സോഷ്യൽ മീഡിയയിലെ അപകടകരമായ ചില ഇടപെടലുകൾ കൊണ്ട് ആത്മഹത്യയിൽ അഭയം തേടിയവരും, ആത്മഹത്യയുടെ വക്കിൽ എത്തിനില്കുന്നവരും നിരവധിയാണ്.വ്യക്തിഹത്യക്കും വൈരാഗ്യം തീർക്കാനും പണ സമ്പാദനത്തിനുമായി നടത്തുന്ന നെറികെട്ട പ്രവർത്തങ്ങൾ സോഷ്യൽ മീഡിയയിൽ അതിര് വിടുന്നു എന്ന് എല്ലാവർക്കും ബോധ്യമായ സംഗതിയാണ്. കുടുതലും ഈ കുടിലതന്ത്രങ്ങളുടെ ഇരകൾ ആകുന്നത് സ്ത്രീകളും കുട്ടികളുമാണ്.
ഇത് സൈബർ യുഗമാണ്. എന്ത് വിവരവും വിരൽത്തുമ്പിൽ ലഭ്യവുമാണ്. ലോകത്തെ മുഴുവൻ വിരൽത്തുമ്പിൽ ഒതുക്കിയ ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും വരവിനെ സൈബർ വിപ്ലവം എന്ന് വിശേഷിപ്പിക്കാം. ഇന്ന് ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ഇവിടം സ്ത്രീകൾക്ക് സുരക്ഷിതമാണോ ? ആണെന്നും അല്ലെന്നും രണ്ട് അഭിപ്രായം ഉണ്ടാകാം. മഹാമാരി ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയപ്പോഴും ലോകം വീടുകൾ ക്കുള്ളിൽചുരുങ്ങിയപ്പോഴുംനമ്മുടെ ആവശ്യങ്ങൾ നിവർത്തിച്ചത് ഒരു പരിധി വരെ സോഷ്യൽ മീഡിയവഴിയാണ്.പണമിടപാടുകൾ നടത്താനും സാധനങ്ങൾ വാങ്ങാനും വിദ്യാഭ്യാസത്തിനും എല്ലാം നാം ആശ്രയിച്ചത് സോഷ്യൽ മീഡിയയെ ആണ്. അപ്പോൾ തീർച്ചയായും ഗുണഫലങ്ങൾ ഏറെയുണ്ടെന്നു സമ്മതിക്കാതെ തരമില്ല.
എന്നാൽ അതിനൊപ്പം ദോഷവശങ്ങളും ധാരാളമുണ്ട്. അതിരുകൾ ഇല്ലാത്ത ലോകമാണ് സോഷ്യൽ മീഡിയ.അതിൽ ഇടപെടുമ്പോൾ പാലിക്കേണ്ട പല നിയമങ്ങളുംമുൻകരുതലുകളുമുണ്ട്. അവ പാലിക്കപ്പെട്ടാൽ സോഷ്യൽ മീഡിയ സുരക്ഷിതമാണ് എന്ന് കരുതാം. നിർഭാഗ്യവശാൽ സൈബർ നിയമങ്ങൾ പാലിക്കുന്നതിനേക്കാൾ അത് ദുരുപയോഗം ചെയ്യാനാണ് പലർക്കും താല്പര്യം. ഓരോ രാജ്യത്തിനു അതാതു രാജ്യത്തെ സൈബർ നിയമങ്ങൾ ഉണ്ട്.
സൈബർ ലോകത്തെ കുറ്റകൃത്യങ്ങൾകൊണ്ട് സോഷ്യൽ മീഡിയ വഴി ഏറ്റവും അധികം ചൂഷണത്തിനും അപമാനത്തിനും ഇരയാകുന്നത് സ്ത്രീകൾ ആണ്. പല തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നു. കമ്പ്യൂട്ടറോ, മൊബൈൽ ഫോണോ, ഇന്റർനെറ്റോ ഉപയോഗിച്ചു മറ്റൊരാളിന്റെ സ്വത്തിനോ, മാനത്തിനോ നഷ്ടം വരുത്തുന്നതോ,ശാരികമായോ മനസികമായോ ഉപദ്രവിക്കുന്നതും സൈബർ കുറ്റമാണ്.
സ്ത്രീകൾആണ് സൈബർ ആക്രമണത്തിന് കൂടുതൽ ഇരകൾ ആകുന്നത്. ഒരാളെ അപകീർത്തിപ്പെടുത്തും വിധം അപമര്യാദയായ സന്ദേശങ്ങൾ പ്രചരിപ്പിക്കുക, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുക, അനുവാദമില്ലാതെ ചിത്രങ്ങൾ എടുത്തു പ്രചരിപ്പിക്കുക, അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഇതൊക്കെ യാണ് സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന സൈബർ കുറ്റങ്ങൾ.
എഴുത്ത്കാർ, സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, കലാരംഗത്തു പ്രവർത്തിക്കുന്നവർ, ഉദ്യോഗസ്ഥരായ സ്ത്രികൾ, വിദ്യാർഥിനികൾ ഇവരൊക്കെ നിരന്തരം സൈബർ അക്രമണത്തിന്ഇരയാകുന്നവരാണ്.
വ്യക്തിവൈരാഗ്യം തീർക്കാനും, അസൂയ , കുശുമ്പ് തുടങ്ങിയ അധമവികാരങ്ങൾക്ക് അടിമയായി മറ്റുള്ളവരെ തേജോവധം ചെയ്യാൻ സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നു പലരും.ഇന്ന് ബഹുഭൂരിപക്ഷം സ്ത്രീകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സാഹിത്യഗ്രൂപ്പുകളിൽ കൂടി എഴുതി തെളിയുന്ന, മികച്ച എഴുത്തുകാരായി തീരുന്ന സ്ത്രീകൾ വളരെയേറെ ഉണ്ട്. അവരിൽ വീട്ടമ്മമാരും ഉദ്യോഗസ്ഥകളും വിദ്യാർഥിനികളും രാഷ്ട്രീയക്കാരും ഒക്കെയുണ്ട്. അവരുടെ ഒഴിവു സമയത്ത് മാനസികമായ ഉല്ലാസത്തിനും, സമൂഹത്തിനു എന്തെങ്കിലും സന്ദേശം നൽകാനുമായി എഴുതുന്ന സ്ത്രീകളെ നിരന്തരം മാനസിക പീഡനം നടത്തുന്ന ചിലർ ഉണ്ട്. പ്രതികരിച്ചാൽ അവർ വീണ്ടും ആക്രമിക്കപ്പെടും. പൊതുപ്രവർത്തകരായസ്ത്രീകളും സൈബർ ആക്രമണത്തിന്റെ ഇരകൾ ആകാറുണ്ട്.
ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴിയാണ് ചതിയുടെ വല വിരിക്കുന്നത്. റിക്വസ്റ്റ്കൾ അയച്ചു ഫ്രണ്ട്‌സ് ആകുമ്പോൾ അവരുടെ പേർസണൽ കാര്യങ്ങൾ എല്ലാം വ്യക്തമായി മനസിലാക്കും. തുടർന്നു ചാറ്റിംഗ് വഴിയും വീഡിയോ കാൾ വഴിയും വല മുറുക്കും. ചാറ്റിന്റെയും വീഡിയോ കാളിന്റെയും സ്‌ക്രീൻ ഷോട്ട് എടുത്തു അത് കാണിച്ചു ബ്ലാക്‌മെയിൽ ചെയ്തു ഒന്നുകിൽ പണം തട്ടാൻ നോക്കും അല്ലെങ്കിൽ മറ്റ് അനാശാസ്യ പ്രവർത്തനത്തിന് പ്രേരിപ്പിക്കും. ചിലപ്പോൾ ഓർക്കാപ്പുറത്തു വരുന്നൊരു വീഡിയോ കാളിൽ മറുവശത്തു നഗ്നത പ്രദർശനമോ അത് പോലെയുള്ള എന്തെങ്കിലുമോ ആകും കാണുക. അവിടെ കാൾ എടുക്കുന്നവരുടെ ഫോട്ടോ സ്വാഭാവികമായും പതിയും. ഇതിന്റെ സ്ക്രീൻഷോട്ട് എടുത്തും ഭീഷണിപ്പെടുത്താറുണ്ട്. ഇങ്ങനെ ഉള്ള സംഭവങ്ങൾ ഉണ്ടായാൽ അപമാനഭായം കൊണ്ട് പുറത്ത് പറയാൻ മടിക്കും. എന്നാൽ ഈ വിവരം ഉടനെ സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്യണം. പണം ആവശ്യപ്പെട്ടാൽ ഒരു കാരണവശാലും കൊടുക്കാൻ പാടില്ല.
സോഷ്യൽ മീഡിയ വഴി ലൈംഗീകത ആവശ്യപ്പെടുന്നതും അപേക്ഷിക്കുന്നതും, ലൈംഗീക ചുവയോടെ സംസാരിക്കുന്നതും, പെരുമാറുന്നതും അശ്ലീല സന്ദേശങ്ങൾ,ചിത്രങ്ങൾ എന്നിവ നിർബന്ധപ്പൂർവ്വം കാണിക്കുന്നതും IT ആക്ട് അനുസരിച്ചു ശിക്ഷർഹമായ സൈബർ കുറ്റമാണ്. നിരന്തരം സമൂഹമാധ്യമങ്ങളിൽ കൂടി പിന്തുടരുന്നതും അശ്ലീല പ്രദർശനം നടത്തുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
ഇന്ത്യയിലെ സൈബർ നിയമങ്ങൾ
ഐ ടി ആക്ട് 2000, ഐ ടി ആക്ട് 2008 ഭേദഗതി എന്നിവയാണ് ഇന്ത്യയിലെ പ്രധാന സൈബർ നിയമങ്ങൾ.
പക്ഷെ നിയമങ്ങൾ പലപ്പോഴും നോക്കുകുത്തികൾ ആയി മാറുന്നു. സ്വയം അപകടങ്ങളിൽ ചാടതെ സൂക്ഷിക്കുക. അപരിചിതർ ഫ്രണ്ട് റിക്വസ്റ്റ് അയക്കുമ്പോൾ കോമൺ ഫ്രണ്ട്‌സ് ഉണ്ടെങ്കിൽ അവരോടു വിവരങ്ങൾ തിരക്കിയതിനു ശേഷം മാത്രം അക്‌സെപ്റ്റ് ചെയ്യുക അപരിചിതരോട് വ്യക്തിപരമായ കൂടുതൽ കാര്യങ്ങൾ പറയാതിരിക്കുക പ്രൊഫൈലിൽ ഫോൺ നമ്പർ ഇടാൻ പാടില്ല. ഇന്ന് സൈബർ കുറ്റങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സൈബർ പോലീസ് സ്റ്റേഷൻ ഉണ്ട്.
കേരള സ്റ്റേറ്റ് IT Mission പൊതുജങ്ങൾക്കായി ഒരു ഓൺലൈൻ പഠന പോർട്ടൽ ഒരുക്കിയിട്ടുണ്ട്. സൈബർ ലോകത്തെ വിവിധ ഭീഷണികളെക്കുറിച്ചും അത്തരം അക്രമങ്ങൾക്ക് നിങ്ങൾ ഇരയാകാതിരിക്കാൻ മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കണമെന്നും അവബോധം നൽകാനുമായിട്ടാണ് ഈ ഓൺലൈൻ പോർട്ടൽ ആരംഭിച്ചത്. പൊതുജങ്ങൾക്ക് ലോഗിൻ ചെയ്തു വീഡിയോകൾ കാണാനും സ്വയം പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നേടാനും കഴിയുന്ന വിജ്ഞാനപ്രദമായ പോർട്ടൽ ആണിത്. സൈബർ അക്രമണങ്ങൾ ഉണ്ടായാൽ മനോധൈര്യം കൈവിടാതെ എത്രയും വേഗം സൈബർസെല്ലിനെ ആശ്രയിക്കൂകയാണ് അഭികാമ്യം. കഴിവതും ഇരകൾ ആകാതെ ശ്രദ്ധിക്കുക.

മികച്ച ലേഖനം 👌👌👍👍
മികച്ച ലേഖനം .
Thanks Divya
ചീഫ് എഡിറ്റർ ശ്രീ രാജു രാജു ശങ്കരത്തിൽസാർ, പ്രിയ വായനക്കാർ, സ്നേഹം നിറഞ്ഞ സൗഹൃദങ്ങൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ,സ്നേഹം.