17.1 C
New York
Wednesday, August 17, 2022
Home Special മഴ മനസ്സിന്റെ മന്ത്രമാവുമ്പോൾ (ലേഖനം). ✍ബിന്ദു സുനിൽ

മഴ മനസ്സിന്റെ മന്ത്രമാവുമ്പോൾ (ലേഖനം). ✍ബിന്ദു സുനിൽ

✍ബിന്ദു സുനിൽ

വർഷങ്ങളായി ഷെൽഫിൽ അടക്കിവെച്ച പുസ്തകങ്ങൾക്കിടയിൽ നിന്നും ഒരാത്മസുഹൃത്തിൻ്റെ പിൻ വിളിപോലെ ‘മഴപ്പുസ്തകത്തിൽ കണ്ണുകളുടക്കി ‘ഒരുമിച്ച് വാക്കുകളുടെ മഴനനഞ്ഞ ഒരോർമ്മത്താൾ, ചുവന്ന വാകപ്പൂക്കളിൽ സ്വപ്നം ചേർത്ത് വെച്ച നിമിഷങ്ങൾ, നിശബ്ദമായ ചില തിരിച്ചറിവുകളുടെ സൗന്ദര്യം മഴക്കവിതകളായി പെയ്തിറങ്ങിയപ്പോൾ പേരിടാനറിയാത്ത ഒരു നോവ് വരികൾക്കിടയിൽ പിടയുന്നത് എൻ്റെ ചിന്തകളിൽ അസ്വസ്ഥതയായി. ഒരു പക്ഷേ അസാമിപ്യത്തിൻ്റെ വെയിലും മഴയും ഒരുമിച്ച് ചേരുന്ന പ്രകൃതി പ്രതിഭാസത്തിൻ്റെ പൊരുള ന്യമാവുന്ന പുതിയ തലമുറയ്ക്ക് വേണ്ടി പുതിയ മഴക്കവിതകളിലൂടെ പുതുമണ്ണിൻ്റെ ഗന്ധമറിഞ്ഞൊരു യാത്ര.

കവിതകൾ മനുഷ്യൻ്റെ തീക്ഷ്ണമായ വ്യാമോഹങ്ങൾക്കെന്നും നല്ല സുഹൃത്തായിരുന്നു.
‘മഴ’യ്ക്കെത്ര ഭാവങ്ങൾ നമ്മുടെ കവികൾ നൽകി എന്നത് വാക്കുകൾക്കപ്പുറം നിറയുന്ന വൈകാരികതയാണ്. ജാലക പഴുതിലൂടെ ഒരു മഴവിരൽ പോലും സ്പർശിക്കാത്ത വരൾച്ചയിൽ മഴക്കവിതകൾ ഓർമ്മയിലേയ്ക്ക് പെയ്തണഞ്ഞു. പ്രാചീന, ക്ലാസ്സിക്, നവോത്ഥാന, ആധുനിക, ഉത്തരാധുനിക കവിതകളിലെല്ലാം മഴയെക്കുറിച്ചുള്ള കവിഭാവനകൾ വ്യത്യസ്തമാണ്.

നിബിഡമായ വനങ്ങളിൽ പെയ്യുന്ന മഴയ്ക്ക് വന്യമായൊരു സൗന്ദര്യമുണ്ടായിരുന്നു. വനഭൂമികളെല്ലാം വാസസ്ഥലങ്ങളായി പരിണമിച്ചപ്പേൾ മഴപ്പെയ്ത്തിൻ്റെ താളം മാറിയത് പോലെ മനുഷ്യ മനസ്സിൻ്റെ താളമേളങ്ങൾക്കും ഭാവപ്പകർച്ചകളുണ്ടായി. ജീവൻ്റെ അനാദിയായ തീക്ഷ്ണതകളി’ലേയ്ക്ക് മഴ പെയ്യുന്നതിൻ്റെ വിവരണാതീതമായ സ്പർശങ്ങളെ പുതിയ കാലത്തിൻ്റെ കവികൾ വാക്കുകളിലേക്കാവാഹിച്ചതിൻ്റ വ്യത്യസ്ത തകൾ ചിന്തനീയും ആകർഷണീയവും തന്നെ

രതിയും പ്രണയവും കാമവും മൗനവും മഴയിൽ മറന്നു വെക്കാൻ ശ്രമിക്കുന്ന പുതിയ തലമുറ നമുക്കിടയിലുണ്ട്. ചില മറന്നു വെയ്ക്കലുകളെ ചില കവിതകളിലൂടെ സഞ്ചരിച്ച് നമുക്ക് വീണ്ടെടുക്കാൻ ശ്രമിക്കാം. കവിതയെയും ജീവിതത്തെയും പാതിവഴിയിലുപേക്ഷിച്ച് പോയ ഈറൻ നിലാവിൻ്റെ സൗന്ദര്യമുള്ള നന്ദിത കെ എസ്സി “ൻ്റെ കവിതകളിൽ നിറയുന്നതിങ്ങനെ……

” മാനം ഭൂമി പിന്നെ നമ്മെ ബന്ധിപ്പിക്കുന്ന സൂര്യനും പിന്നെ നീ മഴയാവുക ഞാൻ കാറ്റാകാം. നീ മാനവും ഞാൻ ഭൂമിയുമാകാം എൻ്റെ കാറ്റ് നിന്നിലലിയുമ്പോൾ നിൻ്റെ മഴ എന്നിലേയ്ക്ക് പെയ്തിറങ്ങട്ടെ.

ഈ വരികൾ വൈകാരിക ലയനത്തിൻ്റെ രസതന്ത്രത്തെ മനസ്സൊ തുക്കത്തോടെ വാക്കുകളിലേയ്ക്ക് ചേർത്ത് വെയ്ക്കുന്നു. മഴ പെയ്തിറങ്ങുന്ന ആർദ്രതയായി ബാക്കിയാവുന്നു.

ടി.ബി.ലാൽ എന്ന കവി ഏകാന്തതയെ പതിവുരീതികളിൽ നിന്ന് വ്യത്യസ്തമായി മഴയിലേയ്ക്ക് ചേർത്ത് വെയ്ക്കുന്നത് ശ്രദ്ധാർഹം തന്നെ.

”എനിക്ക്
ഓർമ്മയിൽ നനയുന്ന മഴയ്ക്ക്
ഒറ്റയക്കായവൻ്റെ കണ്ണീർ തീരാത്ത വ്യഥയ്ക്ക്
മഴപ്പെയ്ത്തിൻ്റെ ലേപനം
ജൂൺ വഴികളിൽ
കൂട്ടില്ലാത്ത സ്കൂൾ മുറ്റങ്ങളിൽ
മഴയുടെ മൗനത്തിനായി
തൊണ്ടയിൽ കുരുങ്ങിപ്പോയ പ്രാർത്ഥന”

ഏകാന്തതയുടെ ഭയാനകതയെ ചിത്രീകരിക്കാൻ മഴയെ പശ്ചാത്തലമാക്കുന്ന കവിതകളും, ‘നോവലുകളും ,കഥകളുമെല്ലാം ഉണ്ടെങ്കിലും ഈ വരികൾക്ക് ശ്രദ്ധിക്കപ്പെടുന്നൊരു വ്യത്യസ്തത ബാക്കിയാവുന്നു.

ജോസഫ് പുന്നവേലിക്ക് ‘മഴ പ്രകൃതിയുടെ കവിതയാണ് ” അദ്ദേഹത്തിന് മാത്രമായിരിക്കില്ല അങ്ങനെ അനുഭവപ്പെട്ടിരിക്കുക പക്ഷേ കവിതയെന്ന മാന്ത്രിക കൂടിനുള്ളിലേക്കതിനെ ചേർത്ത് ജീവനേകാൻ കഴിഞ്ഞു എന്നതാണ് വ്യത്യസ്തത .”പുരുഷ മേഘം; എന്ന കവിതയുടെ തുടക്കം തന്നെ അനുവാചക ശ്രദ്ധയെ ആഴൽക്കിൽ ആകർഷിക്കുന്ന വരികളാണ്.

“മഴയെക്കുറിച്ചെഴുതാൻ വേണം
പെയ്യുന്ന ഭാഷ
മിന്നുന്ന വാക്കും
മുഴങ്ങുന്ന അർത്ഥവും
ചീറിയടിക്കുന്ന താളവും ”

സൗഹൃദം, സ്നേഹം, പ്രണയം, പ്രേമം, ലിപികളിലൂടെ, മൊഴികളിലൂടെ ഈ വാക്കുകൾ ജീവിതത്തിനൊപ്പം അനുയാത്ര തുടരുന്നു.
യുഗാന്തരങ്ങൾക്കിപ്പുറവും അവയെ അതിർവരമ്പുകൾ കൊണ്ടെങ്ങനെ വേർതിരിക്കാം അറിയില്ല. പക്ഷേ നേർത്ത മഴനൂലുകളാൽ നാം അവയെ വേർതിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന വേവലാതികളിലേക്കാണ് എം.പി.പവിത്രയുടെ മേഘ ജലം എന്ന കവിതയിലെ വരികൾ നിറയുന്നത്.
“മഴ സ്നേഹത്തിലേക്കുള്ള രണ്ടക്ഷരപ്പാലമാണ് എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. നിറഞ്ഞ സൗഹൃദം പ്രണയത്തിലേയ് ക്ക് വഴിമാറിപ്പോകാതിരിക്കാൻ നേർത്ത മഴകൾ ജാലകപാളികളിൽ പെയ്തിറങ്ങട്ടെ എന്നാവാം.
“ഒരുപാടറിഞ്ഞു പോയതിൻ്റെ
പ്രായശ്ചിത്തങ്ങൾ
കെട്ടു പൊട്ടിക്കും മുമ്പ്.
ഉതിർമണിയാകുന്ന അവസാന ശ്വാസമാണ് മഴ”

ഈ ചിന്തകളെ ഒന്നുകൂടി സമർത്ഥിക്കാനെന്നവണ്ണം മഴപ്പുസ്തകത്തിൽ നിന്നും എന്ന ഷംസുദ്ധീൻ പി. കുട്ടോത്തിൻ്റെ വരികൾ ഇങ്ങനെ.

:മഴ എൻ്റെ രഹസ്യമാണ്
മനസ്സിൻ്റെ മന്ത്രങ്ങളാണ്
മഴ മേഘങ്ങളെ കണ്ണിലലിയിച്ച
ഒരു നോട്ടമാണ്
എന്നെ കാമുകനാക്കിയത്.”

ഒരോ വ്യക്തിയുടെയും അന്തരാത്മാവിലൊരു പ്രണയത്തിൻ്റെ മഴ സ്പർശമുണ്ട്.
ആ ഗൃഹാതുരതയെ തട്ടിയുണർത്തുന്ന വരികൾ കവിതയിലുടനീളം നിറയുന്നു.

“മഴ എൻ്റെ പ്രണയമാണ്
ഒരു സ്നേഹ കാലത്തിൻ്റെ
അടയാളപ്പെടുത്തലാണ്.

വൈകാരിക സംഘർഷങ്ങളിൽ വ്യാമോഹങ്ങളിൽ ചിന്തകളും യാഥാർത്ഥ്യബോധവും ഹോമിക്കപ്പെട്ട് മനസ്സും ആത്മാവും അലഞ്ഞ് തിരിഞ്ഞ വ്യഥകളുടെ പുനർസൃഷ്ടികൾ പ്രണയത്തിൻ്റെ അടയാളപ്പെടുത്തലുകളായി ബാക്കിയാവുന്നു.
“കഥാർസിസിന് വിധേയമായതിൻ്റെ പുനർസൃഷ്ടി
“പ്രണയം നനച്ച നിൻ്റെ മിഴികളിലാണ് ഞാനെൻ്റെ മൗനങ്ങളെല്ലാം
മറന്നു വെച്ചത് “എത്ര മനോഹരമായ പ്രണയ സങ്കല്പം നനവിൻ്റെ ആർദ്രതയിൽ പ്രകൃതിയിൽ ജീവൻ വീണ്ടും പുതിയ അടയാളപ്പെടുത്തലുകൾക്ക് സാക്ഷ്യമാകുന്നു. മഴയെ അന്തരാത്മാവിലേക്ക് ചേർത്ത് പിടിക്കുമ്പോഴും മഴവെറും ജഢമായി മാറുന്ന കാലം എന്നത് സത്യമോ? അസത്യമോ?
‘ജഢം ‘ എന്നത് ഭയപ്പെടുത്തുന്ന സിംബലാണ്.കെ.ടോണി ജോസ്സ് തൻ്റെ ജഡം എന്ന കവിതയിൽ രാത്രി മഴ പുലർച്ചയിൽ ജഡമായി മുറ്റത്ത് കിടക്കുന്ന ചിന്ത പങ്കുവെയ്ക്കുമ്പോൾ

” പുലർച്ചെ വിളർച്ച യാർന്ന
തണുപ്പിൽ
ചെളിയിൽ പുളഞ്ഞ്
ചോരവാർന്ന്
മുറ്റത്ത് കിടക്കുകയാണ്
പാവം മഴയുടെ ജഡം.”

വരും തലമുറകൾക്ക് മഴ വെറും കടങ്കഥയാവാതിരിക്കാനും ,ദുരിതപ്പെയ്ത്തുകൾ മാത്രമാവതിരിക്കാനും പ്രകൃതിയോട് യാചിക്കാം.’ ചൂഷണ മനോഭാവങ്ങൾക്കും, നൈമിഷികമായ ലാഭങ്ങൾക്കുമപ്പുറം ഒരോ വ്യക്തിക്കും കാലത്തോടും പ്രകൃതിയോടും, മാതാപിതാക്കളോടും, ഗുരുനാഥൻമ്മാരോടും സഹജീവികളോടുമുള്ള ചില കരുതലുകൾ കടപ്പാടുകൾ പാലിക്കപ്പെടുമ്പോൾ പ്രകൃതിയുടെ സംതുലിനാസ്ഥ് സ്വഭാവികമായി രൂപപ്പെടും എന്നതനിഷേധ്യമാണ്.

തിമർത്ത് പെയ്യുന്ന മഴയ്ക്കും ചാറ്റൽ മഴയ്ക്കും പിന്നെ നേർത്ത് പെയ്യുന്ന പ്രണയാർദ്രമായ മഴയ്ക്കും വേണ്ടി കാത്തിരിക്കാം.മഴയ്ക്കും
മുറ്റത്തും തൊടിയിലും പെയ്ത് തീർന്ന് പോകാതെ ഇത്തിരി ആർദ്രതകൾ അടുത്ത തലമുറയ്ക്ക്
പകർന്ന് കൊടുക്കാൻ മഴയെ നമുക്ക് അതിൻ്റെ സർവ്വഭാവങ്ങളോടെയും ആത്മാവിലേക്കേറ്റ് വാങ്ങാം.

✍ബിന്ദു സുനിൽ

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: