“തിരോന്തരത്തിന് തോനെ
വെള്ളങ്ങളുമായ് ” വരുന്ന പുഴയാണ് വാമനപുരം പുഴ !
അനന്തപത്മനാഭന്റെ നാട്ടിലെ മനോഹരമായ ഈ പുഴയുടെ തീരത്തുകൂടിയാവാം ഇന്നത്തെ നമ്മുടെ യാത്ര !
ജില്ലയിലെ പ്രധാന നദിയായ വാമനപുരംപുഴ
പശ്ചിമഘട്ടത്തിലെ ചെമ്പുഞ്ചിമൊട്ടയിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. ഒരു ചെറുചോലയായി തുടങ്ങി
നിരവധി കുഞ്ഞരുവികളുമായി കൂട്ടുചേർന്ന്
മനോഹരിയായി മാറി, അഞ്ചുതെങ്ങ് കായലിൽ ചേർന്ന് അറബിക്കടലിൽ ലയിക്കുന്ന ഇവൾക്ക്
88 കിലോമീറ്റർ നീളമുണ്ടെങ്കിലും 11.2 കിലോമീറ്റർ ദൂരം മാത്രമെ സഞ്ചാരയോഗ്യമായുള്ളു.
നെടുമങ്ങാട് താലൂക്കിലുള്ള തിരുവാമനപുരം ക്ഷേത്രത്തിൻ്റെ പേരിൽ നിന്നുമാവാം ‘ വാമനപുരം’
എന്ന പേര് നദിയ്ക്കു ലഭിച്ചത്. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ ആറ്റിങ്ങൽ നദി എന്ന പേരു കൂടി ഇവൾക്കുണ്ട്. കല്ലാർ, കൊല്ലമ്പുഴ എന്നീ പേരുകളിലും ഇവൾ അറിയപ്പെടുന്നു.
മനോഹരങ്ങളായ കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളാൽ സമൃദ്ധമായ ചിറ്റാർനദിയും, മഞ്ഞപ്രയാറുമാണ് വാമനപുരംനദിയുടെ പ്രധാന കൈവഴികൾ.
നദിയുടെ ആറ്റിങ്ങൽ ഭാഗം കൊല്ലമ്പുഴ എന്ന പേരിൽ അറിയപ്പെടുന്നത് ഈ പ്രദേശം 1721-ൽ ഇംഗ്ലീഷ്കാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിതപ്രക്ഷോഭമായ, ആറ്റിങ്ങൽ കലാപവുമായി ബന്ധമുള്ളതിനാലാണ്.
ചരിത്രം ഇങ്ങനെ….
കുരുമുളകും മറ്റു സുഗന്ധദ്രവ്യങ്ങളും വിലകുറച്ച് വാങ്ങാനായി പ്രദേശവാസികളെ ഏറെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് ബ്രിട്ടീഷുകാരുടെ പതിവായിരുന്നു. ഗിഫോർഡ് എന്ന ബ്രിട്ടീഷുകാരൻ അഞ്ചുതെങ്ങ് കോട്ടയുടെ അധിപനായി എത്തിയതോടെ ഇത് വർദ്ധിച്ചു. വാമനപുരംനദി വഴി ആറ്റിങ്ങൽറാണിക്കുള്ള സമ്മാനങ്ങളുമായി, ഗീഫോർഡിന്റെ നേതൃത്വത്തിൽ എത്തിയ 140 – ഓളം വരുന്ന ബിട്ടീഷ് സംഘത്തെ പിള്ളമാരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ആക്രമിച്ചു കൊലപ്പെടുത്തിയെന്നും, ബ്രിട്ടീഷ്കോട്ട ആറുമാസത്തോളം വളഞ്ഞുവച്ചെന്നും തലശ്ശേരിയിൽ നിന്ന് കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തികോട്ട മോചിപ്പിച്ചെന്നുമാണ് ചരിത്രം.
കൊല്ലും കൊലയും നടന്ന പുഴ, കൊല്ലുംപുഴയും, പിന്നീടത് കൊല്ലമ്പുഴയായി മാറിയെന്നും പഴമക്കാർ പറയുന്നു.
ചരിത്രപ്രാധാന്യമുള്ളതും, തിരുവിതാംകൂർ രാജവംശത്തിന്റെ പരദേവതയുമായ, തിരുവാറാട്ടുകാവ് ദേവീക്ഷേത്രം ഈ നദിക്കരയിലാണ്. മീൻമുട്ടിഡാം, ഹൈഡ്രോ ഇലക്ടിക് പ്രൊജക്റ്റ്, ലോക പ്രസിദ്ധ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയും വാമനപുരം നദീതീരത്താണ്.
മറ്റ് പലനദികളെയും പോലെ മാലിന്യ നിക്ഷേപം, മണലൂറ്റൽ, ഖനനം, കയ്യേറ്റം തുടങ്ങിയവ നദിയുടെ മുഖഛായ മാറ്റിയിരിക്കുന്നു. വെള്ളപ്പൊക്കവും, വരൾച്ചയും തുടർക്കഥയാകുന്നു. നദിയെ രക്ഷിയ്ക്കാനായി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ബൃഹത്തായ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്.
അനന്തപുരിയ്ക്ക് ജീവജലം നൽകുന്ന
ഈ സുന്ദരി, തീരവാസികളുടെ പ്രിയങ്കരി തന്നെ! സ്നേഹപ്രവാഹമായി ഇവൾ ഇനിയുമൊഴുകുമെന്ന പ്രതീക്ഷയോടെ….
സുജ ഹരി✍