(ജോർജി വർഗീസ് , ഫൊക്കാന പ്രസിഡൻറ്)
ഏതൊരു സംസ്കാരത്തിന്റെയും കണ്ണാടിയാണ് മാധ്യമങ്ങള്‍. അതുകൊണ്ട് സംസ്‌ക്കാരവും മാധ്യമങ്ങളും പരസ്പരം ഇണ ചേർന്നിരിക്കുന്നവയാണ്. മാധ്യമങ്ങള്‍ മനുഷ്യസംസ്‌ക്കാരത്തിന്റെ പരിണാമ വാഹകരാണ് എന്ന് പറയുന്നത് ഇതുകൊണ്ടാണ് . മനുഷ്യന്റെ വികാസവും, അതിനൊപ്പമുള്ള മാധ്യമ വളര്‍ച്ചയും പരിശോധിച്ചാല്‍ ഇക്കാര്യത്തിന്റെ സത്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. മനുഷ്യനില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അവന്റെ നിത്യ ജീവിതവുമായി മാധ്യമങ്ങള്‍ ഇഴുകിച്ചേർന്നിരിക്കുന്നു .
ഇക്കാരണത്താലാണ് ”ജനാധിപത്യവ്യവസ്ഥിതിയുടെ കാവല്‍ഭടന്മാരാണ് മാധ്യമങ്ങള്‍” എന്ന് അറിയപ്പെടുന്നത്.
മാധ്യമങ്ങള്‍ കാലങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയാണ്. അവ സംസ്‌ക്കാരത്തിന്റെ പ്രതിഛായയാണ്. കുടുംബബന്ധങ്ങളുടെ ഇടനിലക്കാരാണ് . മാധ്യമങ്ങള്‍ മനുഷ്യന്റെ വ്യക്തിത്വരൂപീകരണത്തിലെ ഒരു പ്രധാന ഘടകമായി മാറുന്നതിന്റെ കാരണവും മുകളിൽ പറഞ്ഞ ചില വസ്തുതകൾ കൊണ്ടാണ് .
ദൂരവും സമയവും ചുരുങ്ങിച്ചുരുങ്ങി ഈ വലിയ ലോകം ചെറിയ മനുഷ്യരുടെ കൈപ്പിടിയിലൊതുക്കിയ കാലത്ത് മാധ്യമങ്ങൾ പഴയ സങ്കേതങ്ങള്‍ വിട്ടൊഴിഞ്ഞ് പുതിയതിലേക്ക് ചേക്കേറിക്കഴിഞ്ഞു .അവിടെയാണ് ഓൺലൈൻ മാധ്യങ്ങളുടെ പ്രസക്തി .പുത്തന്‍ മാധ്യമ സംസ്‌ക്കാരം മനുഷ്യന് സന്തോഷവും , പ്രത്യാശ ഉളവാക്കുന്നതുമാകുന്നു. എന്നാല്‍ അവയ്‌ക്കൊപ്പം മുളച്ചുപൊന്തുന്ന ആശങ്കയുടെ ഭീതി നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല. മനുഷ്യന്‍ ഇന്നേറ്റവുമധികം ആശ്രയിക്കുന്ന ഘടകങ്ങളില്‍ ഒന്ന് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ പ്രയോജനപ്രദമായ ഒട്ടനവധി മേഖലകളില്‍ മനുഷ്യനെ സഹായിക്കുന്നുണ്ടെങ്കിലും, അവ കൊണ്ടുള്ള ദുഷ്ഫലങ്ങളും വിരളമല്ല എന്നും കൂടി പറയേണ്ടിയിരിക്കുന്നു .
പ്രിയ സുഹൃത്ത് രാജു ശങ്കരത്തിൽ ഫിലാഡെൽഫിയായിൽ നിന്ന് “മലയാളി മനസ്സ് ഡോട്ട് കോം ” എന്ന പേരിൽ ഒരു ഓൺലൈൻ സംരംഭം തുടങ്ങുന്നു എന്ന് അറിഞ്ഞപ്പോൾ ഇത്തരം ചില ചിന്തകൾ കൂടി പങ്കുവയ്ക്കാം എന്ന് കരുതി .അമേരിക്കൻ മലയാളികൾക്ക് ഇതൊരു ശുഭ വാർത്തയാണ് .കാരണം ഒരു ഓൺലൈൻ മാധ്യമം കൂടി നമ്മുടെ ഇടയിലേക്ക് വരുന്നു എന്നത് തന്നെ .ഓൺലൈൻ മാധ്യമം എന്ന നിലയിൽ മലയാളി മനസിന് ലോകം മുഴുവൻ ഉള്ള വാർത്തകൾ ജനങ്ങളിൽ എത്തിക്കുവാൻ സാധിക്കണം .ഒപ്പം അമേരിക്കൻ മലയാളികളുടെ വാർത്തകൾക്കും പ്രത്യേകം പ്രാധാന്യം നൽകുമെന്നും കരുതട്ടെ .
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വളർച്ചയിൽ അമേരിക്കൻ മലയാള മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട് .ഫൊക്കാനയുടെ തുടക്കം മുതൽ എല്ലാ മാധ്യമങ്ങളുമായി ഒരു ഹൃദയ ബന്ധം സ്ഥാപിക്കച്ചെടുക്കുവാൻ ഫൊക്കാനയ്ക്ക് സാധിച്ചു .ആ ബന്ധം മലയാളി മനസുമായും തുടരും എന്ന് ഈ ശുഭ വേളയിൽ അറിയിക്കട്ടെ …
മലയാളി മനസിന് ഫൊക്കാനയുടെ ഹൃദയം നിറഞ്ഞ ആശംസകൾ
സ്നേഹത്തോടെ
ജോർജി വർഗീസ്
ഫൊക്കാന പ്രസിഡന്റ്