.*പ്രിയ കൂട്ടുകാരേ നമസ്കാരം. ഞാൻ നിങ്ങളുടെ കാവിൽപ്പാട് മാഷ്. അ മുതൽ അം വരെയുള്ള സ്വരാക്ഷരങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു സ്വരാക്ഷരപ്പാട്ടു തന്നെയാവട്ടെ ഇന്നത്തെ ബാലപംക്തിയിൽ ആദ്യം *
*അമ്മ/എ.ബി.വി കാവിൽപ്പാട് *

അനുഗ്രഹമെന്നെന്നുമേകുമമ്മ
ആയുസ്സു ഹോമിക്കും മക്കൾക്കമ്മ
ഇതിഹാസവൃത്തങ്ങൾ ചൊല്ലുമമ്മ
ഈണത്തിൽ താരാട്ടുപാടുമമ്മ
ഉത്തമകൃത്യങ്ങൾ ചെയ്യുമമ്മ
ഊന്നായി വർത്തിക്കുമെന്നുമമ്മ
ഋക്ഷം പോൽ ശോഭ ചൊരിയുമമ്മ
എന്നുമേ സ്നേഹം വിടർത്തുമമ്മ
ഏകാഗ്രചിത്തയായ്മേവുമമ്മ
ഐശ്വര്യ ലക്ഷ്മിയാണെന്നുമമ്മ
ഒരുക്കുന്നു ആഹാരമെന്നുമമ്മ
ഓമനിച്ചൂട്ടീടുമെന്നുമമ്മ
ഔചിത്യബോധങ്ങളേകുമമ്മ
അംഗീകരിക്കേണം മക്കൾ നമ്മൾ!!!
അമ്മയുടെ മഹത്വങ്ങൾ എത്ര പറഞ്ഞാലും തീരില്ല. ഇനി നിങ്ങൾക്കായി ജോസ് പ്രസാദ് മാഷ് എഴുതിയ രസകരമായ ഒരു കഥ പറയാം
വേലു എലിയുടെ വേലകൾ /ജോസ് പ്രസാദ്

വേണു ഏട്ടൻ്റെ ഓടിട്ട വീടിൻ്റെ മച്ചിലാണ് വേലു എലിയും കുടുംബവും താമസിച്ചിരുന്നത്. അവിടെ വേലുവിന് നല്ല സുഖമാണ്. ഓടിട്ട വീടുകൾ അപൂർവമായ ഇക്കാലത്ത് ഇങ്ങനെ ഒരു താമസ സൗകര്യം ഒത്തു കിട്ടുക തന്നെ ഭാഗ്യമാണ്. പോരാത്തതിന് കൃഷിക്കാരനായ വേണു ഏട്ടൻ സൂക്ഷിച്ചു വെക്കുന്ന ഉണക്ക കപ്പ, നെൽവിത്ത്, വാഴക്കുല തുടങ്ങിയ ഭക്ഷണ സാധനങ്ങളും. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി അടുക്കളയിൽ കടന്ന് അവലും ശർക്കരയും വരെ മോഷ്ടിച്ചിട്ടുണ്ട് വേലു എലി.
എന്നാൽ തങ്ങളുടെ സാന്നിദ്ധ്യം വേണു ഏട്ടനും കുടുംബത്തിനും ഒരു ശല്യമാവാതിരിക്കാൻ വേലു എലി വളരെ ശ്രദ്ധിച്ചിരുന്നു. ശബ്ദമുണ്ടാക്കാതെ പാത്തു പതുങ്ങിയാണ് നടപ്പ്. രാത്രി വീട്ടിലുള്ളവരെല്ലാം ഉറക്കമായെന്ന് ഉറപ്പു വരുത്തിയിട്ടേ വേലു ഭാര്യയേയും മക്കളേയും കൂട്ടി മച്ചിൻ പുറത്ത് പാട്ടും നൃത്തവും ആഘോഷങ്ങളും തുടങ്ങൂ.
ഇത്രയൊക്കെ സൗഭാഗ്യങ്ങളുണ്ടായിട്ടും ഇവിടെ എന്തോ ഒരു കുറവുണ്ടെന്ന് വേലുവിന് തോന്നാറുണ്ടായിരുന്നു.
വേലുവിൻ്റെ രാത്രി ആഘോഷങ്ങൾ വേണുവേട്ടൻ്റെ ഉറക്കം കെടുത്തി തുടങ്ങിയിരുന്നു. ‘ഇവറ്റകളെ ഇങ്ങനെ വിട്ടാൽ പറ്റില്ല, ഇതിനൊരു പരിഹാരം കാണണം.’ വേണുവേട്ടൻ നിശ്ചയിച്ചു.
അങ്ങനെയാണ് ‘കിട്ടു’ എന്ന പൂച്ചക്കുട്ടനെ വേണുവേട്ടൻ വളർത്താനായി വീട്ടിലേക്ക് കൊണ്ടുവന്നത്.
‘മ്യാവൂ, മ്യാവൂ..’ എന്ന് ശബ്ദമുണ്ടാക്കി കിട്ടു ഇടയ്ക്കിടെ തൻ്റെ സാന്നിധ്യം അറിയിച്ചു. അതു കേട്ടപ്പോൾ ‘ഒരു ശത്രുവിൻ്റെ കുറവാണ് ഇവിടെ ഉണ്ടായിരുന്നത്’ എന്ന് വേലുവിന് മനസ്സിലായി. വേലുവും കുടുംബവും കൂടുതൽ ജാഗരൂകരായി.
ഇടയ്ക്ക് മച്ചിൻ്റെ വിടവിലൂടെ വേലു കൗതുകത്തോടെ കിട്ടുപ്പൂച്ചയെ ഒളിഞ്ഞു നോക്കും. പൂച്ചയെങ്ങാനും കണ്ടാൽ അവനെ കണ്ണിറുക്കി കാണിക്കും.
അങ്ങനെ വേലു എലി കിട്ടുപ്പൂച്ചയുടെ കൂട്ടുകാരനായി. എങ്കിലും ഓടി രക്ഷപ്പെടാനാവുന്ന അകലം പാലിച്ചു കൊണ്ട് മാത്രമായിരുന്നു കിട്ടുവിൻ്റെ കൂട്ട്.
ഒരിക്കൽ തനിക്കു കിട്ടിയ മീൻതലകളിലൊന്ന് എടുത്തുകൊള്ളാൻ കിട്ടു വേലുവിനോട് പറഞ്ഞതാണ്. എങ്കിലും റിസ്ക്കെടുക്കാൻ വേലു തയ്യാറായില്ല.
നാളുകൾ അങ്ങനെ കടന്നുപോയി. രാത്രി തട്ടിൻപുറത്തെ പാട്ടും മേളവും കേട്ട് പൂച്ചക്കുട്ടനും നൃത്തം ചെയ്യാൻ തുടങ്ങി.
ഒരു ദിവസം വേണുവേട്ടൻ്റെ ഭാര്യ അദ്ദേഹത്തോടു പറഞ്ഞു: ”വെറുതെ എന്തിനാണ് ഈ പൂച്ചയെ തീറ്റിപ്പോറ്റുന്നത്? ഇതിനെക്കൊണ്ട് എലിപിടിക്കാനൊന്നും കൊള്ളില്ല. എപ്പോഴും അടുക്കളയിലാണ്. ഇടക്കിടയ്ക്ക് പാത്രങ്ങളൊക്കെ തട്ടിമറിക്കുകയും ചെയ്യും.”
ഭാര്യ പറഞ്ഞത് ശരിയാണല്ലോ, എന്ന് വേണുവേട്ടനും തോന്നി. വേണുവേട്ടൻ കിട്ടുവിനെപ്പിടിച്ച് ഒരു തുണി സഞ്ചിയിലാക്കി വായ മൂടിക്കെട്ടി തൻ്റെ കാറിൽ കൊണ്ടുപോയി വെച്ചു.
വേലു എലി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവൻ വേഗം മച്ചിൽ നിന്നിറങ്ങി കാറിനുള്ളിൽ നുഴഞ്ഞു കയറി.
വേണുവേട്ടൻ കാറോടിച്ച് കുറേ ദൂരം പോയി. കാടു പിടിച്ച ഒരു സ്ഥലത്തെത്തിയപ്പോൾ പൂച്ചയെ ഉപേക്ഷിക്കാനായി അയാൾ കാറു നിറുത്തി. ഡോറു തുറന്നപ്പോൾ പൂച്ചയോടൊപ്പം ഒരു എലിയും പുറത്തേക്കു ചാടുന്നതാണ് വേണുവേട്ടൻ കണ്ടത്. സഞ്ചി നെടുനീളത്തിൽ മുറിഞ്ഞിരിക്കുന്നു!
എന്തായാലും പൂച്ചയോടൊപ്പം എലിയുടേയും ശല്യം തീർന്നതിൽ ഇരട്ടി സന്തോഷത്തോടെ വേണുവേട്ടൻ മടങ്ങി.
രാത്രിയായപ്പോൾ വേലു എലി കിട്ടുപ്പൂച്ചയുടെ പുറത്തു കയറി തട്ടിൻ പുറത്ത് മടങ്ങിയെത്തി. അച്ഛൻ കൂട്ടിക്കൊണ്ടു വന്ന പുതിയ കൂട്ടുകാരനെ വേലുവിൻ്റെ മക്കൾക്കെല്ലാം നന്നേ ബോധിച്ചു. താമസിച്ചില്ല, അവർ പാട്ടും നൃത്തവും മേളവും തുടങ്ങി…!
കഥ ഇഷ്ടമായില്ലേ കൂട്ടുകാർക്ക് .ഇനി ഒരു താരാട്ടുപാട്ടായാലോ? കുഞ്ഞിനെ ഉറക്കാൻ അമ്മമാർ പാടുന്ന താരാട്ടുപാട്ടുകൾ കേൾക്കാത്തവരായോ ഇഷ്ടപ്പെടാത്തവരായോ ആരും തന്നെ ഉണ്ടാവില്ല. ഇവിടെ ദീപ ടീച്ചർ കൊച്ചു കൂട്ടുകാർക്കായി ഒരു പുതിയ താരാട്ടുപാട്ട് അവതരിപ്പിച്ചിരിക്കുന്നതു നോക്കൂ
താരാട്ട്/ ദീപ വിനയചന്ദ്രൻ

തുമ്പപ്പൂച്ചേലുള്ള തുമ്പിപ്പെണ്ണേ,
തൂമയെഴുന്നൊരു കൊച്ചുപെണ്ണേ,
തൂമാനത്തെത്തി പനിമതിയും,
താരകൾകൂട്ടമായെത്തിടുന്നു.
താന്തോന്നിക്കാറ്റു വന്നെത്തി നോക്കി.
കുളിരുപകർന്നു കടന്നു പോയി.
പകലിൽ കളിച്ചു മതി മറന്നു,
നിന്നോമൽപാവയുറക്കമായി.
കൺകളിൽനിദ്രയണഞ്ഞതില്ലേ?
കൺമണീചാഞ്ചക്കം ചായുറങ്ങാം.
താരാട്ടുപാടിടാം കുഞ്ഞുവാവേ,
താളംപിടിച്ചിടാം നീയുറങ്ങൂ
ചേലിൽ ചിരിക്കുന്ന ചന്തക്കട്ടി
ചേമന്തിപ്പൂവുപോൽ കൊച്ചു മുഖം.
ചേറിൽ കൊരുത്ത ചെന്താമര പോൽ
അച്ഛൻ്റെ തോളിൽ മയങ്ങും മുത്തേ
രാരീരം രാരീരം രാരിരാരോ
രാരീരം രാരീരം രാരിരാരോ
ഒട്ടേറെ കടങ്കഥകൾ കൂട്ടുകാർക്കറിയാമല്ലോ.. താളത്തിൽ പാടി രസിക്കാവുന്ന ഒരു കടങ്കവിതയാവാം ഇനി .കടമക്കുടി മാഷ് കൂട്ടുകാരോടായി ചോദിക്കുന്ന ഈ കടങ്കവിതയുടെ ഉത്തരം സ്വയം കണ്ടെത്തി പറയണേ
പേരു പറയാമോ?/ പാപ്പച്ചൻ കടമക്കുടി

ഞാനൊരു മരമാണ് – എനിക്ക്
ശാഖകളില്ലല്ലോ.
പീലിവിരിച്ചാടും എന്നുടെ
ഓലകളെപ്പോഴും.
കുലകുലയായ് നിറയെ തൂങ്ങും
ഫലങ്ങളുണ്ടല്ലോ
പലഹാരങ്ങൾക്കും – കറിക്കും
രുചി നല്കീടുന്നു.
കേരളമെന്നൊരു പേർ – നാടിനു
കാരണമായതു ഞാൻ
ഞാനാരറിയാമോ എന്നുടെ
പേരും പറയാമോ?
ഉത്തരം കിട്ടിയോ കൂട്ടുകാരേ – ഇല്ലെങ്കിൽ വിഷമിക്കേണ്ട. ശരിയുത്തരം നാളത്തെ ബാലപംക്തിയിലൂടെ പറഞ്ഞു തരാം .ഇന്നത്തെ കുട്ടിപ്പാട്ടുകളും കഥയുമെല്ലാം എല്ലാവർക്കും ഇഷ്ടമായല്ലോ. നിങ്ങളുടെ അഭിപ്രായങ്ങൾ ബാലപംക്തിയെ എഴുതി അറിയിക്കണേ. രസകരമായ പാട്ടുകളും കഥകളുമായി നമുക്ക് നാളെ വീണ്ടും കാണാം
സസ്നേഹം
*കാവിൽപ്പാട് മാഷ് *
എല്ലാം ഒത്തിരി നന്നായിട്ടുണ്ട്. ട്ടോ.