17.1 C
New York
Wednesday, September 22, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (10)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (10)

✍രാജൻ പടുതോൾ

”ഒരു പൂ മതിയുര്‍വ്വിക്ക് ചെെത്രമാസം കുറിക്കുവാന്‍
ഒരു സങ്കല്‍പ്പമേ വേണ്ടൂ ജീവിതങ്ങള്‍ക്ക് പൂവിടാന്‍”
-(ഇടശ്ശേരി )

–പ്രത്യാശയുടെ പ്രതീകമാണ് മാവേലി –

മകം ഞാറ്റുവേല പിറക്കുന്ന ചിങ്ങമാസത്തിലാണ് ഓണക്കാലം . മകയിരംമുതല്‍ ആയില്യം ഞാറ്റുവേല വരെ നീളുന്ന വര്‍ഷക്കാലം കഴിഞ്ഞ് മാനം തെളിയുന്ന ഞാറ്റുവേലകളുടെ തുടക്കമാണത്.ഇരുട്ട്കുത്തി വന്ന് ദിനരാത്രം കോരിച്ചൊരിഞ്ഞ നാലുമാസത്തെ മഴക്കാലത്തിനുശേഷം തെളിയുന്ന ചിങ്ങവെയിലിന് പൊന്നാടയുടെ ഭംഗിയുണ്ട്. പൊന്നിന്‍ ചിങ്ങമാസവും ഓണവെയിലും വരാനിരിക്കുന്ന നല്ല കാലത്തിന്റെ സൂചനയാണ്. ഞാല്‍കൃഷി കൊയ്ത പുന്നെല്ലിന്‍ മണം പാടത്തും മുറ്റത്തും പരക്കുകകൂടി ചെയ്യുമ്പോള്‍ ഓണം വന്നുവെന്ന് ആഹ്ലാദിക്കാതിരിക്കാനാവില്ല. മഴക്കാലം ഭൂമിക്കടിയിലേക്ക് ചവുട്ടി താഴ്ത്തിയ വിത്തുകളെല്ലാം പൂവിട്ട് കതിരിട്ട് തിരിച്ചത്തുന്ന ആ കാലത്തിന് പാതാളത്തിലാഴ്ന്ന മാവേലിയുടെ തിരിച്ചുവരവിനോട് സാദൃശ്യമുണ്ട്. ഓണം കാര്‍ഷികോത്സവമായതും മാവേലി കൃഷിക്കാരുടെ തിരുമുറ്റത്തെഴുന്നള്ളുന്ന തിരുമേനിയായതും അങ്ങനെയാവാം.

മാവേലിയുടെ പുരാവൃത്തത്തിന് ഇങ്ങനെയൊരര്‍ത്ഥമുണ്ടോ എന്നെനിക്കറിയില്ല. ഏത് പുരാവൃത്തത്തിനും സ്ഥലത്തോടും കാലത്തോടും ബന്ധപ്പെടുന്ന ഒരു ചരിത്രം ഇല്ലാതിരിക്കില്ലെന്നിരിക്കെ എന്റെ ഊഹവും ഒരുപക്ഷേ ശരിയാവാം..അത് ഏതായാലും, സമൂഹം കൂട്ടായി കൊണ്ടാടുന്ന ആഘോഷങ്ങളെല്ലാം ഏതെങ്കിലും പുരാവൃത്തങ്ങളോട് ബന്ധപ്പെട്ടവയാണ്.. ദസറയ്ക്കും ദീപാവലിക്കും ഗണേശോത്സവത്തിനും കാളീപൂജക്കും പെരുനാളുകള്‍ക്കും നമ്മുടെ ഓണത്തിനും പുരാവൃത്ത കഥകളിലേയ്ക്കോടുന്ന വേരുകളുണ്ട്. പുരാവൃത്തങ്ങളാവട്ടെ, ചരിത്രത്തിന്റെ പാതയിലെ യാത്രക്കിടയില്‍ വഴിയമ്പലങ്ങളിലിരുന്ന് നാം പറഞ്ഞും കേട്ടും രസിച്ച കഥകളുമാണ്. അനേകം ചരിത്രസ്മരണകള്‍ ഒളിഞ്ഞും തെളിഞ്ഞും ഈ കഥകളിലുണ്ട് .മനുഷ്യഹൃദയത്തില്‍ ചരിത്രം സഞ്ചിതമാകുന്നത് കഥാരൂപത്തിലാണ്. ( ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ കഥയായിട്ടാണല്ലോ നാം ഗുരുത്വാകര്‍ഷണ സിദ്ധാന്തം മനസ്സില്‍ സൂക്ഷിക്കുന്നത്). ഈ അര്‍ത്ഥത്തില്‍ ഒരു ജനതയുടെ ആത്മാവിഷ്കാരമാണ് അവരുടെ ആഘോഷങ്ങള്‍ എന്ന് പറയാം.

‘ജനതയുടെ ആത്മാവിഷ്കാരം’ എന്ന് ഒരു ഒഴുക്കില്‍ പറഞ്ഞതല്ല.ഓരോ സമൂഹത്തിനും അതിന്റെ ചരിത്രത്തില്‍നിന്ന് ഉറക്കൂടിയ കഥാസ്വരൂപമുള്ള ആത്മാവ് ഉണ്ട്‌. അത് ആ സമൂഹത്തിന്റെ തനത് സംസ്കാരമാണ്. മലയാളിയെ മലയാളിയാക്കുന്നതും തമിഴ്നാട്ടുകാരനെ തമിഴനാക്കുന്നതും ആ സാംസ്കാരിക തനിമയാണ്.ഭാവിയെ കുറിച്ചുള്ള സങ്കല്‍പ്പമടക്കം ജീവിതത്തിന്റെ എല്ലാ തുറകളെയും അത് സ്വാധീനിക്കുന്നു. മലയാളത്തനിമയുടെ അങ്ങനെയൊരു ആത്മപ്രകാശനമാണ് ഓണം. അമ്മയും കുട്ടിയും തമ്മിലുള്ള പൊക്കിള്‍ക്കൊടിബന്ധം പോലെയാണ് മലയാളിസമൂഹത്തിന്റെ ആത്മാവ് മാവേലിയുടെ പുരാവൃത്തത്തോടും ഓണത്തോടും ബന്ധപ്പെടുന്നത്.

പരശുരാമന്റെയോ** വരരുചിയുടെയോ കാലം നമ്മള്‍ ആര്‍പ്പ് വിളിച്ചും പൂക്കളമിട്ടും ആഘോഷിക്കാറില്ല. ദീപാവലിയും ദസറയും ഇന്നും നമുക്ക് പരദേശീയമാണ്. ഇരുളിന്‍ പാതാളത്തിലേക്ക് ചവുട്ടിതാഴ്ത്തപ്പെട്ട അസുരരാജാവ് മാവേലിയെപ്പറ്റി പക്ഷേ നമുക്ക് പറയാന്‍ കഥകളേറെയുണ്ട്. അദ്ദേഹം നാടുവാണ കാലം മാനുഷരെല്ലാരും ഒന്നുപോലെ ആയിരുന്നു;കള്ളവും ചതിയും പൊളിവചനവും കള്ളപ്പറയും ചെറുനാഴിയും അന്ന് ഇല്ലായിരുന്നു.(പറയും നാഴിയും കാര്‍ഷികസംസ്കാരത്തിന്റെ അടയാളങ്ങളാണ്. കര്‍ക്കടകം കഴിഞ്ഞു വരുന്ന ചിങ്ങത്തിലെ വിളവെടുപ്പുകാലത്തിന് മാവേലിയോട് സാമ്യമുണ്ടെന്ന് ഞാന്‍ മുമ്പ് സൂചിപ്പിച്ചത് അതുകൊണ്ടാണ് ) .ആ തിരുമേനി നാട് കാണാന്‍ എഴുന്നള്ളുന്ന സുദിനമാണ് ഓണം. അന്നുമുതല്‍ കേരളക്കരമുഴുവന്‍ അദ്ദേഹം നാടുവാണകാലം പോലെ ഓണക്കാലമാണ്. അദ്ദേഹത്തിന് തിരുമുല്‍ക്കാഴ്ച്ച കാണാന്‍ മലയാളക്കരയിലെ മാനുഷരുടെ മനസ്സും തിരുമുറ്റവും ഒരേപോലെ അണിഞ്ഞൊരുങ്ങുന്നു. ആ നല്ല കാലത്തെ അപദാനങ്ങള്‍ കുട്ടികളും വലിയവരും ഈണത്തില്‍ പാടുന്നു.

പൂര്‍വ്വകാലസ്മരണ ഇങ്ങനെ കൊണ്ടാടുന്നതെന്തിനാണ് ? പൊയ്പ്പോയ കാലത്തെ അപദാനങ്ങള്‍ നാംേ പാടുന്നതെന്തിനാണ് ? കാല് പിന്നോട്ട് വളച്ചിട്ടാണല്ലോ നാം മുന്നോട്ട് നടക്കുന്നത് എന്ന കുഞ്ഞുണ്ണിഫലിതത്തില്‍ ഇതിനുത്തരമുണ്ട്. ഭൂതകാലസ്മരണകളില്‍ ഊന്നിക്കൊണ്ടാണ് നാം ഭാവിയെ സങ്കല്‍പ്പിക്കുന്നത്. ചരിത്രവും കഥകളുമില്ലാത്തവര്‍ക്ക് ഭാവി സ്വപ്നം കാണാനാവില്ല. ജനതയുടെ ചരിത്രബോധം പലപ്പോളും ഭരണാധികാരികളെ അലോസരപ്പെടുത്തുന്നത് അതുകൊണ്ടാണ്.മാറിമാറി വരുന്ന ഭരണാധികാരികള്‍ ചരിത്രം അവരുടെ താല്‍പര്യത്തിനനുസരിച്ച് തിരുത്തുന്നതിന്റെ രാഷ്ട്രീയവും അതാണ്.

പുസ്തകങ്ങളിലെഴുതിവെച്ച ചരിത്രത്തിന് പക്ഷേ ജനങ്ങളുടെ അനുഭൂതികളിലുറങ്ങുന്ന പുരാവൃത്തങ്ങളെയും അവ മെനയുന്ന സങ്കല്‍പ്പങ്ങളെയും മാച്ചുകളയാനോ തിരുത്താനോ ആവില്ല. മാവേലി വാണകാലം കേവലം ഭൂതകാലസ്മരണയല്ല, വരും കാലത്തെപ്പറ്റിയുള്ള നമ്മുടെ സങ്കല്‍പ്പംകൂടിയാണ്. മാവേലി നമുക്ക് പ്രത്യാശയുടെ പ്രതീകമാണ്. ആ പ്രതീകത്തില്‍ നാം
പൊയ്പ്പോയ നല്ല കാലം പുനഃസൃഷ്ടിക്കുന്നു.കാണം വിറ്റിട്ടായാലും ശരി ജീവിതം ഓണമാക്കണം.(മലയാളിയെ വിഴുങ്ങിയിരിക്കുന്ന ഉപഭോഗസംസ്കാരവും ഒരുപക്ഷേ കാണംവിറ്റും ഉണ്ണണമെന്ന ആശയത്തിന്റെ തുടര്‍ച്ചയാവാം )

ചിങ്ങമാസത്തിലെ തിരുവോണത്തില്‍ ഒതുങ്ങുന്നതല്ല ”ഓണം ” . ഒരു പ്രത്യേക ദിനത്തിന്റെയല്ല, ”മാവേലി നാടു വാണീടും കാല”ത്തിന്റെ ആഘോഷമാണത്. വാമനന്‍ ഭൂമിയും ആകാശവും മഹാബലിയുടെ തലയും അളന്നെടുത്ത് തന്റേതാക്കുന്ന ഭാഗവതപുരാണത്തിലെ കഥ ഇങ്ങനെയൊരു ഓണക്കാലം പരാമര്‍ശിക്കുന്നില്ല. മഹാബലിയുടെ കഥക്ക് ഇങ്ങനെയൊരു വേര്‍പിരിവ് ഭാരതത്തില്‍ മറ്റൊരു പ്രദേശത്തുമില്ലതാനും. ശ്രാവണമാസത്തിലെ ശ്രാവണ നക്ഷത്രത്തെ തിരുവോണവും ”ഓണക്കാല”വുമാക്കി കഥയാക്കിയത് മലനാട്ടുകാരുടെ ജീവിതസങ്കല്‍പ്പമാണ്. മാവേലി വാണ കാലം മുഴുവന്‍ കള്ളമില്ലാത്ത, ചതിയില്ലാത്ത ഓണക്കാലമായിരുന്നു.വാമനന്മാരുടെ പരമ്പര (ബ്രാഹ്മണര്‍ ) കേരളത്തെ അറുപത്തിനാലു ഗ്രാമങ്ങളായി പങ്കുവെച്ചെടുത്ത് ഈ നാടിന്റെ ഭൂപ്രഭുക്കളായി മാറിയ കാലത്തിനപ്പുറത്തെ ആദിദ്രാവിഡ മലനാടിന്റെ സ്മരണയാണത്. ഓണപ്പൂക്കളില്‍ ഓണത്തുമ്പികള്‍ ചിറകടിച്ച ഒരു നല്ല കാലം ആണ് അത്.
”വരമാബലി നാടുവാണൊരാ
സ്മരണത്തിന്നുതകും പ്രകാരമായ്
ഇരവിപ്പെരുമാള്‍ തുടങ്ങി വന്‍ –
കര തൃക്കാക്കാര വെച്ചൊരുത്സവം” എന്ന് കേരളചരിത്ര കാവ്യത്തില്‍ മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഓണത്തിന്റെ ഉത്ഭവം വര്‍ണ്ണിച്ചതിന്റെ ഔചിത്യം അതാണ്. മാബലി വാണ കാലത്തിന്റെ സ്മരണയ്ക്കുതകും പ്രകാരം തൃക്കാക്കരയില്‍ ഇരുപത്തിയേഴു ദിവസം നീണ്ടുനിന്ന ഉത്സവമായിരുന്നു അത്.മാവേലിയുടെ കാലത്ത് എന്നും ഓണമായിരുന്നു.

.മലയാളിയുടെ ഓണം എന്ന സങ്കല്‍പ്പം മനസ്സുകൊണ്ടറിയാന്‍ അവര്‍ പാടുന്ന ഓണപ്പാട്ടുകളുടെ ചില ഭാഗങ്ങള്‍ നമുക്ക് ഓര്‍ത്തെടുക്കാം.

‘നല്ല മഴ പെയ്യും വേണ്ടുന്നേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ”

”മാനം തളിർത്തല്ലോ മണ്ണിലെ

മാണിക്യച്ചെപ്പും തുറന്നല്ലോ

കാണാതെ പോയൊരു പൂവുകൾ പിന്നെയും

ഓണം കാണാൻ വന്നല്ലോ

തന്നാനം മയിൽ തന്നാനം കുയിൽ

താളത്തിലാടുകയാണല്ലോ”. (ഒ എന്‍ വി)

”കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ …….”

ഈ പാട്ടുകള്‍ക്കൊക്കെയപ്പുറമാണ് മഹാകവി കുഞ്ഞിരാമന്‍നായരുടെ ‘സൗന്ദര്യപൂജ’യിലെ ഓണം. മലനാട്ടിലെ പൂവിലും പൂത്തുമ്പികളിലും മാത്രമല്ല സര്‍വ്വ ചരാചരങ്ങളിലും കവി ഓണത്തിന്റെ ശോണിമ ദര്‍ശിക്കുന്നു. നോക്കൂ

”കുളിച്ചു പൂപ്പൊലിപ്പാട്ടിൽ വിളിച്ചു മലനാടിനെ
ഒളിച്ചു പൂക്കളം തീർത്ത് കുളിച്ചുപുലർവേളകൾ

പറന്നുപോയ് പഞ്ചവർണ്ണകിളിക്കൂട്ടങ്ങൾ പോലവെ
കുന്നിന്‍ചെരുവിലോണപ്പൂക്കളേന്തിയ സന്ധ്യകൾ
കാവ്യമണ്ണിഴുകും കൊമ്പു കുലുക്കിതാടിയാട്ടിയും
കുതിച്ചുചാടി ചിങ്ങപ്പൂത്തേരിൽപ്പൂട്ടിയകാളകൾ

കണ്ണീരണിഞ്ഞു കുഗ്രാമ ലക്ഷ്മിനോക്കിയിരിക്കവേ
കേവഞ്ചികേറിപ്പോയോണ വെണ്ണിലാവണിരാവുകൾ

യാത്രചോദിച്ചു പോകാനായ് മണിമുറ്റത്തു നിൽക്കയാം
പെരുമാള്‍ ചൂടിയ പൊന്നോണവില്ലുകൂടിയ തുമ്പകൾ

താരുണ്യം കുമ്പിടുംമാറു തുളുമ്പി കറ്റവാർകുഴൽ
അഴിഞ്ഞു പൂങ്കവിൾത്തട്ടിലഴകിന്നിതള്‍ ചിന്നിയും
അഞ്ജനകൺകോണിൽനിന്ന് നീലരത്‌നാഭതൂകിയും
നിശ്വാസവായുവിൽശ്ശുദ്ധി സൗരഭങ്ങൾ പരത്തിയും

പൂനിലാവിൽ മുങ്ങി നീരുമാമ്പലപ്പൂവുപോലവേ
മലഞ്ചെരുവിലാപ്പുള്ളി മാൻകിടാവെന്നപോലവെ
കസ്തൂരിക്കുറിപൂശുന്ന വരമ്പിൻ വക്കിലൊക്കെയും
കാൽവെപ്പിനാൽ പൂനിരത്തി രമ്യശാരദ കന്യക

സത്വവെണ്മയേഴും കന്നിവാനിൽച്ചുറ്റിപ്പറക്കവെ
പൂമണിച്ചിറകിൻക്കാറ്റിലാടി സ്വർഗീയസൗഭഗം
നിശതൻ ഖണ്ഡകാവ്യങ്ങൾ തിരുത്തും സൂര്യരശ്മികൾ
നിർമ്മിച്ചുതൂവലിൻ തുമ്പാൽ ഭാവാനാമണി പത്തനം

സത്യപ്രകൃതിദീപത്തിൽക്കത്തും പൊൻതിരിപോലവെ
അരിവാളെന്തിനിൽക്കുന്നു കന്നിക്കർഷക കന്യക….”

വേണ്ടുംകാലത്ത് വേണ്ടപോലെ മഴ പെയ്തിരുന്ന കാലം, വേണ്ടുവോളം വിളവുള്ള കാലം, മാനുഷരെല്ലാരുമൊന്നാകും കാലം, മണ്ണിലെ മാണിക്യച്ചെപ്പ് തുറക്കും കാലം, സമൃദ്ധിയുടെ പൊലിപ്പാട്ടിന്റെ കാലം ..അങ്ങനെയങ്ങനെ പോകുന്നു മലയാളിയുടെ മാവേലിപുരാണത്തില്‍ നിലപാടുകൊള്ളുന്ന ഓണം എന്ന സങ്കല്‍പ്പം. മലനാട്ടിലെ ഭൂപ്രകൃതിയില്‍ സുഗന്ധം പരത്തിയും നിറമാല ചാര്‍ത്തിയും ഓണം നിറഞ്ഞുനില്‍ക്കുന്നു. ഓണപ്പൂക്കള്‍, ഓണപ്പുടവ, ഓണസദ്യ, ഓണക്കിളികള്‍, ഓണത്തുമ്പി, ഓണ നിലാവ്, ഓണവില്ല്… അങ്ങനെയങ്ങനെ മലയാളമണ്ണിലെ നിറ സാന്നിധ്യമാണ് ഓണം.ഓണട്ടുകര, ഓണാട് (ഓണനാട് ),എന്നിങ്ങനെ ചില നാടുകളും നമുക്കുണ്ട്. ‘ഓണംകേറാമൂല’കളും അപൂര്‍വ്വമായി ഉണ്ടാവാം. ‘വേണ്ടുവോളം വിളവുള്ള കാലം’ സൂചിപ്പിക്കുന്നത് മാവേലിക്ക് കൃഷിയോടുള്ള ബന്ധമാണെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. ഉപഭോഗസംസ്കാരത്തില്‍ ആണ്ടുപോയെങ്കിലും വേണ്ടുവോളം വിളവുള്ള കാലം ആണ് ഇന്നും നമ്മുടെ സങ്കല്‍പ്പം.

സാമൂഹ്യവും രാഷ്ട്രീയവും ആയ മലയാളിയുടെ കാഴ്ച്ചപ്പാടുകളിലും മാവേലിയുടെ പുരാവൃത്തത്തിന്റെ നിഴലാട്ടം കാണാം. ശ്രീ നാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും കുമാരനാശാനും മലയാളിയുടെ മാവേലിസങ്കല്‍പ്പത്തിന്റെ ഉത്പന്നങ്ങളാണ്.
”ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത് ” എന്ന ഗുരുവിന്റെ വരികള്‍ക്ക്‌ ”മാനുഷരെല്ലാരുമൊന്നുപോലെ ” എന്ന ഓണപ്പാട്ടിനോടുള്ള സാദൃശ്യം യാദൃച്ഛികമാവില്ല. വിഷ്ണുവിന്റെ അവതാരമായ വാമനനെ മാറ്റിനിര്‍ത്തി അസുരരാജാവായ മാവേലിയെ പൂവിട്ട് പൂജിക്കുന്ന സംസ്കാരത്തിന്റെ തുടര്‍ച്ചയാണ് ഗുരു പ്രതിഷ്ഠിച്ച ‘ഈഴവശിവന്‍ ‘

മാനുഷരെല്ലാരും ഒന്ന് എന്ന സങ്കല്‍പ്പം സമുദായമെെത്രിക്കും പ്രചോദനമേകുന്നുണ്ട്. ഹെെന്ദവേതര സമുദായങ്ങളും ഉത്സാഹത്തോടെ ഓണക്കാലം കൊണ്ടാടുന്നുണ്ട്.ഓണസദ്യയും കെെകൊട്ടിക്കളിയും പുലിക്കളിയും കുമ്മാട്ടിയും ഓണത്തല്ലും വള്ളംകളിയും ജാതിമത പരിധികളെ അപ്രസക്തമാക്കുന്നു.കേരളത്തില്‍ ഹെെന്ദവേതര സമുദായങ്ങളുടെ ആഘോഷങ്ങള്‍ക്കും മതേതരസ്വഭാവം കെെവന്നത് ഓണത്തിന്റെ മതേതരസ്വഭാവം മൂലമാകാം.രാഷ്ട്രീയത്തിലും കലയിലും സാഹിത്യത്തിലും ഹിന്ദുസമുദായത്തോടൊപ്പം മറ്റുസമുദായങ്ങളും മുന്‍പന്തിയില്‍ നില്‍ക്കുന്ന അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്ന് കേരളമാകുന്നതും അതുകൊണ്ടുതന്നെ.

ആറന്മുള ക്ഷേത്രത്തിലെ ഓണസദ്യയും ഉത്രട്ടാതിവള്ളംകളിയും ഓണത്തിന്റെ അതീതകാലസ്മരണയുണര്‍ത്തുന്നവയാണ്. ”കേളുച്ചാരുടെ പാളത്തെെര് കൊണ്ടുവാ !” എന്ന മട്ടിലുള്ള സദ്യയിലെ ഘോഷങ്ങള്‍ കേരളത്തിലെ ഗ്രാമീണ ജീവിതത്തില്‍ ഓണത്തിന്റെ വേരോട്ടത്തിന് ദൃഷ്ടാന്തങ്ങളാണ്. മലയാണ്മ എന്ന സാംസ്കാരിക തനിമയുടെ സങ്കല്‍പ്പങ്ങളെ ശബ്ദംകൊണ്ടും നിറ -രുചിഭേദംകൊണ്ടും ഭാസുരമാക്കിയതില്‍ ആറന്മുള പാര്‍ത്ഥസാരഥിക്കും തൃക്കാക്കരയ്ക്കും സാരമായ പങ്കുണ്ട്.

മാവേലി എന്നൊരു ചക്രവര്‍ത്തിയുണ്ടായിരുന്നുവോ എന്ന് ആരും അന്വേഷിക്കാറില്ല.മലയാളിക്ക് അത് ഒരു ഭൂതകാലമല്ല,ഭാസുരമായ ഭാവിയെപ്പറ്റിയുള്ള സങ്കല്‍പ്പമാണ്.
ആവര്‍ത്തിക്കട്ടെ, മാവേലിയും ഓണവും മലയാളിക്ക് പ്രത്യാശയുടെ പ്രതീകങ്ങളാണ്.


** ഹെര്‍മന്‍ ഗുണ്ഡര്‍ട്ടിന്റെനിഘണ്ടുവില്‍ ഓണത്തെ പരശുരാമനോട് ബന്ധിപ്പിക്കുന്നുണ്ടെങ്കിലും ജനങ്ങളില്‍ ഇപ്പോള്‍ അതിന് സ്വീകാര്യതയില്ല. ഗുണ്ഡര്‍ട്ടിന്റെ വാക്കുകള്‍ ഇങ്ങനെയാണ് . ”the national feast on the new moon of September lasting ten days when Paraurama is still said to visit Kerala.”

✍രാജൻ പടുതോൾ

COMMENTS

1 COMMENT

  1. I have just finished reading your article you wrote on your Onam memories.I want to tell you how much I appreciated your clearly written and thought-provoking article.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: