17.1 C
New York
Thursday, March 23, 2023
Home Special വി. ദക്ഷിണാമൂർത്തി - ജന്മദിനം.

വി. ദക്ഷിണാമൂർത്തി – ജന്മദിനം.

പ്രസിദ്ധനായ കർണ്ണാടക സംഗീതജ്ഞനും, ചലച്ചിത്രസംഗീതസംവിധായകനുമായിരുന്നു വി. ദക്ഷിണാമൂർത്തി (ഡിസംബർ 9, 1919 – ആഗസ്റ്റ് 2, 2013). മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളിൽ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട് എങ്കിലും, കൂടുതലായും മലയാളത്തിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഏകദേശം 125-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 2013 ആഗസ്റ്റ് 2-നു 94-ആം വയസ്സിൽ ചെന്നൈയിലെ മൈലാപൂരിലെ വസതിയിൽ വെച്ച് ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്ന് അന്തരിച്ചു.

ജീവിതരേഖ

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഡി. വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും മകനായി 1919 ഡിസംബർ 9-ന് ആലപ്പുഴയിലാണ് ദക്ഷിണാമൂർത്തി ജനിച്ചത്. മാതാപിതാക്കളുടെ എഴുമക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു അദ്ദേഹം. ‘സപ്തസ്വരങ്ങൾ പോലെ ഏഴുപേർ’ എന്ന് അദ്ദേഹം പറയുമായിരുന്നു. താഴെ രണ്ട് അനുജന്മാരും നാല് അനുജത്തിമാരുമുണ്ടായിരുന്നു. ദക്ഷിണാമൂർത്തിക്ക് ചെറുപ്പം മുതൽക്കേ സംഗീതത്തിൽ ഉള്ള താത്പര്യം മൂലം, ഇദ്ദേഹത്തിന്റെ അമ്മ തന്നെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ ഇദ്ദേഹത്തിന് പഠിപ്പിച്ച് കൊടുത്തത്. ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളും മറ്റും ചെറുപ്പത്തിൽ തന്നെ ദക്ഷിണാമൂർത്തി മനസ്സിലാക്കിയിരുന്നു.പന്ത്രണ്ടാമത്തെ വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. വെങ്കടേശ്വര അയ്യർക്ക് മകനെ പഠിപ്പിച്ച് പണ്ഡിതനാക്കാനായിരുന്നു ആഗ്രഹം. എന്നാൽ സംഗീതത്തിലുള്ള താൽപര്യം മൂലം പത്താം ക്ലാസിൽ വെച്ചു പഠനം നിർത്തി ദക്ഷിണാമൂർത്തി കർണ്ണാടകസംഗീതം അഭ്യസിക്കുകയാണുണ്ടായത്. തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റി ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. ഇദ്ദേഹത്തിന്റെ കീഴിൽ മൂന്നു വർഷം സംഗീതം അഭ്യസിച്ചു. പിന്നീട് കർണ്ണാടക സംഗീതത്തിൽ കൂടുതൽ അറിവ് നേടുകയും, ഇതിൽ വിദഗ്ദ്ധനാവുകയും ചെയ്തു.

കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ, കുഞ്ചാക്കോ നിർമ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവ്വഹിച്ചത്. കെ. ജെ. യേശുദാസിന്റെ പിതാവായ അഗസ്റ്റിൻ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിൻ ജോസഫ് പാടുകയുണ്ടായി. യേശുദാസിനും, യേശുദാസിന്റെ മകൻ വിജയ് യേശുദാസിനും വിജയുടെ പുത്രി അമേയയ്ക്കും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.

ഗാനരചനയിൽആദ്യകാലത്ത് അഭയദേവും പിൽക്കാലത്ത് ശ്രീകുമാരൻ തമ്പിയുമാണ് ദക്ഷിണാമൂർത്തിയുടെ കൂടെ കൂടുതൽ തവണ സഹകരിച്ചത്. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം ധാരാളം ഗാനങ്ങൾ സൃഷ്ടിച്ചു. വിശ്വപ്രസിദ്ധ സംഗീതസംവിധായകൻ എ. ആർ. റഹ്മാന്റെ പിതാവ് ആർ. കെ. ശേഖർ കുറച്ച് ചിത്രങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി പ്രശസ്തരായ പല ഗായകരുടേയും, സംഗീതസംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി. ലീല, പി. സുശീല, കല്ല്യാണി മേനോൻ, ഇളയരാജ തുടങ്ങിയവർ ഇവരിൽ ചിലരാണ്.

സംഗീതസംവിധാന മേഖലയിൽ നിന്നും വിരമിച്ചു എങ്കിലും, ശാസ്ത്രീയസംഗീതരംഗത്ത് ഇദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. 2008ൽ മിഴികൾ സാക്ഷി എന്ന ചിത്രത്തിലെ നാലു ഗാനങ്ങളൊരുക്കിയ ദക്ഷിണാമൂർത്തി അവസാനമായി സംഗീതസംവിധാനം ചെയ്ത ചിത്രം, മരണത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് സംഗീതസംവിധാനം ചെയ്ത ശ്യാമരാഗം ആണ്. (പുറത്തിറങ്ങാനുള്ള ചിത്രം.)

സംഗീതത്തിന്റെ നാലുതലമുറ
ഒരു കുടുംബത്തിലെ നാലുതലമുറയിൽപെട്ട ഗായകരെ കൊണ്ടു പാടിച്ച ചലച്ചിത്രസംഗീതസംവിധായകൻ എന്ന അപൂർവ്വ ബഹുമതിയും ദക്ഷിണാമൂർത്തിക്കുണ്ട്. മലയാള നാടക – ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നടനും ഗായകനുമായ അഗസ്റ്റിൻ ജോസഫ് ഭാഗവതർ, അദ്ദേഹത്തിന്റെ പുത്രൻ ഗാനഗന്ധർവ്വൻ പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസ്, യേശുദാസിന്റെ പുത്രൻ വിജയ് യേശുദാസ്, വിജയിന്റെ പുത്രി അമേയ എന്നിവരാണ് ആ നാലുതലമുറകളിലെ ഗായകർ. അഗസ്റ്റിൻ ജോസഫ് ഭാഗവതർ (നല്ല തങ്ക), വിജയ് യേശുദാസ് (ഇടനാഴിയിൽ ഒരു കാലൊച്ച), അമേയ (ശ്യാമരാഗം) എന്നിവരുടെ ചലച്ചിത്രപ്രവേശനവും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങളിലൂടെ ആയിരുന്നു.

പുരസ്കാരങ്ങൾ

1971-ൽ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാനസർക്കാറിന്റെ ചലച്ചിത്രപുരസ്കാരം ലഭിച്ചു.
1998-ൽ ജെ.സി.ഡാനിയൽ പുരസ്കാരം.
2003-ൽ ബാംഗ്ലൂരിൽ വെച്ച്, പൂജ്യ ശ്രീ ഗുരുജി വിശ്വനാഥിന്റെ കൈകളിൽ നിന്ന് ‘സംഗീത സരസ്വതി’ പുരസ്കാരം ലഭിച്ചു.
2013-ൽ സ്വാതിതിരുനാൾ പുരസ്കാരം.

മരണം

അവസാനകാലത്ത് വാർദ്ധക്യസഹജമായ അവശതകൾ അനുഭവിച്ചിരുന്നെങ്കിലും സംഗീതലോകത്ത് നിറസാന്നിദ്ധ്യമായിരുന്നു ദക്ഷിണാമൂർത്തി. ഇക്കാലത്ത് അദ്ദേഹം നിരവധി ആൽബങ്ങൾക്ക് ഈണം പകർന്നു. 2013 ജൂലൈ മാസത്തിലാണ് ഒരേ കുടുംബത്തിലെ നാല് തലമുറകളെക്കൊണ്ട് പാടിച്ച് അദ്ദേഹം ശ്രദ്ധേയനായത്. അപൂർവ്വമായ ഈ ബഹുമതി നേടി ഒരു മാസത്തിനുള്ളിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. 2013 ഓഗസ്റ്റ് 2-ന് വൈകീട്ട് ചെന്നൈയിലെ വീട്ടിൽ വച്ചാണ് ദക്ഷിണാമൂർത്തി അന്തരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം.

അടുത്തുതന്നെയുള്ള മകളുടെ വീട്ടിൽ പോകാൻ അന്നേ ദിവസം ദക്ഷിണാമൂർത്തിയും ഭാര്യ കല്യാണിയമ്മാളും പദ്ധതിയിട്ടിരുന്നു. പരിചയമുള്ള ഒരു ടാക്സി ഡ്രൈവറെ അവർ പറഞ്ഞുവയ്ക്കുകയും ചെയ്തു. എന്നാൽ ഡ്രൈവർ വരാൻ വൈകും എന്നറിഞ്ഞതോടെ അദ്ദേഹം ഉറങ്ങാൻ പോയി. പിന്നീട് ഡ്രൈവർ വന്നപ്പോൾ കല്യാണിയമ്മാൾ ഭർത്താവിനെ കാണാതെ അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ ചെന്നുവിളിച്ചെങ്കിലും അദ്ദേഹം വിളി കേട്ടില്ല. മരണം ഉടനെ സ്ഥിരീകരിച്ചു.

ദക്ഷിണാമൂർത്തിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. പി. ജയചന്ദ്രൻ, എസ്.പി. ബാലസുബ്രഹ്മണ്യം, പി. സുശീല, എസ്. ജാനകി, ഇളയരാജ തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലികളർപ്പിച്ചു. കേരള സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ചടങ്ങിൽ പങ്കെടുത്തു.

സ്മാരകങ്ങൾ

കണ്ണൂരിലെ മക്രേരി സുബ്രഹ്മണ്യസ്വാമി-ഹനുമാൻ ക്ഷേത്രത്തിനനുബന്ധിച്ച് ദക്ഷിണാമൂർത്തി സ്വാമികളുടെ സ്മാരക മ്യൂസിയം സ്ഥാപിക്കാൻ കേരളാ ടൂറിസം വകുപ്പ് 2014-ൽ തീരുമാനിച്ചിരുന്നു. ഇവിടെ അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും ഉപഹാരങ്ങളും മൊമെന്റോകളും മറ്റും പൊതുജനങ്ങൾക്കു കാണാനാകുന്ന രീതിയിൽ സൂക്ഷിക്കുപ്പെടും. അദ്ദേഹത്തിന്റെ കൃതികളുടേയും മറ്റും കൈയ്യെഴുത്തു പ്രതികളും ഇവിടെ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നു. തന്റെ അവസാനകാലത്ത് ക്ഷേത്രത്തിലെ നിത്യസന്ദർശകനായിരുന്ന അദ്ദേഹം ക്ഷേത്രത്തിനായി കൊടുത്ത വിലപ്പെട്ട പുരസ്കാരങ്ങളെല്ലാമാണ് ഇവിടെ സൂക്ഷിക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്. വൈക്കത്തപ്പന്റെ പരമഭക്തനായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി 2014 മുതൽ എല്ലാ വർഷവും വൈക്കത്തഷ്ടമിക്കാലത്ത് ‘ദക്ഷിണാമൂർത്തി സംഗീതോത്സവം’ നടത്തപ്പെടുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ.

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചേംബറിൽ നേരിട്ടെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്രിട്ടന്‍റെ താൽപര്യം അറിയിച്ചത്. സംസ്ഥാനം...

തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്; വമ്പൻ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. 224ല്‍ 125 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. കർണാടകയിലെ വിശേഷദിനമായ യുഗാദി നാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കോലാര്‍...

അരികൊമ്പനെ പിടികൂടാൻ പ്രത്യേക സംഘം,’ഓപ്പറേഷന്‍ അരിക്കൊമ്പൻ” ആക്ഷൻ പ്ലാൻ യോഗം ഇന്ന്.

മൂന്നാര്‍: ‘ഓപ്പറേഷന്‍ അരിക്കൊമ്പൻ” ആക്ഷന്‍ പ്ലാന്‍ ചര്‍ച്ചചെയ്യുന്നതിന് കളക്ടര്‍ ഷീബാ ജോര്‍ജിന്റെയും സി.സി.എഫ്. ആര്‍.എസ്. അരുണിന്റെയും നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേര്‍ന്നു. 25-ന് ആനയെ മയക്കുവെടിവെച്ച്‌ പിടികൂടാനാണ് തീരുമാനം. ഇതിന് മുന്നോടിയായി 24-ന്...

പാലക്കാട്‌ പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ.

പാലക്കാട്‌: പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷിനെയാണ് (39) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ 3...
WP2Social Auto Publish Powered By : XYZScripts.com
error: