ഇന്ത്യയിലും മറ്റ് വിദേശരാജ്യങ്ങളിലുമായി മോഹനവീണയില്‍ നിരവധി സംഗീത പരിപാടികള്‍. ദേവരാജന്‍ മാഷിനൊപ്പം സംഗീതസപര്യ. ബംഗാളിലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം. താരപരിവേഷങ്ങളില്‍ വിശ്വസിക്കാത്ത, ജനങ്ങളാണ് കലാകാരനെ
ഉന്നതിയിലെത്തിക്കുന്നതെന്ന് പറയുന്ന പോളിക്ക് അനുഭവത്തിന്റെയും സാധനയുടെ ഉപാസനയുടെയും ആഴത്തിലോടിയ അനുഭവങ്ങളുണ്ട്. ചുട്ടുപൊള്ളിക്കുന്ന കനല്‍വഴികള്‍ നിറഞ്ഞ യാത്രകളുണ്ട്. അലച്ചിലുകളുണ്ട്.
സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ നിലപാടുകളുണ്ട്. എന്തും തുറന്നു പറയാനുള്ള ആര്‍ജവമുണ്ട്. പോളി വര്‍ഗീസ് ജീവിതം പറയുകയാണ്. പോളിയുടെ വാക്കുകള്‍ തന്നെ കടം കൊണ്ടാല്‍
:“ഒരു സുപ്രഭാതംകൊണ്ട് ഒരു കലാകാരനുണ്ടാകുന്നില്ല. കവിയുണ്ടാകുന്നില്ല. നാടകക്കാരനുണ്ടാകുന്നില്ല. ഇതൊന്നും പൊട്ടി വീഴുന്നതല്ല. കേള്‍വിക്കാരനും പ്രസാധകനും ഒരു സ്വഭാവമാണ്. അവന്‍ തീരുമാനിക്കുന്നു. നിങ്ങള്‍
കലാകാരനാണോയെന്ന്. അത് വര്‍ഷങ്ങളുടെ സാധനയാണ്“.തൃശൂര്‍ വലപ്പാട്ട് ഗ്രാമത്തില്‍ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവും , മന്ത്രിയും
ആയിരുന്ന അന്തരിച്ച വര്‍ഗീസ് മേച്ചേരി ആലീസ് ദമ്പതികളുടെ മകന്‍. കിഷോരി അമോക്കര്‍, എംഎല്‍ വസന്തകുമാരി ഇവരുടെ പാട്ടുകളില്‍ ആകൃഷ്ടനായി എട്ടുവയസ് മുതല്‍ സംഗീതപഠനം. അന്നത്തെക്കാലത്ത് ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം ഇറങ്ങിച്ചെല്ലാത്ത മേഖലയായിരുന്നു അത്. എന്തോ ഒരു ആത്മബന്ധമാണ് സംഗീതത്തിലേക്ക് നയിച്ചത്. പിതാവ് വര്‍ഗീസിലൂടെ കവി കുഞ്ഞുണ്ണി മാഷിനെയും കവിതകളെയും പരിചയപ്പെട്ടു. ജ്യേഷ്ഠന്‍ ഷാജി വര്‍ഗീസിലൂടെയാണ് റാഡിക്കല്‍ പ്രസ്ഥാനത്തെയും സിനിമയെയും സാഹിത്യത്തെയും സംഗീതത്തെയും അടുത്തറിയുന്നത്. സംഗീതം ആവേശമായപ്പോള്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്നു. ലോകം മാറുകയായിരുന്നു അവിടെനിന്ന്. മൃദംഗം ആയിരുന്നു ഐച്ഛിക വിഷയം. കൂടാതെ ശാസ്ത്രീയനൃത്തം, ചാക്യാര്‍ക്കൂത്ത്, കഥകളി എന്നിവയിലും പരിശീലനം. ആ കാലഘട്ടത്തിലാണ് മോഹനവീണ ആവേശമായി ആത്മാവില്‍ പ്രവേശിക്കുന്നത്. അവിടെ അഞ്ചു വര്‍ഷത്തോളം ഹിന്ദുസ്ഥാനിയും രബീന്ദ്ര സംഗീതവും പഠിച്ചു. “
അവിടത്തെ പഠനകാലത്താണ് വിവിധ വാദ്യോപകരണങ്ങള്‍ വായിക്കാന്‍ പഠിക്കുന്നത്. പിന്നീട് സൂഫി സംസ്ക്കാരധിഷ്ഠിതമായ ബാവുള്‍ സംഗീതത്തില്‍ ആകൃഷ്ടനായി. തുടര്‍ന്നങ്ങോട്ട് എന്റെ ജീവിതം സംഗീതം തന്നെയായി. നോര്‍ത്ത് ഈസ്റ്റേണ്‍ സൂഫിസമാണ് ബാവുള്‍. തെരുവുകളില്‍ പാടിയലഞ്ഞ് നടക്കുക. ആര്‍ഭാടങ്ങളെ വിമര്‍ശിച്ചു പാടുക. ജാതിയും മതവുമല്ല വിഷയം. രണ്ടു ജാതിയേയുള്ളൂ, അത് സ്ത്രീയും പുരുഷനുമാണെന്ന് പാടുന്ന ഒരു വിഭാഗം. സൂഫിസത്തിന്റെ അഗാധതയിലേക്കുള്ള പ്രയാണമായിരുന്നു അത്. കലയ്ക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കുന്നവര്‍ക്ക് മാത്രമേ ഇത് അഭ്യസിക്കുവാന്‍ കഴിയുകയുള്ളൂ. അതാണ് മോഹനവീണയുടെ ശ്രേഷ്ഠതയും. സ്റ്റാര്‍ഡം ആഗ്രഹിക്കാത്ത ആളാണ് പോളി വർഗീസ് . സ്റ്റാര്‍ എന്നു പറഞ്ഞാല്‍ തന്നെ എവേ
ഫ്രം എര്‍ത്ത് (ഭൂമിയില്‍നിന്നും അകലെ) എന്നാണല്ലോ. അതുകൊണ്ടാണ് സിനിമാതാരങ്ങളൊന്നും സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുന്നത്. ഇവരെക്കൊണ്ട് സമൂഹത്തിന് എന്താ ഗുണം? മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കൊണ്ട് എന്താ ഗുണം? മരംവെച്ച് പിടിപ്പിക്കാനോ? രണ്ട് മൂന്ന് വര്‍ഷമായി മരംവെയ്ക്കുന്ന തമിഴ് നടനാണ് വിവേക്. അത് ഇന്ന് ഒരുകോടിയെത്തി കഴിഞ്ഞു. മരംവയ്ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? മരം
വെട്ടേണ്ടി വരുന്നത് കൊണ്ടല്ലേ? മരംവെട്ടാന്‍ കൂട്ട് നിന്നത് ആരാ? ഇവരു തന്നെയല്ലേ? നിങ്ങളെ ആത്മീയ ഉന്നതിയിലേക്ക് കൊണ്ട് പോകുന്ന ഒന്നു നിങ്ങള്‍ കണ്ടെത്തണമെങ്കില്‍ അത് നിങ്ങള്‍ അന്വേഷിക്കണം. ആത്മീയ ഉന്നതിയിലേക്ക് കൊണ്ടുപോകുന്ന കലാരൂപം മടുപ്പിക്കില്ല. നിങ്ങള്‍ ആ കലാരൂപമായി മാറും. എനിക്ക് ഒരിടത്തിരുന്ന് ജോലി ചെയ്യാനാവില്ല. അതുകൊണ്ട് ഞാന്‍ കവിതകളെഴുതുന്നു. പുസ്തകം വായിക്കുന്നു. എനിക്ക് നിയന്ത്രണങ്ങളില്ല. ഞാന്‍ കാന്‍സര്‍ കേന്ദ്രങ്ങള്‍, ജയിലുകള്‍ മുതല്‍ വേശ്യാ തെരുവുകളില്‍ വരെ സംഗീതം
വായിച്ചിട്ടുണ്ട്. അവിടെ യഥാര്‍ഥ ആസ്വാദകരുണ്ട്. വേശ്യാതെരുവുകളില്‍ ശരീരമേ വില്‍ക്കുന്നുള്ളൂ. ആത്മാവ് വില്‍ക്കുന്നില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന ആളാണ് ഞാന്‍. ആരോഗ്യപരമായി ഇത് ഉപയോഗിക്കണം. ഇത് പുതിയൊരു ലോകമാണ്. നിയന്ത്രണങ്ങളില്ലാത്ത ലോകമാണ്. നിങ്ങള്‍ക്ക് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല. വലിയ ലോകമാണ് തുറന്നു തന്നിരിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ അനന്തലോകം. എന്നെ സംബന്ധിച്ചിടത്തോളം ഒരു രാഗത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ യൂട്യൂബില്‍ അടിച്ചുകൊടുത്താല്‍ അതില്‍ മാസ്റ്റേഴ്സ് വായിച്ചിട്ടുള്ളത് കേട്ട് സംശയനിവാരണം നടത്താം. ആദ്യകാലത്ത് പോളി കണ്‍സേര്‍ട്ടുകളുടെ വീഡിയോ പോസ്റ്റ് ചെയ്യുമായിരുന്നു. ഇപ്പോള്‍ 100 കണക്കിന് വീഡിയോകള്‍
കേള്‍വിക്കാര്‍ തന്നെ പോസ്റ്റ് ചെയ്യുന്നു. ശരിയ്ക്കും നമ്മുടെ ലെവല്‍ ഓഫ് തിങ്കിംഗ് മാറും. നാമൊരു സാമൂഹ്യജീവിയാണ്.ഒരു സംഗീതജ്ഞനും മാനത്തുനിന്ന് പൊട്ടി വീഴുന്നില്ല. അവന് സോഷ്യല്‍- ഇക്കണോമിക് പൊളിറ്റിക്കല്‍ കണക്‍ഷനുണ്ട്, ചരിത്രങ്ങളുള്ളതാണ്. ഒരു തുടര്‍ച്ചയാണ്. 16 എം എം പ്രൊജക്ടറും തൂക്കി ജോണ്‍ എബ്രഹാമിന്റെ സിനിമകളുമായി ഫിലിംഫെസ്റ്റിവലിനും മറ്റും പോളി നടന്നിട്ടുണ്ട്,. അന്ന് ഇന്നത്തെ സോ കോള്‍ഡ് കൊമേഴ്സ്യല്‍ സിനിമക്കാര്‍ പുച്ഛിച്ചിട്ടുണ്ട്, ദാ പോകുന്നു കുട്ടി ബുദ്ധിജീവികളെന്നൊക്കെ പറഞ്ഞ്. ഇന്നവർ ഇത് ഏറ്റെടുക്കുകയാണ്. അവരുടെ സിനിമ വിപണനം ചെയ്യാന്‍. കാരണം കൊമേഴ്സ്യലായിട്ടു പോകുമ്പോള്‍ കുറച്ചു
കഴിയുമ്പോള്‍ നിശ്ചലമാകും. നിങ്ങള്‍ക്ക് മടുക്കും. നാട്ടുകാര്‍ക്ക് വേണ്ടാതാകും. ക്ലാസിക്സ് നിലനില്‍ക്കുന്നത് അത് കാലാതിവര്‍ത്തിയായ സാംസ്കാരിക രൂപമായതുകൊണ്ടാണ്. ഹണ്‍ഡ്രഡ് ഈയേഴ്സ് ഓഫ് സോളിറ്റ്യൂഡ്
(ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) നിലനില്‍ക്കുന്നത് അത് ക്ലാസിക്കല്‍ ആയതുകൊണ്ടാണ്. അത് മങ്ങില്ല. മഹാഭാരതം നിലനില്‍ക്കുന്നത് ക്ലാസിക്കല്‍ ആയതുകൊണ്ടാണ്. അതില്‍ ഒരുപാട് ഇമോഷണല്‍സ് ഉണ്ട്.
സംഭവവികാസങ്ങളുണ്ട്. അതിലുപരി മനുഷ്യജീവിതവുമായി ബന്ധപ്പെട്ടവയാണ്. അത് എഴുതപ്പെട്ടത് കച്ചവടത്തിന് വേണ്ടിയായിരുന്നില്ല. അല്ലാത്തവ നിലനില്‍ക്കുന്നവയല്ല. അതാണ് പോളി പറയുന്നത് അയാം നോട്ട് എ സെല്ലര്‍ ഓഫ് നോട്ട്‌സ്, അയാം വര്‍ക്ക്ഷിപ്പര്‍ ഓഫ് ഇമോഷന്‍. മ്യൂസിക് ഈസ് ഇമോഷന്‍. (ഞാന്‍ സപ്തസ്വരങ്ങളുടെ വില്‍പ്പനക്കാരനല്ല, ഞാന്‍ മനോവികാരങ്ങളുടെ ആരാധകനാണ്. സംഗീതം മനോവികാരമാണ്). എം സ്റ്റാന്‍ഡ്സ് ഫോര്‍ മൊറാലിറ്റി, യു ഫോര്‍ യൂണിവേഴ്സാലിറ്റി, എസ് ഫോര്‍ സോഷ്യാലിറ്റി, ഐ ഫോര്‍ ഇന്‍ഡിവിജ്വാലിറ്റി, സി ഫോര്‍ കേപബിലിറ്റി (MUSIC-ലെ എം ധര്‍മ്മത്തെയും യു സാര്‍വലൌകികതയെയും എസ് സമ്പര്‍ക്കത്തെയും ഐ വ്യക്തിത്വത്തെയും സി യോഗ്യതയെയും പ്രതിനിധീകരിക്കുന്നു) എന്ന് പോളി പറയുന്നു ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതമെന്ന് പറഞ്ഞാല്‍ അനുഭവാധിഷ്ഠിതമാണ്. മൂവായിരത്തിലേറെ വര്‍ഷങ്ങളായി ഇത്
ഇങ്ങനെ ഒഴുകുകയാണ്. ലക്ഷക്കണക്കിന് സംഗീതജ്ഞരിലൂടെ ഉപാസകരിലൂടെ ഫില്‍ട്ടര്‍ ചെയ്താണ് അവ നമ്മളിലേക്ക് എത്തുന്നത്. നമ്മളും ആ ഫില്‍ട്ടറിംഗിന്റെ വേറൊരു ഫില്‍ട്ടറാണ്. ഒരുപാട് അലച്ചിലുകളുടെ,
വേദനകളുടെ ആകത്തുകയാണ്. അത് കര്‍ണാടക സംഗീതമായാലും ഹിന്ദുസ്ഥാനി സംഗീതമായാലും. ഇതിന് സൂഫിസവുമായി വലിയ ബന്ധമുണ്ട്. സൂഫിസത്തിന്റെ വേറൊരു ഭാവമാണല്ലോ ത്യാഗരാജ സ്വാമികളായാലും പുരന്ദരദാസനായാലും ആഘോഷിച്ചു നടന്നിരുന്നത്. അലച്ചിലുകളുടെ ആകത്തുകയാണ് സംഗീതം.”
ആർക്കുമറിയാത്ത കാര്യമാണ് പോളി വർഗീസ് എന്ന സിനിമ നടനെ. ഇരുപതിൽ കൂടുതൽ ബംഗാളി സിനിമകൾ, നാലോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യമായി സ്റേഷ ഗോയൽ മലയാളത്തിൽ പാടിയത് പോളിയുടെ സംഗീതത്തിലാണ്. ശുദ്ധസംഗീതത്തിലേക്കും മോഹനവീണയിലേക്കും തിരിഞ്ഞപ്പോൾ ആ മേഖലകളിൽ നിന്ന് സ്വയം ഒഴിവായി. ഒരു ദിവസം പത്തുമണിക്കൂറോളം മോഹനവീണയിൽ ഇന്നും പരിശീലിക്കുന്നുണ്ട് പോളി. ചൈന പ്രസിഡന്റിനുമുന്നിൽ പോളി മോഹനവീണ വീണ വായിക്കുന്നത് നിങ്ങൾക്ക് യുട്യൂബിൽ കാണാൻ കഴിയും. എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമായ പോളി വർഗീസ് രണ്ടുദിവസം ഞങ്ങളുടെ അതിഥിയായി കുമാരകത്തുള്ള ഞങ്ങളുടെ ഹൌസ് ബോട്ടിൽ മോഹനവീണയുടെ സ്വരതന്ത്രികളിൽ ഹിന്ദുസ്ഥാനി രാഗമേളങ്ങളും ബാവുൾ സംഗീതവുമായി കഴിഞ്ഞത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ്.
പോളി വര്‍ഗീസുമായുള്ള സംഗീതസാന്ദ്രമായ രണ്ടു ദിവസങ്ങൾ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ കുമരകത്ത് മഴ തൂവിത്തുടങ്ങിയിരുന്നു. ഉള്ളില്‍ പെയ്തിറങ്ങുന്ന സംഗീതവുമായി അതിലേക്ക് അലിഞ്ഞപ്പോഴും . അലയടിച്ചിരുന്നു മോഹനവീണയുടെ സ്വരതന്ത്രികള് ഉണർത്തിയ മൃദുല നാദം
മനസ്സില്‍ മായാതെ ..
പോളിയുടെ കവിതാസമാഹാരത്തിൽ നിന്ന് ഒരു കവിത കൂടി വായനക്കാർക്കായി സമർപ്പിക്കുന്നു. വിഭ്രമസ്വപ്നങ്ങൾ പോലെ മോഹങ്ങളും ദൃശ്യങ്ങളും ആഘാതങ്ങളും മുറിവുകളുമായി ഈ പുസ്തകത്തിൽ ചരിത്രം യുദ്ധഭൂമിയായി ചുരുൾ നിവരുന്നു. നോവിൽ പുളയുന്നതും രക്തം കിനിയുന്നതുമായ വാക്കുകൾ ഇരയുടെ പക്ഷത്ത് നിന്നുള്ള ഈ ശിഥിലാത്മ- ചരിത്രരചനയിൽ വികലാംഗരുടെ വിലാപവും വീക്ഷണവും വിശ്വാസവും മാറി മാറി അണിയുന്നു. പോർമുഖത്ത് നിന്നുള്ള ദൃക്‌സാക്ഷിവിവരണത്തിലെപ്പോലെ വർത്തമാനക്രിയകൾ സജീവമാകുന്നു…
ചുറ്റിക വീഴുന്ന ശബ്ദമാണ് ഓണം.
കിടക്കാനിടം തന്ന ഹിജഡയുടെ നെഞ്ചില്‍
ചുറ്റിക വീഴുന്ന ശബ്ദമാണ് ഓണം .
പോസ്റ്റ്‌മോര്‍ട്ടം മുറിയുടെ വരാന്തകളില്‍,
അവളുടെ നെഞ്ചില്‍ വീഴുന്ന ഓരോ ഇടിയും
ചുവന്ന പൂക്കളമൊരുക്കി.
കാളീഘട്ടിലെ ബീദിയോണില്‍ ,
കത്തി തുളഞ്ഞിറങ്ങിയത്,
ഹിജഡയല്ലാത്ത ഒരാള്‍ മൂലം.
അവള്‍ക്കു വേണ്ടി സാരി അണിഞ്ഞതും,
പൊട്ടു കുത്തിയതും എനിക്കാഘോഷം.
കാമുകിയോടു കേണു, ഉറങ്ങാനൊരിടം
” നാളെ ഉച്ചയൂണിനു വരിക”..
കാമമൊഴുക്കിയവള്‍ക്കും,
റൊട്ടിയും കനവും നീട്ടിയ.
ഹിജഡക്കുമിടയിലായിരുന്നു എന്നും .
അകത്തു വെട്ടിയിട്ടും മുറിയാത്ത ഹൃദയത്തോടുള്ള,
പ്രണയം വെന്തു മറിയുന്നു.
പുലരുവോളം ഞെരമ്പുകള്‍ പിണഞ്ഞു തീരുമ്പോഴാണ്,
ഓണമാവുന്നത്.
മാധുരി ദീദിയുടെ വ്യഭിചാര ശാലയില്‍ ,
തബല വായനക്കാരന്‍.
പലരും പ്രാപിച്ചതിന്‍റെ നോവാല്‍,
നേപ്പാളി പെണ്‍കുട്ടി വിളമ്പിയ ചോറ്.
സ്വാതന്ത്ര്യാഘോഷം എച്ചിലാക്കിയ അലങ്കാരങ്ങള്‍ ,
വിലയേറിയ കോയലിന്‍റെ മുറിക്കു നിറങ്ങള്‍.
കൈനിറയെ പണം തന്നെന്നെ മകനാക്കിയ ദീദി ,
വറ്റാത്ത കാമത്താല്‍ മുത്തമൊഴുക്കിയ കോയല്‍.
പൊള്ളുന്ന പനീയില്‍-
നെഞ്ചോടിറുക്കിയ ഹിജഡയമ്മൂമ്മ,
ഉണങ്ങിയ വിരലാല്‍ വിളര്‍ത്ത ചുണ്ടിലേക്ക്,
വെള്ളമിറ്റിച്ച സന്താളി പെണ്‍കുട്ടി.
വെളുക്കുവോളമാടിയിട്ടും ഉരുപ്പടിയാക്കപെടാത്തതില്‍,
നൊന്തു ജീവനൊടുക്കിയ സീതാലക്ഷ്മി.
കൈത്തണ്ട ഉറങ്ങുവോളം എന്നെ അമ്മാനമാടിയ
കരുണയില്ലാത്ത പോലിസുകാരന്‍.
അറ്റമില്ലാത്ത ദേശീയതക്ക്,
ഹരിശ്രീയെഴുതിച്ച പിമ്പുകളുടെ ഗുരു തപന്‍ദ.
കിടപ്പറ വിട്ടിറങ്ങുമ്പോള്‍ സമ്മാനമായി കസവു മുണ്ട്.
ഹിജഡയുടെ ശവത്തില്‍ പൊതിഞ്ഞതാണാഘോഷം..
ചത്തവളോടൊപ്പം ,
തോള്‍ ചേര്‍ത്തു നടന്നപ്പോളാണ്,
ഞങ്ങള്‍ ഒന്നായി പിറന്നത്.
മാലോകരെല്ലാം ഒന്നെന്നും ,
കോയലിനെ തേടുന്നവരെല്ലാം മാവേലിയെന്നും,
വയര്‍ പുകഞ്ഞ നേരത്തറിഞ്ഞത് .
രാത്രിയും പകലുമില്ലാതെ,
അത്തവും ചിങ്ങവുമില്ലാതെ ,
പൂക്കളവും പൂമ്പാറ്റയുമില്ലാതെ ,
ഉപ്പേരിയും പ്രഥമനുമില്ലാതെ,
വള്ളംകളിയും വഞ്ചിപ്പാട്ടുമില്ലാതെ ,
മിഴിയണച്ചിരുളില്‍ ഇഴഞ്ഞു നീങ്ങുമീ ,
തെരുവാണ് ആശ്വാസമെന്നതും ഓണം .
കാരണം
അതിഥികള്‍ക്കെല്ലാം കോയലായിരുന്നു ആഘോഷം.
രചന : പോളി വര്‍ഗീസ്
“രക്തം ചുരമിറങ്ങി വരുമ്പോൾ”
വള്ളുവനാടന്‍
4th ജൂൺ 2021. – അവസാനിച്ചു-
തയ്യാറാക്കിയത്: ജോയി ഏബ്രഹാം, അവതരണം: ബാലചന്ദ്രൻ ഇഷാര.