വായനയ്ക്ക് സജ്ജമാകുക എന്നത് വായനക്കാരന്റെ കടമയും, വായനക്ക് പ്രേരണ നൽകുകയെന്നത് എഴുത്തുകാരന്റെ ധർമ്മവുമാണ്.
ആ, ധർമ്മം പാലിക്കുന്നതിൽ വെണ്ണല മോഹൻ എന്ന എഴുത്തുകാരൻ, അല്ലെങ്കിൽ സാഹിത്യകാരൻ എന്നും ശ്രദ്ധിച്ചിരുന്നു എന്നുവേണം കരുതാൻ.
പതിമൂന്നാം വയസ്സിൽ ബാലലോകം മാസികയിൽ (1974) ‘ഒരു നുണക്കഥ’യും, അടുത്തവർഷം ‘ദുഃഖം'(തളിർ മാസിക) എന്ന കഥയും എഴുതി സാഹിത്യ ലോകത്തേക്ക് കടന്നു വന്ന ബാലൻ, സാഹിത്യത്തിൽ കൊയ്ത നേട്ടങ്ങൾ ഏറെയാണ്!
ഒരുപക്ഷേ സാഹിത്യരംഗം ആയതുകൊണ്ടുമാത്രം ബഹുജനങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോയ ഒട്ടേറെ ബഹുമതികൾ….!!
ദൃശ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും തരംഗമാകും മുൻപ് ജനപ്രിയ മാസികകളും അവയിലെ എഴുത്തുകാരും നക്ഷത്രപദവി അലങ്കരിച്ചിരുന്നു എന്നതൊരു യാഥാർത്ഥ്യമാണ്.
അക്കാലങ്ങളിൽ പ്രമുഖ വാരികകളിൽ എല്ലാംതന്നെ വെണ്ണല മോഹന്റെ നോവലുകൾ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നത് വളരെയേറെ പ്രശംസ നേടിയിരുന്നു.
അവയെല്ലാം പിന്നീട് ഡിസി ബുക്സ്, സാഹിത്യ മണ്ഡലം, കുരുക്ഷേത്ര പ്രകാശൻ, ഒലിവ് ബുക്സ്…മുതലായ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പുറത്തിറക്കുകയുണ്ടായി.
മാത്രമല്ല, അഭിനേതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, ഗാനരചയിതാവ്, സ്ക്രിപ്റ്റ് റൈറ്റർ, എന്നീ നിലകളിലും തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ട് വെണ്ണല മോഹൻ.
ദൂരദർശൻ പരമ്പരകൾ ഉൾപ്പെടെ പ്രമുഖ ചാനലുകളിലെ, നിരവധി സീരിയലുകളിൽ കഥയും തിരക്കഥയും സംഭാഷണങ്ങളും അത്യാവശ്യം ശബ്ദവും സംഭാവനചെയ്തിട്ടുണ്ട്.
നിരവധി പ്രമുഖ പത്ര-മാസികകളുടെ എഡിറ്റോറിയൽ ബോർഡംഗമായും എഡിറ്ററായും, കോളമിസ്റ്റായും പ്രവർത്തിച്ചിരുന്നു.
ആകാശവാണിയിലും, മറ്റുചില ദൃശ്യമാധ്യമങ്ങളിലും പ്രമുഖരുമായി അഭിമുഖങ്ങളും നടത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ വെണ്ണലയിൽ ജനിച്ച്, വെണ്ണല ഗവൺമെൻറ് സ്കൂളിലും, മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കുകയും സാഹിത്യ -പത്രപ്രവർത്തനത്തിലേക്ക് കടന്നുവരികയുമായിരുന്നു, ഇദ്ദേഹം.
ഇപ്പോൾ, തൃപ്പൂണിത്തുറ പുതിയകാവിൽ സകുടുംബം താമസിക്കുന്ന ഇദ്ദേഹം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
അറ്റ്ലസ് കൈരളി ബാലസാഹിത്യ അവാർഡ് 2012, ആത്മായനങ്ങളുടെ ഖസാക്ക് (നോവലെറ്റ്), ജേസി ഫൗണ്ടേഷൻ അവാർഡ് (നോവൽ 2008) സോളമൻ ജോസഫ് അവാർഡ് (1999 ചെറുകഥ), സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ ”നുറുങ്ങു”കൾ എന്ന ചിന്താ സമാഹാരങ്ങളുടെ അവതരണത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് (BIR) 2020. എല്ലാം സാഹിത്യ രംഗത്ത് അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്.
ഈ മാസം, അദ്ദേഹത്തിന്റെ പ്രായം അറുപതിന്റെ നിറവിലേക്ക് കടക്കുമ്പോൾ, മലയാളിക്കും മലയാളഭാഷയ്ക്കും അദ്ദേഹം നൽകിയ സംഭാവനകളെ നന്ദിയോടെ സ്മരിക്കാതെ വയ്യ!
അറുപതാം പിറന്നാൾ ആഘോഷിക്കുന്ന അദ്ദേഹത്തിന് ആശംസകൾ നേരുന്നതോടൊപ്പം, കലാരംഗത്ത് ഇനിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ മിഴിവും, മികവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു!!
Nice. …
ശ്രീ വെണ്ണല മോഹനെ കുറിച്ച് മികച്ച കുറിപ്പ് 👍