നമസ്ക്കാരം മാഷേ …
മാഷ് , തിരക്കിലാണോ ?
എല്ലാ ഇതാര് ലേഖയോ ? താനിന്ന് സ്കൂളിൽനിന്നും നേരത്തെ വന്നോ ?അതോ ഇന്ന് അവധിയെടുത്തതാണോ ?
സ്കൂളിൽ പോയിട്ട് വന്നതാണ് മാഷേ. ഉച്ചവരെ ക്ലാസുള്ളു പക്ഷെ രാത്രിവരെ ചെയ്യാനുള്ള ഹോംവർക്ക് ടീച്ചർമാർ മുടങ്ങാതെ തരുന്നുണ്ട് …
അപ്പോ എന്നും പഠിക്കാനേറെയുണ്ട് അല്ലേ ?
അതു പിന്നെ പതുക്കെ പറയണോ മാഷേ ? എഴുതിയെഴുതി മനുഷ്യന്റെ കൈ കുഴഞ്ഞു .. ഇന്നും ഒരു ഉപന്യാസം എഴുതാൻ തന്നിട്ടുണ്ട് വിഷയം ” ശുചിത്വം ” .
അങ്ങ്ഹാ …. കൊള്ളാമല്ലോ നല്ല വിഷയമല്ലെ കിട്ടിയിരിക്കുന്നത് ? ലേഖയ്ക്ക് ഇതേക്കുറിച്ച് കുറെയധികം എഴുതാൻ കഴിയും …
മാഷെന്നെ കളിയാക്കുകയൊന്നും വേണ്ട നാളെ എന്തെഴുതി കൊണ്ടുപോകണമെന്നറിയാതെ ഞാനാകെ ടെൻഷനടിച്ചിരിക്കുകയാ, അപ്പോഴാണ് മാഷിന്റെയൊരു തമാശ .
ഞാൻ തമാശ പറഞ്ഞതല്ല , നമ്മുടെ ചുറ്റുമെന്ന് കണ്ണോടിച്ചാൽത്തന്നെ ശുചിത്വമെന്ന വിഷയത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ എത്രയോ ഉദാഹരണങ്ങൾ കിട്ടും. കുട്ടി കാണുന്നില്ലെ തെരുവിന്റെ ഇരുവശങ്ങളിലുമായി വലിച്ചെറിഞ്ഞിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കവറുകൾ, ഉപയോഗ ശൂന്യമായ വസ്തുക്കൾ, ഭക്ഷണ അവശിഷ്ടങ്ങൾ അങ്ങനെ പലതും … ഇത്തരത്തിലുള്ള മാലിന്യങ്ങൾ നമ്മുടെ നാടിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ നിരവധിയാണ് കുന്നുകൂടികിടക്കുന്നത് .. അതു മാത്രം മതിയല്ലോ ലേഖയ്ക്ക് നല്ലൊരു ഉപന്യാസം എഴുതുവാനുള്ള ഉദാഹരണം. പക്ഷെ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾക്ക് ഉത്തരവാദികൾ നമ്മൾ തന്നെയാണ് എന്നുള്ളത് എല്ലാവരും ബോധപൂർവ്വം മറക്കുന്നു …
അതെന്താ മാഷേ ?
വീട് നന്നായാൽ സമൂഹം നന്നായി എന്നാണ് . സമൂഹം നന്നായാൽ നാട് നന്നായി എന്നാണ്. അതുകൊണ്ട് ശുചിത്വത്തിന്റെ ബാലപാഠങ്ങൾ നമ്മൾ പഠിക്കേണ്ടത് നമ്മുടെ വീടുകളിൽ നിന്നുമാണ് എങ്കിൽ മാത്രമെ നമ്മുടെ നാട് മാലിന്യവിമുക്തമാകൂ. “ഭക്ഷണം പാഴാക്കാതിരിക്കുക അവ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കുക ഇത് നമ്മളെല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഒരു പരിധിവരെ നമ്മുടെ നാട്ടിൽ ശുചിത്വമെന്ന വാക്ക് യാഥാർത്ഥ്യമാകും”
റോബിൻ പള്ളുരുത്തി