17.1 C
New York
Friday, July 1, 2022
Home Special ലോക ഒളിമ്പിക് ദിനം.

ലോക ഒളിമ്പിക് ദിനം.

ഇന്ന് ജൂൺ 23. രാജ്യന്തര ഒളിംപിക് ദിനം. എന്തുകൊണ്ടാണ് ജൂൺ 23 രാജ്യാന്തര തലത്തിൽ ഒളിംപിക് ദിനമായി ആചരിക്കുന്നത്? അതിനൊരു കാരണമുണ്ട്. ‘ഒളിംപിക്സ്’ എന്ന മഹത്തായ ആശയം ലോകത്തിന് സംഭാവന ചെയ്തത് പ്രാചീന ഗ്രീസ് ആയിരുന്നു. ഒളിംപിക്സിന്റെ ജനനവുമായി ബന്ധപ്പെട്ട് പല കഥകളും ഉപകഥകളും പ്രചാരത്തിലുണ്ട്. ബിസി 1253ൽ ഗ്രീക്ക് ശക്തിദേവനായ ഹെർക്കുലീസ് തുടക്കം കുറിച്ചതാണ് ഒളിംപിക്സ് എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ രേഖപ്പെടുത്തപ്പെട്ട ആദ്യ ഒളിംപിക്‌സ് നടന്നത് ബിസി 776ലാണ് എന്നതാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുളളത്. ഒളിംപിയയിൽ നാലു വർഷത്തിലൊരിക്കൽ അന്നുമുതൽ ഒളിംപിക്സ് നടന്നിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ആദ്യ മേളയിൽ ഒരൊറ്റ ഇനം മാത്രമേ നടന്നിരുന്നുളളൂ– സ്‌റ്റാഡിയോൺ എന്ന 192 മീ. (210 വാര) ഓട്ടമൽസരം. ഈയിനത്തിൽ മൽസരിച്ച കൊറോയിബസ് ആണ് ആദ്യ ഒളിംപിക് ജേതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.

ഒരു ദിവസം മാത്രമായി നടന്നിരുന്ന കായികമേള പിന്നീട് 5 ദിവസങ്ങൾ വരെ നീണ്ടു. മൽസരങ്ങളുടെ എണ്ണവും വർധിച്ചു. ബിസി 684ലാണ് ഏറ്റവും ഒടുവിൽ ഒറ്റദിന ഒളിംപിക്‌സ് നടന്നത്. ബിസി 140കളിൽ റോമക്കാർ ഗ്രീസിനെ ആക്രമിച്ചു കീഴടക്കി. റോമാഭരണത്തിൻ കീഴിൽ ഒളിംപിക്‌സിന്റെ മതപരമായ പ്രാധാന്യം നഷ്‌ടപ്പെട്ടുതുടങ്ങി. എഡി 393ൽ ഗ്രീസ് ഭരിച്ചിരുന്ന റോമൻ ചക്രവർത്തി തിയോഡോസിയൂസ് ഒന്നാമൻ ഒളിംപിക്സിന് നിരോധനം ഏർപ്പെടുത്തിയത്രെ.

ഒളിംപിക്സിന്റെ നിലവാരത്തകർച്ചയായിരുന്നു നിരോധനം ഏർപ്പെടുത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരു കായികമേള എന്നതിലുപരി വിഗ്രഹാരാധനയ്‌ക്കും ദേവപ്രീതിക്കുമായി നടത്തപ്പെടുന്ന ഉൽസവം എന്നതിലേക്ക് ഒളിംപിക്‌സ് തരംതാണതാണ് ഒളിംപിക്‌സ് നിരോധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നും ഒരു വാദമുണ്ട്.

🔹ആധുനിക ഒളിംപിക്‌സിന്റെ തുടക്കം

ഫ്രഞ്ചുകാരനായ ബാരൺ പിയറി ഡി കുബർട്ടിൻ (1863–1937) എന്ന മനുഷ്യസ്നേഹിയെ പുരാതന ഒളിംപിക്സ് ചരിത്രം ആവേശം കൊള്ളിച്ചു. ഗ്രീക്കുകാരുടെ പുരാതന കായിക സംസ്കാരം പുതിയൊരു ആഗോളസംസ്കാരത്തിലേക്ക് ലോകത്തെ നയിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. പരസ്‌പരം പോരടിച്ചുനിന്ന രാജ്യങ്ങളെ, വിശേഷിച്ച് യൂറോപ്യൻ രാഷ്‌ട്രങ്ങളെ ഒരു ലോകകായിക മേള ഒന്നിപ്പിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ മനസ് മന്ത്രിച്ചു. പുത്തൻ ഒളിംപിക്സ് എന്ന ആശയം അദ്ദേഹത്തിന്റെ മനസിൽ ഉദിച്ചു. ‘ഒളിംപിക്സിന്റെ പുനരുദ്ധാരണം’ എന്ന ആശയം 1892 നവംബർ 25ന് ഫ്രാൻസിലെ സോർബോണിൽ നടന്ന ഒരു സമ്മേളനത്തിൽ അദ്ദേഹം മുന്നോട്ടുവച്ചു. എന്നാൽ മറ്റു പ്രതിനിധികൾ കുബർട്ടിന്റെ ആശയങ്ങളോട് യോജിച്ചില്ല.

കുബർട്ടിൻ പിന്മാറിയില്ല. 1894 ൽ പാരിസിൽ നടന്ന അമച്വർ സ്പോർട്സിനെപ്പറ്റിയുള്ള ഒരു രാജ്യാന്തര സമ്മേളനം തന്റെ ആശങ്ക പ്രചരിപ്പിക്കുന്നതിനുള്ള വേദിയാക്കി മാറ്റി. 1894 ജൂൺ 16 മുതൽ 23 വരെ ഫ്രാൻസിലെ സോർബോണിൽ പന്ത്രണ്ടു രാജ്യങ്ങൾ പങ്കെടുത്ത അമച്വർ സ്പോർട്സിനെപ്പറ്റിയുള്ള ഒരു രാജ്യാന്തര സമ്മേളനമാണ് ആധുനിക ഒളിംപിക്സിന് വഴിതുറന്നത്. കുബർട്ടിൻ ഏറെ നാളായി ഉയർത്തിയ ഒളിംപിക്സ് എന്ന മഹത്തായ ആശയം ജൂൺ 23നാണ് അംഗീകരിക്കപ്പെട്ടത്. അവിടെവച്ചുതന്നെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (IOC) രൂപീകരിച്ചു. ഒളിംപിക്സ് മത്സരങ്ങൾ പുനഃരാരംഭിക്കാൻ തീരുമാനമായി. മഹത്തായ ആ ദിനത്തിന്റെ ഓർമയ്ക്കായി എല്ലാ വർഷവും ഒളിംപിക്സ് ദിനം ആചരിക്കാൻ 1942ൽ ചേർന്ന് ഐഒസിയുടെ സമ്മേളനത്തിൽ തീരുമാനമായി. ഗ്രീസിൽ നിന്നുള്ള ഡിമിത്രിസ് വികേലസ് ഐഒസിയുടെ പ്രഥമ പ്രസിഡന്റായി, കുബർട്ടിൻ സെക്രട്ടറി ജനറലും.

ആധുനിക ഒളിംപിക്സ് പുരാതന ഒളിംപിക്സിന്റെ ജന്മഭൂമിയായ ഒളിംപിയയിൽ നിന്നു തുടങ്ങട്ടെയെന്ന് ഐഒസി പ്രതിനിധികൾ നിർബന്ധം പിടിച്ചു. എന്നാൽ ഒരു രാജ്യാന്തരമത്സരം നടത്താനുള്ള സൗകര്യമൊന്നും അന്ന് ഒളിംപിയയിൽ ഇല്ലായിരുന്നു. മാത്രമല്ല, ഒളിംപിയയിൽ എത്തിച്ചേരാനും ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഗ്രീസിൽത്തന്നെയുള്ള ആതൻസ് നഗരത്തിൽവച്ച് ആധുനിക ഒളിംപിക്സിന്റെ ആദ്യമേള നടത്താൻ തീരുമാനമായി. 1896 ഏപ്രിൽ 6. ഉച്ചകഴിഞ്ഞ് 3 മണി. ചരിത്രമുറങ്ങുന്ന ആതൻസ് നഗരം. തുർക്കിയുടെ ആധിപത്യത്തിൽ നിന്ന് ഗ്രീസ് സ്വാതന്ത്ര്യം നേടിയതിന്റെ 75–ാം വാർഷികവും അന്നായിരുന്നു.

ഹെറോദേസ് ബിസി 320ൽ നിർമിച്ച ഏതൻസിലെ പിനാഥെനിക് സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്ന ജനസമൂഹത്തെ സാക്ഷിനിർത്തി ഹെല്ലനയിലെ ജോർജ് രാജാവ് ആധുനിക ഒളിംപിക്സിന്റെ പ്രഥമ മേള ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പ്രഥമ ഗെയിംസിൽ 14 രാജ്യങ്ങളിൽ നിന്നായി 241 അത്‍ലറ്റുകൾ പങ്കെടുത്തു. ഒൻപത് വിഭാഗങ്ങളിലായി 43 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. സ്ത്രീകൾ മത്സരിച്ചില്ല.

124 വർഷങ്ങൾ കടന്നുപോയി. കാലത്തിനൊപ്പം ഒളിംപിക്‌സും ഏറെ വളർന്നു. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയാണ് മത്സരങ്ങളെ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. നാലു വർഷത്തിലൊരിക്കൽ മത്സരങ്ങൾ നടത്തപ്പെടുന്നു. വേദി തെരഞ്ഞെടുക്കാൻ വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. 1916, 1940, 1944 വർഷങ്ങളൊഴിച്ച് എല്ലാ തവണയും ഒളിംപിക്സ് മഹാമേള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. ലോകമഹായുദ്ധങ്ങൾ കാരണമായിരുന്നു മൂന്നു തവണയും ഒളിംപിക്സ് മുടങ്ങിയത്. 2020 ൽ ടോക്കിയോയിൽ നടക്കേണ്ടിയിരുന്ന മേള കോവിഡ്19 മൂലം 2021 ൽ നടത്തി. ആഫ്രിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഒളിംപിക്‌സ് വിരുന്നിനെത്തി. 1924 മുതൽ നാലു വർഷത്തിലൊരിക്കൽ ശൈത്യകാല ഒളിംപിക്സും 1960 മുതൽ ഭിന്നശേഷിക്കാർക്കായി പാരലിംപിക്‌സും നടന്നുവരുന്നു.

ഫ്രഞ്ചുകാരനായ ബാരൺ പിയറി ഡി കുബേർട്ടിനെയാണ് ആധുനിക ഒളിംപിക്സിന്റെ പിതാവായി ലോകം വിശേഷിപ്പിക്കുന്നത്. സൈന്യത്തിൽനിന്ന് പിരിഞ്ഞശേഷം കുബർട്ടിൻ സാമൂഹികപ്രവർത്തനങ്ങളിൽ വ്യാപൃതനായി. പിന്നീട് കായികരംഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് ആധുനിക ഒളിംപിക്സിന് തുടക്കം കുറിക്കാനായത്. ഐഒസിയുടെ പ്രഥമ സെക്രട്ടറി ജനറൽ കുബർട്ടിനായിരുന്നു. 1896 വരെ അദ്ദേഹം സെക്രട്ടറിയായി തുടർന്നു. അതേ വർഷം പ്രസിഡന്റ് സ്‌ഥാനം ഏറ്റെടുത്തു. 1925വരെ ആ പദവിയിൽ തുടർന്നു. 1937 സെപ്‌റ്റംബർ രണ്ടിന് മരണം.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: