ഈയടുത്ത കാലത്ത് ഒരുപാട് ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയാണ് ‘The Great Indian Kitchen’. അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ ഒരു സിനിമ. ഈ സിനിമ കണ്ട പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുന്ന ചില രംഗങ്ങളുണ്ടാവും. അതിന് കാരണം മറ്റൊന്നുമല്ല, ആ രംഗങ്ങൾ സിനിമയിൽ കാണും മുൻപേ നമ്മളിൽ പലരും നമ്മുടെ വീടുകൾക്കുള്ളിൽ തന്നെ കണ്ടുകഴിഞ്ഞതാണ്.
നമ്മുടെ വീടുകളിൽ അതല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ള വീടുകളിൽ ഇങ്ങനെയൊരു അടുക്കള കാണാം. ആ അടുക്കളയിൽ പുകഞ്ഞു കരിപിടിച്ചു അവസാനിക്കുന്ന ചില സ്ത്രീജന്മങ്ങളും. സിനിമയിലെ നായികയുടെ അത്രത്തോളമില്ലെങ്കിലും ഒരു സാധാരണ സ്ത്രീയുടെ ദിവസം ഏതാണ്ട് അതുപോലൊക്കെ തന്നെയാണ്. രാവിലെ നാലോ അഞ്ചോ മണിക്കുണരുന്ന അടുക്കള ഉറങ്ങുന്നത് രാത്രി പതിനൊന്നു മണിക്ക് ശേഷം. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചും വീട്ടുജോലിക്കൊപ്പം ഉദ്യോഗം കൂടി ഭരിക്കുന്ന സ്ത്രീയാണോ എന്നതിന് അനുസരിച്ചും ഈ സമയം അല്പം കൂടിയും കുറഞ്ഞുമിരിക്കും എന്ന് മാത്രം.
ഇവിടെയൊരു ചോദ്യം…ഭർത്താവിനെയും മക്കളെയും സന്തോഷത്തോടെ ഊട്ടുന്ന സ്ത്രീകളുമില്ലേ? പാചകവും വീട്ടുജോലികളും സന്തോഷത്തോടെ ചെയ്യുന്നവരുമില്ലേ?അങ്ങനെയുള്ള സ്ത്രീകളും ധാരാളമുണ്ട് എന്നത് തന്നെ ഉത്തരം. അത് തന്റെ മാത്രം കടമയെന്നു കരുതി സന്തോഷം കണ്ടെത്തുന്നവർ. പക്ഷെ അങ്ങനെയല്ലാത്ത സ്ത്രീകളും ഒരുപാടുണ്ട്. അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു കടമയായി, പെണ്ണിന്റെ മാത്രം ഉത്തരവാദിത്തമായി അടുക്കളയും വീട്ടുജോലികളും മാറേണ്ടതുണ്ടോ? പുരുഷന് പറ്റുന്ന ജോലികൾ, സ്ത്രീയ്ക്ക് പറ്റുന്ന ജോലികൾ എന്നിങ്ങനെ ഒരു വേർതിരിവ് സ്വന്തം കൂരയ്ക്ക് കീഴിൽ ആവശ്യമുണ്ടോ?
പാചകത്തിൽ സ്ത്രീകളെ സഹായിക്കുന്ന പുരുഷന്മാർ പോലും വീട്ടുജോലികളിൽ സഹായിക്കാൻ മടിക്കാറുണ്ട്. പാത്രം കഴുകലും വീട് വൃത്തിയാക്കലും വീട്ടിലെ മാലിന്യങ്ങൾ നശിപ്പിച്ചു കളയേണ്ടതും പെണ്ണിന്റെ മാത്രം കർത്തവ്യമായി മാറുന്നത് കാണാം. ഇതിന് ഉത്തരവാദികൾ ആണുങ്ങൾ മാത്രമല്ല, ആണും പെണ്ണും അടങ്ങുന്ന നമ്മുടെ സമൂഹം മുഴുവനും ഇതിന് ഉത്തരവാദികളാണ്.
ഒരു പെൺകുഞ്ഞിനെ ബാല്യം തുടങ്ങി തന്നെ അവൾ മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ടവളാണ് എന്ന തോന്നലോടെയാണ് വളർത്തുന്നത്. അവളുടെ വികാരങ്ങളും വിചാരങ്ങളും ചിരിയും ചിന്തയും എന്തിനധികം അവളുടെ രൂപവും ഭാവവും പോലും അതിനനുസരിച്ചു പാകപ്പെടുത്തിയെടുക്കുകയാണ് അവൾക്ക് ചുറ്റുമുള്ള സമൂഹം. പിന്നീട് അവൾ അതിനനുസരിച്ചു ജീവിക്കാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞിരിക്കും.
മറ്റൊരു മിഥ്യധാരണ ഉദ്യോഗമുള്ള സ്ത്രീകളെല്ലാം സ്വതന്ത്രരാണെന്നുള്ളതാണ്. സാമ്പത്തിക സ്വാതന്ത്ര്യം ആവാം ഈയൊരു ധാരണയ്ക്ക് ആധാരം. പക്ഷെ മാസം തികഞ്ഞാൽ കയ്യിൽ കിട്ടുന്നത് മുഴുവൻ ചില്ലിക്കാശ് വിടാതെ ഭർത്താവിനെ എല്പ്പിക്കേണ്ടി വരുന്ന സ്ത്രീകളുമില്ലേ ധാരാളം? സ്വന്തമായി സമ്പാദിച്ച പൈസ പോലും സ്വതന്ത്രമായി ചിലവാക്കാൻ അനുവാദമില്ലാത്ത അനേകം സ്ത്രീകൾ നമുക്കിടയിലുണ്ട്.
പലരും ചോദിച്ചു കേട്ടിട്ടുള്ള ഒരു ചോദ്യമാണ്. സ്ത്രീയ്ക്ക് ആരിൽ നിന്നാണ് മോചനം വേണ്ടത് എന്നത്. അച്ഛനിൽ നിന്നോ അതോ ഭർത്താവിൽ നിന്നോ അതോ സഹോദരനിൽ നിന്നോ അതോ മകനിൽ നിന്നോ? അവൾക്ക് മോചനം വേണ്ടത് ഇതിൽ നിന്നൊന്നുമല്ല എന്നതാണ് സത്യം. അവൾക്ക് മോചനം ലഭിക്കേണ്ടത് അവളിൽ നിന്ന് തന്നെയാണ്. സ്നേഹത്തിന്റെ പേരിൽ അടിമയാക്കപ്പെടേണ്ടവളല്ല താനെന്നുള്ള ഒരേയൊരു ബോധ്യം മാത്രം മതി ബന്ധങ്ങൾ ബന്ധനങ്ങളല്ലാതെ മാറാൻ. തന്റേത് മാത്രമെന്ന് സമൂഹം അടിച്ചേൽപ്പിച്ചിട്ടുള്ള, സ്വയം വിശ്വസിച്ച് പോരുന്ന കടമകൾ കുറ്റബോധത്തിന്റെ വിത്തുകൾ പാകാതിരിക്കാൻ ആത്മബോധത്തിന്റെ വെളിച്ചം അവളെ സഹായിക്കും.
അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് സ്ത്രീകൾ എത്തിയെന്നു നമ്മൾ അവകാശപ്പെടുന്നുവെങ്കിലും സത്യത്തിൽ അത് എല്ലായിടത്തും സംഭവിച്ചിട്ടുണ്ടോ? അരങ്ങത്ത് എത്തപ്പെട്ട സ്ത്രീകളിൽ തന്നെ എത്രയാളുകൾ സ്വതന്ത്രമായി ആട്ടമാടുന്നുണ്ട്? എത്ര സ്ത്രീകൾ ആരുടെയോ ആജ്ഞകൾക്കനുസരിച്ചു പാവക്കൂത്തു ആടുന്നു? ഇനി അരങ്ങത്തു സ്വതന്ത്രമായി ആട്ടമാടുന്ന എത്ര പേർക്ക് അടുക്കളയിൽ നിന്ന് മോചനം ലഭിച്ചിട്ടുണ്ട്? അടുക്കളയിലും അരങ്ങിലും ഒരുപോലെ ആടിത്തളരുന്നവരല്ലേ അവരിൽ ഭൂരിഭാഗവും? അടുക്കളയിലും അരങ്ങിലും അവൾക്ക് കൂട്ടായി, കൈത്താങ്ങായി മാറാൻ പുരുഷന് ശ്രമിച്ചുകൂടെ?
“അവൾക്ക് ഒരെല്ല് കൂടുതലാണ്. അത് ഞാനങ്ങു ഊരിയെടുക്കും ” എന്ന സ്ഥിരം സിനിമ ഡയലോഗ് പറയുന്ന ആണുങ്ങൾക്ക് പകരം അവളുടെ ആ അധികമായ എല്ലിന് കരുത്തും കരുതലും നൽകുന്ന അച്ഛനും സഹോദരനും ഭർത്താവും മകനും കാമുകനും കൂട്ടുകാരനുമായി മാറാൻ ഓരോ ആണിനും കഴിഞ്ഞാൽ അവിടെ വിജയിക്കുന്നത് ആണും പെണ്ണുമാണ്. ഈ സമൂഹം മുഴുവനുമാണ്. കാരണം അധികമായ ആ എല്ല് അവളുടെ ആത്മാഭിമാനമാണ്. അതൊരിക്കലും വളയാതെ കാക്കാൻ അവൾക്കാവട്ടെ. അതിനായി അവളെ ഒരുക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ!

നന്നായിരിക്കുന്നു !!
വളരെ നന്നായി എഴുതി. വനിതാ ദിനം ആചരിച്ചു, എന്നതുകൊണ്ട് വനിതക്ക് എന്ത് നേട്ടം ? Aa ഒരൊറ്റ ദിനം മാത്രം വനിതകളെ പറ്റി ചിന്തിച്ചാൽ മതിയോ ? വിദ്യാഭ്യാസം ലഭിച്ചാലും ഇല്ലെങ്കിലും വനിതകളുടെ കാര്യത്തിൽ, അവരോടുള്ള സമീപനത്തിൽ ഒരു മാറ്റവും കാണുന്നില്ല.
നല്ല ലേഖനം. ഓരോ വനിത ദിനത്തിലും സ്ത്രീയെ പുകഴ്ത്തി എഴുതും, പറയും,ആശംസകൾ അർപ്പിക്കും. അവിടെ തീർന്നുദിനാഘോഷം. സ്ത്രീ സർവ്വം സഹയാണ്. എന്നാൽ അതോരു ദൗർ ബല്യം ആയി ആരും കാണരുത്. അവൾ അടിമയല്ല, ആത്മാഭിമാനം അവൾക്കും ഉണ്ട് എന്ന് എന്ന് ആണിന് തോന്നുന്നോ അന്നേ അവൾക്കു സ്വാതന്ത്ര്യം കിട്ടൂ.നല്ലെഴുത്ത് ആശംസകൾ
ഇപ്പോഴും ചില പേജുകളിൽ വരുന്ന കുലസ്ത്റീ ഔട്ട് ഡേറ്റഡ് സ്റ്റോറീസ് കാണുമ്പോൾ ചൊറിഞ്ഞു വരാറുണ്ട്. ഇത് പോലുള്ളത് വായിക്കുമ്പോൾ തന്നെ ഒരു ആശ്വാസം.
നന്നായിട്ടുണ്ട് ….superb