സ്കൂൾ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓർമ്മകൾ പലതുമുണ്ട്
ഞാൻ ഒന്നു മുതൽ പത്തുവരെ കണ്ണൂർ പാല യിലുള്ള ഗവൺമെന്റ് ഹൈസ്കൂളിൽ ആണ് പഠിച്ചത്. ഒന്നാംക്ലാസിൽ തുടങ്ങുന്ന ആ യാത്രയിൽ എത്ര പേരെയാണ് നമുക്ക് കൂട്ടായി കിട്ടുന്നത്. പിന്നീട് അറിവിനൊപ്പം കൂട്ടുകാരെയും സമ്പാദിച്ചു പോകുമ്പോൾ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പിടി ഓർമ്മകളുമായാണ് മനസ്സിനുള്ളിൽ ആ കാലം ബാക്കി വെക്കുന്നത്. ഒരേ ബെഞ്ചിലിരുന്ന് കഥ പറഞ്ഞവർ കാലത്തിന്റെ ഒഴുക്കിൽ പലവഴിക്ക് പിരിഞ്ഞാലും ആ സൗഹൃദങ്ങളോടൊത്തുള്ള നിമിഷങ്ങൾ അത്രയും ഹൃദയത്തിനുള്ളിൽ എന്നും നിറഞ്ഞു നിൽക്കും.
ജീവിതത്തിൽ നാം ഓരോരുത്തരും ആഗ്രഹിക്കുന്നതാണ് നമ്മുടെ സ്കൂൾ കാലഘട്ടം തിരിച്ചുകിട്ടാൻ. അതുപോലെ ഞാനും ആഗ്രഹിക്കുന്നു.കിട്ടില്ലെന്നറിഞ്ഞിട്ടും.
പണ്ടേ, ചെറിയ ക്ലാസ് മുതൽ എനിക്ക് സ്കൂളിൽ പോകാൻ ഭയങ്കര ഇഷ്ടമായിരുന്നു. അത് എന്തെന്ന് അറിയില്ല എനിക്ക് വീട്ടിലിരിക്കുന്നത് ഇഷ്ടമല്ല. ചില കുട്ടികൾക്ക് വീട്ടിൽ ഇരിക്കുന്നതാണ് ഇഷ്ടം.
പഠനം നാലാം ക്ലാസ് മുതൽ കരുതലോടെ പഠിച്ചു തുടങ്ങി.പഠിപ്പി നൊപ്പം പാഠ്യേതര വിഷയങ്ങളും എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. ഡാൻസ് എനിക്ക് വളരെ ഇഷ്ടമായിരുന്നു. പക്ഷേ അത് പഠിപ്പിക്കാൻ അമ്മയുടെ കയ്യിൽ പൈസ ഇല്ലാത്തതുകൊണ്ട് ഞാൻ അതിനെ ഉപേക്ഷിച്ചു. പക്ഷേ പാട്ടുപാടുമായിരുന്നു. പാട്ട് അറിയാത്ത ഞാൻ എന്നും പാട്ട് മത്സരത്തിൽ പങ്കെടുക്കുമായിരുന്നു. സ്റ്റേജിൽ ഒന്ന് കേറി പാടുക അത്രയേ ഉദ്ദേശിക്കുന്നുള്ളൂ.
സന്തോഷത്തോടെയുള്ള സ്കൂളിൽ യാത്രയ്ക്ക് കൂട്ടായി പൊട്ടിയ സ്ലേറ്റും ചെറിയ കഷ്ണം പെൻസിലും ഉണ്ടാവും. സ്ലൈറ്റ് പൊട്ടിപ്പോയാൽ ഒന്നും അമ്മ വാങ്ങി തരില്ല. ചിലപ്പോൾപൊട്ടിയ സ്ലൈറ്റിന്റെ കഷണം പിള്ളേര് എടുത്ത് അപ്പക്കഷണം… അപ്പക്കഷണം എന്നു പറഞ്ഞു കളിയാക്കും. അതിലൊന്നും ഞാൻ കുലുങ്ങില്ല. 😀
പിള്ളേര് പറഞ്ഞു വായ് കടയുമ്പോൾ നിർത്തിക്കോളും.
ഞാനെന്നും ഉന്മേഷത്തോടെ കൂടിയേ എന്ത് കാര്യവും ചെയ്യാറുള്ളൂ അന്നും ഇന്നും.
പണ്ടൊക്കെ ചെറിയ ക്ലാസിലെ കുട്ടികൾ ഷഡ്ഡിയിൽ മലവിസർജനം നടത്തുമ്പോൾ അപ്പോഴൊക്കെ അവരുടെ ചേച്ചിമാരെ പോയി വിളിക്കുന്ന ചുമതല എനിക്കായിരുന്നു.
ഞങ്ങളുടെ സ്കൂൾ ഹൈസ്കൂൾ ആയതുകൊണ്ട് ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.
സ്കൂളിലേക്ക് പോകുന്നത് പലരും പല സമയത്തായിരിക്കും എങ്കിലും സ്കൂൾ വരുമ്പോൾ എല്ലാവരും ഒരുമിച്ചാണ് ഇറങ്ങുക.
അപ്പോൾ ഏറ്റവും മുൻനിരയിൽ പോയി പുറകെ വരുന്ന കുട്ടികളെ നോക്കുന്ന കാഴ്ച എനിക്കിഷ്ടമായിരുന്നു ഒരു പുഴ ഒഴുകി വരുന്ന പോലെ കുട്ടികൾ ഒഴുകി വരുന്നുണ്ടായിരിക്കും. അത് കാണാൻ നല്ല രസമാണ്..
മഴക്കാലമായാൽ സ്കൂൾ വിട്ട് വരുമ്പോൾ പലർക്കും കുട ഉണ്ടാവില്ല .. കുട ഉള്ളവരുടെ കൂടെ രണ്ട് മൂന്ന് കുട്ടികൾ അവരുടെ കുടക്കീഴിൽ ഉണ്ടാവും..
കുഞ്ഞുനാളിൽ ഒക്കെ ഉച്ചഭക്ഷണം പലദിവസങ്ങളിലും ഉണ്ടാവില്ല. സ്കൂളിൽ ഉപ്പുമാവ് ഉണ്ടെങ്കിൽ വിശക്കാതെ ഇരിക്കും. ഇല്ലെങ്കിൽ പട്ടിണി തന്നെ. ചില ദിവസങ്ങൾ കൂട്ടുകാരികളുടെ വീട്ടിൽ പോകും.
സ്കൂളിൽ അധ്യാപകരുടെ മക്കൾ ആയിട്ടുള്ളവർക്ക് പ്രത്യേക പരിഗണന എപ്പോഴും ലഭിക്കും. ഒരു കൂട്ടം തന്നെ ഉണ്ടാകും അവരുടെ കൂടെ അവരുടെ വാലെ തൂങ്ങി നടക്കാൻ. ഞാൻ ഇതൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല എനിക്ക് എല്ലാവരും ഫ്രണ്ട്സ് ആണ്. ഒരുദിവസം ദേഷ്യം വന്നപ്പോൾ നാരായണൻ മാഷിന്റെ മകൾ ലീന അവളെപ്പറ്റി ഞാൻ ചുമരിൽ എഴുതി വച്ചു. ലീന വിചാരിക്കുന്നു അവൾ വലിയ ലോകസുന്ദരി ആണെന്ന്. എന്നിട്ട് ഞാൻ തന്നെ അവരെ കാണിച്ചു കൊടുത്തു. അവൾ കിടന്നു കരയാൻ തുടങ്ങി. എന്നിട്ടും ഞാൻ മിണ്ടിയില്ല അത് ഞാനാണ് എഴുതിയത് എന്ന്. എനിക്ക് അത്രയ്ക്ക് ദേഷ്യം വന്നത് കൊണ്ടാണ് ഞാൻ അങ്ങനെ എഴുതിയത്. 😀.. ആ കാര്യം ഇന്നും ആർക്കും അറിയില്ല. ഇത് എഴുതുന്നത് വരെ.. അതെല്ലാം ഓർത്താൽ ചിരിക്കാനും, അന്ന് അവളെ വിഷമിപ്പിച്ചതിന്റെ വേദനയുമുണ്ട്.
സ്കൂളിനടുത്തുള്ള നമ്പ്യാരുടെ കടയിൽ നിന്നും കടല മിഠായിയും,മണിക്കടലയും. പുളി മുട്ടായിയും ഒക്കെ മേടിച്ചു തിന്നലായിരുന്നു എന്റെ ഹോബി. അതിനുള്ള വരുമാനം ഞാൻ ഇലഞ്ഞിപ്പൂവ് പെറുക്കി മാലകോർത്തു വിൽക്കും.(ഇലഞ്ഞിപ്പൂവ്
ഉള്ളപ്പോൾ )
സ്കൂളിൽ പഠിക്കുമ്പോൾ ചെറിയൊരു ചട്ടമ്പി ആയിരുന്നു ഞാൻ. ആരെയും കൂസാതെ എന്നെ ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കും. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ തിരിച്ചു നല്ലോണം പറയും…ഇന്നതൊക്കെ ഓർക്കുമ്പോൾ ചിരി വരും….
ജീവിതത്തിൽ പല അധ്യാപകരും നമ്മെ പഠിപ്പിച്ചിട്ടുണ്ട് എങ്കിലും, ചില ഗുരുക്കന്മാരെ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. വീടിനടുത്തുള്ള രാധാകൃഷ്ണൻ മാഷ് അദ്ദേഹം നല്ല മനസ്സിന്റെ ഉടമയായിരുന്നു. അവരുടെ വീട്ടിൽ ആരു ചെന്നാലും എന്തെങ്കിലും കൊടുത്തിട്ട് മാത്രമേ അവർ പോകാൻ അനുവദിക്കുകയുള്ളൂ.. ആ നാട്ടിൽ ആർക്കും ഇല്ലാത്ത പ്രത്യേകതയായിരുന്നു അത്… രാധാകൃഷ്ണൻ മാഷ് മലയാളം ആയിരുന്നു പഠിപ്പിച്ചിരുന്നത്. മുൻപിൽ ഇരിക്കുന്നവരുടെ മുഖത്ത് സാറിന്റെ തുപ്പൽ എപ്പോഴും തെറിക്കും.
പാവം സാർ. അതൊന്നും ഞങ്ങൾക്ക് പ്രശ്നമായിരുന്നില്ല. നല്ലൊരു അധ്യാപകൻ ആയതുകൊണ്ട് നന്നായിട്ട് പഠിച്ചിരുന്നു ഞങ്ങൾ ക്ലാസിലെ ഓരോരുത്തരും. അദ്ദേഹം അന്ന് പഠിപ്പിച്ച അക്ഷരങ്ങളുടെ മഹാത്മ്യം ആയിരിക്കാം ഇന്ന് ഇതൊക്കെ എഴുതാൻ എനിക്ക് പ്രേരകശക്തി ആയതു എന്ന് പറയാം. ഇതുപോലെ ഒരുപാട് ഓർമ്മകൾ നമ്മുടെയൊക്കെ മനസ്സിൽ മായാതെ, മായിക്കപ്പെടാൻ കഴിയാതെ മനസ്സിലുണ്ട്.
നല്ല ഓർമ്മകൾ ♥️♥️♥️