17.1 C
New York
Saturday, October 16, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (43)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (43)

✍അമ്പിളി ദിലീപ്

എന്റെ സങ്കല്പത്തിലെ ഓണക്കാലം വെറുമൊരു സങ്കല്പമെന്നു പറയേണ്ടതല്ല. മുപ്പതു വർഷങ്ങൾക്കു മുൻപ് എന്റെ ബാല്യ കാലത്ത് ഞാൻ അനുഭവിച്ചറിഞ്ഞ അതേ ഓണക്കാലമാണ്. കള്ളക്കർക്കിടക്കത്തിന്റെ പഞ്ഞക്കാലം കഴിച്ചു കൂട്ടി, ആടിക്കാലം കനിഞ്ഞു തരാറുള്ള ,പത്തു വെയിൽ കാത്തിരുന്നു മുറ്റവും തൊടിയും ചെത്തി മിനുക്കി, ഇല്ലായ്മകൾ മറന്ന്,കുട്ടികൾക്കൊപ്പം മുതിർന്നവരും ജാതിഭേദമന്യേ ആഘോഷിച്ചിരുന്ന ഓണനാളുകൾ..

അന്നത്തെ ചിങ്ങ വെയിലിന് ഇളം മഞ്ഞ നിറമായിരുന്നു.. ചുവന്ന ഉടലും ഇളം കറുപ്പ് നിറമുള്ള ചിറകുകളുമായി ഓണത്തുമ്പികൾ എങ്ങുനിന്നെന്നറിയാതെ
തൊടിയിൽ പാറിതുടങ്ങുമ്പോഴേ ഓണം വരാറായീ എന്ന് ഞങ്ങൾ കുട്ടികൾക്ക്‌ പോലും മനസിലാവും.സർപ്പക്കാവിന്റെ അതിരുകളിൽ ആറുമാസചെടികൾ ചുവന്ന കിരീടങ്ങൾ പോലുള്ള പൂങ്കുലകളുമായി പൂവട്ടിയുമായി വരുന്ന കുഞ്ഞുങ്ങളെ കാത്തു തുടങ്ങും. വിളഞ്ഞു തുടങ്ങിയ നെൽ കതിരുകൾക്കിടയിൽ പച്ചയും തവിട്ടും നിറമുള്ള ഊരാൻ നാമ്പുകൾ എത്തി നോക്കി നിൽക്കും. കൈത്തോടിലെ ആമ്പൽ വള്ളികളും, പോളപ്പായലുകളും മൊട്ടിട്ടു തുടങ്ങും. കദളിപ്പൂവും നെല്ലിപ്പൂവും വയൽവരമ്പിൽ തളിർത്തു പൂത്ത് ലജ്ജാവതികളായ പെൺകിടാങ്ങളെ പോലെ നിൽക്കുന്നുണ്ടാവും.

അത്തത്തിനു മുൻപേ വീടും തൊടിയും വൃത്തിയാക്കിയിട്ടുണ്ടാവും. പുലർച്ചെ ഉണർന്ന് അടിച്ചു തളിച്ച് ശുദ്ധമാക്കിയ മുറ്റത്ത് അമ്മ ചാണകം മെഴുകി തരും. ഒരു കുഞ്ഞു ചാണകയുരുള നടുവിൽ വച്ച് അതിന് മേൽ ഒരു തുമ്പപ്പൂ വച്ച് ചുറ്റിനും തുമ്പക്കുടം അണിയിച്ച് അത്തക്കളം ഒരുക്കും. അന്ന് പൂക്കൾ ഇടില്ല. എങ്കിലും സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും ശംഖുപുഷ്പ്പത്തിന്റെയും വേലി ചെമ്പരത്തിയുടെയും മൊട്ടുകളെ തേടി കണ്ണുകൾ ചുറ്റുപാടും പായിച്ചുള്ള നടത്തമാണ്. കൂട്ടുകാർ കാണാതെ അതിറുത്തെടുത്തു ചേമ്പിലയിൽ, വെള്ളം തളിച്ച് മുറ്റത്തെ മുല്ലച്ചെടിയുടെ താഴെ തണുപ്പുകിട്ടുന്നിടത്തു വയ്ക്കും.

