17.1 C
New York
Wednesday, September 22, 2021
Home Special "സൈലൻസ്…. ഹാജർ വിളിക്കാൻ തുടങ്ങുകയാണ്…! " (അധ്യാപക ദിന ചിന്തകൾ )

“സൈലൻസ്…. ഹാജർ വിളിക്കാൻ തുടങ്ങുകയാണ്…! ” (അധ്യാപക ദിന ചിന്തകൾ )

എം.ജി.ബിജുകുമാർ, പന്തളം

ഭൂതകാലച്ചിമിഴിലേക്ക് ഊളിയിടുമ്പോഴെല്ലാം തലയുയർത്തി നിൽക്കുന്ന പുളിമരങ്ങളുടെ നടുവിലൂടെയുള്ള രഞ്ചിനിടീച്ചറിന്റെ വീട്ടിലേക്കുള്ള വഴിയും മണ്ണിലെഴുതിപ്പഠിപ്പിച്ച അക്ഷരങ്ങളും മനസ്സിലെത്താറുണ്ട്. തുടർന്ന് നിരവധി മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ വളർന്നപ്പോഴും
മണിമുത്തുകളായ അക്ഷരങ്ങളെ ചേർത്ത് മാധുര്യമൂറുന്ന വാക്കുകൾ മനസിലേക്ക് വിതറിയ, കുട്ടികളോട് വാത്സല്യം പ്രകടിപ്പിച്ചിരുന്ന ടീച്ചറിന്റെ മുഖം സുഗന്ധമൂറുന്ന ഓർമ്മകളിൽ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു. എഴുത്തിന്റ വഴിയിലൂടെ സഞ്ചരിക്കുവാനും സ്വപ്നങ്ങളിലേക്ക് ചിന്തകളെ പറത്തിവിടാൻ ഉപകരിച്ചതും ആ സുവർണകാലത്തിന്റെ സ്പന്ദനങ്ങളിൽ നിന്നുമാവാം.
ആദ്യമായി അറിവിന്റെ വാതായനങ്ങളിലേക്ക് കൈപിടിച്ചു നടത്തിവിട്ട ടീച്ചറിനോടുള്ള നന്ദിയും സ്നേഹവും ഈ അധ്യാപക ദിനത്തിൽ മനസിൽ നിറയുമ്പോൾത്തന്നെ, സ്കൂളിൽ ഒന്നാം ക്ളാസു മുതൽ പഠിപ്പിച്ച
അധ്യാപകരെയും അതിനൊപ്പം ആദരവോടെ ഓർക്കുകയാണ്.

പ്രകൃതിയുടെ ഹരിതാഭയിൽ കാലം തെറ്റിപ്പെയ്യുന്ന മഴയിലും മുറ്റത്തെ മഷിത്തണ്ടുചെടികൾക്കൊപ്പം മിഴിനട്ടിരിക്കുമ്പോൾ കഴിഞ്ഞു പോയ കാലത്തിന്റെ സ്മൃതിച്ചെപ്പിലേക്ക് മനസ്സ് കടന്നു ചെല്ലുമ്പോൾ ,
സ്ളേറ്റിലെഴുതി മഷിത്തണ്ടിനാൽ മായിച്ച തറ, പറ, പന എന്നിവയൊക്കെ നിറയുന്ന മധുരമായ ഓർമ്മകളാൽ ഒഴുകി നീങ്ങുന്ന കൊതുമ്പുവള്ളങ്ങളിലാണ് ഇന്നും എൻ്റെ യാത്ര.

രഞ്ജിനി സാറിന്റെ വീട്ടിലെ ആശാൻ പള്ളിക്കൂടത്തിൽ വെച്ച് അക്ഷരങ്ങളെ പരിചയപ്പെട്ടു പഠിച്ചു കഴിഞ്ഞതിൽ പിന്നെ നാട്ടിലെ ഗവൺമെന്റ് സ്കൂളായിരുന്നു തുടർന്ന് എന്റെ കോളേജും സർവ്വകലാശാലയുമൊക്കെ. ഒരു പഴയ സ്ളേറ്റും മലയാള പാഠാവലിയും പിടിച്ച് ഉപ്പുമാവിനുള്ള വട്ടയിലയും മടക്കി പോക്കറ്റിൽ വെച്ച് കോളേജിൽ പോകുന്ന ഗമയിൽ ആയിരുന്നു അന്നൊക്കെ സ്കൂളിൽ പോയിരുന്നത്.
പിന്നീട് നന്നായി പദ്യം ചൊല്ലുമായിരുന്ന, നന്നായി കഥ പറയുമായിരുന്ന, നന്നായി പഠിപ്പിക്കുമായിരുന്ന, പഠിക്കാതിരുന്നാൽ ചൂരൽ കഷായം നൽകിയിരുന്ന എത്രയെത്ര അധ്യാപകരുടെ ശിക്ഷണത്തിലൂടെയാണ് നാം കടന്നുവന്നത് എന്നത് അധ്യാപകരോടുള്ള ആദരവ് വർദ്ധിപ്പിക്കുന്നു.

മരത്തണലിലൂടെ നാട്ടുവഴി താണ്ടി പള്ളിക്കൂടത്തിലേക്കുള്ള പോക്കിലും വരവിലും അധ്യാപകരറിയാതെ നിക്കറിന്റെ പോക്കറ്റിൽ കിലുങ്ങുന്ന നാണയത്തുട്ടുകൾക്കൊപ്പം താളം പിടിച്ചിരുന്ന, മനസ്സിൽ നിറഞ്ഞിരുന്ന നിറമാർന്ന നാരങ്ങാമിഠായിയോടൊപ്പം ക്ളാസിലിരുന്ന് മിഠായി തിന്നുന്നതിന് അധ്യാപകരിൽ നിന്ന് വഴക്കു കേട്ടിട്ടുള്ളതുമൊക്കെ
ഇന്നും ഓർമ്മകളിലെ ചില്ലുപാത്രത്തിൽ വൈരമുത്തുകളായി തിളങ്ങുന്നുണ്ട്‌.

ഉച്ചയുടെ നീളുന്ന വെയിൽപ്പടർപ്പുകളിൽ കളിച്ചു തളർന്ന മീനച്ചൂടും കുടയില്ലാതെ നനഞ്ഞ കർക്കിടകമാരിയും ക്ളാസ്സിൽ പോകാൻ കഴിയാതുള്ള പനിയും പിന്നെ ക്ളാസിലെത്തുമ്പോൾ ക്ളാസ്സ് ടീച്ചറിനെ ഏൽപ്പിച്ചിരുന്ന രക്ഷാകർത്താവിൻ്റെ കത്തും ഒക്കെ ഉള്ളിൽ മായാതെ പതിഞ്ഞു കിടപ്പുണ്ട്.

അപ്പർ പ്രൈമറി ക്ളാസ്സൊക്കെ ആയപ്പോൾ അധ്യാപകർ എപ്പാേഴും നിർദ്ദേശിക്കുന്ന ഒരു കാര്യമായിരുന്നു പത്രം വായിക്കണം എന്നത്. അക്കാലത്ത് പത്രങ്ങൾ സർവ്വസാധാരണമായിരുന്നില്ല. പുസ്തകങ്ങൾ പൊതിയാനാണ് ഞങ്ങൾ ആകെ പത്രം ഉപയോഗിച്ചിരുന്നത്. അതിനു ശേഷമാണ് ചങ്ങാതിയുടെ വീട്ടിൽ നിന്നും പത്രം വായിച്ചു തുടങ്ങിയത്. സിനിമ പരസ്യങ്ങളും കായിക വാർത്തകളും മാത്രമായിരുന്നു ശ്രദ്ധിക്കുക. പിന്നീട് മനസ് വളർന്നതനുസരിച്ച് എല്ലാ വാർത്തകളിലും കണ്ണ് കടന്ന ചെന്നപ്പോഴും പത്രം എടുത്ത് ആദ്യം തുറന്ന് നോക്കുന്നത് അവസാന പേജിന് തൊട്ടു മുമ്പുള്ള കായിക വാർത്തകൾ അടങ്ങിയ അകത്തേ പേജ് ആയിരുന്നു. ഇന്നും ആ ശീലം മാറ്റാനൊരു ‘ മടിയാണ്. ഉള്ളിലും പിന്നിലുമൊക്കെ മാത്രമായിരുന്ന പരസ്യങ്ങൾ ഇപ്പോൾ മുൻപേജ് മുഴുവനായി നിറയുമ്പോൾ മുകളിലെ പത്രത്തിന്റെ പേര് മാത്രം വായിക്കാൻ വേണ്ടി മാത്രം അല്ലെങ്കിലും ആദ്യ പേജ് നോക്കേണ്ടതില്ലല്ലോ എന്നും തോന്നാറുണ്ട്.

നമ്മുടെ മാനസിക വളർച്ചയിൽ പ്രധാന പങ്കുവഹിച്ചിരുന്ന നമ്മെ പഠിപ്പിച്ചിരുന്ന എല്ലാ അധ്യാപകരോടും അന്നുള്ളതിനേക്കാൾ സ്നേഹവും ബഹുമാനവും കൂടുന്നത് പഠിച്ചിറങ്ങുമ്പോഴാവും.

ഞാനിരുന്ന പഠിച്ച ക്ളാസ്സുകളിലെല്ലാം അധ്യാപകനായി കടന്നു ചെന്നപ്പോഴുണ്ടായ സന്തോഷം ഇന്നും മറന്നിട്ടില്ല. അപ്പോഴും ഉള്ളിൽ തെളിഞ്ഞത് ചോക്കും ഡസ്റ്ററും ഹാജരു ബുക്കുമൊക്കെമായി ക്ളാസ്സിലേക്ക് വന്നിരുന്ന പ്രിയപ്പെട്ട അധ്യാപകരെയാണ്.
ചില വ്യക്തികളെ കാണുമ്പോൾ നമ്മളുടെ ഉള്ളിലുള്ള പഴയ അധ്യാപകരുടെ രീതികൾ ആ വ്യക്തികളിലുണ്ടെന്നു തോന്നിയിട്ടുണ്ട്. ചിലരോടൊക്കെ അധ്യാപികയായിരുന്നോ എന്ന് ചോദിച്ചിട്ടുമുണ്ട്.

ഹൈസ്കൂൾ ക്ളാസ്സിൽ പഠിക്കുമ്പോൾ ഒരു അധ്യാപകദിനത്തിൽ പ്രീമിയർ കോളേജിൽ ട്യൂഷനൊക്കെ കഴിഞ്ഞു വരുന്ന വഴിയരികിലുള്ള അമ്മൂമ്മയുടെ കടയിലെ (പറങ്ങാമ്മൂട്ടിലെ കട) ചില്ലു ഭരണിയിലെ തേൻ മിഠായി വാങ്ങി നുണഞ്ഞ് സ്കൂൾ ഗ്രൗണ്ടിൽ സന്ധ്യയാകുവോളം ഗോലി കളിച്ചിരുന്നതും , ട്യൂഷൻ സാർ വന്നപ്പോൾ പുസ്തകമെടുക്കാതെ ഓടിയതും ആ പുസ്തകവുമായി അദ്ദേഹം വീട്ടിലെത്തിയതും അതിൻ്റെ പേരിൽ തുടയ്ക്ക് രണ്ടെണ്ണം കിട്ടയതുമൊക്കെ ഓർമ്മകളിൽ ഇന്നും സുഗന്ധം പൊഴിച്ചു നിൽക്കുന്നു.

ഇതെഴുതുമ്പോഴും ഓർക്കാപ്പുറത്ത്
ഇരമ്പലോടെ ആർത്തലച്ചു വന്ന് പെയ്തു നിറയുകയാണ് മഴ…..
ജനാലയുടെ ചെറിയ വാതിലിനടുത്ത് ആവി പറക്കുന്ന ചായയുമായി തൂവാനമേറ്റ് മഴ കണ്ടിരിക്കുമ്പോൾ, ഓർമ്മകളിലെ ഓളങ്ങളിൽ വഞ്ചികൾ ഒഴുകി നീങ്ങുന്നത് മഴയിൽ സ്കൂൾ വരാന്തയിൽ നിന്ന് മുറ്റത്തൊഴുകുന്ന വെള്ളത്തിലേക്ക് ഇട്ട കടലാസുവഞ്ചികളിലേക്കു തന്നെയാണ്. ഒപ്പം ബുക്കിൽ നിന്ന് പേപ്പർ ഇളക്കി വള്ളം ഉണ്ടാക്കിയതിന് കിട്ടിയ അധ്യാപരുടെ അടിയുടെ ചൂടിലേക്കും.

വല്ലപ്പോഴും മാത്രം മിന്നുന്ന, തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന വഴിവിളക്കുകളുള്ള നാട്ടുവഴിയിലൂടെ വെറുതേ നടക്കുമ്പോഴൊക്കെ പണ്ട് പുസ്തക സഞ്ചിയും തൂക്കി അതുവഴി നടന്നിരുന്നതും,
തുറന്നിട്ട ജാലകത്തിനടുത്ത് തെളിയുന്ന തിരിയുടെ വെളിച്ചത്തിൽ
അക്ഷരങ്ങളെ മനസ്സിൽ ചേർത്തു വച്ചിരുന്നതും, പുസ്തകങ്ങളെ ചേർത്തു പിടിച്ചുറങ്ങിപ്പോയിരുന്നതുമായ കാലത്തിലേക്ക് ഒന്നു തിരിച്ചു പോകാൻ കൊതിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സ്നേഹനിധികളായിരുന്ന അധ്യാപകരെയും സ്മരിക്കാറുണ്ട്.

ആ പഴയ ക്ളാസിലെ ബഞ്ചിൽ ഇരിക്കാനും “സൈലൻസ്… ഹാജർ വിളിക്കാൻ തുടങ്ങുകയാണ് ” എന്ന് വടിയെടുത്ത് മേശമേൽ അടിച്ചു കൊണ്ടുള്ള ടീച്ചറിൻ്റെ നിർദ്ദേശം കേൾക്കാനും മോഹിക്കാറുണ്ട്. ടീച്ചർ പേര് വിളിക്കുമ്പോൾ “പ്രസൻ്റേ….!” എന്നുറക്കെ വിളിച്ചു പറയാനും കൊതിക്കാറുണ്ട് ;
എല്ലാം മോഹങ്ങളായി അവശേഷിക്കുമെന്നറിയാമെങ്കിലും.

അറിവിൻ്റെ അമൃതം പകരുന്ന എല്ലാ ഗുരുക്കൻമാർക്കും വന്ദനം..
അധ്യാപക ദിനാശംസകൾ

എം.ജി.ബിജുകുമാർ, പന്തളം

COMMENTS

1 COMMENT

  1. ഓർമകളുടെ പച്ചത്തുരു ത്തുകളിലേയ്ക്ക്
    ഊളിയിട്ടിറങ്ങാൻ സാധിച്ച നല്ലെഴുത്ത്.
    ഭാഷാ ശൈലി ഗംഭീരം. അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: