17.1 C
New York
Saturday, October 16, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (47)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

✍വിനോദ് വി. ദേവ്

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും ഐതീഹ്യപ്പുകളും എന്തുതന്നെയായാലും സമഭാവനയുടെ സന്ദേശമുണർത്തുന്ന മാതൃകാപരമായ ഒരു ഉത്സവമാണ് മലയാളിക്ക് ഓണം. കേരളം ഭരിച്ചിരുന്ന മഹാബലിയെന്ന പ്രജാക്ഷേമ തല്പരനായ അസുരരാജാവിനെക്കുറിച്ച് ചരിത്ര പരാമർശങ്ങളില്ല .പുരാണത്തിലെ ബലി എന്ന രാജാവ് കേരളമല്ല ഭരിച്ചിരുന്നതെന്നുമുള്ള പ്രസ്താവങ്ങളുണ്ട്. മഹാബലി കേരളം ഭരിച്ചിരുന്നപ്പോൾ ജനങ്ങൾ ദൈവവിശ്വാസികളല്ലാതായി മാറി. കാരണം പ്രജകൾക്ക് ദൈവത്തോട് അപേക്ഷിയ്ക്കണ്ടതില്ല. പ്രജകളുടെ ഹിതം നിറവേറ്റാൻ രാജാവ് എപ്പോഴും സന്നദ്ധനായിരുന്നു. ഇതിൽ അസൂയാലുക്കളായ ദേവൻമാരുടെ ഗൂഡതന്ത്രത്തിന്റെ ഫലമായാണ് മഹാവിഷ്ണു വാമനാവതാരം കൈക്കൊണ്ട് മഹാബലിയെ പാതാളത്തിലേക്കയച്ചതെന്നും കഥകളുണ്ട്. മിത്തുകൾ എന്തുതന്നെയായാലും സമ്പദ്സമൃദ്ധിയുടെയും സമഭാവനയുടെയും ഓർമ്മയുണർത്തുന്ന കാർഷികോത്സവവും വ്യാപാരോത്സവവും തന്നെയാണ് ഓണം.

പത്തായപ്പുരകളിൽ കരുതിവെച്ചിരുന്ന ധാന്യങ്ങളെല്ലാം തീരുമ്പോൾ ഒരു കൊയ്ത്തുകാലത്തെ മലയാളി സ്വപ്നം കാണുന്നു. അങ്ങനെ കൊയ്തെടുത്ത ധാന്യങ്ങൾ പത്തായപ്പുരകളിൽ നിറയുന്നതിന്റെ ഉത്സവമാണ് ഓണം. ഇന്ന് സ്വന്തം നാട്ടിൽ വിളയിച്ചെടുത്ത ധാന്യംകൊണ്ടല്ല, മലയാളി ഓണമുണ്ണുന്നത്. ധാന്യത്തിനുപോലും മലയാളി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുമ്പോൾ നമ്മുടെ കാർഷിക സംസ്കാരമാണ് മൺമറഞ്ഞുപോകുന്നത്. ആ കാർഷികനന്മയുടെ വീണ്ടെടുക്കൽ കൂടിയാകണം മലയാളിക്ക് ഇനി വരുന്ന ഓരോ കാലത്തെയും ഓണങ്ങൾ. വലിയവനെന്നും ചെറിയവനെന്നും ഭേദമില്ലാതെ എല്ലാവരുടെയും പത്തായപ്പുരകൾ നിറയുന്ന ഒരു സ്വപ്നം പഴയകാല സമൂഹത്തിലെ സോഷ്യലിസത്തിന്റെ മുഖമാണ് അനാവരണം ചെയ്യുന്നത്‌. ജാതിമതസാമ്പത്തിക ഭേദങ്ങളിൽ പെട്ടുഴലുന്ന നമ്മുടെ ജനത ആ സ്വപ്നം സാക്ഷാത്കരിക്കുകയാണു വേണ്ടത്.

” മാവേലി നാടുവാണിടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ ” . എന്ന “മഹാബലിചരിത” ത്തിലെ ഈ വരികൾ നമുക്ക് നഷ്ടപ്പെട്ടുപോയ ഒരു നന്മയുടെ ഓർമ്മപ്പെടുത്തലും കൂടിയാണ്. അത് യാഥാർത്ഥ്യമാക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ !

കാർഷികരാജ്യമായ കേരളത്തിലെ പുഷ്പങ്ങളുടെ ഉത്സവം കൂടിയാണ് ഓണം. അതായത് തുമ്പപ്പൂ ,മുക്കൂറ്റിപ്പൂ , കാക്കപ്പൂ , നെയ്യാമ്പൽപ്പൂ എന്നിവ അത്തച്ചമയങ്ങളുമായി നമ്മുടെ സാമൂഹ്യജീവിതത്തെ ശബളാഭമാക്കിയ കാലം കഴിഞ്ഞുപോയ്. ഇന്ന് ഓണപ്പൂക്കളല്ലാത്ത കമ്പോളപ്പൂക്കൾ നമ്മുടെ പൊങ്ങച്ചങ്ങളുടെ മേലാപ്പ് അലങ്കരിക്കുന്നു. കടലാസുകുമ്പിളും ഇലക്കുമ്പിളും കുത്തി പൂവേ പൊലി പൂവേ എന്ന പാട്ടുംപാടി കാട്ടിലും മേട്ടിലും പൂവിറുക്കുവാൻ പോകുന്ന ബാല്യങ്ങൾ നമുക്കില്ല . അന്യവത്കരണം നമ്മുടെ മേധയെ തകിടം മറിച്ചപ്പോൾ സമഭാവനയുടെ പാരമ്പര്യസമ്പത്താണ് നമുക്ക് നഷ്ടമായത്. ഓണം പൂക്കളുടെയും പ്രകൃതിയുടെയും ഉത്സവം കൂടിയാണ്.

കേരളത്തിന്റെ പരദേവതയാണ് തൃക്കാക്കരയപ്പൻ എന്ന വാമനമൂർത്തി. കർക്കിടകത്തിരുവോണം മുതൽ ചിങ്ങത്തിരുവോണംവരെ തൃക്കാക്കരയപ്പൻ ജാതിമതഭേദങ്ങളില്ലാതെ ഓരോ കേരളീയഗൃഹത്തിലും എഴുന്നെള്ളുന്നുവെന്നാണ് വിശ്വാസം. തന്റെ സർവ്വസ്വവും നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും വാമനമൂർത്തിയ്ക്ക് മൂന്നടിമണ്ണ് ദാനമായി നൽകിയ മഹാബലിയുടെ നാട്ടിൽ നമ്മൾ ആ പാരമ്പര്യം പാടെ മറന്നുപോകുന്നു. സമഭാവനയുടെയും ഐശ്വര്യത്തിന്റെയും ഉത്സവം മാത്രമല്ല ഓണം., ദാനധർമ്മങ്ങളുടെ നന്മപ്പെരുക്കവും ഓണത്തിനുണ്ടെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.

ആധുനികകാലത്ത് ജാതിമതശക്തികൾ തമ്മിലടിച്ച് ഓണത്തിന്റെ പാരമ്പര്യം തങ്ങളുടേതാക്കാൻ ശ്രമം നടത്തുന്നു. മഹാബലിത്തമ്പുരാൻ നാടുകാണാൻ വരുന്ന പൊന്നോണ നാൾ അവർക്ക് വാമനജയന്തിയാണ്. അതിലൂടെ ഓണത്തിന്റെ നന്മയിൽ സവർണ്ണാധിപത്യത്തിന്റെ കൊടിപാറിക്കാൻ അവർ ശ്രമിക്കുന്നു. എന്നാൽ മലയാളദേശമുള്ളിടത്തോളം കാലം പ്രജാക്ഷേമ തല്പരനായ മഹാബലിത്തമ്പുരാൻ നമുക്ക് നന്മയുടെയും സ്നേഹത്തിന്റെയും മൂർത്തിയാണ്. ആ പാരമ്പര്യം നമ്മൾക്ക് നഷ്ടപ്പെട്ടുപോകാതിരിക്കാൻ ശ്രമിക്കാം. അതാകട്ടെ നമ്മുടെ സ്വപ്നം .

ഓണാശംസകൾ…

✍വിനോദ് വി. ദേവ്

COMMENTS

14 COMMENTS

 1. ഓണത്തിൻ്റെ ഐതിഹ്യവും ചരിത്ര പശ്ചാത്തലവും സമകാലികാവസ്ഥയും പ്രതിഫലിപ്പിക്കുന്ന മനോഹരമായ എഴുത്ത്

 2. ഓണം എന്ന മലയാളികളുടെ ദേശീയോത്സവത്തെ വളരെ ആധികാരികവും എന്നാൽ ചരിത്രപരവുമായി തന്നെ അതിന്റെ സാഹിത്യം ഒട്ടും ചോർന്നുപോകാതെ തന്നെ അനുവാചക മനസ്സിലേക്ക്,വായനക്കാരിലേക്ക് എത്തിക്കുവാൻ എന്റെ പ്രിയപ്പെട്ട വിനോദിന് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം. ഓണത്തിന്റെ പാരമ്പര്യവും നന്മയും ഈ വരികളിലൂടെ അനുവാചകർക്ക് ആസ്വദിക്കുവാൻ സാധിച്ചു. മഹാബലി തമ്പുരാന്റെ ത്യാഗവും ദാനധർമ്മവും വിനോദ് വി ദേവ് ഈ ലേഖനത്തിലൂടെ വരച്ചുകാട്ടുന്നു.
  “മാവേലി നാടുവാണീടും കാലം –
  മാനുഷരെല്ലാരുമൊന്നു പോലെ…
  ഓർമ്മകളിലെന്നും നന്മയായി, വിശുദ്ധിയുടെ നാടുകാണലിന് എഴുന്നള്ളുന്ന തൃക്കാക്കരയപ്പന്റെ ഓർമ്മകൾക്കു മുന്നിൽ എന്റെയീ അക്ഷരപൂജ ഞാൻ സമർപ്പിയ്ക്കുന്നു…..
  “ചിന്തേ ചിറകുകൾ നൽകണം നീ…..”
  *വിഷ്ണുസതി*

 3. മനോഹരമായ ഓർമ്മകൾ പകർന്ന ലേഖനം മികച്ച ഭാഷാശൈലി എഴുത്ത് ആശംസകൾ ഡിയർ👌🏻👌🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: