മലയാളി മനസ്സിന്റെ സജീവ സാന്നിധ്യവും കോപ്പി എഡിറ്ററുമായ മേരി ജോസി മലയിൽ ഈ ആഴ്ച മുതൽ വായനക്കാർക്കുവേണ്ടി ആരംഭിക്കുന്ന “അനന്തപുരിയിലെ വർണ്ണക്കാഴ്ച്ചകൾ “ എന്ന പംക്തിയിലേക്ക് എല്ലാവർക്കും സ്വാഗതം!
അനന്തപുരിയിലെ വർണ്ണക്കാഴ്ച്ചകൾ
വിനോദ സഞ്ചാരികളുടെ പറുദീസയാണ് നമ്മുടെ തിരുവനന്തപുരം. തലസ്ഥാനമെന്ന ഖ്യാതിയാണ് തിരുവനന്തപുരത്തിനു അന്തർദേശീയ ടൂറിസം മാപ്പിൽ ഇടം നൽകുന്നത്.തിരുവനന്തൻ വാഴുന്നയിടം, ശ്രീമഹാവിഷ്ണു ആയിരം നാവുള്ള അനന്തന്റെ പുറത്തു പള്ളിയുറങ്ങുന്നയിടം….. ഇങ്ങനെ വിശേഷണങ്ങൾ ഏറെ!
ഭരണ സിരാകേന്ദ്രങ്ങൾ ആയ സെക്രട്ടറിയേറ്റും ലെജിസ്ലേറ്റീവ് അസംബ്ളിയും ഇവിടെ ആയതുകൊണ്ടാകാം തിരോന്തരംകാരെ സംബന്ധിച്ച് ഏറ്റവും കേമന്മാർ അന്നും ഇന്നും എന്നും പദ്മനാഭന്റെ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ തന്നെ!
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, മൃഗശാലമ്യൂസിയം, ചിത്രാലയം, കവടിയാർ, കനകക്കുന്നു കൊട്ടാരങ്ങൾ, കുതിരമാളിക,കോട്ടകൾ, നക്ഷത്രബംഗ്ലാവ്, പ്ലാനട്ടോറിയം, വേളി, ആക്കുളം, വിഴിഞ്ഞം, ശംഖുമുഖം, അരുവിക്കര ഡാം……ഈ വർണ്ണകാഴ്ചകളുടെ വിവരണത്തിലേക്ക് എല്ലാവർക്കും സ്വാഗതം.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം:-
തദ്ദേശ വിനോദസഞ്ചാരികളെ മാത്രമല്ല വിദേശികളേയും ആകര്‍ഷിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനോട് ചേര്‍ന്ന പത്മതീര്‍ത്ഥക്കുളവും കുതിരമാളികയും മേത്തന്‍മണിയും സഞ്ചാരികളുടെ മനം കവരുന്നു.
മൂവായിരം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ അനന്തപത്മനാഭന്റെ പ്രതിഷ്ഠയാണ്.
ചാരുതയാര്‍ന്ന ക്ഷേത്രത്തിലെ കൊത്തുപണികള്‍ ദ്രാവിഡ ശില്‍പകലയുടെ മകുടോദാഹരണങ്ങളാണ്. രാജഭരണകാലം മുതല്‍ തുടര്‍ന്നുപോരുന്നതും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വീതം നടന്നുവരുന്നതുമായ ആറാട്ട് മഹോത്സവം ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
അനന്തപുരിയിലെ രാജഭരണകാലത്തെ പല പ്രമുഖ നിര്‍മ്മിതികളും സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രപരിസരത്തും സമീപ പ്രദേശങ്ങളിലുമാണ്.
ആറാട്ടു ദിവസങ്ങളിൽ വിമാനത്താവളത്തിന്റെ ഉള്ളിലൂടെയാണ് ഘോഷയാത്ര . ലോകത്തൊരിടത്തും കാണാത്ത ഒരു പ്രതിഭാസം. അങ്ങനെ സമ്മതം മൂളിയെങ്കിൽ മാത്രമേ അന്ന് പട്ടണത്തിന്റെ തൊട്ടടുത്ത് വിമാനത്താവളം സ്ഥാപിക്കാൻ കഴിയുമായിരുന്നുള്ളു.
നിഗൂഢതകളും രഹസ്യങ്ങളും അളന്നു തീർക്കുവാൻ കഴിയാത്ത സമ്പത്തും ഒളിഞ്ഞിരിക്കുന്ന ക്ഷേത്രം…തിരുവനന്തപുരത്തിന്റെ വിസ്മയങ്ങളിൽ ഒന്ന്…പറഞ്ഞു തീർക്കുവാൻ കഴിയാത്തത്ര വിശേഷങ്ങളുണ്ട് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ പത്മനാഭ സ്വാമി ക്ഷേത്രത്തിന്. അനന്തനാഗത്തിന്റെ പുറത്ത് ശയിക്കുന്ന മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടം തിരുവനന്തപുരത്തിന്റെ എല്ലാ വിധ ഐശ്വര്യങ്ങളുടെയും കേന്ദ്രമായി അറിയപ്പെടുന്നു.
തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമായ പത്മനാഭസ്വാമിയുടെ ദാസൻമാരായാണ് തിരുവിതാംകൂർ ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത്.
അനേകം ചെറുരാജ്യങ്ങൾ വെട്ടിപ്പിടിച്ചാണ് തിരുവിതാംകൂർ ഉണ്ടാക്കിയത്. പഴയ ശത്രുത വെച്ച് അവർ കുഴപ്പമൊപ്പിക്കാതിരിക്കാനാണ് മൊത്തം രാജ്യം ദേവന് സമർപ്പിച്ചത് എന്നും ഒരു കിംവദന്തിയുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും അധികം സമ്പത്ത് ഒളിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം…
ദ്രാവിഡ വാസ്തുവിദ്യയും കേരളീയ നിർമ്മാണ ശൈലിയും
ചരിത്രങ്ങളും ഐതിഹ്യങ്ങളും മാറ്റി നിർത്തിയാൽ ഇവിടേക്ക് സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനുള്ള ഒരു കാരണം ഇതിന്റെ രൂപകല്പന തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി ഉയരം കൂടിയ ക്ഷേത്രഗോപുരങ്ങളാണ് ഇവിടെയുള്ളത്. സാധാരണയായി തമിഴ്നാട്ടിൽ കാണപ്പെടുന്ന ക്ഷേത്രങ്ങളോടാണ് ഇതിനു രൂപസാദൃശ്യമുള്ളത്, തമിഴ് ശൈലിയിലുള്ള ഏഴു നിലകളോടു കൂടിയ കിഴക്കേ ഗോപുരം തിരുവനന്തപുരത്തിന്റെ മുഖമുദ്രയായി നിൽക്കുന്നു. തഞ്ചാവൂർ ശൈലിയിൽ ആണ് ഈ ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നൂറ് അടി ഉയരത്തിൽ കൃഷ്ണ ശിലയാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഏഴ് തട്ടുകളും, ഏഴ് സ്വർണ്ണ താഴികകുടങ്ങളും ഏഴ് കിളിവാതിലുകളും കിഴക്കേ ഗോപുരത്തിനുണ്ട്.കൊല്ലത്തിൽ രണ്ടു ദിവസം സൂര്യൻ കൃത്യം കിഴക്കുദിക്കും. പടിഞ്ഞാറസ്തമിക്കും. അന്നത്തെ ദിവസം സൂര്യനെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിളി വാതിലിലൂടെ കൃത്യം നടുക്ക് കാണാം. ഒരെണ്ണത്തിലൂടെ കണ്ട് അല്പം കഴിയുമ്പോൾ അടുത്തതിലൂടെ.
മറ്റുഗോപുരങ്ങൾ സാധാരണ കാണുന്ന കേരളീയ ശൈലിയിൽ രണ്ടുനിലകളോടുകൂടി നിർമ്മിച്ചിരിയ്ക്കുന്നു.
ചുവർ ചിത്രങ്ങളും ശില്പങ്ങളും ദാരു ശില്പങ്ങളുമാണ് ഇവിടുത്തെ മറ്റൊരാകർഷണം. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രങ്ങളിലൊന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിനുള്ളിലെ തിരുവിതാംകൂർ രാജാക്കൻമാരുടെ കിരീടം
തിരുവിതാംകൂർ രാജ്യത്തിന്റെ കാവലാളും സംരക്ഷകനുമാണ് അനന്തനുമേൽ ശയിക്കുന്ന വിഷ്ണു. തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമായാണ് അനന്തപത്മനാഭനെ കണക്കാക്കുന്നത്. തിരുവിതാംകൂർ രാജ്യത്തിലെ ഏറ്റവും മഹത്തായ സംഭവങ്ങളിലൊന്നായാണ് തൃപ്പടി ദാനം അറിയപ്പെടുന്നത്. 1750 ജനുവരി മൂന്നാം തിയതി മാർത്താണ്ഡ വർമ്മ മഹാരാജാവ് തിരുവിതാംകൂർ മഹാരാജ്യത്തെ ശ്രീ പത്മനാഭ സ്വാമിക്ക് സമർപ്പിക്കുകയുണ്ടായി. തന്റെ ഉടവാളാണ് അദ്ദേഹം പത്മനാഭന് അടിയറ വെച്ചത്. പിന്നീട് അത് പത്മനാഭ ദാസൻ എന്ന പേരിൽ തിരിച്ചു വാങ്ങുകയും പത്മനാഭന്റെ പ്രതിപുരുഷനായി രാജ്യം ഭരിക്കുകയും ചെയ്തു. പിന്നീട് തിരുവിതാംകൂറിന്റെ കിരീടവും ഇവിടെ സൂക്ഷിക്കുകയുണ്ടായി..
കൂടുതൽ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ…
മേരി ജോസി മലയിൽ ✍തിരുവനന്തപുരം.
ശയനത്തിലുള്ള പ്രതിഷ്ഠ കാലു വാരാതിരിക്കാനുള്ള വിദ്യയാണെന്നു പറഞ്ഞു മലബാറിലുള്ളവർ കളിയാക്കാറുണ്ട്