നെല്ല് പുഴുങ്ങൽ
കാലത്തിന്റെ വളർച്ചയിൽ അന്യം നിന്നുപോയെങ്കിലും ഇന്നും മുതിർന്നവർ മറന്നുകാണില്ല നെല്ല് പുഴുങ്ങി അരിയാക്കിയ കാലം.പുഴുങ്ങൾ അരി പണ്ട് വീടുകളിൽ തന്നെ നെല്ല് പുഴുങ്ങി ആണ് ഉണ്ടാക്കിയിരുന്നത്.
പുതിയ തലമുറയ്ക്ക് അരി ചാക്കിലും പാക്കറ്റിലും കടയിൽ നിന്ന് വാങ്ങി ചോറാക്കുന്നതെ അറിയൂ.
നെന്മണിക്കുള്ളിൽ വച്ചു ഭാഗികമായി വേവിച്ചതിനു ശേഷം നെല്ല് ഉണക്കി, തവിട് നീക്കം ചെയ്ത് ഭക്ഷ്യയോഗ്യമായ അരി വേർതിരിച്ചെടുക്കുന്നു.അരിയാഹാരം മുഖ്യ ഭക്ഷണമാക്കിയിരിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് പുഴുക്കലരിയാണ് ഇപ്രകാരം പുഴുങ്ങാതെ നേരിട്ട് ഉണക്കിയെടുത്ത് ഉമിയും തവിടും നീക്കിയെടുക്കുന്ന അരിയാണു് പച്ചരി.
പണ്ട് കാലത്തു കേരളത്തിൽ ധാരാളം നെൽകൃഷി ഉണ്ടായിരുന്നു. സ്വന്തം ആയി വയലും നെൽകൃഷിയും ഉള്ളവർ ധാരാളം. വയൽ ഇല്ലാത്തവരും നെൽ വാങ്ങി പുഴുങ്ങി കുത്തി അരി ആക്കുകയാണ് പതിവ്.കൊയ്ത്തുകാർക്ക് കൂലി ആയും നെല്ല് തന്നെയാണ് ലഭിക്കുക.
വലിയ ചെമ്പു പാത്രത്തിലോ, കുട്ടകത്തിലോ നെല്ലിട്ട്, വെള്ളം ഒഴിച്ച് മുകളിൽ പൊങ്ങി കിടക്കുന്ന പതിര് (മങ്ക് )എടുത്തു കളഞ്ഞിട്ട്,മുറ്റത്തു അടുപ്പ് കൂട്ടി അതിൽ വച്ചു തിളപ്പിച്ചു വേവിക്കും അധികം വെന്തു പോയാലോ വേവ് കുറഞ്ഞാലോ അരി ഉപയോഗ ശൂന്യമാകും. അതിനാൽ ഉണങ്ങിയ ഓല, കൊതുമ്പു ചൂട്ട്, കരിയില തുടങ്ങിയ ഉപയോഗിച്ച് ചെറിയ തീയിൽ ആണ് വേവിക്കുക. വെന്തു കഴിഞ്ഞു തീ കെടുത്തി അടച്ചു വയ്ക്കും.പിറ്റേന്ന് ആറിയ ശേഷം വെള്ളം ഊറ്റി കളഞ്ഞു കുറച്ചു വെള്ളം മാത്രം ബാക്കി വച്ചു പുഴുങ്ങി എടുക്കും. ആവി മുകളിൽ വരുകയും, പിന്നെ നെല്ലിന്റെ പാളി പൊട്ടുന്നതും നോക്കി ആണ് പുഴുങ്ങലിന്റെ വേവ് മനസ്സിൽ ആകുക. പുഴുങ്ങൽ ശരിയായില്ലെങ്കിലും അരി മോശമാവും.പുഴുങ്ങിയ നെല്ല് വെയിലത്ത് ഇട്ട് നല്ലത് പോലെ ഉണക്കി എടുക്കണം. ഈ ഉണക്കൽ പാകത്തിന് അല്ലെങ്കിലും അരി മോശമാകും. പണ്ടൊക്കെ പനയോല പായയിൽ പുഴുങ്ങിയ നെല്ല് വെയിലത്ത് ഇട്ട് കുട്ടികളെ കാവൽ ഏല്പിക്കും. കാക്ക,കോഴി,മറ്റു പക്ഷികൾ കൊത്തി ക്കൊണ്ട് പോകാതെയും, പൂച്ച, പട്ടി ഒക്കെ അതിന്റെ മുകളിലൂടെ കയറി നടക്കാതെയും ഒക്കെ നോക്കാൻ അറ്റത്തു തുണി കെട്ടിയ ഒരു നീളൻ കമ്പുമായി കുട്ടികൾ ഊഴം വച്ചു ഇരിക്കും. ചിലപ്പോൾ രണ്ടോ മൂന്നോ കുട്ടികൾ ഒരുമിച്ചു ഇരുന്നു കളിച്ചു കൊണ്ട് നെല്ല് ശ്രദ്ധിക്കും. ശ്രദ്ധ മാറി കളിയിൽ തന്നെ ഗൗനിച്ചു നെല്ല് കോഴിയും കുഞ്ഞുങ്ങളും കൂടി യദേഷ്ടം കൊത്തിതിന്നുന്ന കണ്ടിട്ട് വീട്ടിൽ നിന്നും ഇറങ്ങി വരുന്ന അമ്മയുടെ അടി വാങ്ങിയ ഓർമ്മകൾ അയവിറക്കിക്കൊണ്ട് ഇത് വായിക്കുന്നവർ കാണും.

പാകത്തിന് ഉണക്കിയ നെല്ല് ആദ്യ കാലത്തു വീട്ടിൽ തന്നെ സ്ത്രീകൾ ഉരലിൽ ഇട്ട് ഉലക്ക ക്കൊണ്ട് കുത്തിയ ശേഷം മുറത്തിൽ വാരിയിട്ട് പാറ്റി ആണ് അരി വേർതിരിച്ചു എടുത്തിരുന്നു . പിന്നെ നെല്ല് കുത്ത് മില്ലുകൾ വന്നു. അത് കൂടുതൽ എളുപ്പമായി. പുഴുങ്ങിയ നെല്ല് മില്ലിൽ കുത്തി അരിപ്രത്യേകമായും തവിടു,ഉമി വേറെയും പുറത്തോട്ട് വരും.ഇതിൽ തവിടു അധികം കഴുകി കളയാതെ ചോറ് ഉണ്ടാക്കുന്നതിന്നാൽ പോഷക ഗുണം കൂടും.കൂടാതെ തവിടു പശുവിന് കാടിയിൽ കലർത്തി കൊടുക്കാൻ ഉപയോഗിച്ചിരുന്നു. നെല്ലിന്റെ തോൽ ആയ ഉമി തീ കത്തിക്കാൻ ഇന്ധനമായും,പിന്നെ പല്ല് തേയ്ക്കാൻ ഉള്ള
ഉമിക്കരി ആയും ഉപയോഗിച്ചിരുന്നു. ഇങ്ങനെ കേരളത്തിൽ പുഴുക്കലരി ഉണ്ടാക്കാൻ പരമ്പരാഗതമായ ഒരു രീതി സ്വന്തം ആയുണ്ട്.ചോറായി ഉപയോഗിക്കാനുള്ള അരി യ്ക്കായി കേരളത്തിൽ സുലഭമായി ഉണ്ടായിരുന്ന നെൽകൃഷി
ഇന്ന് കുറഞ്ഞു,നെല്ല് പുഴുങ്ങലും കാണാതായി. എന്നാലും,പണ്ട് കഴിച്ച പോളീഷ് ചെയ്യാത്ത തവിടു അധികം കഴുകി കളയാത്ത നല്ല നാടൻ പുഴുങ്ങലരി ചോറിന്റെ രുചി ഇപ്പോഴും നാവിൽ കാണും.ഇനിയുള്ള തലമുറയ്ക്കു കിട്ടാതെ പോകുന്നസൗഭാഗ്യങ്ങൾ ആണത്.
തയ്യാറാക്കിയത്:
സൈമ ശങ്കർ✍
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
കണ്ണൂർ മലയോര ഗ്രാമങ്ങളിൽ ഇപ്പോഴും ഇതൊക്കെ നടക്കുന്നുണ്ട്
Soooperb ma’am!!! Feel lucky to be probably the last generation who could witness those!!!