മിക്കവാറും ഓണപ്പരീക്ഷയുടെ അവസാനദിനങ്ങളാവും.. എന്നാലും വൈകിട്ട് കൂട്ടുകാരുമൊത്ത് ശാസ്താവമ്പലത്തിന്റെ പുറകിലെ ആളൊഴിഞ്ഞ പറമ്പിലും, കുളക്കരയിലുമൊക്കെ, പെരിങ്ങലപ്പൂവും തുമ്പപ്പൂവും തേടി വിളക്ക് വയ്ക്കും വരെ നടപ്പാണ്. പൂക്കൾ പറിച്ചിടാൻ കൈതോല മേടഞ്ഞുണ്ടാക്കിയാ പൂവട്ടികൾ ഉണ്ടാവും.. തിരികെ വീട്ടിൽ വന്നു, കൈത്തൊടിനരികിലെ മഞ്ഞക്കോളാംബിയുടെ പൂവുകൾ കൂടി ഇറുത്തെടുക്കുമ്പോഴേക്കും തൃസന്ധ്യ പടികയറി വന്നിട്ടുണ്ടാവും.

ചിത്തിര നാളിൽ ആദ്യത്തെ പൂക്കളമിടുന്ന ഓർമയിൽ നേരത്തെ ഉണരും. തലേന്ന് പറിക്കാതിരുന്ന മുറ്റത്തെ നന്ദ്യാർ വട്ടവും ഗന്ധരാജനും, മന്ദാരവും ഇരുത്തെടുക്കുമ്പോൾ രാത്രിയിൽ പെയ്ത മഴചാറ്റലിന്റെ തുള്ളികൾ മുഖത്തും കൈകളിലും പൊഴിഞ്ഞു ഉടലാകെ കുളിരും.. പുതിയ ചാണകം മെഴുകിയ തറയുടെ ഗന്ധം പൂക്കളുടെ നറുമണ ങ്ങളുമായി ചേർന്ന് പുതിയൊരു ഓണ ഗന്ധം. അനുഭവവേദ്യമാകും പിന്നെ ഓരോ ദിനങ്ങളിലും പൂക്കളത്തിന്റെ വലുപ്പമേറി വരും. മൂലം നാളാകുമ്പോൾ തറ മണ്ണിട്ടുയർത്തി മൂന്നു പൂക്കളങ്ങളിടും.

പരീക്ഷ കഴിഞ്ഞ്, സ്കൂളടച്ചു ഓണക്കൊടിയെടുക്കാൻ അമ്മയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തിക്കൊണ്ടേ യിരിക്കും. ഒരു ഓണച്ചിട്ടി കഴിഞ്ഞ് കിട്ടിയ, എണ്ണിച്ചുട്ട നോട്ടുകൾകൊണ്ട് അല്പം പച്ചക്കറിയും, ഉപ്പേരിക്കുള്ള കായയും കപ്പയും, വാങ്ങി അച്ഛനെ ബുദ്ധിമുട്ടിക്കാതെ ഓണസദ്യ ഒരുക്കാൻ ശ്രമിക്കുന്ന അമ്മ ഓണാക്കോടിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല. അത് അച്ഛന്റെ നിയമപരിധിയിലാണ്.

മാവേലി സ്റ്റോറിലെ നീണ്ട ക്യുവിൽ അമ്മയും ചേട്ടനും പച്ചക്കറികളും എണ്ണയും വാങ്ങാൻ നിൽക്കുമ്പോൾ, താരതമ്യേനെ തിരക്കു കുറഞ്ഞ, ഏത്തക്കായ വിൽക്കുന്നിടത്ത് എന്നെ നിർത്താറുണ്ട് അമ്മ. എല്ലാം വാങ്ങിക്കൂട്ടി, നടന്നും ഓടിയും വീട്ടിലെത്തിയ ഉടൻ അമ്മ അടുക്കളയിൽ കയറും. സഹായത്തിനു ഞങ്ങളും കൂടും. കായ വറുത്ത് ഉപ്പേരിയും ശർക്കരവരട്ടിയും ഉണ്ടാക്കും. ചീടയും കപ്പവറുത്തതും കൂടി ഉണ്ടാക്കി കഴിയുമ്പോൾ നേരം പാതിരാ കഴിയും. അതിനിടയിൽ ജോലി കഴിഞ്ഞ് വന്ന അച്ഛനും അടുക്കളയിലെത്തിയിട്ടുണ്ടാവും. എത്ര വൈകി ഉറങ്ങിയാലും, ഉത്രാടപ്പുലരിയിൽ നേരത്തെ എല്ലാവരും ഉണരും. അന്നാണ് പിള്ളേരോണം.

ഉച്ചക്ക് ഇഞ്ചിക്കറിയും, കാളനും, ഉള്ളിത്തീയലും കായത്തൊലിയും പയറും കൊണ്ടുള്ള തോരനും, പപ്പടവും കൂട്ടി ഞങ്ങൾ കുട്ടികൾക്ക് അമ്മ ഉത്രാടസദ്യ വിളമ്പും. സദ്യക്ക്‌ പായസം ഇല്ലാത്തതിന്റെ സങ്കടം എല്ലാ വർഷവും എനിക്കുണ്ടാകാറുണ്ട്. എങ്കിലും ഓണത്തപ്പനെ ഉണ്ടാക്കാനും പൂമാറ്റാനുള്ള തുമ്പക്കുടവും ചെത്തിപ്പൂവും, പൂക്കിലയും പറിക്കാനുമൊക്കെ പോകേണ്ട തിരക്കിൽ അതൊക്കെ മറന്ന് ഓട്ടമാണ്. പാടവരമ്പിനടിയിലെ പശിമയേറിയ മണ്ണ് കുഴച്ച് മൃദുവാക്കി ത്രികോണാകൃതിയിൽ ഓണത്തപ്പനെ ഉണ്ടാക്കുന്നത് വല്യേട്ടനാണ്. കവുങ്ങുള്ള, അയൽപ്പക്കത്തെ വീടുകളിൽ ചെന്ന് പൂക്കുല അടർത്തിയെടുക്കുന്നത് കൊച്ചേട്ടനും കൂട്ടുകാരും കൂടിയാണ്. ചെത്തിപ്പൂവും തുമ്പക്കുടവും പറിച്ചു നാടായ നാട് മുഴുവൻ നടന്നു ഞാനും കൂട്ടുകാരും സന്ധ്യയാവും വീട്ടിലെത്തുമ്പോൾ. പിന്നെ പൂവൊരുക്കി, തറയൊക്കെ മണ്ണിട്ടുയർത്തി തിരുവോണപ്പൂക്കളം ഒരുക്കാൻ തുടങ്ങും.

രാത്രിതന്നെ മുറ്റം അടിച്ചുതളിച്ചു വൃത്തിയാക്കും. അടുത്തവീടുകളിൽ മുറ്റമടിക്കുന്ന ശബ്ദം കേൾക്കുമ്പോൾ വൈകിപ്പോയല്ലോന്ന് ആത്മഗതം ചെയ്യുന്ന അമ്മക്ക് മണ്ണെണ്ണ വിളക്കിലെ ഇത്തിരി വെട്ടം കാണിച്ചു കൊടുത്ത് ഞാൻ കൂടെ നടക്കും. ഉറക്കം കൂടുകെട്ടി പാതി മയങ്ങിയ കണ്ണുകൾ ചിമ്മി തുറന്ന്സ്വപ്നത്തിലെന്ന പോലെ. നിലാവും നിഴലും കെട്ടുപിണഞ്ഞു കിടക്കുന്ന വെള്ളമണൽ വിരിച്ചു മുറ്റത്ത്, വിളക്കിന്റെ വൃത്താകൃതിയിലുള്ള നിഴൽ വലുതാവുകയും ചെറുതാവുകയും ചെയ്യും. ചിലപ്പോൾ മുറ്റമടിച്ചു തീരുമ്പോൾ മഴ ചാറിപ്പെയ്യും. അമ്മ മുറ്റം തളിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട്, മഴ വെള്ളം തളിക്കുന്നുണ്ടല്ലോ പിന്നെന്തിനാ അമ്മ ബുദ്ധിമുട്ടുന്നതെന്ന്. പുലർച്ചെ രണ്ടുമണിക്കു തന്നെ ഉണർന്നു കുളിച്ച്, എല്ലാവരും പൂവിടാൻ തുടങ്ങും.തണുത്തു വിറച്ചുള്ള ആ ഇരിപ്പിൽ ചൂടുള്ള കട്ടൻ ചായ അമ്മ കൊണ്ടുത്തരും. അച്ഛനാവും ഈർക്കിലി കൊണ്ട് മാതൃക വരക്കുക. പലതരം നാടൻ പൂക്കളും അരിപ്പൊടിയും ഉമിക്കരിയും വാകപ്പൊടിയും ഒക്കെ ചേർത്ത് വലുതും ചെറുതുമായ മൂന്നു പൂക്കളം ഇടും. എന്നിട്ട് അതിനു ചുറ്റിനും തുമ്പക്കുടവും തുളസിയിലയും ചെത്തിപ്പൂവും കൊണ്ട് അണിയിക്കും. ഉമ്മറത്ത് കത്തിച്ചുവച്ച വിളക്കിനരികിലേക്കും, പടിപ്പുര വാതിലിനടുത്തേക്കും അത് നീളും. അതിനു മീതെ അരിമാവണിയിച്ചു, പൂക്കില ചാർത്തിയ ഓണത്തപ്പന്റെ അഞ്ചു രൂപങ്ങൾ വയ്ക്കും. അതിന് മുന്നിൽ ഓരോ ഇലക്കീറു വച്ച് പൂവട നിവേദിക്കാൻ വയ്ക്കും. അരിപ്പൊടി ഉപ്പും നെയ്യും ചേർത്ത് കുഴച്ചു, ഉള്ളിൽ ശർക്കരയും തേങ്ങയും വച്ച് വാഴയിലയിൽ വേവിച്ചെടുക്കുന്നതാണ് പൂവട.ഏഴുതിരിയിട്ട് കൊളുത്തിവച്ച നിലവിളക്കും, പുകയുന്ന ചന്ദനത്തിരികളും ഉണർത്തുന്ന അഭൗമമായ അന്തരീക്ഷത്തിൽ തിരുവോണപ്പൂക്കളം പൂർണമായത് അറിയിച്ചുകൊണ്ട് വായ്ക്കുരവകളിടും.ആദ്യം വായ്ക്കുരവയിടാനുള്ള മത്സരമാണ് ഓരോ വീട്ടുകാരും. പിന്നെ, അയൽപ്പക്കത്തൊക്കെ പോയി പൂക്കളം കാണും. ആരുടെ കളത്തിലാണ് നിറങ്ങൾ കൂടുതൽ വലിപ്പം കൂടുതൽ എന്നൊക്കെ ചർച്ചചെയ്തു പൂവടയും കഴിച്ചു നേരം വെളുത്തു വരുന്നത് കണ്ടിരിക്കുന്നത് ഒരു ദൈവികമായ അനുഭവമായിരുന്നു.

പിന്നെയാണ് ഞങ്ങളുടെ ഓണക്കോടിയെടുക്കാനുള്ള പോക്ക് അന്നൊരു ദിവസം മാത്രം അവധിയുള്ള അച്ഛൻ ഞങ്ങൾ കുട്ടികളെ കൂട്ടി ഓണക്കോടിയും വാങ്ങി എത്തുമ്പോൾ സദ്യക്കുള്ള സമയമാവും. സ്വന്തമായൊരു തോർത്ത്‌ പോലും വാങ്ങാതെ ഞങ്ങൾ മൂന്നുപേർക്കും ഉടുപ്പു വാങ്ങി തരുന്ന അച്ഛനെ നോക്കി കുറ്റബോധത്തോടെയാവും ഞാൻ നിൽക്കുക.ഞങ്ങളോട് പുത്തനുടുപ്പിട്ട് വരാൻ പറഞ്ഞിട്ട് അച്ഛൻ തൂശനിലമുറിക്കാൻ തൊടിയിലേക്ക് പോകും . കഴുകിത്തുടച്ച തൂശനിലയിൽ എല്ലാ വിഭവങ്ങളും വിളമ്പി കത്തിച്ച നിലവിളക്കിനുമുന്നിൽ വച്ച് പ്രാർത്ഥിച്ചിട്ടാണ് ഓണ സദ്യ ആരംഭിക്കുക.

പായ വിരിച്ച നിലത്ത് എല്ലാവരും ഇരിക്കും. ഉപ്പേരിയും പപ്പടവും നാരങ്ങാക്കറിയും വിളമ്പാൻ ഞങ്ങൾ കുട്ടികളും കൂടും. പിന്നെ തൊടുകറികൾ വിളമ്പുന്നതും ചോറും പരിപ്പും മറ്റു കറികളും വിളമ്പുന്നത് അമ്മയുമച്ഛനും കൂടിയാണ്. എല്ലാം വിളമ്പി വച്ചിട്ട് ഞങ്ങൾ ഒരുമിച്ചിരുന്നു സദ്യ കഴിക്കും. അത് കഴിഞ്ഞായിരുന്നു ഓണക്കളികൾ തുടങ്ങുക. അയല്പക്കത്തെ ആളുകളൊക്കെ ഉണ്ടാവും.മുതിർന്നവരെല്ലാം പകിട കളിക്കും, പെൺകുട്ടികളുടെ തുമ്പിതുള്ളലും, ഊഞ്ഞാലാട്ടവും, തകർത്തു നടക്കുമ്പോഴായിരിക്കും പുലികളിയുമായി ഒരു സംഘം വരിക. അത് കണ്ടു രസിച്ചു ആ പുറകെ കുട്ടികൾ ചിലർ അൽപ ദൂരം പോകും. സന്ധ്യയോടെ വട്ടക്കളി തുടങ്ങും. ഒടുവിൽ രാവേറെ വൈകി അത്താഴത്തിനു പകരം പായസവും ഉപ്പേരിയും പഴവും കഴിച്ചു തളർന്നുറങ്ങാൻ തുടങ്ങുമ്പോഴേക്കും ഉള്ളിലൊരു കുഞ്ഞു നോവുണർന്നിട്ടുണ്ടാവും. ഓണം കഴിഞ്ഞ് പോയല്ലോ എന്ന നിരാശ. എങ്കിലും ഒരു പ്രതീക്ഷയുണ്ടായിരുന്നു . അടുത്ത ഓണക്കാലം ഇതിലും മനോഹരമായിരിക്കുമെന്ന പ്രതീക്ഷ…

ഇന്നിപ്പോൾ ആ നാളുകൾ സങ്കല്പം മാത്രമായി മാഞ്ഞുപോയിരിക്കുന്നു. ഇനിയൊരിക്കലും കാണാത്ത ലോകത്തേക്ക് പോയ അച്ഛനും, ഒരിടത്തും കാണാത്ത തുമ്പയും നാടൻ പൂക്കളും, മതിലുകൾ ഉയർന്ന് പരസ്പരം അപരിചിതരായി പോയ അയൽപ്പക്കങ്ങളും, മൊബൈൽ ഫോണിനും ടീവീക്കും മുന്നിൽ ചടഞ്ഞു കൂടുന്ന നമ്മളും ഒക്കെ ഓണത്തിന്റെ മുഖഛായ മാറ്റിയിരിക്കുന്നു. എങ്കിലും ഓണം പകരുന്ന ഓർമകൾക്ക് എന്നും ഗൃഹാതുരതയുടെ സുഗന്ധമുണ്ടാവും എന്നും എക്കാലവും.


🌸🌸🌸🌸🌸 *അമ്പിളി ദിലീപ് *

COMMENTS

8 COMMENTS

  1. ഓണാനുഭവക്കുറിപ്പ് അതിഗംഭീരമായി ‘.ഇത്തരം അനുഭവങ്ങൾ അധികമില്ലെങ്കിലും ‘
    ബാല്യകാലത്തിലെ തിളങ്ങുന്ന ഓർമ്മകളിലേയ്ക്ക് തിരികെ കൊണ്ടു പോകാൻ ഈ കുറിപ്പിനായി .അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: