അനിശ്ചിതത്വത്തിൻ്റെ നാളുകൾക്ക് വിരാമമാകുന്നു.ഇതാ, പ്രതീക്ഷയുടെ വിഷുപ്പുലരി! കണികണ്ടുണരാൻ സമൃദ്ധിയുടെയും നന്മയുടെയും വിഷു, ആഹ്ലാദത്തിൻ്റെ സുന്ദര സുരഭില സമയമാണ് വിഷു. മണ്ണിൻ്റെ മക്കൾക്ക് വിളവെടുപ്പിൻ്റെ ഉത്സവം. കുഞ്ഞു മക്കൾക്ക് അവധിയുടെയും ഉല്ലാസത്തിമിർപ്പിൻ്റെയും സന്തോഷ ദിനങ്ങൾ. കുടുംബങ്ങളുടെ ഒത്തുചേരലുകൾ. വിഷു സദ്യ നിതാന്ത സൗഹൃദത്തിൻ്റെ പൊൻ കാഴ്ച.
കമ്പിത്തിരിയും പൂത്തിരിയും പടക്കം പൊട്ടിക്കലും ഒക്കെ ആയി ഉത്സവ പ്രതീതി. വിഷുക്കണി. വിഷു കൈനീട്ടം-ഒക്കെ മധുരിക്കുന്ന ഓർമ്മകൾ. വെളുപ്പാൻ കാലത്ത് കണ്ണുതുറക്കാതെ വന്നു കണികാണും. ഓട്ടുരുളിയിൽ കൊന്നപ്പൂക്കൾ, വെള്ളരിക്കാ, തേങ്ങ, പഴം, നെയ്യപ്പം, പഴയ ഗ്രന്ഥം, പച്ചക്കറികൾ, വാൽക്കണ്ണാടി, അലക്കിത്തേച്ച മുണ്ട്, കൃഷ്ണ രൂപം-എല്ലാം ഉണ്ടാകും. നിറയെ എണ്ണയൊഴിച്ച് തിരിയിട്ടു കത്തിച്ച നിലവിളക്ക്. വിഷു എല്ലാ വിഭവങ്ങളും ഉള്ള കാലമാണ്. എല്ലാം മധുരങ്ങളും ഉണ്ടാകും. എല്ലാ ഇനം കറികളും ഉണ്ടാകും സദ്യക്ക്.
സ്വാർത്ഥതയെ അകറ്റാതെ സ്നേഹവും ശാന്തിയും പുലരില്ല, പരസ്പര സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പ്രതീകമായിരുന്ന മനുഷ്യൻ ഇപ്പോൾ അവനവനിലേക്ക് ചുരുങ്ങി. കണിക്കൊന്നയും മറ്റും കാലം തെറ്റി പൂക്കുന്നു. തിരിച്ചടികളും പ്രതിസന്ധികളും പാഠമാക്കാനാണ് ഈ വിഷു നമ്മോടാവശ്യപ്പെടുന്നത്. പ്രകൃതിയും സഹജീവികളെയും നമുക്കു സ്നേഹിക്കാം. ആശങ്കകളെ അകറ്റാം. ഈ വിഷു വേളയിൽ പുത്തൻ പ്രതീക്ഷകളുമായി നമുക്കു മുന്നേറാം.