സുനിൽ ചാക്കോ, കുമ്പഴ
ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായ ഇച്ഛാശക്തിയുമുള്ള ഒരു യുവതലമുറയാണ് നമുക്കാവശ്യ’ മെന്ന് ആഹ്വാനം ചെയ്ത, യുവാക്കളെ മാറ്റത്തിന്റെ വാഹകരായി കണ്ടുകൊണ്ട് എക്കാലവും സംസാരിച്ച, തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കി. അമേരിക്കയിൽ ഷിക്കാഗോയിൽ നടന്ന ലോക മത സമ്മേളനത്തിൽ, ഇന്ത്യയെ പ്രതിനിധികരിച്ച് സംബന്ധിച്ച വേദിയിൽ ‘അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ’ എന്ന് സ്നേഹത്തോടെ അഭിസംബോധന ചെയ്ത് ഭാരതത്തിന്റെ സാഹോദര്യ സംസ്കാരം ലോകത്തിനു പകർന്നു നൽകിയ ആ ചെറുപ്പക്കാരനായ ആത്‌മീയ ഗുരു – സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ഇന്ന്. ഭാരതം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നതും ഇന്ന് തന്നെ.
ഭാരതീയ യുവത്വത്തിന് ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാണിക്കാനില്ലെന്ന് പറയാം: നവഭാരതത്തിന്റെ ആത്മീയാചാര്യന്‍ , നവോത്ഥാന നായകന്‍,വിശ്വ മാനവികതയുടെ ആള്‍രൂപം, ഭാരതീയ സംസ്‌കാരം ലോകത്തെ പഠിപ്പിച്ചു കാണിച്ച് കൊടുത്ത ആത്‌മീയ ഗുരുവായ നരേന്ദ്രൻ എന്ന് ബാല്യത്തിൽ വിളിച്ചിരുന്ന സ്വാമി വിവേകാനന്ദന്റെ ചില വചനങ്ങൾ ശ്രദ്ധിക്കാം.
” നിങ്ങളില്‍ വിശ്വസിക്കുക, സത്യത്തിനുവേണ്ടി നിലകൊള്ളുക, കരുത്തരായിരിക്കുക, ഇതാണ് വേണ്ടത്.
കരുത്ത്, കരുത്താണ് ജീവിതത്തില്‍ ഏറ്റവും ആവശ്യം. പാപം, ദുഖം എന്നിങ്ങനെയുള്ളതിനെല്ലാം കാരണം ദൗര്‍ബല്യമാണ്.
നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരും. നിങ്ങള്‍ ദുര്‍ബലനാണെന്ന് സ്വയം വിചാരിച്ചാല്‍ ദുര്‍ബലനായിത്തിരും; മറിച്ച് കരുത്തനാണെന്ന് വിശ്വസിച്ചാല്‍ നിങ്ങള്‍ കരുത്തനായിത്തീരും.
മുപ്പത്തി മുക്കോടി ദേവന്മാരില്‍ വിശ്വസിച്ചാലും നിങ്ങള്‍ക്ക് നിങ്ങളില്‍ത്തന്നെ വിശ്വാസം ഇല്ലെങ്കില്‍ ഒരു പ്രയോജനവുമില്ല.”
ഈ വാക്കുകളും, ഈ യുവാവുമാണ് ആധുനിക ഭാരതത്തിന്റെ മനസ്സിനെ കഴിഞ്ഞ, ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം.. ഭാരതത്തില്‍ ജനിച്ച് ലോകത്തിനാകെ മാതൃകയായി നാല്പതു വയസ്സ് പോലും തികക്കാതെയാണ് , ആ മനുഷ്യസ്‌നേഹി കടന്നുപോയത്.
അതുകൊണ്ടാണ് വിവേകാനന്ദ സ്വാമിയുടെ തത്വങ്ങളും ആശയങ്ങളും ഇന്ത്യന്‍ യുവത്വത്തിന് പ്രചോദനമാണെന്ന് തോന്നിയത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിജിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ എല്ലായിടത്തും ദേശീയ യുവജനം കൊണ്ടാടുന്നു.
കൊൽക്കത്തയിലാണ്
വിവേകാനന്ദന്‍ ജനിച്ചത്.
ഈ ജന്മദിനമാണ് ഇന്ന്
ഘോഷയാത്രകള്‍, പ്രസംഗങ്ങള്‍, സംഗീതം, സെമിനാറുകള്‍ തുടങ്ങിയവയോട് രാജ്യം ആചരിക്കേണ്ടിയിരുന്നത്.എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കാര്യമായ പരിപാടികളുണ്ടാവില്ല. തന്റെ ചിന്തകളോടും പ്രവര്‍ത്തനങ്ങളോടും കൂടി ലോകത്തെ മാറ്റിമറിച്ച വിവേകാനന്ദൻ എന്ന സന്യാസി ഒരു മികച്ച രാഷ്ട്രത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ യുവാക്കളുടെ പ്രാധാന്യത്തെക്കുറിച്ച് നേരത്തെ തന്നെ വിശദമാക്കിയിരുന്നതായി ആ വചനങ്ങളിൽ നമുക്ക് വായിക്കാം.
കേരള ജനസംഖ്യയിൽ 60 ശതമാനവും 40 വയസ്സിന് താഴെയുള്ള യുവാക്കളാണ് . ഇന്നത്തെ കേരളമെന്താണെന്നതും നാളെ കേരളത്തിന്റെ ഭാവിയെന്താകുമെന്നതും നിശ്ചയിക്കുന്നതും തീർച്ചയായും ഈ യുവാക്കൾ തന്നെ. പൂർണമായി രാഷ്ട്രീയം പഠിച്ച്, ജന സേവനത്തിന്റെ മഹത്വം മനസിലാക്കി , ഒപ്പം നാടിന്റെ ആവശ്യങ്ങളും വികസന കാര്യങ്ങളും രാഷ്ട്രീയവിഷയങ്ങളുമൊക്കെ മനസ്സിലാക്കിക്കൊണ്ടുള്ള വളർച്ചയാണ് യുവാക്കൾക്ക് വേണ്ടത്. അത് രാഷ്ട്രീയത്തിലൂടെയൊ , മറ്റു സാമൂഹ്യ സന്നദ്ധ സംഘടനകളിലൂടെയോ ഇന്ത്യ മഹാരാജ്യത്തിനു പകർന്നു കിട്ടട്ടെ എന്ന് ഈ യുവജനദിനത്തിൽ നമുക്ക് ആഗ്രഹിക്കാം.
വിദ്യാഭ്യാസത്തോടും സമാധാനത്തോടും കൂടി സ്വാമി വിവേകാനന്ദൻ ലോകത്തെ വിജയിച്ചു. യുവാക്കളെ അവരുടെ കംഫര്‍ട്ട് സോണുകളില്‍ നിന്ന് പുറത്തുകടന്ന് അവര്‍ ആഗ്രഹിക്കുന്നതെന്തും നേടാന്‍ പ്രാപ്തരാക്കാന്‍ നിമിത്തമായി. ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി യുവാക്കളെ വിശദീകരിച്ചു . തത്ത്വചിന്ത, മതം, സാഹിത്യം, വേദങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവയെക്കുറിച്ച് അവിശ്വസനീയമായ ധാരണയും അറിവും ഉണ്ടായിരുന്ന സ്വാമി വിവേകാനന്ദന്‍ അവ യുവാക്കളിൽ പകർന്നു നൽകി. ആ വാക്കുകളിൽ നിന്നും ആ ജീവിതത്തിൽ നിന്നും നമുക്ക് ഇന്ന് ഈ യുവജന ദിനത്തിൽ ഊർജം സ്വീകരിക്കാം. ആശംസകൾ.