2021 ലെ പുതുവത്സര ദിനത്തിൽ അമേരിക്കയിലെ ഫിലാഡൽഫിയയിൽ നിന്നും ശ്രീ രാജു ശങ്കരത്തിൽ മുഖ്യ പത്രാധിപരായി “മലയാളി മനസ്സ്” എന്ന പേരിൽ ഒരു സമ്പൂർണ്ണ ഓൺലൈൻ പത്രം പുറത്തിറക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
വളരെക്കാലം, ശ്രീ ചാക്കോ ശങ്കരത്തിൽ മുഖ്യ പത്രാധിപനായി, ആകർഷണീയമായ പുറം ചട്ടയോടും ഉള്ളടക്കത്തോടെയും കൂടി അമേരിക്കൻ മലയാളികളുടെ മനം കവർന്നിരുന്ന “രജനി” മാസികയുടെ പിന്നിൽ പ്രവർത്തിച്ചിരുന്ന ആളും അതെ കുടുംബത്തിലെ അംഗവുമായ ശ്രീ രാജു ശങ്കരത്തിൽ ആണ് ഈ പുതിയ സംരഭത്തിന് പിന്നിൽ എന്നത് വളരെയേറെ ആഹ്ളാദകരമാണ്. അമേരിക്കയിൽ, മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും എഴുത്തുകാരുടെയും വളർച്ചക്കായി വിലയേറിയ സംഭാവനകൾ നൽകിയ ഒരു നോവലിസ്റ്റും, ലാനയുടെ മുൻ സെക്രട്ടറിയുമായിരുന്ന ചാക്കോ ശങ്കരത്തിലും അതെ കാലയളവിൽ ലാനയുടെ പ്രസിഡന്റ് ആയിരുന്ന ഞാനും തമ്മിൽ അദ്ദേഹത്തിന്റെ അകാലമായ നിര്യാണം വരെയും അടുത്ത ബന്ധം പുലർത്തുകയും രജനിയിൽ എന്റെ രചനകൾ പ്രസിദ്ധീകരിക്കു കയും ചെയ്തിരുന്നു. ലാന എന്ന സംഘടന രൂപീകരിക്കാനും അതിനെ വളർച്ചയിലേക്ക് നയിക്കാനും ചാക്കോ ശങ്കരത്തിൽ ചെയ്ത പ്രവർത്തനങ്ങളും ഇത്തരുണത്തിൽ കൃതജ്ഞതയോടെ സ്മരിക്കുന്നു.
പ്രവാസജീവിതം വരിക്കേണ്ടി വരുന്ന ഏതു മലയാളിയും, അവന്റെ നാടിനെ മറന്നാലും ഭാഷയെ കൈവിടുന്നില്ല എന്നതാണ് സത്യം. അതിനു തെളിവാണ് അമേരിക്കയിലെ പ്രധാന സാഹിത്യ സംഘടനയായ ലാനയും ഇവിടത്തെ സജീവമായ എഴുത്തുകാരും അച്ചടി, ഇന്റർനെറ്റ് മാധ്യമങ്ങളും എല്ലാം. ഇവിടെ സജീവമായി നില നിന്നിരുന്ന പല അച്ചടി മാധ്യമങ്ങളും ഇന്ന് നിലച്ചു പോയിട്ടുണ്ട് എന്നതാണു ചരിത്ര സത്യം. അച്ചടി മാധ്യമങ്ങൾ പലതും ലോകവ്യപകമായി തന്നെ നിലനിൽപ്പിന്റെ ഭീഷണിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ, പ്രത്യേകിച്ചും മഹാമാരി പോലുള്ള ഭീഷണികളെ നേരിടുന്ന കാലഘട്ടത്തിൽ, എല്ലാം ഓൺലൈനായി ചെയ്യുന്ന ഈ കാല ഘട്ടത്തിൽ, ഭാവിയുടെ മാധ്യമങ്ങൾ തീർച്ചയായും ഓൺലൈൻ മാധ്യമങ്ങൾ ആയിരിക്കും എന്നതിൽ തെല്ലും സംശയമില്ല.
“മലയാളി മനസ്സ്” എന്ന മാധ്യമം, മലയാളിയുടെ മനസ്സറിയുന്ന, പ്രവാസിമലയാളിയുടെ മനസ്സിനെ തൊട്ടുണർത്തുന്ന, വിശ്വ മലയാളത്തിന്റെ മനസ്സാക്ഷിയാകുന്ന മാധ്യമമായി വളരട്ടെ. അമേരിക്കയിൽ, മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും എഴുത്തുകാരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചവരും, ആദ്യ കാലം മുതൽ മുൻപേ നടന്നവരുമായവരുടെ ദൗത്യം പിന്തുടരുന്ന യുവ ശക്തിയായി പ്രവർത്തിക്കാനും, മലയാളം മറക്കുന്ന മലയാളികളുടെയും പ്രവാസി മലയാളികളുടെയും നാവിലെ ആദ്യാക്ഷരിയായി നിത്യവും തെളിയട്ടെ. മലയാളിമനസ്സിന് എല്ലാവിധ വിജയാശംസകളും നേരുന്നു.
സ്നേഹത്തോടെ, പ്രാർത്ഥനകളോടെ, ജോസഫ് നമ്പിമഠം
