ഇന്ന് ഓണത്തെ കുറിച്ചാകട്ടെ എന്റെ ഓർമ്മകൾ.
വർണ്ണ വൈവിദ്ധ്യമാർന്ന പൂമ്പാറ്റകളും, ഓണത്തുമ്പികളും പ്രകൃതിയിൽ നമുക്ക് കിട്ടുന്ന അനുഭവഭേദ്യമാകുന്ന കുട്ടിക്കാലം. കർക്കിടക മഴയും കർക്കിടകത്തിലെ പഞ്ഞകാലവും കഴിഞ്ഞ്, ചിങ്ങത്തിൽ ഉതിച്ചുയരുന്ന സൂര്യന്റെ സ്വർണ്ണ വർണ്ണ മാർന്ന രേഷ്മികൾ തെളിമയോടെ നാം കാണുന്നത് ഓണക്കാലത്താണ്. ഇളം കാറ്റിൽ ഇളകിയാടുന്ന, എവിടെയും പച്ചപ്പും, തളിരിലകളും, പൂമോട്ടും, പൂക്കളും നിറഞ്ഞ വൃക്ഷ ലാതാതികൾ. പച്ച പാടങ്ങളും, സമൃദ്ധിയായി വിളഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങളും. ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നു.
ഏതാനും ദിവസത്തിന്റെ വ്യത്യാസം മാത്രമേ കർക്കിടകത്തിനും ചിങ്ങത്തിനും ഇടയിൽ ഉള്ളൂ എങ്കിലും. അത് തരുന്ന അനുഭവങ്ങൾ രണ്ടാണ്.
കർക്കിടകം ഇരുണ്ടതാണെങ്കിൽ, ചിങ്ങം വെളുത്തതാണ്. കാഴ്ചയ്ക്കും അനുഭവത്തിലും.
നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന എനിക്ക് എല്ലാവരെയും പോലെ കുട്ടികാലത്തെ ഓണം വളരെ സന്തോഷം ഉള്ളതായിരുന്നു. ഇല്ലായ്മയിൽ നിന്നാണെങ്കിലും ഓണം ആഘോഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഓണം എന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷവും ആവേശവുമായിരുന്നു ഞങ്ങളുടെ ബാല്യത്തിൽ.
ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് ഓണം ആവുമ്പോഴേക്കും പരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടും.. അതുകൊണ്ട് തന്നെ പരീക്ഷ ടെൻഷൻ ഇല്ലാതെ പൂക്കൾ പറിക്കാൻ പോകാം.
ഞങ്ങളുടെ നാട്ടിൽ അത്തം മുതൽ മകം നാൾ വരെ പൂവിടണം എന്നാണ് പറയാറ്..
തിരുവോണം കഴിഞ്ഞാൽ പിന്നെ പൂവ് പറിക്കാനൊന്നും പോകില്ല. ശീവോതി ഇല പറിച് ഇടും. ചെമ്പരത്തി പൂവ്വുണ്ടെങ്കിൽ അതും ചേർത്ത് ഇടും.
മകം നാളിൽ മക കഞ്ഞി വെച്ച് തരും.
അതുവരെ ഞങ്ങളുടെ നാട്ടിൽ ഓണം ഉണ്ടാവും.
അതിരാവിലെ എഴുന്നേറ്റു കൂട്ടുകാരോടൊത്തു അയല്പക്കത്തെ തൊടിയിലും പറമ്പിലും വിവിധ തരം പൂക്കൾ ശേഖരിക്കാൻ പോകും. കല പില ശബ്ദമുണ്ടാക്കി സംസാരിച്ചു കൊണ്ടായിരിക്കും പോകുക. അതുകൊണ്ട് തന്നെ പാമ്പുകൾ ഒന്നും ഞങ്ങളുടെ ഏഴയലത്തു അടുക്കില്ല. പൂക്കൾ പറിച്ചു വന്നാൽ പൂക്കളം തീർക്കലായി. അതിന് മുറ്റമടിച്ചു ചാണകം തളിച്ച് ശുദ്ധി വരുത്തും.
മത്സരമാണ് പൂക്കളം തീർക്കാൻ..
പുരാടാം, ഉത്രാടം, തിരുവോണം നാളുകളിൽ വലിയ പൂക്കളം തീർക്കും..
ഓണം ആവുമ്പോഴേക്കും അമ്മയുടെ കൃഷിയിടങ്ങളിൽ ഇഷ്ടം പോലെ ഫലങ്ങൾ ഉണ്ടാകും.. അതാണ് ഓണത്തിന് കറിവെക്കാൻ പറിക്കുക.
ചിങ്ങം ഒന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയും ഉണ്ടാവാൻ വേണ്ടി. കറ്റ കയറ്റുക എന്ന ചടങ്ങുണ്ട്.
ഏട്ടൻ രാവിലെ കുളിച്ച് ഈറനുടുത്തു, പറമ്പിലെ കൃഷിയിൽ നിന്നും നെല്ലും, (കരകൃഷി )പച്ചക്കറികളും പറിച്ചു കൊട്ടയിൽ ആക്കി തലയിൽ വെച്ച് കൊണ്ട് വന്ന് അകത്തു വിളക്ക് കത്തിച്ചു വെച്ചതിന്റെ അടുത്ത് കൊണ്ട് വെച്ച് പ്രാർത്ഥിക്കും.. ഇങ്ങനെ ചെയ്‌താൽ ഐശ്വര്യം ഉണ്ടാവും എന്ന് പറയപ്പെടുന്നു.
പിന്നെ ഊണ് കഴിഞ്ഞ് കുട്ടികളുമായി ആർത്തുല്ലസിച്ചു കളിച്ചു ചിരിച്ചു നടക്കും.
പത്തു ദിവസം പോകുന്നതറിയില്ല..
നല്ല കാലഘട്ടത്തിലൂടെ കടന്ന് പോകാൻ ഭാഗ്യം ലഭിച്ച നമുക്ക് വരും തലമുറയ്ക്ക് ഓണം നമ്മുടെയൊക്കെ കാലത്ത് എങ്ങനെയായിരുന്നു എന്ന് പറഞ്ഞു കൊടുക്കാനെങ്കിലും സാധിക്കുമല്ലോ എന്നാശ്വാസം മാത്രമേ ഉള്ളൂ ഇപ്പോൾ ഓണം ഓർമ്മകളിൽ..
പലതും നഷ്ടപ്പെടുന്ന കൂട്ടത്തിൽ ഓണവും ഓണക്കാലവും പകർന്നു നൽകിയിരുന്ന നന്മകൾ നമുക്ക് കൈമോശം വന്നിരിക്കുന്നു എങ്കിലും, ഓണവും ഓണക്കാലവും ഓരോ മലയാളിയുടെ മനസ്സിലും മായാതെ, മറയാതെ എന്നും, എപ്പോഴും ഉണ്ടാകും തീർച്ച…
തുടരും…