17.1 C
New York
Wednesday, December 1, 2021
Home Special വാഗൺ ട്രാജഡി ദിനം.

വാഗൺ ട്രാജഡി ദിനം.

1921-ലെ മാപ്പിള സമരത്തെ തുടർന്ന് നവംബർ 19-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Wagon Tragedy. മാപ്പിള സമരത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ഗുഡ്സ് വാഗണിൽ അടക്കപ്പെട്ട നൂറോളം പേരിൽ ‍64 പേരാണ് മരിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാർ ഭാഗത്ത് മുസ്ലീങ്ങൾ നടത്തിയ സമരമായിരുന്നു മലബാർ കലാപം അഥവാ മാപ്പിള ലഹള. കേരള ചരിത്രത്തിൽ മുസ്ലീങ്ങൾ നടത്തിയ പ്രസിദ്ധമായ സമരം ഇതാണ്‌. പൈശാചികവും ക്രൂരവുമായ സമരം ഹിന്ദു-മുസ്ലീം മൈത്രിയെ തകർക്കുകയുണ്ടായി. അതിനുകാരണമായതു് ബ്രിട്ടീഷുകാരുടെ കുടില തന്ത്രമായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമായിരുന്നു. എങ്കിലും മലബാറിലെ ഹിന്ദുക്കളും ഈ ലഹളയിൽ പങ്കാളികളായിരുന്നു. ലഹളമുതലെടുത്തു് ചില ഇസ്ലാം സമുദായത്തിസൽപ്പെട്ട സാമൂഹ്യവിരുദ്ധർ ഹിന്ദുക്കൾക്കുനേരെ ആക്രമം അഴിച്ചുവിട്ടു. അതോടൊപ്പംതന്നെ ബ്രീട്ടീഷു് ഒറ്റുകാരായ ഹിന്ദു ജന്മിമാർക്കെതിരെയുമായിരുന്നു സമരക്കാരുടെ ആക്രമം. ജന്മിമാർ അടക്കിവാണ കുടിയാന്മാർ പലരും ഇവരുടെ പ്രീണനത്തിനും വൃത്തികെട്ട ആചാരത്തിന്റെയും തല്ഫലമായി ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേരുകയും ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും ചെയ്തു.

ചരിത്രം

ലഹളയുടെ ആരംഭത്തിനു കാരണമായത് തുർക്കിയിലെ അഭ്യന്തരപ്രശ്നങ്ങളായിരുന്നു. തുർക്കി ഭരിക്കുന്ന ഖാലിഫിനെ ബ്രിട്ടീഷുകാർ നിഷ്കാസനം ചെയ്തതിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതിലും പ്രതിഷേധിച്ച് മുസ്ലീങ്ങൾ രൂപം നൽകിയ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ഇത് കേരളത്തിലെ ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. ഖിലാഫത്തുകാർ കോൺഗ്രസ്സുകാരുടെ സ്വാതന്ത്ര്യ സമരപ്രസ്ഥാനവുമായി ഒന്നിച്ച് പ്രവർത്തിക്കാനും തുടങ്ങി. 1921- ഏപ്രിൽ മാസം ഒറ്റപ്പാലത്തുവച്ച് നടന്ന കോൺഗ്രസ്-ഖിലാഫത്ത് സമ്മേളനങ്ങൾക്കെതിരെ ബ്രിട്ടീഷുകാർ അക്രമണം അഴിച്ചുവിട്ടൂ. ഇതോടെ സമരം ശക്തിപ്രാപിച്ചു. ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ സമരം ശക്തിപ്രാപിച്ചു. മാപ്പിളമാർ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി പോലീസുകാരെയും പോലീസ് സ്റ്റേഷനേയും ആക്രമിച്ചു. കോടതിയിൽ കയറി ജഡ്ജിയുടെ മുന്നിൽ വച്ച് ബ്രിട്ടീഷ് ഭരണം അവസാനിച്ചതായി പ്രഖ്യാപിക്കുകയും മറ്റും ചെയ്തു. സൈന്യവും പോലീസും പിന്‌വാങ്ങി. ഏറനാടിന്റെ ഭരണം ഏതാണ്ട് പൂർണ്ണമായും മാപ്പിളമാരുടെ കയ്യിലായി. തുടർന്നുള്ള നാളുകളിൽ മഞ്ചേരി, പെരിന്തൽമണ്ണ, തിരൂരങ്ങാടി, മലപ്പുറം എന്നീ സ്ഥലങ്ങളും മാപ്പിളമാർ കയ്യടക്കി. അതോടെ മദ്രാസിൽ നിന്ന് വലിയ തോതിൽ കമ്പനി പട്ടാളം രംഗത്തെത്തി. അക്രമവും മർദ്ദനവും വ്യാപകമായി. നിരവധി സ്ഥലങ്ങളിൽ പട്ടാളനിയമം പ്രഖ്യാപിക്കപ്പെട്ടു.

കലാപകാരികളെ കണ്ടെത്താൻ പട്ടാളക്കാർ ഹിന്ദുക്കളോട് ആവശ്യപ്പെട്ടു. കല്പന അനുസരിക്കാതിരുന്നാൽ അവർ കഠിനമായി ശിക്ഷിക്കപ്പെടുകയും ലഹളക്കാരെ കണ്ടുപിടിക്കാൻ സഹായിച്ചാൽ ലഹളക്കാരും ഉപ്രദ്രവിക്കുമെന്ന സ്ഥിതിയായി. താമസിയാതെ ഹിന്ദു-മുസ്ലീം വൈരം വളർന്നു. മാപ്പിളമാർ ബ്രിട്ടിഷുകാരോടെന്നപോലെ ഹിന്ദുക്കളോടും പെരുമാറാനാരംഭിച്ചു. പട്ടാളക്കാർ ലഹളക്കാരെ നിർദ്ദയം കൊന്നൊടുക്കിക്കൊണ്ടിരുന്നു. നിരവധി പേർക്ക് അംഗവൈകല്യം സംഭവിച്ചു. ഈ ലഹളയിലെ ഏറ്റവും പൈശാചികമായ നടപടിയായിരുന്നു വാഗൺ ട്രാജഡി

ദുരന്തം

പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ കലാപകാരികളെ കാണുന്നതു തടയാൻ തന്റെ ആശയം നടപ്പാക്കിയത്. 1921 നവംബർ 17ന് ഇരുനൂറോളം തടവുകാരെ ഒരു വാഗണിൽ കുത്തിനിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. വണ്ടി പുറപ്പെടും മുമ്പുതന്നെ ശ്വാസം കിട്ടാതെ നിലവിളി തുടങ്ങിയിരുന്നു. വണ്ടി കടന്നുപോയ വഴിനീളെ തടവുകാരുടെ നിലവിളി കേൾക്കാമായിരുന്നു. കോയമ്പത്തൂരിനടുത്തുള്ള പോദന്നൂരിൽ വണ്ടിയെത്തിയപ്പൊൾ വാഗണിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതിനെത്തുടർന്ന് പട്ടാളക്കാർ വാഗൺ തുറന്നു. ശ്വാസം കിട്ടാതെ പരസ്പരം കടിച്ചും മാന്തിക്കീറിയും 64 തടവുകാർ മരിച്ചിരുന്നു. ബാക്കിയുള്ളവരിൽ പലരും ബോധരഹിതരായിരുന്നു. പുറത്തിറക്കിയ ശേഷവും കുറെപ്പേർ മരിച്ചു.

കൂടുതൽ വിവരങ്ങൾ

ജാലിയൻ വാലാബാഗിനെക്കാൾ അത്യന്തം നികൃഷ്ടവും നീചവുമായ കൂട്ടക്കൊലയായിരുന്നു 1921 നവംബർ 20 ന് മലബാറിൽ അരങ്ങേറിയത്. ഈ ദുരന്തത്തിന്റെ സ്മരണയിൽ മലബാർ ഇന്നും നടുങ്ങുന്നു. മലബാർ കലാപത്തിന്റെ കാരണങ്ങളെപ്പറ്റി ഭിന്നാഭിപ്രായക്കാരുണ്ടെങ്കിലും എല്ലാവരും ഒരുപോലെ അപലപിച്ച കൂട്ടക്കൊലയായിരുന്നു വാഗൺ ട്രാജഡി.

മലബാറിലെ 226 ഗ്രാമങ്ങളെയാണ് ലഹള ബാധിച്ചത്. 138 ഗ്രാമങ്ങളിൽ രൂക്ഷവും ‍ശേഷിച്ച ഗ്രാമങ്ങളിൽ ഭാഗികമായും കലാപങ്ങളുണ്ടായി. മലബാർ കലാപത്തിൽ അനൗദ്യോകിക കണക്കനുസരിച്ച് ഇരുപത്തി അയ്യായിരം പേർ മരിച്ചിട്ടുണ്ട്.

പതിനായിരം പേർ മരിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് രേഖകൾ സൂചിപ്പിക്കുന്നത്. പതിനായിരക്കണക്കിനാളുകൾ പലായനം ചെയ്തു. പതിനാലായിരത്തിലധികം പേർ അറസ്റ്റു ചെയ്യപ്പെട്ടു. വിചാരണക്കുശേഷം അയ്യായിരം പേർക്ക് പിഴശിക്ഷ വിധിച്ചു. 3,63,458 രൂപയാണ് പിഴ ഇനത്തിൽ ബ്രിട്ടീഷുകാർക്ക് കിട്ടിയത്. 252 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബല്ലാരി ജയിലിലേക്ക് അയച്ചു.

ലഹള തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോഴേക്കും വിചാരണയും ആരംഭിച്ചിരുന്നു. തടവുകാരായി പിടിക്കപ്പെട്ടവരെ ആദ്യം കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് അയച്ചിരുന്നത്. കണ്ണൂരിൽ‌ സ്ഥലം തികയാതെ വന്നതോടെ കലാപകാരികളെ ബല്ലാരിയിലേക്ക് കൊണ്ടുപോകുവാൻ തീരുമാനിക്കുകയായിരുന്നു. തടവുകാരെ ബല്ലാരിയിലെത്തിക്കാൻ ചുമതലപ്പെട്ടവർ സ്പെഷ്യൽ ഡിവിഷൻ ഉദ്യോഗസ്ഥൻ ഇവാൻസ്, പട്ടാള കമാന്റർ കർണ്ണൻ ഹംഫ്രിഡ് , ജില്ലാ മേധാവി ഹിച്ച് കോക്ക് എന്നിവരായിരുന്നു.

കന്നുകാലികളെ കയറ്റുന്ന വണ്ടിയിലാണ് തുടക്കത്തിൽ തടവുകാരെ കുത്തിനിറച്ച് കൊണ്ടുപോയിരുന്നത്. ഇതു സുരക്ഷിതമല്ലന്ന് തോന്നിയതോടെ ചരക്കുവാഗണിൽ കൊണ്ടുപോകുവാൻ തീരുമാനിച്ചു. മദ്രാസ് ,സൗത്ത് മറാട്ട കമ്പനിക്കാരുടെ എം എസ് എം – എൽ വി 1711 എന്ന് മുദ്രണം ചെയ്ത വാഗണിലാണ് പിന്നീട് തടവുകാരെ കൊണ്ടുപോയത്. പ്രവേശന കവാടം തുറന്ന് കയറുകൊണ്ട് ബന്ധിക്കാനും യാത്രാ മദ്ധ്യേയുള്ള റയിൽവേ സ്റ്റേഷ‍നുകളിൽ വമ്ടി നിർത്തി തടവുകാർക്ക് ശുദ്ധവായു ശ്വസിക്കാനും ഹിച്ച് കോക്ക് ആദ്യമൊക്കെ സൗകര്യം ചെയ്തു കൊടുത്തു. പുറത്തിറങ്ങുന്ന തടവുകാരെ ശുദ്ധവായു ശ്വസിച്ചതിനു ശേഷം വാഗണിൽ തിരികെ കയറ്റാനും കാവൽ നിൽക്കാനും മതിയായ പോലീസിനെ കിട്ടാത്തതോടെ ശുദ്ധവായു ശ്വസിക്കാനുള്ള ആനുകൂല്യവും ഇല്ലാതായി.

അടച്ചുപൂട്ടിയ വാഗണിൽ ശ്വാസം പോലും വിടാനാവാതെ കൊണ്ടുപോകുവാൻ തുടങ്ങിയതോടെ തടവുകാരുടെ നരകയാതനയും തുടങ്ങി. രണ്ടായിരം പേരെ മുപ്പത്തിരണ്ടുപ്രാവശ്യം ഇതേ രീതിയിൽ കൊണ്ടുപോയി. 122പേരെയാണ് വാഗണിൽ കുത്തിനിറച്ചിരുന്നത്. ഇങ്ങനെ രണ്ടായിരം പേർ യാത്ര ചെയ്തപ്പോഴും ശ്വാസം മുട്ടിയും കണ്ണുതുറിച്ചുകൊണ്ടും മൃതപ്രായരായവർ വാഗൺ ദുരന്തത്തിന്റെ ചിത്രത്തിൽ വന്നിട്ടില്ല.

അനുഭവസാക്ഷ്യം

നവംബർ 20 ന് പോയ വാഗണിലാണ് കൂട്ട ദുരന്തം അരങ്ങേറിയത്. അന്നത്തെ ദുരന്തത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെട്ടവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. മലബാർ കലാപത്തിൽ നേരിട്ട് പങ്കെടുത്തവരും വിസ്മൃതിയിലായി.ദുരന്തമുണ്ടാക്കിയ വാഗണിൽ നിന്നും ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപെട്ട മലപ്പുറം കോട്ടപ്പടിയിലെ വയൽക്കര കൊന്നോല അഹമ്മദുഹാജി ദുരന്തം നടന്നു ആരുപതിറ്റാണ്ടിനു ശേഷം തന്റെ അനുഭവം വിവരിച്ചത് വാഗൺ ദുരന്തത്തിന്റെ നേരിട്ടുള്ള വിവരണമാണ്.

“ അന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു. എന്നെയും ജ്യേഷ്ഠൻ യൂസുഫിനെയും പോലീസ് വീട്ടിൽ നിന്നും പിടിച്ചു. പുലാമന്തോൾ പാലം പൊളിച്ചുവെന്നായിരുന്നു ഞങ്ങളുടെ പേരിലുള്ള കുറ്റം. ദിവസത്തിൽ ഒരു നേരം ആഴക്ക് ഉപ്പിടാത്ത ചോറായിരുന്നു ജീവൻ നിലനിർത്താൻ കിട്ടിയിരുന്നത്. ശൗച്യം ചെയ്യാൻ ഒരാഴ്ചക്കത്തേക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല. ബയണറ്റ് മുനകളുടെ തലോടലേറ്റ് മുറിവുകളുടെ വേദന നിമിത്തം എഴുന്നേൽക്കാൻ പോലും വയ്യാതായി.
ഇരുപതാം തിയതി രാവിലെ ഞങ്ങളെ നന്നാലു പേരെവീതം കൂട്ടിക്കെട്ടി. കഴുതവണ്ടികളും കാളവണ്ടികളും തയ്യാറായി നിന്നിരുന്നു. . പട്ടാളക്കാർ ആയുധങ്ങളുമായി ഈ വണ്ടികളിൽ കയറിക്കൂടി. ഓരോ വണ്ടിക്കും ഇടയിലായി ഞങ്ങളെ നിർത്തി.വണ്ടികൾ‌ ഓടാൻ തുടങ്ങി. പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം. ഓട്ടത്തിനൽപ്പം വേകത കുറഞ്ഞാൽ പിന്നാലുള്ള വണ്ടിയിൽ നിന്ന് നീണ്ടുവരുന്ന ബയണറ്റുകൾ ശരീരത്തിൽ ആ‍ഞ്ഞുതറയ്ക്കും. ഓടിയും ചാടിയും കുന്നും കുഴിയും മലയും വയലും താണ്ടി ഉച്ചയോടെ കോട്ടക്കൽ എത്തിച്ചേർന്നു.

ഞങ്ങൾക്കൊരുതുള്ളി വെള്ളം തരാൻ പോലും ആ കിരാതന്മാർക്ക് മനസ്സലിഞ്ഞില്ല. പട്ടാളക്കാർ ഭക്ഷണം കഴിച്ചവർ വണ്ടിയിൽ കയറി. സന്ധ്യയോടെ തിരൂറിലെത്തി. എല്ലാവരെയും പ്ളാറ്റ്ഫോമിൽ ഇരുത്തി. ഞങ്ങൾ ഇരിക്കുകയല്ല വീഴുകയായിരുന്നു. പലരും തളർന്നുറങ്ങിപ്പോയി.

ഏകദേശം അറുന്നൂറോളം തടവുകാരെ അവിടെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. നിരവധി ഹിന്ദു സഹോദരന്മാരും കൂട്ടത്തിലുണ്ടായിരുന്നു. ഒരു സിഗരറ്റ് ടിന്നിൽ നാലുവറ്റ് ചോറുമായി പട്ടാളക്കാർ ഞങ്ങളെ വിളിച്ചുണർത്തി. ഞാൻ അന്നോളം ഇത്രയും സ്വാദുള്ള ഭക്ഷണം കഴിച്ചിട്ടില്ലന്ന് തോന്നിപ്പോയി. ഏഴു മണിയോടെയാണ് വാഗണുമായി വണ്ടി വന്നത്. വാതിൽ തുറന്നു പിടിച്ച് ഞങ്ങളെ വാഗണിൽ കുത്തിനിറക്കാൻ തുടങ്ങി. നൂറുപേർ അകത്തായപ്പോഴേക്കും പലരുടെയും പിൻഭാഗവും കൈകാലുകളും പുറത്തേക്ക് തള്ളിനിൽക്കാൻ തുടങ്ങിയിരുന്നു. തലയണയിൽ പഞ്ഞിനിറക്കുന്ന ലാഘവത്തോടെ തോക്കിൻ ചട്ടകൊണ്ട് അമർത്തിത്തള്ളി വാതിൽ ഭദ്രമായി അടച്ചു കുറ്റിയിട്ടു. ഒക്കെ ഇരുകാലി മൃഗങ്ങളായ ഹിച്ച് കോക്കിന്റെ നിർദ്ദേശപ്രകാരം അകത്തുകടന്നവരുടെ കാലുകൾ നിലത്തു തൊട്ടിരുന്നില്ല.

ഇരുന്നൂറ് പാദങ്ങൾ ഒരുമിച്ചമരാനുള്ള സ്ഥലസൗകര്യം ആ വാഗണിനുണ്ടായിരുന്നില്ല. ഒറ്റക്കാലിൽ മേൽക്കുമേൽ നിലം തൊടാതെ യാത്ര തുടങ്ങി. ദാഹം സഹിക്കവയ്യാതെ തൊണ്ടപൊട്ടുമാറ് ഞങ്ങൾ ആർത്തു കരഞ്ഞു.കൈയ്യെത്തിയവരൊക്കെ വാഗൺ ഭിത്തിയിൽ ആഞ്ഞടിച്ചു ശബ്ടമുണ്ടാക്കി. വാഗണിനകത്ത് കൂരാക്കൂരിരുട്ട്. വണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കാൻ പോകുന്നതായി തോന്നി. ഷോർണൂരായിരുന്നു അത്. ഞങ്ങൾ ശേഷിച്ച ശക്തിയെല്ലാം സംഭരിച്ച് നിലവിളിച്ചു.

ആരും സഹായത്തിനു വന്നില്ല. അപ്പോഴേക്കും പലരും മേൽക്കുമേൽ മലർന്നുവീഴാൻ തുടങ്ങിയിരുന്നു. അറിയാതെ മലമൂത്ര വിസർജ്ജനവും . കൈക്കുമ്പിളിൽ മൂത്രമൊഴിച്ച് കുടിച്ച് ദാഹം തീർക്കാൻ വിഫലശ്രമം നടത്തി. സഹോദരന്റെ ശരീരത്തിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ നക്കിത്തുവർത്തി നോക്കി. ദാഹം സഹിക്കുന്നില്ല. ശ്വാസം കിട്ടുന്നില്ല. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചുവലിക്കാനും പൊട്ടിയൊലിച്ച രക്തം നക്കിക്കുടിച്ചു. മരണവെപ്രാളത്തിൽ സഹോദര മിത്ര ബന്ധം മറന്നു. ശരിയും തെറ്റും വേർതിരിച്ചറിയുന്ന മനസ്സ് നഷ്ടപ്പെട്ടു. ഞാനും യൂസുഫും കാക്കയും ചെന്നു വീണത് അസ്രായീലിന് തൽക്കാലം പിടികിട്ടാത്ത ഓരത്തിയിരുന്നു. എങ്ങനെയോ ഇളകിപ്പോയ ഒരു ആണിയുടെ പഴുതുള്ള ഭാഗ്യസ്വർഗ്ഗത്തിൽ ദ്വാരത്തിൽ മാറിമാറി മൂക്കുവെച്ച് പ്രാണൻ പോകാതെ ഒപ്പിച്ചു. എങ്കിലും കൂറേക്കഴിഞ്ഞപ്പോൾ ബോധം നഷ്ടമായി.

ബോധം തെളിഞ്ഞുനോക്കുമ്പോൾ നാലഞ്ചുപേർ ഞങ്ങളുടെ മേൽ മയ്യത്തായി കിടക്കുന്നു. പുലർച്ചെ നാലു മണിക്കാണ് വണ്ടി പോത്തന്നൂർ സ്റ്റേഷനിലെത്തിയത്. ആ പാപികൾ വാതിൽ തുറന്നു. മുറിക്കുള്ളിൽ കണ്ട ഭീകര ദൃശ്യം ആ പിശാചുകളെ തന്നെ ഞട്ടിച്ചു. 64 പേരാണ് കണ്ണുതുറിച്ച് ഒരുമുഴം നാക്കുനീട്ടി മരിച്ചുകിടക്കുന്നത്. 60 മാപ്പിളമാരും 4 തിയ്യമാരും. മലം, മൂത്രം, രക്തം , വിയർപ്പ് ഇതെല്ലാം കൂടി മത്തി മസാല വച്ചതുപോലെ…

തണുത്ത വെള്ളം വാഗണിലേക്ക് കോരിയൊഴിക്കാൻ തുടങ്ങി. തണുത്തു വിറങ്ങലിക്കാൻ തുടങ്ങിയപ്പോൾ ജീവൻ രക്ഷിച്ചവർ ഒന്നു പിടഞ്ഞു. ഞങ്ങളെ നേരെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരെ ഏറ്റെടുക്കാൻ പോത്തന്നൂർ സ്റ്റേഷൻ മാസ്റ്റർ‌ തയ്യാറായില്ല. ജീവനില്ലാത്തവരെ തീരൂരിലേക്കുതന്നെ മടക്കി. ആശുപത്രിയിലെത്തും മുമ്പ് എട്ടുപേർ കൂടി മരിച്ചു. അവശേഷിച്ചത് ഞാനടക്കം ഇരുപത്തിയെട്ടുപേരായിരുന്നു.


ഇരുപത് വർഷം മുമ്പാണ് ഹാജിയാർ വാഗൺ ട്രാജഡി സ്മരണക്കുവേണ്ടി വാഗൺ‌ ദുരന്തത്തിന്റെ സ്മരണ അയവിറക്കിയത്

മൃതദേഹങ്ങളുമായി വണ്ടി തിരൂറിലേക്ക് എത്തുന്നുണ്ടന്ന് അറിഞ്ഞ് മലബാർ കളക്റ്റർ തോമസും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും കാത്തുനിന്നു. വാഗൺ തിരൂറിൽ തുറന്നപ്പോൾ അകത്ത് രൂക്ഷഗന്ധം . മലമൂത്ര വിസർജ്ജനത്തിൽ പുരണ്ടും അന്യോന്യം കെട്ടിപ്പിടിച്ചുമുള്ള മൃതദേഹങ്ങൾ. മുസ്ലിം മൃതദേഹങ്ങളിൽ 44 എണ്ണം കോരങ്ങത്ത് പള്ളിയിലും 8 എണ്ണം കോട്ട്ജുമ്അത്ത് പള്ളിയിലെയും ഖബർസ്ഥാനിലും അടക്കം ചെയ്തതു. ഹൈന്ദവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആളില്ലാത്തതിനെത്തുടർ‌ന്ന് മുത്തൂരിലെ ഒരു കല്ലുവെട്ടുകുഴിയിലുമാണ് അടക്കം ചെയ്തത്.

(ചരിത്രകാരനും അധ്യാപകനുമായിരുന്ന ശ്രീ.അബ്ദു ചെറുവാടി എഡിറ്റ് ചെയ്ത വാഗൺ‌ ട്രാജഡി സ്മരണിക യിൽ നിന്നുള്ളതാണ് ഈ ഭാഗങ്ങൾ . വാഗൺ‌ ദുരന്തത്തിൽ രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുടെ അഭിമുഖം നടത്തിയാണ് അബ്ദു ചെറുവാടി ഈ ലേഖനം തയ്യാറാക്കിയത്. മലബാർ കലാപത്തെ പറ്റി ഏറ്റവും ആധികാരികമായ വിവരങ്ങൾ ഉള്ള പുസ്തകമാണ് വാഗൺ‌ ട്രാജഡി സ്മരണിക)

അന്വേഷണം

വാഗൺ ദുരന്തം ഇന്ത്യയെ ഞട്ടിപ്പിച്ച സംഭവമായിരുന്നനു. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെ അന്വേഷണത്തിന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി . മലബാർ സ്പെഷ്യൽ കമ്മീഷ്‍ണർ എ . ആർ. നാപ്പ് ചെയർമാനും മദിരാശി റിട്ടേർഡ് പ്രസിഡൻസി മജിസ്ട്രേറ്റ് അബ്ബാസ്സ് അലി , മണ്ണാർക്കാട്ടെ കല്ലടി മൊയ്തു ,അഡ്വ.മഞ്ചേരി സുന്തരയ്യർ എന്നിവർ അംഗങ്ങളായ കമ്മിറ്റിക്കായിരുന്നു അന്വേഷണചുമതല.

അന്വേഷണത്തിൽ റയിൽവേ നൽകിയ മൊഴി വിചിത്രമായിരുന്നു. ദ്വാരങ്ങളും വലക്കെട്ടുള്ളതുമായ വാഗൺ പെയിന്റ് ചെയ്തപ്പോൾ ദ്വാരങ്ങൾ അടഞ്ഞുപോയി ആളുകളെ കയറ്റാൻ പറ്റിയ വാഗൺ ആവശ്യപ്പടാത്തതിനാലാണ് ചരക്കു കയറ്റുന്ന വാഗൺ നൽകിയത് എന്നായിരുന്നു അവരുടെ മറുപടി. വാഗൺ നിർമ്മിച്ച കമ്പനിക്കാരും അത് ഏൽപ്പിച്ചുകൊടുത്ത ഇൻസ്പെക്ടറുമാരാണ് കുറ്റക്കാർ എന്നാണ് റിപ്പോർട്ട് വന്നത്. മരിച്ചവരുടെ ആശ്രിതർക്ക് 300 രൂപ വീതം സഹായധനം നൽകാനും തീരുമാനമായി.

അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് റയിൽവേ സർജന്റ് ആൻഡ്രൂസ് , ഒരു പോലീസ് ഹെഡ് കോൺസ്റ്റബിൾ എന്നിവരെ പ്രതിയാക്കി മദിരാശി ഗവർൺമെന്റ് വാഗൺ ദുരന്തത്തെക്കുറിച്ചു കേസെടുത്തെങ്കിലും കോടതി രണ്ടുപേരെയും വെറുതെ വിട്ടു. ഇന്ത്യാരാജ്യം നടുങ്ങിയ വൻ കൂട്ടക്കൊല തുമ്പില്ലാതെയാവാൻ അന്വേഷണോദ്യോഗസ്ഥരെ തന്നെ സ്വാധീനിച്ചുവെന്ന് വ്യക്തം.

അന്നത്തെ അധികൃതർ നിസ്സാരവൽക്കരിച്ച വാഗൺ ദുരന്തത്തിലെ മുറിപ്പാടുകൾ മലബാറുകാരെ ഇന്നും വേട്ടയാടുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

രക്തസാക്ഷികൾ

മരണപ്പെട്ട എഴുപതു പേരിൽ 41 പേരും പുലാമന്തോൾ പഞ്ചായത്തിൽ പെട്ടവരാണ് . വളപുരത്തു നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഉസ്താദിനെ വിട്ടയക്കാൻ വേണ്ടി , പുലാമന്തോൾ പാലം പൊളിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്‍തത്

വാഗൺ ട്രാജഡി സ്മാരകങ്ങൾ

വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ തിരൂർ
വാഗൺ ട്രാജഡി മെമ്മോറിയൽ ബസ് വെയ്റ്റിംഗ് ഷെഡ് വെള്ളുവമ്പ്രം, പൂക്കോട്ടൂർ
വാഗൺ ട്രാജഡി സ്‌മാരക മന്ദിരം(ലൈബ്രറി& സാംസ്കാരിക കേന്ദ്രം) കുരുവമ്പലം
വാഗൺ ട്രാജഡി സ്‌മാരക ബ്ലോക്ക്. വളപുരം ജി.എം.യു.പി സ്കൂൾ വളപുരം പുലാമന്തോൾ
വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ
വാഗൺ ട്രാജഡിയുടെ 80-ആം വാർഷികത്തോട് അനുബന്ധിച്ച് തിരൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ഹാളാണ് വാഗൺ ട്രാജഡി മെമ്മോറിയൽ

മുൻസിപ്പൽ ടൗൺ ഹാൾ. തിരൂർ

നഗരമധ്യത്തിലായാണ് ഈ ഹാൾ സ്ഥിതിചെയ്യുന്നത്. ഈ ദുരന്തത്തിന്റെ ഓർമക്കായ് ഹാളിനോട് ചേർന്ന് ഒരു വാഗൺ മാതൃക നിർമ്മിച്ചിട്ടുണ്ട്. ഈ വാഗണിന്റെ നിർമ്മാണത്തിനുശേഷം ഹാളിന്റെ പേർ മുൻസിപ്പൽ ടൗൺ ഹാൾ എന്നതു മാറ്റി വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ എന്നാക്കുകയായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: