17.1 C
New York
Monday, September 25, 2023
Home Special മയ്യഴിപ്പുഴ (നദികൾ സ്നേഹപ്രവാഹങ്ങൾ)

മയ്യഴിപ്പുഴ (നദികൾ സ്നേഹപ്രവാഹങ്ങൾ)

തയ്യാറാക്കിയത്: സുജ ഹരി, തൃപ്പൂണിത്തുറ

മയ്യഴിപ്പുഴ

“മയ്യഴിപ്പുഴയൊഴുകീ തൃക്കാൽ ചിലമ്പു കിലുങ്ങീ
പളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളി “
എന്ന് കൈതപ്രം എഴുതി ജോൺസൺ മാഷിന്റെ
സംഗീതത്തിൽ യേശുദാസ് പാടിയ മനോഹരഗാനം കേൾക്കണമെന്നില്ല; മലയാളിക്ക് മയ്യഴിപ്പുഴയെ ഓർമ്മിക്കുവാൻ.

കാരണം അതിനുമെത്രയോ മുൻപു തന്നെ മയ്യഴിയുടെ കഥാകാരൻ ശ്രീ.എം.മുകുന്ദൻ
മയ്യഴിപ്പുഴയെ മലയാളിയുടെ ഹൃദയവികാരമാക്കിയിരുന്നുവല്ലോ.

‘മധ്യത്തിലുള്ള അഴി’ ആണ് മയ്യഴി.
‘ ഴ ‘ എന്ന മലയാള അക്ഷരം ഉച്ചരിക്കാനറിയാത്ത വിദേശികളാണ് മയ്യഴിയെ മാഹി യാക്കിയത്.

പശ്ചിമഘട്ടത്തിലെ വയനാടൻചുരത്തിൽ നിന്നുത്ഭവിച്ച് വയനാട്, കണ്ണൂർ കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന ഈ പുഴ, മയ്യഴിയിൽ വച്ച് അറബിക്കടലിൽ ചേരുന്നു. 54 കിലോമീറ്റർ നീളമുളള പുഴ മയ്യഴിയിലൂടെ വെറും മൂന്നു കിലോമീറ്റർ മാത്രം ഒഴുകിയിട്ടും ഇവൾ ‘മയ്യഴിപ്പുഴ’യായിത്തീർന്നുവെന്നത് ഏറെ കൗതുകമുണർത്തുന്നു.
ഈ കൊച്ചു നദിയാണ് ഇത്രയേറെ സംസ്കാരവും ചരിത്രവും കൈകോർക്കുന്ന മയ്യഴിപ്പുഴയെന്നതും വിസ്മയാവഹമാണ്.

മയ്യഴിയുടെ പ്രിയകഥാകാരൻ എം.മുകുന്ദൻ 1974-ൽ എഴുതിയ “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ” എന്ന വിഖ്യാത കൃതിയുടെ പശ്ചാത്തലം മയ്യഴിപ്പുഴയാണ്. നോവൽ
മയ്യഴിയെ കൂടുതൽ പ്രശസ്തയാക്കി.

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ
ഒരു ജില്ലയാണ് കേരളത്തിലെ മാഹി. ഇൻഡ്യയിലെ ബ്രിട്ടീഷ് ആധിപത്യ കാലത്ത് ഫ്രഞ്ചുകാരുടെ കൈവശമായിരുന്ന മാഹിയ്ക്ക് സ്വാതന്ത്ര്യം കിട്ടാനായി 1954 വരെ കാത്തിരിക്കേണ്ടി വന്നു.
‘മയ്യഴിഗാന്ധി’ യെന്നറിയപ്പെട്ട
ഐ.കെ. കുമാരനാണ് മയ്യഴിയുടെ വിമോചനനായകൻ.

യൂറോപ്യന്മാർക്ക് ഇൻഡ്യയിലേക്കുള്ള കവാടമായിരുന്നു മയ്യഴിപ്പുഴ. ഭൂമിശാസ്ത്ര പരമായ പ്രത്യേകത മാഹിയ്ക്ക് പ്രത്യേക പ്രധാന്യം നൽകി. ഫ്രാൻസിനേയും  ബ്രിട്ടനേയും  വേർതിരിച്ചിരുന്ന ഇംഗ്ലീഷ്ചാനൽ പോലെ, ഫ്രഞ്ചുമയ്യഴിയെ, തൊട്ടടുത്ത ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്നത് മയ്യഴിപ്പുഴയാണ് . അതാവാം മയ്യഴിപ്പുഴ
‘ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ ‘ ആയി അറിയപ്പെട്ടത്.

‘ വരത്തൻമാരുടെ ‘ കീഴിൽ ജീവിച്ച് സ്വത്വം നഷ്ടപ്പെട്ട ഒരു ജനതയുടെ കഥയാണ് മയ്യഴിപ്പുഴ പറയുന്നത്. മയ്യഴിക്കാരുടെ സംസ്കാരവും ജീവിതവും പുഴതന്നെയാണ്. വിദേശാധിപത്യത്തിന്റെയും അതിൻ്റെ പതിവു ചരിതങ്ങളിൽ നിന്നുമൊക്കെ വ്യത്യസ്തമായി, നാട്ടുകാർ വിദേശികളെ സ്നേഹിച്ച ചരിത്രം കൂടി മയ്യഴിയ്ക്കും, മയ്യഴിപ്പുഴയ്ക്കും പറയാറുണ്ട്.

മയ്യഴിയെന്ന ചെറിയ മുനമ്പിൽ ഒരുചെറിയപുഴ വലിയൊരു കടലിനെ ജയിക്കുന്നതും, വിദേശാധിപത്യത്തെ ചെറുത്തു തോൽപ്പിച്ച മയ്യഴിയെന്ന ചെറുദേശത്തിൻ്റെ ചരിത്രവും, മലയാളി അനുഭവിച്ചറിഞ്ഞത് ഈ നോവലിലൂടെയാണ്.
നോവലിൽ പറയുന്ന മൂപ്പൻ സായ് വിന്റെ ബംഗ്ലാവും , ഫ്രഞ്ചുകാർ നിർമ്മിച്ച പള്ളിയും ഇന്നും സ്മാരകങ്ങളായി സംരക്ഷിച്ചിട്ടുണ്ട്.

അക്കാലത്ത് ജലഗതാഗതവും ചരക്കു നീക്കവും ഇതിലൂടെ നടത്തിയിരുന്നു. പുഴയോരത്ത് മഞ്ചക്കലിൽ വാട്ടർ സ്പോർട്സ് കോംപ്ലക്സും ഒരു സംഗീതമണ്ഡപവും ഉണ്ട്. 

അതിപ്രശസ്തയായ മയ്യഴിക്ക് പക്ഷേ
‘മദ്യ’മെന്ന നാനാർത്ഥം കൂടിയുള്ളതായി
കേൾക്കുന്നു.

കേരളത്തിലെ ഏറ്റവും മലിനമായ നദികളിലൊന്നാണ് മയ്യഴിപ്പുഴ. മുകുന്ദൻ്റെ നോവലിലെ ‘മന്തുകാലൻ അന്തോണി’ യെപ്പോലെ തന്നെ അയാളുടെ പിൻമുറക്കാരും, മയ്യഴിപ്പുഴക്കരയിൽ ചുണ്ടത്തു ബീഡിയും കൊളുത്തി വച്ച് പുഴയെ മലിനമാക്കിക്കൊണ്ടിരിക്കുന്നതായി അസൂയക്കാർ പറയുന്നുണ്ട്.

ആത്മാക്കളുടെ വിശ്രമതീരമായ മയ്യഴിക്കടലിലെ വെള്ളിയാങ്കല്ലും, അതിനു മുകളിലൂടെ പാറിപ്പറക്കുന്ന തുമ്പികളും, ദാസനും, മൂപ്പൻ സായ് വിന്റെ ബംഗ്ലാവും കുറമ്പിയമ്മയുമെല്ലാം മയ്യഴിയുടെ തീരങ്ങളിലേയ്ക്ക് നമ്മെ
മാടി വിളിക്കുന്നു.

കുറ്റ്യാടിയിൽ കെട്ടിയുയർത്തിയ തടയണയോടു പിണങ്ങി, ഒരിക്കൽ വഴിമാറിയൊഴുകി എന്നതൊഴിച്ചാൽ, മയ്യഴിപ്പുഴയിൽ വെള്ളപ്പൊക്കം തീരെ പതിവില്ല.

കുറ്റ്യാടി മലയില്‍ നിന്ന് ഉത്ഭവിച്ച് പേരുമാറ്റി, കനകമലയുടെ നിഴലിലൂടെ,
പറഞ്ഞാലും കേട്ടാലും തീരാത്ത വിശേഷങ്ങൾ ബാക്കി വച്ചുകൊണ്ട്……
മറ്റു നദികളിൽ നിന്നും വ്യത്യസ്തയായി, കലിതുള്ളാതെ, ശാന്തയായി മയ്യഴി ഒഴുകുന്നു ….

സുജ ഹരി

FACEBOOK - COMMENTS

WEBSITE - COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്

ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട്...

രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്

ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍...

ലാസ്‌ വേഗാസ് മലങ്കര ഓർത്തഡോക്സ് ഇടവക ദൈവമാതാവിന്റെ ജനനപ്പെരുനാൾ ആഘോഷിച്ചു.

ലാസ്‌ വേഗാസ്: സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2023 ലെ പെരുന്നാൾ സെപ്റ്റമ്പർ 22,23 എന്നീ തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. 2006 ൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഇടവക, പരിശുദ്ധ...

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനം, സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാകും; കനേഡിയൻ പ്രതിരോധ മന്ത്രി.

ദില്ലി: ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ തന്നെ, ഇന്തോ – പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം കൂടുതൽ...
WP2Social Auto Publish Powered By : XYZScripts.com
error: