മലയാളത്തിന് നൽകേണ്ട അടിസ്ഥാന പരിഗണന
മലയാളി ഉപയോഗിക്കുന്ന മലയാളം എഴുതാനുള്ള ലിപിയാണ് വേണ്ടത്. സംസ്കൃതത്തിൻ്റെയോ മറ്റേതെങ്കിലും ഭാഷയുടെയോ വ്യാകരണ നിയമങ്ങൾക്കോ നിരുക്തത്തിനോ അനുസരണമായി എഴുതാൻ വേണ്ടി മലയാളത്തിൽ ലിപി സങ്കീർണ്ണമാക്കിക്കൂട. മലയാളവ്യാകരണത്തിലെ ചില്ല് എന്ന സാങ്കേതിക സംജ്ഞ സംസ്കൃതത്തിലില്ല. അതിനാൽ സംസ്കൃതം മലയാളത്തിൽ എഴുതുമ്പോൾ ചില്ലക്ഷരം ഉപയോഗിക്കുന്നത് തെറ്റ് എന്ന മട്ടിലുള്ള വാദത്തിൽ കഴമ്പില്ല.മലയാളോച്ചാരണത്തിൽ സ്വരസ്പർശമില്ലാത്ത ഏതു ‘ല ‘കാരവും അത് വരുന്നത് മലയാള പദത്തിലോ സംസ്കൃത പദത്തിലോ എന്നാലോചിക്കാതെ ‘ൽ ‘ എന്നെഴുതിക്കാണിച്ചാൽ മതിയാകും. ഉദാഹരണം ഉൽസവം, ഉൽക്കർഷം, ശിൽപ്പം, ഉൽഘാടനം, അൽഭുതം.
ലിഖിത ഭാഷയുടെ ഏറ്റവും വ്യാപകമായ രൂപം അച്ചടിയാണ്. ലിപി വ്യ വസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായതും ഇനി ഉണ്ടാകുന്നതും ഈ മേഖലയിലെ ആവശ്യങ്ങൾ മുൻനിർത്തിയത്രേ. അതിനാൽ അവ കൂടി കണക്കിലെടുത്തു വേണം മാനക രൂപങ്ങൾ തീരുമാനിക്കുക. മറ്റു മാനദണ്ഡങ്ങളെ വളരെ സാരമായി ബാധിക്കാത്ത അവസരങ്ങളിലെല്ലാം ഈ പരിഗണനയ്ക്ക് മുൻതൂക്കം നൽകേണ്ടതുണ്ട്.
മലയാളിയുടെ കാഴ്ചപ്പാടിലെ മാതൃകാലിപി വ്യവസ്ഥയുടെ പ്രത്യേകതകൾ നിരവധിയാണ്.
- ചിഹ്നങ്ങളുടെ എണ്ണം ഏറ്റവും കുറവ്. 2.ഉച്ചാരണത്തിലോ അർത്ഥത്തിലോ സന്ദേഹ സാധ്യത ഏറ്റവും കുറവ്.
- അടിസ്ഥാന ചിഹ്നങ്ങളിൽ നിന്നും സങ്കീർണ്ണ ചിഹ്നങ്ങൾ രൂപവൽക്കരിക്കാനുള്ള നിയമങ്ങൾ ലളിതവും വ്യക്തവും എല്ലായിടത്തും ഒരുപോലെ പ്രസക്തവും.
- വ്യക്തമായ രൂപ വ്യത്യാസമുള്ള ലിപികൾ – പ്രത്യേകിച്ച് ഉച്ചാരണ സാമ്യമുള്ള സ്വനങ്ങളുടെ ചിഹ്നങ്ങൾ.
- ഉച്ചാരണത്തോട് ആവുന്നത്ര അടുപ്പമുള്ള ലേഖനവ്യവസ്ഥ. 6.കൈയെഴുത്തും അച്ചടി ലിപിയും തമ്മിൽ അങ്ങേയറ്റം ഇണക്കം.
- ലളിതമായ കരചലനങ്ങൾ വഴി സൃഷ്ടിക്കാവുന്ന ലിപികൾ. 8. ഈ ഗുണങ്ങളെ പരമാവധി സമന്വയിപ്പിക്കുന്ന ഒരു ലിപി വ്യവസ്ഥയാണ് നമ്മുടെ ലക്ഷ്യം.
ഡോ.സരിത അഭിരാമം .✍