എന്താ മാഷേ ഒരു കടലാസും കൈയ്യിൽപ്പിടിച്ച് ഇവിടെയിങ്ങനെ അനങ്ങാതെ നിൽക്കുന്നത് , ഞെട്ടിക്കുന്ന കാര്യംവല്ലതുമാണോ അതിൽ എഴുതിയിരിക്കുന്നത് ?
അഹാ.. ലേഖയോ , സ്കൂളിൽനിന്നും ഇതിലും നേരത്തേയാണല്ലോ താനെന്നും വരുന്നത് ഇന്നെന്തുപറ്റി വൈകിയല്ലോ ?
ഒന്നും പറയണ്ട എന്റെ പൊന്നു മാഷേ.. ഒരു കണക്കിനാണ് ബസ്സിൽ ബാഗുമായി കയറുന്നതും ഇരിക്കാൻ സീറ്റൊപ്പിക്കുന്നതും കഷ്ടകാലത്തിന് ഞാൻ പതിവായി വരുന്ന ബസ്സിന്ന് ബ്രേക്ക്ഡൗണായി പിന്നീടുള്ള കാര്യം മാഷിന് ഊഹിക്കാമല്ലോ ?
അപ്പോ, ബസ്സ് നിന്നുപോയതു കൊണ്ടാണ് ലേഖ വൈകിയതല്ലേ ?
ഞാൻ കയറിയ ബസ്സ് നിന്നുപോയതുകൊണ്ടല്ല മാഷേ..ഞങ്ങൾ സ്കൂൾ കുട്ടികളെ കണ്ടിട്ട് മറ്റുള്ള ബസ്സുകാർ നിർത്താതെ പോയതുകൊണ്ടാണ് വൈകിയത്. അതിരിക്കട്ടെ , മാഷെന്താ കൈയ്യിലൊരു തുണ്ടുകടലാസുമായി ഇവിടെയിങ്ങനെ ആലോചിച്ച് നിൽക്കുന്നത് ? എന്തുപറ്റി ?
മനസ്സിൽ കണക്കുകൂട്ടുന്നതുപോലെ കാര്യങ്ങൾ നീങ്ങുന്നില്ല കുട്ടീ :
വന്ന് വന്ന് … കണക്ക് പഠിപ്പിച്ച മാഷിനും കണക്ക് തെറ്റിത്തുടങ്ങിയോ ഈശ്വരാ … ?
ഞാൻ പഠിച്ചതും പഠിപ്പിച്ചതുമായ കണക്കുകൾ തെറ്റുന്നതല്ല കുട്ടീ … അത് , ശാസ്ത്രമാണ് . അതിലൊരു സത്യമുണ്ട്. എന്നാലിപ്പോൾ മനുഷ്യരുടെ കണക്കുകൂട്ടലുകൾ മനുഷ്യർ തന്നെ തെറ്റിച്ചു കൊണ്ടിരിക്കുകയല്ലേ ?
മാഷ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്താ കാര്യമെന്ന് ഒന്ന് തെളിച്ചുപറഞ്ഞൂടെ മാഷേ ?
അത് വേറൊന്നുമല്ലടോ , ഇപ്പോളെല്ലാവർക്കും ഉള്ളതുപോലെ ചെറിയ പ്രഷറും ഷുഗറുമെല്ലാം എനിക്കുമുണ്ട്. അതിനായി ഞാൻ സ്ഥിരമായിവാങ്ങുന്ന മരുന്നിന്റെ കുറിപ്പാണിത് പക്ഷെ ഈ മരുന്നിപ്പോൾ കിട്ടാനില്ല .പകരം മറ്റൊരു കമ്പനിയുടെ മരുന്നാണ് വരുന്നതെന്നാണ് മരുന്നു കടയിൽ നിൽക്കുന്ന ചെറുപ്പക്കാരൻ പറഞ്ഞത്. അതിന് പഴയ മരുന്നിന്റെ ഇരട്ടിവിലയാണെന്നും . മരുന്ന് വാങ്ങുവാനായി കൊണ്ടുവന്ന പണം തികയാത്തതുകൊണ്ട് എന്റെ മനസ്സിലെ കണക്കുകൂട്ടലുകളെല്ലാം തെറ്റി ..
ഹ ഹ ഹ അതല്ലെ മാഷേ ഞാനും ചോദിച്ചത് ?
ങ്ങ്ഹാ ..പറഞ്ഞിട്ടെന്തുകാര്യം അസുഖം മാറാൻ മരുന്നു കഴിച്ച മനുഷ്യരിപ്പോൾ മരുന്നു കഴിച്ചുണ്ടായ അസുഖം മാറാൻ മറുമരുന്നുകൾ തേടുന്നു. അവിടെയും ജീവൻരക്ഷാമരുന്നുകൾ വിലകൂട്ടി വിറ്റുകൊണ്ട് വേറെകുറേയാളുകൾ ലാഭംകൊയ്യുന്നു. ഇങ്ങനെപോയാൽ ഭാവിയിൽ മനുഷ്യർ ഭക്ഷണം വാങ്ങുന്നതിന് ചെലവാക്കുന്നതിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് മരുന്നുവാങ്ങുന്നതിനായിരിക്കും അതിലൊരു സംശയവും വേണ്ട.
റോബിൻ പള്ളുരുത്തി🖋️