17.1 C
New York
Saturday, October 16, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (44)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (44)

✍️ശ്രുതി സന്തോഷ്‌

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾക്ക് മറ്റൊരു പേരാണ് ഓണമെന്ന് പറയാം. ജാതിമതഭേദങ്ങൾക്കപ്പുറം ലോകമെമ്പാടുമുള്ള മലയാളികൾ ഒരുപോലെ ആഘോഷിക്കുന്നു എന്നതാണ് ഓണത്തിന്റെ ഏറ്റവും വലിയ സവിശേഷത. വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. സമ്പന്നനോ ദരിദ്രനോ എന്ന് വേർതിരിവില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ഒരു ഉത്സവം എന്ന് തന്നെ പറയാം. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന പഴമൊഴി അന്വർത്ഥമാക്കുന്നു ഏവരും.

ഓണത്തിനെപ്പറ്റി ഒരുപാട് ഐതിഹ്യങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് മഹാബലിയെ ചുറ്റിപ്പറ്റിയുള്ളതാണ്..

“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും”.

ഐശ്വര്യം നിറഞ്ഞ ഭരണത്തിൽ അസൂയ പൂണ്ട ദേവന്മാർ മഹാബലിയെ തോൽപ്പിക്കാൻ മഹാവിഷ്ണുവിന്റെ സഹായം തേടി.,മഹാബലി വിശ്വജിത്ത് എന്ന യാഗം നടത്തവേ,വാമനനായി അവതാരമെടുത്ത മഹാവിഷ്ണു മൂന്നടി മണ്ണ് ഭിക്ഷയായി ആവശ്യപ്പെട്ടു. ചതിയാണെന്നറിഞ്ഞിട്ടും മഹാബലി വാമനന് മൂന്നടി മണ്ണ് എടുത്തുകൊള്ളാൻ സമ്മതം നൽകി.ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്ത വാമനന് മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. അങ്ങനെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിഎന്നാണ് വിശ്വസിച്ചുപോരുന്നത്. പോകുന്നേരം ആണ്ടിലൊരിക്കൽ അതായത് തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കാനുള്ള അനുവാദം നൽകി എന്നാണ് വിശ്വാസം. ( മഹാബലിയുടെ അഹങ്കാരം തീർക്കാൻ വാമന രൂപംകൊണ്ട മഹാവിഷ്ണുവിന്റെ പാദസ്പർശത്താൽ അഹങ്കാരത്തിൽ നിന്ന് മോചനം നൽകിയതാണെന്നും വിശ്വസിക്കുന്നു ).

കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് പറയുന്നതെങ്കിലും അതിനേക്കാൾ ഒരുപാട് മുൻപ് കേരളത്തിലും തമിഴ്നാട്ടിലും ഓണാഘോഷം നടത്തിയിരുന്നതായി സംഘകൃതികളിൽ പറയുന്നു. മഹാവിഷ്ണുവിന്റെ ജന്മദിനമായിട്ടാണ് ഓണാഘോഷം നടത്തുന്നതെന്നാണ് അതിൽ പ്രതിപാദിക്കുന്നത്.

ചിങ്ങമാസത്തിലെ അത്തം നാളിൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. അത്തം നാൾ മുതൽ ഓണ പൂക്കളമിടാൻ തുടങ്ങുന്നു. ഓരോ ദിവസവും ഇടുന്ന പൂക്കളത്തിനും ഓരോ പ്രത്യേകതയുണ്ട്. തുമ്പയും മുക്കുറ്റിയും നന്ത്യാർവട്ടവും തെച്ചിയും ഓണപൂക്കളത്തിലെ താരങ്ങളാണ്. കുട്ടികൾ പൂവട്ടിയുമായി പൂ പറിക്കാൻ പോകുന്ന കാഴ്ച ഇന്ന് അന്യമായി കൊണ്ടിരിക്കുകയാണ്.തൃക്കാക്കരപ്പനെ ഉണ്ടാക്കുന്നത് മധ്യകേരളത്തിലെ ഒരു ആഘോഷമാണ്. ഓണത്തപ്പന്റെ നാടാണ് തൃക്കാക്കര എന്നാണ് പറയപ്പെടുന്നത്. അതല്ല വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയാണ് തൃക്കാക്കര എന്നും വിശ്വസിച്ചുപോരുന്നു. കളിമണ്ണുകൊണ്ടാണ് തൃക്കാക്കരപ്പനെ ഉണ്ടാക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിൽ ഒരു പീഠത്തിൽ തൃക്കാക്കരയപ്പനെ ഇരുത്തി, പുഷ്പങ്ങൾ ചാർത്തുന്നു.നിലവിളക്ക് ചന്ദനത്തിരി എന്നിവതെളിയിച്ച് നാളികേരം അട, അവിൽ,മലർ എന്നിവ നേദിക്കുന്നു.

“തൃക്കാക്കരപ്പാ പടിക്കേലും വായോ,
ഞാനിട്ട പൂക്കളം കാണാനും വായോ
ആർപ്പോ ഈറോ ഈറോ.”
എന്നു വിളിച്ചു കൊണ്ട് അട ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് ഇതിനെ കാണുന്നത്.

ഓണത്തിന്റെ അവസാനഘട്ട ഒരുക്കമായി തലേദിവസമെത്തുകയായി ഉത്രാടപ്പാച്ചിൽ. ആവശ്യസാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന തിരക്കിട്ട യാത്രയെയാണ് ഇങ്ങനെ പറയുന്നത്. ചില സ്ഥലങ്ങളിൽ ഓണ പലഹാരങ്ങൾ ഉണ്ടാക്കുന്നത് ഈ ദിവസമാണ്.

ഓണത്തിന്റെ അന്ന് അതിരാവിലെതന്നെ പ്രായഭേദമന്യേ എല്ലാവരും കുളിച്ച് ഓണക്കോടിയുടുക്കുന്നു. ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്.
പണ്ടൊക്കെ ഓണത്തിന്റെ അന്ന് മാത്രമാണ് സാധാരണക്കാരനെ എല്ലാ വിഭാഗങ്ങളും കൂട്ടി ഒരു ഊണ് സ്വപ്നം കാണാൻ പറ്റാറുള്ളു. കുടുംബാംഗങ്ങളെല്ലാം ഒത്തു കൂടിയാണ് ഓണസദ്യ തയ്യാറാക്കുന്നതും കഴിക്കുന്നതും. ഓണസദ്യ കഴിഞ്ഞാൽ പിന്നെ ഓണക്കളികൾ തുടങ്ങുകയായി. കൈകൊട്ടികളി വടംവലി ഓണത്തല്ല് തലപ്പന്തുകളി സുന്ദരിക്ക് ഒരു പൊട്ട് കുത്തൽ. ഓണത്തിന്റെ ഭാഗമായി ചില സ്ഥലങ്ങളിൽ ചില പ്രത്യേക ആഘോഷങ്ങളും ഉണ്ട്. തൃശ്ശൂരിൽ പുലിക്കളി, ആറന്മുള വള്ളംകളി, തൃപ്പൂണിത്തുറയിൽ അത്തച്ചമയം.

കൂട്ടുകുടുംബവ്യവസ്ഥ ശിഥിലമായതും, ജോലി സാധ്യതകൾ തേടി കുടുംബം പലവഴി പിരിഞ്ഞതുമെല്ലാം ഇന്നത്തെ ഓണാഘോഷത്തിന് മങ്ങലലേൽപ്പിച്ചിട്ടുണ്ട്. എങ്കിലും വിപണിയിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്നപോലെ അവരും ഓണം ഒരു ആഘോഷമാക്കി തീർക്കാറുണ്ട്.

ഇന്ന് കൊറോണ വൈറസ് എന്ന ഇത്തിരിക്കുഞ്ഞൻ വൈറസ് ലോകമെമ്പാടുമുള്ള ആളുകളെ ഭീതിയിലാഴ്ത്തിയിരിക്കുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിലെ വലിയ ഓണാഘോഷവും പ്രതിസന്ധിയിലാണ്. എന്നാൽ ഓണത്തിന് ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്തും, ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുത്തും സർക്കാരും സന്നദ്ധപ്രവർത്തകരും ആരും ഓണം ആഘോഷിക്കാതെ ഇരിക്കരുതെന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്നുണ്ട്.

കാലം മാറുമ്പോൾ അതിന്റെതായി ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മളും ഉൾക്കൊള്ളേണ്ടതുണ്ട്. എന്നാലും സങ്കൽപത്തിലുള്ളത് പഴയ ആ നിറവിന്റെ, ഇല്ലായ്മയിലും ആഘോഷമാക്കുന്ന ആ ഓണം തന്നെയാണ്. പൂവട്ടിയുമായി പൂക്കൾ തേടിയിറങ്ങിയ കുട്ടികളും, ഓണപൂക്കളവും, ഓണസദ്യയും ഓണക്കളികളും, ഒത്തിണങ്ങിയ ആ ഒത്തുചേരലിന്റെ ഒരുമയുടെ ഉത്സവം.

✍️ശ്രുതി സന്തോഷ്‌

COMMENTS

17 COMMENTS

  1. ഓണത്തെകുറിച്ചുള്ള കുറെയേറെ കുറിപ്പുകൾ മുൻപും വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും വിശദമായ ഒന്ന് വായിക്കുന്നത് ആദ്യമായാണ് ഓണത്തെക്കുറിച്ച് എനിക്കറിയാത്ത ഏറെ കാര്യങ്ങൾ അറിയാൻ ഈ എഴുത്ത് സഹായകമായി
    അഭിനന്ദനങ്ങൾ 🌹🌹🌹

  2. ഓണസദ്യയേക്കാൾ വിഭവസമൃദ്ധമായ ഓണസങ്കൽപം.
    വായനയും ഓണക്കാലം പോലെ ഹൃദ്യം.

  3. എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, ഭാവിയുണ്ട്.
    എല്ലാ ഭാവുകങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: