എന്റെ ബാല്യം-ഭാഗം..33തയ്യാറാക്കിയത്: ഷൈലജ കണ്ണൂർ
ഓർമ്മയുടെ താളുകൾ പിന്നിലേക്ക് മറിക്കുമ്പോൾ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ എനിക്കുണ്ട്..
എനിക്ക് പത്ത് വയസ്സ് മാത്രം പ്രായം, എന്റെ ഏട്ടന് 15 വയസ്സ്.അപ്പോഴാണ് ഒരു ദിവസം അമ്മയ്ക്ക് ബ്ലീഡിങ്. വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഓപ്പറേഷൻ വേണം യൂട്രസ് എടുത്തുകളയണം.15 വയസുള്ള എന്റെ ഏട്ടൻ ജീവിതത്തിന്റെ മുന്നിൽ പകച്ചുപോയ നിമിഷം. ഓടി നടന്ന് ആരോടൊക്കെയോ കടം വാങ്ങി ഓപ്പറേഷൻ നടത്തി.അമ്മ ഒരു പശുവിനെ വളർത്തുന്നുണ്ടായിരുന്നു അതിനെ കൊടുത്ത് കടം വീടി.
കുടുംബത്തിന്റെ ആശ്രയമായ അമ്മ,കുറച്ച് ദിവസം കിടന്നുപോയാൽ ഉള്ള അവസ്ഥ അറിയാലോ.
പട്ടിണി തന്നെ ശരണം.
പറമ്പിൽ വരുമാനം കുറവ്.
എന്ത് ചെയ്യും എന്ന് ഒരെത്തും പിടിയുമില്ല. അയല്പക്കകാരോട് കസേറ് അരി കടം വാങ്ങി തുടങ്ങി. ഓരോ ദിവസവും ഓരോ വീട്ടിൽ പോയി വാങ്ങി.ഒരു നേരത്തെ ഭക്ഷണം മാത്രം. ഏത് വീട്ടിൽ പോകണം എന്ന് അമ്മ പറഞ്ഞുതരും ആ വീട്ടിൽ ഞാൻ പോയി വാങ്ങും. അവിടെ ചെല്ലുമ്പോൾ എന്ത് പറയണം എന്ന് പറഞ്ഞ് തരും.
” അമ്മയ്ക്ക് സുഖമില്ല ഓപ്പറേഷൻ ചെയ്തു കിടക്കുവാണ് കസേറ് അരി തരാൻ പറഞ്ഞു അമ്മ ” ഇതാണ് അവരോട് ഞാൻ പറയേണ്ട ഡയലോഗ്..
അന്ന് ഇന്നത്തെ പോലെ അല്ല. ഏത് വീട്ടിൽ പോയാലും ഉള്ളത് സഹായിക്കും.
പരസ്പ്പര വിശ്വാസവും സ്നേഹവും ഒത്തൊരുമയും ഉണ്ടായിരുന്നു അന്നത്തെ കാലത്ത്.
അങ്ങനെ അമ്മ ഒരു വിധം പുറത്തിറങ്ങുന്നത് വരെ ഇത് തുടർന്നു.
വീട്ടുജോലിയൊക്കെ അടുത്തുള്ള പണിയ വിഭാഗത്തിൽ ഉള്ള ചേച്ചി വന്നു ചെയ്ത് തന്നു.
ഒരു പക്ഷെ ജീവിതത്തിൽ ഇത്തരം വിഷമങ്ങൾ ആയിരിക്കാം എന്റെ ജീവിത വിജയത്തിന് കാരണങ്ങൾ എന്ന് എനിക്ക് തോന്നിട്ടുണ്ട്.
ജീവിതം പറയുവാനും എഴുതുവാനും എളുപ്പമാണ് പക്ഷെ സ്നേഹത്തിന്റെ പ്രകാശമുള്ള മുഖം, കനിവോടെയുള്ള ചിരി, സ്നേഹം നിറഞ്ഞതും നിഷ്‌ക്കളങ്കവുമായ മനസ്സും അന്നത്തെ കാലത്ത് എല്ലാവരിലും ഉണ്ടായിരുന്നു.
ഇന്ന് സ്വാർത്ഥതയുടെ മൂടുപടം അണിഞ്ഞു ജീവിക്കുന്ന കുറെ മനുഷ്യർ.
അമ്മ രാവിലെ കൊയ്യാൻ പോകുമ്പോൾ പറയും ഇന്ന് ഞാൻ മാഷുടെ വീട്ടിലാ പണിക്ക് പോകുന്നത്.
കറ്റ ചുമക്കാൻ വരണമെന്ന്. നിങ്ങൾക്കറിയുമോ എവിടുന്നാണീ കറ്റചുമന്നു കൊണ്ടുവരേണ്ടതെന്നു. കൃഷിക്കാരന്റെ വീട്ടിൽ നിന്നും നാല് കിലോമീറ്റർ ദൂരമുണ്ട് വയൽ ഉള്ള ഇടത്തേക്ക്.അവിടെ നിന്നും 5 പൂട്ട്(10കറ്റ)കറ്റയുമായി ഞാൻ ഈ നാല് കിലോമീറ്റർ ചുമന്നു കൊണ്ട് വരും. അങ്ങനെ ഒരു നാല് പ്രാവശ്യം എങ്കിലും പോകേണ്ടി വരും. ചെറിയതായിരുന്നാലും ഭാരം കുറച്ചൊക്കെ തലയിൽ വെക്കുമായിരുന്നു.
ഒരു പക്ഷെ കുറെ പ്രാവശ്യം എടുത്തപ്പോൾ ശീലമായതാവാം.
നിത്യഭ്യാസി ആനയെ എടുക്കും എന്നല്ലേ ചൊല്ല്.
കൊയ്ത്തു കഴിഞ്ഞ പാടത്തു പിന്നെ ചെയ്യുന്നത് വെള്ളരി കൃഷി ആണ്. ഇതിന്റ അരികു ചേർന്ന് പയർ,ചീര, മത്തൻ കുമ്പളങ്ങ.എല്ലാം നടും.
വെള്ളരി നടാനുള്ള നിലം വയൽ ഉടമതന്നെ കാളകളേ പൂട്ടി വയൽ ഉഴുത്
മറിച്ചു കൊടുക്കും.
അത് കട്ടമുട്ടി കൊണ്ട് ഉടയ്ക്കും.
ഇത് ഉടയ്ക്കുന്നത് നല്ലരസമാണ് കാണാൻ.ആദ്യം ഒന്നുടച്ചു കഴിഞ്ഞു വീണ്ടും തൂമ്പ കൊണ്ട് കിളച്ചിടും എന്നിട്ട് വീണ്ടും കട്ടമുട്ടി കൊണ്ട് കട്ടകൾ ഉടയ്ക്കും. അതിന് ശേഷമാണ് വെള്ളരിക്ക് തടമെടുക്കുന്നത്. ഓരോ കുഴിയായി എടുത്ത്. അതിൽ ചാണകപ്പൊടിയും ചാരവും ചേർത്തിളക്കി വെള്ളരി ക്കുരു നടും.
ഒരു സമചതുരത്തിലുള്ള വയലിൽ, നാലു വീട്ടുകാർ വെള്ളരി നടും.
ഇതിനു വെള്ളം നനയ്ക്കുക എന്നത് കീറാമുട്ടി തന്നെ.
ഞാൻ ചെറിയതായതു കൊണ്ട്, ചെറിയ മൺ കുടം വാങ്ങി തരും അമ്മ വെള്ളം നനയ്ക്കാൻ. മിക്കവാറും വെള്ളരി കൃഷി ക
ഴിയുമ്പോഴേക്കും നാല് കുടമെങ്കിലും വാങ്ങേണ്ടി വരും. മൺകുടം പൊട്ടിച്ചാൽ അടി ഉറപ്പാണ്.
വയലിന്റെ കരയിൽ നിന്നുള്ള തോട്ടിൽ നിന്നാണ് വെള്ളം എടുത്ത് വെള്ളരിയ്ക്ക് നനയ്ക്കേണ്ടത്.
പാവം ഞാൻ ചിലപ്പോൾ വെള്ളമെടുത്തു കയറി വരുമ്പോഴോ, അല്ലെങ്കിൽ വെള്ളരി കുഴിയിലേക്ക് വെള്ളം ഒഴിക്കുമ്പോഴോ തെന്നി വീണിട്ടായിരിക്കും മൺ കുടം പൊട്ടുന്നത്. അതിന്റെ പേരിൽ എത്ര അടി കിട്ടിട്ടുണ്ടെന്നറിയോ.ശ്രദ്ധ വേണം എന്ന പാഠം അവിടെ നിന്നാണ് പഠിച്ചു തുടങ്ങിയത്.
വെള്ളരി കായ്ക്കാൻ തുടങ്ങിയാൽ അതിൽ നിന്ന് പിഞ്ചു വെള്ളരി പറിച്ചു തിന്നുക എന്നത് എന്റെ ഒരു ഇഷ്ടമായിരുന്നു.
എന്റെ വെള്ളരി മാത്രമല്ല അടുത്ത് നട്ടിരിക്കുന്നവന്റെ വെള്ളരിയും പറിച്ചു തിന്നും. ബാല്യത്തിന്റെ ചപലത എന്നൊക്കെ പറയുന്നത് ഇതൊക്കെ തന്നെ അല്ലെ. വെള്ളരി പടരാൻ തുടങ്ങുമ്പോൾ, പൂവ്വം, വേണ്ടെക്ക്, തുടങ്ങിയ മരങ്ങളുടെ ശിഖരങ്ങൾ കൊത്തി എടുത്ത് വെള്ളരിയുടെ ചുവട്ടിൽ വിരിക്കും.
ഇത് ഒരു പരിധി വരെ ചൂടും കുറയും, വെള്ളരി പടരാനും എളുപ്പമുണ്ട്.
വെള്ളരി പടരാൻ തുടങ്ങിയാൽ അതിന്റെ ചുവട് കാണാൻ ബുദ്ധിമുട്ടാണ് അതിന് തെങ്ങിന്റെ അതികം മൂക്കാത്ത ഇല ഓരോന്നായി ഓരോ വെള്ളരി കുഴിയിലും കുത്തി വെക്കും. ആ ഓല നോക്കിയാണ് പിന്നീട് വെള്ളരിക്ക് വെള്ളം നനയ്ക്കുക. അടുത്ത വെള്ളരി കൃഷിക്കാരന്റെ വെള്ളരിയിലേക്ക് പടർന്നാൽ അതിന്റെ തളിപ്പ് ഞങ്ങളുടെ വെള്ളരിയിലേക്ക് തന്നെ പടർത്തി വിടും. ഇല്ലെങ്കിൽ അടി ഒഴിഞ്ഞ നേരമുണ്ടാവില്ല. ഇത് പോലെ ഓർമ്മകൾ ഇനിയും ബാക്കി ഉണ്ട്..
തുടരും…