17.1 C
New York
Monday, September 27, 2021
Home Special ലൂണി നദി (നദികൾ സ്നേഹപ്രവാഹങ്ങൾ)

ലൂണി നദി (നദികൾ സ്നേഹപ്രവാഹങ്ങൾ)

✍സുജഹരി

വിജയം കൊണ്ട് മാത്രമല്ല പലരും സ്വയം ലോകത്തിൽ അടയാളപ്പെടുത്തുന്നത്, പരാജയം കൊണ്ടുകൂടിയാണ്.
വിജയിച്ചവർ മാത്രമല്ല ലോകത്തെ മുന്നോട്ടു നയിച്ചിട്ടുള്ളത്; പരാജയപ്പെട്ടവർ കൂടിയാണ്.

കടലിനെ പുണരാൻ വെമ്പൽ കൊള്ളുകയും, പരാജയപ്പെട്ടു ഭൂമിയിലേയ്ക്ക് ആണ്ടു പോവുകയും ചെയ്ത പാവമൊരു നദിയാണ് ലൂണി.

ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ
‘താർമരുഭൂമി’യെ ഒരു പച്ചത്തുരുത്താക്കുവാനും, അറബിക്കടലിലെത്തുവാനും ശ്രമിച്ച് പരാജയപ്പെട്ട പാവം നദി.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനവും, കോട്ട കൊത്തളങ്ങളുടെയും, രജപുത്രവീരരുടെയും, മുഗൾ രാജാക്കൻമാരുടെയും നാടുമായ, രാജസ്ഥാനിലെ, ആരവല്ലിപര്‍വ്വതനിരയിലെ നാഗകുന്നുകളിലാണ് ‘സാഗര്‍മതി’എന്ന ലൂണി നദി രൂപം കൊള്ളുന്നത്.

ഇവിടെ നിന്ന് തെക്കുപടിഞ്ഞാറന്‍ ദിശയിൽ ഒഴുകി, പുഷ്കർ തടാകത്തിൽ നിന്നുത്ഭവിക്കുന്ന സരസ്വതിയുമായി ചേർന്ന്, ലൂണി എന്ന മനോഹരനാമം സ്വീകരിച്ച്, 495 കിലോമീറ്റർ താണ്ടി തന്റെ ദീർഘയാത്രയ്ക്കൊടുവിൽ, ഗുജറാത്തിലെ ‘റാൻ ഓഫ് കച്ചി’ന്റെ വരണ്ട നിലങ്ങളിൽ വിലയം പ്രാപിക്കുന്നു.

“ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതെങ്കില്‍ കാഞ്ചന മൊയ്തീനുള്ളതാണ് ” എന്ന വാക്കുകള്‍ കടമെടുത്താൽ, പുഴ കാമുകിയും, കടല്‍ കാമുകനുമാണ്.
അങ്ങനെയെങ്കില്‍ കാമുകനില്ലാത്ത പുഴയാണ് ലൂണി !

ഉപ്പ് നദി” എന്നർത്ഥമുള്ള   ‘ലവണാവരി’യെന്ന സംസ്കൃതപദത്തിൽ  നിന്നാണ് ലൂണി എന്ന പേരിന്റെ ഉൽഭവം. റാൻ എന്ന വാക്കിന്റെ അർത്ഥവും “ഉപ്പ് ചതുപ്പ്” എന്നാണത്രെ.

നദിയുടെ ഒഴുക്കുവഴിയിൽ, രാജസ്ഥാനിലെ ബല്‍മോത്ര കഴിഞ്ഞുള്ള പ്രദേശത്ത് ഭൂമിയ്ക്ക് ഉപ്പുരസം അധികമാണെങ്കിലും, പ്രദേശത്തെ പ്രധാന നദിയും ജലസേചനോപാധിയും ലൂണിയാണ്.

താർ മരുഭൂമിയിലെ ഏറ്റവും വലിയ നദിയും
ഇന്ത്യയിലെ ഉപ്പുനദി, ഇന്ത്യയിലെ കര -ബന്ധിത നദി (Land – Locked river) എന്നീ വിശേഷണങ്ങളും ലൂണിയ്ക്ക് സ്വന്തം.

പതിനെട്ടാം നൂറ്റാണ്ടിൽ മഹാരാജ
ജസ്വന്ത് സിംഗ് ലൂണി നദിയിൽ നിർമ്മിച്ച ജസ്വന്ത്സാഗർ ഡാം, ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമതടാകങ്ങളിൽ ഒന്നാണ്.

‘ഖാജ മൊയ്നുദ്ദീന് ചിസ്തി’ എന്ന സൂഫി വര്യന്റെ ഖബറിടം സ്ഥിതി ചെയ്യുന്നതും, മനോഹരപർവ്വത നിരകളാൽ ചുറ്റപ്പെട്ടതുമായ അജ്മീർപട്ടണം, ലൂണി നദിക്കരയിലാണ്.

മണ്‍സൂൺ കാലത്ത് നിറഞ്ഞൊഴുകുമ്പോൾപോലും, റാന്‍ ഓഫ് കച്ചിലേക്കെത്തുമ്പോഴേക്കും നദി ശോഷിക്കുന്നുവെന്നത് അൽഭുതകരമാണ്. അവസാനഭാഗത്ത് ഏതാനും കയ്യുറവകളായും, പിന്നീട് നീര്‍ച്ചാലുകളായും നദി മാഞ്ഞു പോകുന്നു.

പതനഘട്ടത്തോടടുക്കുമ്പോൾ, ലൂണി ഭൂമിക്കടിയിലേക്കു പോകുന്നുവെന്നും, പിന്നീട് നദിയൊഴുകുന്നത് ഭൂമിക്കടിയിലൂടെയാണെന്നും ചിലർ കരുതുന്നു. എന്നാല്‍  റാന്‍ ഓഫ് കച്ചിലെ മണല്‍പ്പരപ്പിനെ, വകഞ്ഞു മാറ്റാന്‍ വെള്ളത്തിനു കഴിയില്ലെന്നും, ഇവിടെ എത്തുമ്പോഴേക്കും നദിയിലെ ജലം പരന്നൊഴുകുകയും, ബാക്കിജലം വേഗത്തില്‍ ആവിയായ് പോകുന്നുവെന്നുമാണ്, ശാസ്ത്രീയ വിശകലനം.

അന്ത്യം ദയനീയമെങ്കിലും, തുടക്കത്തിൽ പന്ത്രണ്ടോളം പോഷക നദികളിൽ നിന്നുള്ള ജലവും പേറി ആഘോഷത്തോടെ പാഞ്ഞെത്തുന്ന ലൂണിയുടെ കലിതുള്ളലിൽ, രാജസ്ഥാൻ എല്ലാവർഷവും വെള്ളത്തിൽ മുങ്ങാറുണ്ടുതാനും.

മഴയിൽ നിന്നും മലയിൽ നിന്നും സംഭരിക്കുന്ന ശുദ്ധജലം, മണ്ണിനും മനുഷ്യനും വേണ്ടത്ര നൽകാനാവാതെ, കടലിൽത്തള്ളി അഭിമാനം കൊള്ളുന്ന മറ്റുനദികളിൽ നിന്നു വ്യത്യസ്ഥയായി,
മോഹഭംഗത്തിലും നിരാശയാകാതെ, സംഭരിച്ച മുഴുവൻ വെള്ളവും മണ്ണിനു നൽകുന്നവളാണ് ഞാൻ എന്ന സംതൃപ്തിയോടെ, മരുഭൂജീവജാലങ്ങൾക്കു ജീവനും ജീവിതവും നൽകി, കണ്ണീരുപ്പു കലർന്ന ജലവുമായി ലൂണി ഒഴുകിയൊഴുകിയൊടുങ്ങുന്നു ….!

✍സുജഹരി

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: