എന്റെ ബാല്യം-ഭാഗം..4 – തയ്യാറാക്കിയത്: ഷൈലജ കണ്ണൂർ
കുസൃതികൾ നിറഞ്ഞ കുട്ടിക്കാലം ഓർക്കുമ്പോൾ ആരും അറിയാതെ ഒന്ന് ചിരിച്ചുപോകും.
സ്കൂളിൽ ചേർന്നതിനു ശേഷവും എന്നെ അമ്മ ആശാൻ കളരിയിൽ വിട്ടിരുന്നു. ഞങ്ങളുടെ വീടിന് അടുത്തുള്ള ഗുരിക്കളുടെ അടുത്ത്.
രാത്രിയിൽ ആയിരുന്നു ക്ലാസുകൾ. എന്നെ പോലുള്ള കുറച്ച് കുട്ടികൾ ഉണ്ടവിടെ.. അവർ എന്നേക്കാൾ മുൻപേ വന്ന് ചേർന്നവർ. അവർക്ക് ഒരുവിധം എഴുതാനറിയാം. എനിക്കാണെങ്കിൽ ഒന്നും അറിയില്ല.
സ്കൂളിൽ പോകാൻ തുടങ്ങിയിരുന്നു എങ്കിലും അക്ഷരങ്ങൾ എഴുതാൻ അറിയില്ല. അതിനാണ് അമ്മ എന്നെ കളരിയിൽ ചേർത്തത്.അവിടെ പുഴുമണലിൽ വിരലുകൾ മടക്കി നടുവിരൽ കൊണ്ട് എഴുതി പഠിപ്പിക്കാൻ തുടങ്ങി.
എവിടെ… എനിക്ക് അക്ഷരങ്ങൾ വഴങ്ങുന്നേ ഇല്ല..
അവിടുന്ന് കുറച്ച് അടികിട്ടിയത് മിച്ചം.
അങ്ങനെ അവിടുത്തെ പഠിത്തം നിർത്തി.
അമ്മക്ക് വേവലാതിയായി.. ഈശ്വര ഈ പെണ്ണ് പൊട്ടത്തിയാണോ..
അക്ഷരമറിയാത്ത ഞാൻ മൂന്നാം ക്ലാസ്സിൽ പൊട്ടി..
എന്തായാലും ആ സമയത്താണ് എന്റെ ഇളയമ്മയുടെ മകളും ഭർത്താവും, വീട്ടിൽ താമസിക്കാൻ വരുന്നത്.
ചേച്ചിയുടെ ഭർത്താവിന് ഹോട്ടൽ കച്ചവടമായിരുന്നു.
പുള്ളിക്കാരൻ രാത്രി കടപൂട്ടി വന്നാൽ എന്നെ പഠിപ്പിക്കും..
വായിപ്പിച്ചു വായിപ്പിച്ചു, ഞാൻ അക്ഷരങ്ങളെ സ്നേഹിച്ചുതുടങ്ങി.
ആ ഏട്ടനെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിഞ്ഞിട്ടില്ല..
പുള്ളിക്കാരൻ ഇപ്പൊ ജീവിച്ചിരിപ്പില്ല എങ്കിലും..
ഒരു ഭാഷ എങ്ങനെയാണ് പഠിക്കേണ്ടത് എന്ന് അന്ന് ഏട്ടൻ തന്ന അറിവാണ് എന്റെ മുതൽക്കൂട്ട്.
അതിനുശേഷം ഞാൻ ഹിന്ദിയും ഇഗ്ലീഷും ഒക്കെ തനിയെ ആണ് പഠിച്ചത്.
കൂട്ടം ചേർന്ന് സ്കൂളിലേക്കുള്ള യാത്ര വളരെ രസമുള്ളതായിരുന്നു.. പാടവരമ്പിൽ കൂടി വരിവരിയായി നടന്ന് പോകുമ്പോൾ, കൂട്ടുകാർ ചേർന്ന് പരസ്പ്പരം കളിയാക്കലും, തലേദിവസം ഒപ്പിച്ച കുരുത്തക്കേടിനെക്കുറിച്ചുള്ള ചർച്ചകളും, അല്പം തമാശയും ഒക്കെ ആയി, കിലോമീറ്റർ നടന്നു പോകേണ്ട സ്കൂൾ എത്തുന്നതറിയില്ല.
ചില ദിവസങ്ങളിൽ വയലിൽനിന്ന് കണ്ടൂറായിൽ (ഒരു വയലിൽ നിന്ന് മറ്റൊരു വയലിലേക്ക് വെള്ളം ഒഴുക്കി വിടുമ്പോൾ ഒഴുക്കിന്റ ശക്തിയിൽ അവിടെ രൂപപ്പെടുന്ന കുഴിക്ക് ഞങ്ങൾ കണ്ണുരുകാർ കണ്ടൂറായി എന്ന് പറയും )നിന്നും കണ്ണിക്കുറിയനെ (ഒരുചെറിയ തരം മീൻ )പിടിച്ചു കുപ്പിയിൽ ആക്കി വീട്ടിൽ എത്തുമ്പോൾ ഒരു നേരമാകും. അപ്പോൾ അമ്മ വടിയുമായി കാത്തിരിക്കുന്നുണ്ടാകും..
ചിലപ്പോൾ നല്ല അടികിട്ടും വൈകിയതിനു.
എന്റെ ചെറിയമോൾ രണ്ടിലൊക്കെ പഠിക്കുമ്പോൾ മുട്ടായി കടലാസും വളപ്പൊട്ടുകളും പെറുക്കി വൈകി വരുമ്പോൾ ഞാൻ അന്വേഷിച്ചിറങ്ങും
അപ്പോൾ എന്റെ ബാല്യമാണ് എനിക്ക് ഓർമ്മ വരിക..
മഴക്കാലമായാൽ വയലിൽ കൂടി പോകാൻ കഴിയില്ല. അപ്പോൾ റോഡിൽ കൂടി തന്നെ വേണം പോകാൻ.
അന്നൊന്നും ചെരുപ്പുകൾ അതികം പ്രചാരത്തിൽ ഇല്ല.. കാശുള്ളവർ ചെരുപ്പ് വാങ്ങി ഉപയോഗിക്കും.
അന്നന്നെത്തെ അന്നത്തിനു കഷ്ടപ്പെടുന്ന എന്റെ അമ്മയെപോലുള്ളവർ എവിടുന്ന് ചെരുപ്പ് വാങ്ങി തരാൻ..
നഗ്ന പാദയായി പോകുമ്പോൾ ചിലപ്പോൾ മുള്ളോ, കുപ്പിച്ചില്ലോ കൊണ്ടെന്നു വരും. അതൊക്കെ പഴുത്തു വേദന സഹിച്ചു ജീവിച്ചിട്ടുണ്ട്..
റോഡിൽ കൂടി നടന്നു പോകുമ്പോൾ ഒഴുകി വരുന്ന വെള്ളത്തിൽ ചവിട്ടി തെറുപ്പിച്ചു കൂട്ടുകാരുടെ ദേഹത്ത് വെള്ളമാക്കി പോകും.. അതൊക്കെ രസമുള്ള ഓർമ്മകളായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു…
നല്ലൊരു കുട വാങ്ങിത്തരാൻ അമ്മ നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്..
മഴ നനയാതെ പോകാൻ ഒലക്കുട മേടിച്ചു തന്നിട്ടുണ്ട്.
ഒലക്കുടയുമായി സ്കൂളിലേക്ക് നടന്നു പോകുമ്പോൾ നല്ല കുടയുള്ള കുട്ടികൾ ചിലർ കളിയാക്കി ചിരിക്കും. ചിലർ തട്ടി തെറുപ്പിച്ചു കൊണ്ട് പോകും..സ്കൂളിൽ എത്തിയാൽ ഒലക്കുട മടക്കി വെക്കാൻ പറ്റില്ലല്ലോ. അത് ക്ലാസിന്റ തിണ്ണയിൽ വെക്കും.. അത് വിരുതന്മാരായ ആൺ പിള്ളേർ തട്ടി കളിക്കും.. അപ്പോൾ ഞാൻ അവരോട് അടികൂടി വാങ്ങി വെക്കും.
ഇതെല്ലാം വേദനയോടെ ഇന്നും ഓർക്കുന്നു.
കുഞ്ഞുനാളിൽ സ്കൂളിൽപോകുമ്പോൾ മുടി കെട്ടിത്തരനൊന്നും അമ്മയ്ക്ക് നേരമുണ്ടാവില്ല..ഞാൻ ആണെങ്കിൽ മുടി കെട്ടുകയും ഇല്ല..സ്കൂളിനടുത്തുള്ള വീട്ടിൽ വെള്ളം കുടിക്കാൻ പോയാൽ അവിടുത്തെ ചേച്ചി മുടികെട്ടാത്തെകണ്ടാൽ ചീത്തപറയും..
ഇങ്ങനെ ഇനിയും ഒരുപാട് ഓർമ്മകൾ ഉണ്ട്..
തുടരും….