17.1 C
New York
Monday, December 4, 2023
Home Special മനുഷ്യന്‍ (ലേഖനം ) - ജയന്‍ വിജയന്‍ കോന്നി

മനുഷ്യന്‍ (ലേഖനം ) – ജയന്‍ വിജയന്‍ കോന്നി

ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും
കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും

നീറിപ്പിടയുന്ന ചില മനുഷ്യരെയും, എല്ലാം മറന്ന് പൊട്ടിച്ചിരിക്കുന്ന സമൂഹത്തെയും നോക്കി ഒരിക്കൽ ഒരു സിനിമ ഗാനം ഉണ്ടായി. ആ പാട്ടിന്റെ അലയടികൾ ഇന്നും മൂകമായി ഒഴുകിയെത്തുമ്പോൾ നഷ്ടസ്വപ്നങ്ങളുടെ ഓർമ്മകളുമായി മിഴിച്ചു നിൽക്കുന്ന ഒരു കൂട്ടം ജനങ്ങൾ.

ബന്ധങ്ങൾ നഷ്ടപ്പെട്ട മനുഷ്യർ, മുഖം മൂടിയണിഞ്ഞ മുഖങ്ങളിൽ ഒട്ടിച്ചു ചേർത്ത പുഞ്ചിരി, ഉള്ളിൽ കാപട്യത്തിന്റെ കാളിമ ഇതായിരിക്കുന്നു മനുഷ്യന്റെ മുഖമുദ്ര. അവന്റെ വ്യക്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു. മാനസികനില ശോചനീയമായ അവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. നന്മതിന്മകളെ തിരിച്ചറിയാനാവാതെ അവൻ ഓടുകയാണ്, സമയം നഷ്ടപ്പെടുത്താതെ.

നമുക്കെന്തുപറ്റി? ആർഷ ഭാരത സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യങ്ങൾ ഏറ്റുവാങ്ങാനുള്ള അർഹതപോലും നമുക്കിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയല്ലേ? ആരെയാണ് കുറ്റം പറയേണ്ടത്? ഇവിടത്തെ സാമൂഹ്യ വ്യവസ്ഥിതിയെയോ? ഭരണാധികാരികളെയാ? അതോ വാർത്താ മാധ്യമങ്ങളെയോ?

എല്ലാവരും പരസ്പരം പഴിചാരാൻ അവസരം കാത്തിരിക്കുമ്പോൾ കുറ്റം ചെയ്തവർ ആരുമുണ്ടാവില്ലല്ലോ. വേണ്ട, നമുക്കാരെയും കുറ്റം പറയേണ്ട. അല്ലെങ്കിൽ തന്നെ ഇവിടത്തെ സാമൂഹ്യ വ്യവസ്ഥിതി ഉണ്ടാക്കിയതും അത് തല്ലിത്തകർക്കുന്നതും ഈ നമ്മള്‍ തന്നെയല്ലേ? ഇവിടത്തെ കള്ളന്മാരേയും കൊലപാതകികളെയും സൃഷ്ടിക്കുന്നത് ഈ നമ്മൾ തന്നെയല്ലേ? പിന്നെന്തിന് മറ്റുള്ളവരെ പഴിക്കുന്നു?

“മനുഷ്യൻ, ഹാ എത്ര മനോഹരമായ പദം എന്ന് പണ്ട് ആരോ പറഞ്ഞു. അന്ന് ആ വാക്കുകൾക്ക് പ്രസക്തിയുണ്ടായിരുന്നു. പൂർണ്ണതയുണ്ടായിരുന്നു.. പക്ഷേ ഇന്നോ? വിവേചന ശക്തിയില്ലാത്ത മൃഗങ്ങളെക്കാൾ നീ ചമായി പെരുമാറുന്ന നിമിഷങ്ങളിൽ താൻ മനുഷ്യനാണെന്ന് മറന്നു പോകുന്ന ഒരു കൂട്ടം ജനങ്ങൾ. അതെ, നമുക്ക് സ്വന്തം മനസാക്ഷി പോലും നഷ്ടപ്പെട്ടിരിക്കുന്നു. ആത്മാർത്ഥമായ സ്നേഹ വാത്സല്യങ്ങൾ ഇവിടെ അപൂർവ്വമായിരിക്കുന്നു. എല്ലാം കാര്യസാദ്ധ്യത്തിനായുള്ള പ്രകടനങ്ങൾ മാത്രം. ഒന്നാലോചിച്ചു നോക്കൂ. ഓരോ ദിവസവും നാം എത്രമാത്രം അഭിനയിക്കുന്നു.

കള്ളത്തരങ്ങളറിയാത്ത ശൈശവത്തിന്റെ മുഖത്ത് നാം അഭിനയങ്ങളുടെ ആദ്യ പാഠങ്ങൾ പഠിപ്പിക്കാറില്ലേ? അടുത്ത വീട്ടുകാരെ നോക്കി കുട്ടി ചിരിക്കുമ്പോൾ അമ്മ പറയും “മോളെ, അനാവശ്യമായി ആരെയും നോക്കി ഇങ്ങനെ ചിരിക്കരുത് കുറച്ചൊക്കെ ഗൗരവം വേണ്ടേ? അന്നു മുതൽ അവൾ ചുണ്ടുകൾ കൂട്ടാനും ആരേയും നോക്കാതിരിക്കാനും പഠിക്കുന്നു.

ഈ മനോഭാവം നാട്ടിൻപുറങ്ങളെ അധികവും ബാധിച്ചിട്ടില്ലെന്ന് കുറച്ച് ദിവസത്തേക്ക് നമുക്ക് ആശ്വസിക്കാം. അവിടെ മനുഷ്യർക്ക് നഗരവാസികളോളം മുഖംമൂടിയില്ല. സങ്കുചിതത്ത്വത്തിന്റെ വേരുകൾ അവരുടെ മനസ്സിൽ ഇത്ര ആഴത്തിൽ കടന്നു ചെന്നിട്ടില്ല. എന്നാൽ നഗരങ്ങളിലാവട്ടെ, അത്യന്തം സഹതാപകരമായ ഒരു സ്ഥിതി വിശേഷമാണിന്നുള്ളത്. തന്റെ അപ്പുറത്തെ മുറിയിൽ താമസിക്കുന്നവൻ അവന് അജ്ഞാതനാണ്. അവരോട് സംസാരിച്ചു നിൽക്കാൻ നമുക്ക് നേരമില്ല. നേരമുണ്ടെങ്കിൽ തന്നെ പരിചയപ്പെടാൻ ഒട്ടും ആഗ്രഹവുമില്ല. ഓരോരുത്തർക്കും അവനവന്റെ കാര്യങ്ങൾ മാത്രം.

നമ്മുടെ ആ നല്ല മനസ്സുകൾക്ക് എന്തുപറ്റി? വഴിവക്കിൽ കിടക്കുന്ന ഒരു മനുഷ്യനെ അടുത്ത് ചെന്ന് നോക്കാനുള്ള സന്മനസ്സു പോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ആർക്കും സമയമില്ല, മാത്രമല്ല പേടിയും. തന്റെ വിലപ്പെട്ട സമയം ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും കോടതിയിലുമായി നഷ്ടപ്പെട്ടെങ്കിലോ?
പരസ്പരം പേടിക്കുന്ന സമൂഹം. എല്ലാവർക്കും എല്ലാവരെയും സംശയമാണ്. ഒരു സുഹൃത്ത് ഒരിക്കലെന്നോട് പറഞ്ഞു ” എനിക്ക് പാമ്പുകളെയോ പ്രേതങ്ങളെയോ പേടിയില്ല. ചുറ്റുമുള്ള മനുഷ്യനെയാണ് പേടി “.

ഭാര്യയാൽ ചതിച്ചു കൊല്ലപ്പെടുന്ന ഭർത്താവ്, പുരുഷന്റെ ദുരയിൽ വെന്തു വെണ്ണീറാകുന്ന സ്ത്രീ, പണത്തിനും ഭൂമിക്കും വേണ്ടി കൊലപാതകങ്ങൾ നടത്തുന്ന സഹോദരൻമാർ, സ്വന്തം സുഖത്തിനു വേണ്ടി മക്കളെ കൊല്ലുന്ന അമ്മമാർ, നമുക്കാരെയാണ് വിശ്വാസം? സ്വന്തം മനസാക്ഷിയോടു പോലും വിശ്വാസം പുലർത്താൻ നമുക്ക് കഴിയുന്നുണ്ടോ?

എല്ലാം പണത്തിലും പ്രതാപത്തിലും സൗന്ദര്യത്തിലും നിലനിൽക്കുന്ന സ്നേഹ ബന്ധങ്ങൾ. ഇവയുടെ പേരിൽ നാം വ്യക്തികളെ തരംതിരിക്കുന്നു. പണത്തിന്റെ പേരിൽ സൗന്ദര്യത്തിന്റെ പേരിൽ പലരും ഉയരുമ്പോൾ അർഹതയുണ്ടായിട്ടും അവഗണിക്കപ്പെടുന്ന മറ്റൊരു വിഭാഗം.

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെ കുറ്റം പറയാൻ നമുക്ക് അർഹതയുണ്ടോ? മറ്റൊരു തരത്തിൽ നാം ഓരോരുത്തരും അതു തന്നെയല്ലേ ചെയ്യുന്നത്? എത്ര പേർ നമ്മളാൽ അവഗണിക്കപ്പെടുന്നു, വെറുക്കപ്പെടുന്നു, വേദനിക്കപ്പെടുന്നു. അവസാനം എല്ലാവരിൽ നിന്നും എല്ലാം നിഷേധിക്കപ്പെടുമ്പോൾ അവർ നമ്മെ തുറിച്ചു നോക്കും, ക്രോധത്തോടെ, വൈരാഗ്യത്തോടെ, വെറുപ്പോടെ. അതെ, അവർ മറ്റൊരു സമൂഹമായി മാറുന്നു. എല്ലാവരാലും വെറുക്കപ്പെടുന്ന സമൂഹം. ചുരുക്കി പറഞ്ഞാൽ ആരാണ് ഇതിനെല്ലാം ഉത്തരവാദികൾ?

നമുക്ക് നമ്മെ മാത്രം കുറ്റപ്പെടുത്തിയാൽ മതി. ഇവിടത്തെ നന്മകൾക്കും ദുരന്തങ്ങൾക്കും നാം അല്ലാതെ ആരാണ് ഉത്തരവാദികൾ? സ്നേഹബന്ധങ്ങൾ നഷ്ടപ്പെട്ട നമ്മിൽ നിന്നും സ്നേഹസമ്പന്നമായ ഒരു തലമുറ ഉണ്ടാകുമോ? വിശ്വാസ്യതയുടെ പൊരുളറിയാത്ത നമ്മിൽ നിന്നും കെട്ടുറപ്പുള്ള ഒരു സമൂഹം ഉണ്ടാകുമോ? പരസ്പരം വെറുക്കുകയും വെറുക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന ഇവിടത്തെ തലമുറയിൽ നിന്ന് പുതിയ തലമുറയ്ക്ക് എന്ത് ലഭിക്കും?

നാം തീർച്ചയായും മാറിയേ പറ്റൂ. നമ്മുടെ വരണ്ട മനസ്സുകളെ, പരദൂഷണം കേട്ട് തഴമ്പിച്ച കാതുകളെ മാറ്റിയെപറ്റൂ. ഈ നൂറ്റാണ്ടിൽ നാം അഭിമാനകരമായ പല പുരോഗതികളും കൈവരിച്ചു. നേട്ടങ്ങളുടെ പടവുകൾ വിജയകരമായി ചവിട്ടിക്കയറി. പക്ഷേ വഴിയിൽ എവിടെയോ നമ്മുടെ വിലപ്പെട്ട മനസാക്ഷി നഷ്ടപ്പെട്ടിരിക്കുന്നു.

നമുക്കത് വീണ്ടെടുക്കാൻ ശ്രമിക്കാം. അതുപയോഗിച്ച് വീണ്ടും മഹത്തായ ഒരു ജനതയെ സൃഷ്ടിക്കാം. ഊഷ്മളമായ സ്നേഹത്തോടെ , സൗഹൃദത്തോടെ പരസ്പരം അശ്ലേഷിക്കുന്ന ഒരു ജനതയെ, സ്നേഹത്തിന്റെയും ദയയുടെയും സാന്ത്വനത്തിൻെറയും ഭാഷയായിരിക്കണം നമ്മിൽ നിന്ന് അവർ കേൾക്കേണ്ടത്. അവരൊരിക്കലും അവഗണിക്കപ്പെടരുത്, വെറുക്കപ്പെടരുത്…
നമുക്ക് മനുഷ്യന്‍ എന്ന പദത്തിന്റെ പൂര്‍ണ്ണതയിലേക്കെത്താം..

ജയന്‍ വിജയന്‍ കോന്നി

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം; മാർഗ്ഗ നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്.

ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ്...

ശബരിമല ദര്‍ശനത്തിന് ഏഴ് മണിക്കൂറോളം ക്യൂ, തിരക്ക് കൂടി,പൊലീസിന്‍റെ നടപടികള്‍ക്കെതിരെ വ്യാപക പരാതി.

ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. തിരക്ക് കൂടിയതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഭക്തർ. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക പരാതിയും ഉയരുകയാണ്. തീർത്ഥാടനം തുടങ്ങിയ ശേഷം...

തിരിച്ചടിയിൽ നിന്ന് കോൺഗ്രസ് പാഠമുൾക്കൊള്ളണം -മുഖ്യമന്ത്രി.

പാലക്കാട്: സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെ കൂടെ നിര്‍ത്താതെ ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാം എന്ന കോണ്‍ഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടിയാണ് രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തിരിച്ചടിയില്‍...

മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് തുരങ്കത്തിലൂടെ കുതിക്കാം; ടെന്‍ഡര്‍ ക്ഷണിച്ച് കൊങ്കണ്‍ റെയില്‍വേ.

മലപ്പുറം: വർഷങ്ങളായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആനക്കാം പൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. 1736.45 കോടി രൂപയ്ക്ക് കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് രണ്ടുപാക്കേജായി ടെൻഡർ വിളിച്ചത്. കോഴിക്കോട്- മലപ്പുറം ജില്ലകളിൽനിന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: