“വെടിമരുന്നിന്റെ മണമുള്ളൊരു
പ്രണയ ദിനം”….
ഹരീഷ് മൂർത്തി
ഇന്നേക്ക് കൃത്യം 730 ദിവസങ്ങൾക്കു മുൻപ്,തണുപ്പ് വിട്ടുമാറാത്ത കശ്മീർ താഴ്‌വാരത്തിൽ,പുൽവാമയിലെ മഞ്ഞുറഞ്ഞ സായന്തനത്തിൽ, ഉയർന്നുകേട്ട ഒരു സ്‌ഫോടനത്തിൽ, ചിതറിതെറിച്ചുപോയ നാൽപ്പതു ജവാന്മാർ. ദേശത്തിന്റെ കാവലാളുകൾ.
പറഞ്ഞുതീരാതെ പാതിയോടു, പാതിയിൽ, നിറുത്തിപ്പോയ പ്രണയാക്ഷരങ്ങൾ, ആ ദേശിയ പാതയിൽ ഇന്നും തുറന്ന കണ്ണുകളുമായി കിടപ്പുണ്ടാവും. കഷ്ട്ട, നഷ്ട്ട കണക്കുകളുടെ പരിഭവം, എന്നും ദൂരെയിരുന്നു പറയുന്ന, ഇനിയെന്ന് വരുമെന്ന് ഒരു ചോദ്യം മാത്രം അവസാനമില്ലാതെ എപ്പോഴും ചോദിച്ചു, ഉത്തരം കിട്ടാതെ മടുത്തു, നിശ്വാസങ്ങൾ ഉതിർത്തു, കണ്ണ്തുടച്ചു പോകുന്ന ഭാര്യമാരോടുള്ള ഇനിയും തീരാത്ത പ്രണയങ്ങൾ, പൊടുന്നനെ അറ്റു,ചിതറിപ്പോയ വഴിത്താരകൾ. വിളിക്കാൻ ഇനി അച്ഛനില്ല, അനിയനും, ചേട്ടനുമില്ല, ഭർത്താവും, കമിതാവുമില്ല എന്ന സത്യം ഇനിയും ഉൾക്കൊള്ളാനാവാതെ വിങ്ങുന്ന കരളുകളുടെ സ്നേഹ, പ്രണയ തന്മാത്രകളും, വിതുമ്പലുകളും, കാറ്റിന്റെ അലകളേറി, ഈ വീഥിയിൽ ചിതറിപ്പോയ ഉറ്റവരെ ഒന്നുകൂടി തൊടാൻ വെമ്പി നിൽക്കുന്നു.
പാതി പറഞ്ഞുവച്ച പ്രണയ രഹസ്യങ്ങൾ, കളിചിരികൾ. വാനോളം ഉയരെ പണിതുയർത്തി തകർന്നു പോയ സ്നേഹ, പ്രണയ സൗധങ്ങളുടെ സ്വപ്ന ചീളുകൾ, ഈ വീഥിയുടെ വശങ്ങളിലെ കരിഞ്ഞ പുല്ലുകളിലെ ഇനിയും മാറാത്ത
വെടിമരുന്നിന്റെ ഗന്ധവുമായി ഇഴുകി ചേർന്നു ശേഷിപ്പായി കാതോർത്തിരിക്കുന്നു ഇന്നും എന്തിനോ വേണ്ടി.?
ഒരു ശ്വാസത്തിനു , ഒരു മറുശ്വാസംമെടുക്കും മുൻപേ ചിതറി പോയവർ. നെഞ്ചുനിറച്ചു ആർക്കൊക്കെയോ ഇനിയും കൊടുക്കാൻ, സ്നേഹതുള്ളികൾ ഓരോന്നായി ചേർത്തുവെച്ചു, അതിൻമേൽ കർത്തവ്യത്തിന്റെ
കട്ടികരിമ്പടം വാരിപുതച്ചു എല്ലാം, എന്നും മറച്ചുവച്ചവർ.
ഇന്ന്, ഈ പ്രണയ ദിനത്തിൽ, ഹൃദയത്തിൽ പ്രണയ തന്ത്രികൾ മുറുക്കുമ്പോൾ, നമുക്ക് ഓർക്കണം അവരെയും.
“നിന്നെ ഞാൻ പ്രണയിക്കട്ടെ”
എന്നൊരു അനുവാദത്തിനു, ചോദ്യമെറിഞ്ഞു, ചുവന്ന റോസാപൂവൊന്നു കൈ മാറി, തരളിതരായി മറുപടിക്കു കാത്തു നിൽക്കുമ്പോൾ ഓർക്കണം, നമ്മൾ അവരെയും, അവരുടെ ധാര മുറിഞ്ഞുപോയ സ്നേഹ, പ്രണയ, ദീർഘ നിശ്വാസങ്ങളെയും.
സ്നേഹനിർഭരമായി കൊടുക്കുന്ന ഒരു റോസാദളം പോലും, എറ്റു വാങ്ങാൻ, മനസ്സിൽ സന്തോഷവും, കണ്ണുകളിൽ ഹർഷബാഷ്പവും, വിറക്കാത്ത, ധൈര്യമുള്ള വിരലുകളുമായി അവർ വരില്ല ഇനിയൊരിക്കലും, എന്ന സത്യം അറിയാമെങ്കിലും, ഒരുമാത്ര നമുക്ക് പായിക്കാം നമ്മുടെ മനസ്സുകളെ, പുൽവാമയിലെ ദേശീയ പാതയോരത്തെ
വെടിമരുന്നിന്റെഗന്ധം മാറാത്ത കരിഞ്ഞ പുൽനാമ്പുകളിലേക്കു. അതെ മനസ്സ്കൊണ്ടു പറയാം.
“എന്റെ കാവൽക്കാരെ നിങ്ങൾക്കെന്റെ സ്നേഹ, പ്രണയ പ്രണാമം”.
വൃണിത ഹൃദയത്തിലെ ഖിന്നത കൊണ്ടുതീർത്ത, സ്നേഹത്തിന്റെ, ചുവന്ന റോസാദളങ്ങൾ അവർ കരിഞ്ഞുചിതറിയ വീഥികളിൽ
വാരിവിതറാം. ഓർമ്മകളിൽ തിരിച്ചറിവുപോലുമില്ലാത്ത അപരിചിത മുഖങ്ങളെ, മനസ്സിൽ വരച്ചെടുക്കാൻ ശ്രമിക്കാം. വിറയ്ക്കുന്ന വലതുകരം ഉയർത്തി നെറ്റിതൊട്ട് പറയാം.
“എനിക്ക് വേണ്ടി, എന്റെ നാടിനു വേണ്ടി,പതറാതെ മരണം എറ്റു വാങ്ങിയ യോദ്ധാക്കളെ, നിങ്ങൾക്കെന്റെ ഹൃദയത്തിൽ നിന്നും, ചുവന്ന സ്നേഹ, പ്രണയ അഭിവാദ്യങ്ങൾ”……
Harish Moorthy