭവിച്ച സങ്കടങ്ങൾക്ക് നിന്റെ കൂലി എന്തായിരുന്നെന്ന് എനിക്കറിയണം. ആ കത്ത് കുനുകുനെ കീറി ഒരുപാട് കഷ്ണങ്ങളാക്കി അവൾ കാറ്റിൽ പറത്തി. കാറ്റിൽ അവളുടെ ചുറ്റും അത് തുമ്പികളെപ്പോലെ പറന്നു നടന്നു.
മൈതാനത്തിന് നടുവിലൂടെ അവൾ നടന്നു. തിളയ്ക്കുന്ന വെയിൽ. വെയിലിന്റെ ചൂട് അവളുടെ ശരീരമറിഞ്ഞില്ല. ഇപ്പോൾ സൂര്യനെ നോക്കണം. നീല നിറത്തിലുള്ള വർണ്ണ ബലൂണുകൾ സൂര്യന് ചുറ്റും ഒഴുകി നടക്കുന്നത് കാണാം. ഒരു ചരടിൽ കോർത്ത ആകാശഭംഗി. കൂടുതൽ സമയം നോക്കിയാൽ ആകാശപ്പരപ്പിലാകെ പല വർണ്ണങ്ങളിലുള്ള ബലൂണുകൾ കാണാം. കുട്ടിക്കാലത്ത് ഇത് കാണാൻ നട്ടുച്ചവെയിലിൽ നില്ക്കുമ്പോൾ മമ്മയുടെ കൈയിൽ നിന്നും ചീത്ത കേൾക്കും:
” കറുത്താൽ..എന്റെ ചക്കരയെ ആരും കെട്ടിക്കൊണ്ട് പോവൂല്ല.”
” മമ്മ എന്നെ കെട്ടിയാ മതി – ”
തീരെ കുട്ടിയാണ്. മമ്മ ഓടി വന്ന് കോരിയെടുക്കും. സാരിത്തലപ്പിൽ തല മറയ്ക്കും. ചെറിയ ഓർമ്മകൾ..
എങ്ങോട്ട് പോകും ?
ക്ലാസ്സിൽ പോകാൻ തോന്നിയില്ല.
വിശാലമായ ഈ ആകാശത്തിന് ചുവട്ടിൽ പെട്ടെന്ന് ഒറ്റപ്പെട്ട് പോയത് പോലെ. പതിഞ്ഞ ചിരിയുമായി മനസ്സിന്റെ ജനലഴികളിൽ പിടിച്ചു നിന്ന ഒരു മുഖം ഓർക്കുന്നു. ഒരൊറ്റ പകലിന്റെ ദൈർഘ്യം മതിയായിരുന്നു എല്ലാം വീണുടയാൻ.
കുറെനേരം നെല്ലിമരത്തിന് ചുവട്ടിൽ വെറുതെയിരുന്നു. ഫാത്തിമയുടെ ഇഷ്ടസ്ഥലം. എപ്പോഴും തൊട്ടടുത്ത് അവളുണ്ടാവും.
വിജനമായ കാമ്പസ്.
കോളേജിലെ സെന്റിനറി ഹാളിൽ ഏതോ ഒരു ബോംബെക്കാരിയുടെ ലൈവ് കൺസെർട്ട് നടക്കുന്നുണ്ട്. എല്ലാവരും അതിനുള്ളിലായിരിക്കണം. കാമുകി ഉപേക്ഷിച്ചു പോയ കാമുകന്റെ ദു:ഖം ഗസലായി നേർത്ത ശബ്ദത്തിൽ പുറത്തേക്ക് വരുന്നുണ്ട്.
” നാസർക്കാ, ഒരു ചായ.”
കാന്റീനിലും ആരുമില്ല. ഒരു മൂലയിൽ അവളിരുന്നു. ഇവിടെയിരുന്നാൽ തൊട്ടപ്പുറത്തെ പറമ്പിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ കാണാം. ഇടറോഡിലൂടെ വല്ലപ്പോഴും ഭാരം കയറ്റി പോകുന്ന ലോറികളെ കാണാം. അടുത്തുള്ള വെളിച്ചെണ്ണ കമ്പനിയിലേക്ക് വരികയും പോവുകയും ചെയ്യുന്ന ലോറികളാവണം.
” ഇന്ന് കൂട്ടുകാരിയെവിടെ?”
മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യം കേട്ടില്ലെന്ന് കരുതിക്കാണണം. അല്ലെങ്കിലും ഉത്തരം പ്രതീക്ഷിച്ചു കൊണ്ടാവണമെന്നില്ല ചില ചോദ്യങ്ങൾ. ചായ കൊണ്ട് വന്നപ്പോൾ അവൾ ചോദിച്ചു:
” ഒരു പാട്ട് പാടുമോ? റാഫിയുടെ..”
” വയ്യ മോളെ..റംലത്ത് ആശുപത്രീലാ..”
അയാൾ അവളെ നോക്കി ചിരിച്ചു. ആരാണ് റംലത്ത് ? അറിയില്ല. ചിലപ്പോൾ മകളാകാം. അല്ലെങ്കിൽ ഭാര്യ. അതുമല്ലെങ്കിൽ കൊച്ചു മകൾ..
അവൾ പുറത്തെ കുട്ടികളുടെ കളി നോക്കിയിരുന്നു.
ഉച്ചക്ക് തന്നെ അവൾ വീട്ടിലെത്തി. കഴിക്കാനായി കൊണ്ട് പോയ ഭക്ഷണം തിരിച്ച് കൊണ്ടു വന്നപ്പോൾ സോഫിയ അടുത്തു വന്നു. ജോസ്മിയുടെ വാടിയ മുഖം സോഫിയെ വേദനിപ്പിച്ചു.
” മോൾക്ക് സുഖമില്ലെ?”
” പിരീഡ്സായി..”
വെറുതെ ഒരു നുണ. പറയാൻ ഇഷ്ടമായിട്ടല്ല. ചോദ്യങ്ങളെല്ലാം അതിലവസാനിക്കണം. ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. മനസ്സമാധാനവും വിശ്രമവും. എത്രയൊക്കെ പറഞ്ഞാലും വെറുതെയിരിക്കുന്ന സ്വഭാവം മമ്മക്കില്ല.
” മോളിരിക്ക്, മമ്മ വാരിത്തരാം..”
സോഫിയ അവളെ പിടിച്ച് കസേരയിലിരുത്തി. പക്ഷെ, അതിന് മുൻപേ ജോസ്മി കരഞ്ഞു കൊണ്ട് സോഫിയുടെ തോളിലേക്ക് ചാഞ്ഞു. ഒരു നിമിഷം സോഫിയ പരിഭ്രമിച്ചു. പിന്നെ രണ്ട് കൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ചു.
” മോളെന്തിനാ കരയുന്നെ ?”
” ഒന്നുമില്ല..മമ്മാ.”
കരയാൻ കാരണമൊന്നുമില്ല. ഒളിച്ചു വെക്കുന്നതും നുണ പറയുന്നതുമൊക്കെ മമ്മയോട് മാത്രം. മനസ്സിൽ എപ്പോഴും ഒരു നീറ്റലാണതിന്. നല്ല തലവേദന. കുറച്ച് നേരം കിടന്നാൽ ശരിയാകണം.
അവൾ മുറിയിലേക്ക് നടന്നു.
വാഷ് ബേസിനിൽ മുഖം കഴുകി.
വസ്ത്രങ്ങൾ മാറി.
രാത്രി കിടക്കാൻ നേരം സോളമൻ ജോസ്മിയുടെ മുറിയിലേക്ക് വന്നു. ഉറങ്ങിയിരുന്നില്ല. മുൻപൊക്കെ വായിച്ചിരിക്കുമ്പോഴാണ് ഉറങ്ങാൻ വൈകുന്നത്. പുസ്തകങ്ങൾ തുറന്ന് നോക്കിയിട്ട് തന്നെ ദിവസങ്ങളായിരിക്കുന്നു.
പപ്പയെ കണ്ടതും അവളെഴുന്നേറ്റ് ചുമരിൽ ചാരിയിരുന്നു.
. ” മമ്മ പറഞ്ഞു..നിനക്ക് സുഖമില്ലാന്ന്.’
” ഏയ്..വെറുതെ.”
അവളുടെയടുത്തായി അയാൾ കിടക്കയിലിരുന്നു. കുറച്ച് സമയം രണ്ട് പേരും നിശ്ശബ്ദരായിരുന്നു. പപ്പക്കെന്തോ പറയാനുണ്ടെന്ന് ജോസ്മിക്ക് തോന്നി. അസ്വസ്ഥമായ മനസ്സിനെ മുഖത്ത് വായിക്കാം. രണ്ട് മൂന്ന് ദിവമായി ഷേവ് ചെയ്യാത്ത മുഖം. ആദ്യമായാണ് പപ്പയെ അവളിങ്ങനെ കാണുന്നത്. കൺതടങ്ങളിൽ കറുപ്പ് വീണിരിക്കുന്നു.
” പപ്പ ഒരു കാര്യം പറയട്ടെ?”
തീരെ പതിഞ്ഞ ശബ്ദമായിരുന്നു പപ്പയുടേത്.
എന്താണെന്നുള്ള ചോദ്യത്തോടെ അവൾ മുഖമുയർത്തി നോക്കി. അയാൾ അവളുടെ മുഖത്തേക്ക് നോക്കിയില്ല.
” മോളെ..ഒരു മനുഷ്യ ജീവിതം നാല് കാലങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. കളിക്കാനായി ഒരു കുട്ടിക്കാലം. പഠിക്കാനായി ഒരു കൗമാരം. അതില് വഴി തെറ്റാനായി ദൈവം കരുതി വെച്ചിട്ടുള്ള ഒരു കാലമാണ് യൗവ്വനം. ഞാനും നീയുമടക്കം എല്ലാരും വഴി തെറ്റുന്ന ഒരു കാലം. അതിലെ ശരിയും തെറ്റും പറയാൻ പപ്പക്കറിയില്ല. നീയിപ്പൊ കടന്ന് പോകുന്നത് ആ കാലത്തിലൂടെയാ.. നീയോർമ്മിക്കാൻ വേണ്ടി പറയുന്നതാ.. അതിലൂടെ കടന്ന് പോകുമ്പോൾ നീ മറക്കാൻ പാടില്ലാത്ത മൂന്നാല് മുഖങ്ങളുണ്ട്. ഒന്ന്, സർജറി കഴിഞ്ഞിരിക്കുന്ന നിന്റെ മമ്മയുടെ മുഖം. പിന്നെ, നിനക്ക് താഴെയുള്ള മൂന്നെണ്ണത്തിന്റേം. പപ്പയെ വിട്..”
അയാൾ ഒന്ന് നിർത്തി. കുറച്ച് സമയം ജനലിനപ്പുറത്തെ ഇരുട്ടിലേക്ക് വെറുതെ നോക്കിയിരുന്നു.
” എല്ലാരുടേം ധാരണ ഒരു കുടുംബത്തിന്റെ നാഥനാണ് ഏറ്റവും ബലവാനെന്ന്. വെറുതെയാ. ആദ്യം തകരുന്നത് അയാളാ..അതാർക്കുമറിയില്ല. അയാളത് ആരേം അറിയിക്കുകേമില്ല..”
അവൾ കേട്ടിരുന്നു.
അവൾക്ക് മനസ്സിലാവും. മനസ്സിലാവുന്നുണ്ട്.
പപ്പയുടെ ഇത്രയും ക്ഷീണിച്ച ശബ്ദം അവൾ ആദ്യമായാണ് കേൾക്കുന്നത്. ഒരു തണുത്ത കാറ്റ് ജനലഴികൾ കടന്ന് അകത്ത് വന്നു.
അയാൾ അവളുടെ കൈകളിൽ കൂട്ടി പിടിച്ചു.
” പേടിക്കേണ്ട, കൂടെ പപ്പയുണ്ട്..എപ്പഴും.”
” അറിയാം പപ്പാ.”
അവൾ മനസ്സിൽ കരഞ്ഞു.
” പിന്നെ, നീയറിയാത്ത രണ്ടാങ്ങളമാരും..”
അയാൾ പോകാനായി എഴുന്നേറ്റു.
അപ്പോൾ അവർ ?
തിരിഞ്ഞ് നിന്ന് അയാൾ ഓർമ്മിപ്പിച്ചു:
” ആരും ഒന്നും അറിയണ്ട -”
നടക്കുമ്പോൾ കാലുകൾ അറിയാതെ ഒന്ന് വേച്ചു. മുതുക് സ്വല്പം കുനിഞ്ഞ് നടന്ന് പോകുന്ന പപ്പയെ വിഷമത്തോടെ അവൾ നോക്കിയിരുന്നു.
പപ്പക്ക് പെട്ടെന്ന് വയസ്സായത് പോലെ.
രണ്ട് കണ്ണുകളിലൂടെയും അണപൊട്ടിയൊഴുകിയ കണ്ണീരിനെ അവൾ തടഞ്ഞില്ല. കണ്ണുനീർ വറ്റുന്നത് വരെ എനിക്ക് കരയണം.

🟥 തുടരുന്നു…

രവി നീലഗിരി✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള സെന്റർ 2023 – ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2023 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബർ 28...

👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ദിനവിശേഷങ്ങൾ, (B)കുസൃതി ചോദ്യങ്ങളും ഉത്തരവും, (C)പൊതു അറിവും കൂടാതെ (D)ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം.... ട്ടോ 😍 എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിന വിശേഷങ്ങൾ ഒക്ടോബർ മാസത്തിലെ ദിനങ്ങൾ ഒക്ടോബർ 1 -...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻മരിയാന ട്രെഞ്ച്. ​സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ...

ജേക്കബ് തരകന് (കുഞ്ഞുമോൻ) അന്ത്യാഞ്ജലി

ന്യു ജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ...
WP2Social Auto Publish Powered By : XYZScripts.com
error: