17.1 C
New York
Monday, September 27, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (8)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (8)

✍മോഹൻദാസ് എവർഷൈൻ.

വറുതിയുടെ കർക്കിടകം പടികടന്ന് പോകുമ്പോൾ പൊന്നാവണി മാസം വരികയായ്. ഓണാനിലാവ് നമ്മുടെ ഹൃദയം നിറച്ച് കൊണ്ട് ഓണത്തിന്റെ പൂവിളി ഉണരുന്നത് നാടാകെയാണ്.

ഓണം നമ്മുടെ രക്തത്തിലലിഞ്ഞു ചേർന്ന് മലയാളിയുടെ തനിതഹങ്കാരമായി സിരകളിലൂടെ അനുസ്യൂതമൊഴുകുകയാണ്‌.
ചിങ്ങം പിറക്കുമ്പോൾ തന്നെ മനസ്സാകെ ഓണത്തിന്റെ സൗരഭ്യം നിറയുന്നു.

ഓണത്തിനെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ഊഞ്ഞാലിന് വേണ്ടി കരഞ്ഞു ബഹളമുണ്ടാക്കിയ എന്റെ ബാല്യമാണ്. അമ്മയെയും, അച്ഛനെയും മാറി, മാറി മുത്തം കൊടുത്ത് കാര്യം നേടിയെടുത്ത്,
ആ ഊഞ്ഞാൽ പടിയിൽ സർവ്വാധികാരിയെ പോലെ ഇരുന്ന്, ഉയരങ്ങൾ തേടി ആടുന്ന ചിത്രമാണ് ഓണത്തിന്റെ നിറച്ചാർത്തിൽ മറക്കാനാകാത്തത്.

അത്തം എന്ന് കേൾക്കുമ്പോഴേ മനസ്സിൽ തുമ്പയും, തെച്ചിയും, മുക്കുറ്റിയും പൂവിട്ട് തുടങ്ങും, ഓണത്തിന് മുന്നെ അത്തക്കളമൊരുക്കുന്നതിനുള്ള ഒരു തയ്യാറെടുപ്പ് നടത്തും, എങ്കിലും അതിനിടയിൽ കടന്ന് വന്നിരുന്ന ഓണപരീക്ഷ ഒരു രസംകൊല്ലിയായിരുന്നു. അത്തം തുടങ്ങിയാൽ പൂക്കൾ ശേഖരിക്കുകയെന്നത് ഭാരിച്ച ഒരുത്തരവാദിത്വമായിരുന്നു. കൂട്ടുകാരുമൊന്നിച്ച് പൂക്കൾ തേടി നാട്ടിടവഴികളിൽ അലഞ്ഞൊരു കാലം ഒരിക്കലുംമറക്കുവാനാകാതെ ഓണത്തിന്റെ ഓർമ്മചിത്രങ്ങളിൽ നിറം മാങ്ങാതെ നിൽപ്പുണ്ട്.
ഇന്ന് അങ്ങനെയൊരു ശീലമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഇന്ന് അത്തപ്പൂക്കളമൊരുക്കുവാൻ പൂക്കൾ മാർക്കറ്റിൽ നിന്നും വാങ്ങുന്ന രീതിയാണ്.

അന്നൊക്കെ ഓണസമ്മാനമായി കിട്ടുന്ന ഒരു മഞ്ഞ തോർത്തുണ്ട്, അത് ഓണത്തിന്റെ അടയാളമായി മനസ്സിൽ ഇപ്പോഴും പുതുമണം നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ട്. പിന്നെ കിട്ടുന്ന പ്രാധാന കളിപ്പാട്ടം പല നിറങ്ങൾ ചാലിച്ച റബ്ബർ പന്താണ്.അതുകൊണ്ട് കൂട്ടുകാരുമൊത്ത് ഓണത്തിന് തലേപന്ത് കളിക്കുമായിരുന്നു. ഇന്നിപ്പോൾ അതും അന്യം നിന്ന് പോയി. അത് പോലെ സെവൻറ്റീസ് കളി, അത് ശരിക്കും ക്ഷമയുണ്ടെങ്കിൽ മാത്രമേ കളിക്കാൻ കഴിയൂ, പന്ത് കൊണ്ടുള്ള ഏറ് നമ്മുടെ മുതുക് പൊളിക്കുമ്പോഴും, അരിശം കാട്ടാതെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുവാനുള്ള ഒരു മനസ്സികാവസ്ഥ അതിന് ഉണ്ടാകണം.

ഇന്നത്തെ ഓണത്തിനും, അക്കാലത്തെ ഓണത്തിനും ഉണ്ടായിരുന്ന പ്രധാന വ്യത്യാസം അന്ന് വിശപ്പ് നമ്മുടെ കൂടെ എപ്പോഴും ഉണ്ടായിയിരുന്നു. ശരിക്കും ഓണത്തിന് അവധി കൊടുക്കുന്നത് ഈ വിശപ്പിന് തന്നെയാണ്. പലപ്പോഴും പ്രാതൽ എന്നൊരു പതിവ് മിക്ക വീടുകളിലും പതിവില്ലാത്ത കാലമായിരുന്നു.ദാരിദ്ര്യത്തിന്റെ പാത്രത്തിൽ ആവോളം മധുരം നിറയ്ക്കുന്ന ഓണം അതൊരു ആഘോഷം മാത്രമായിരുന്നില്ല, വിശപ്പില്ലാതെ ഉറങ്ങുന്ന ദിവസം കൂടിയായിരുന്നു.

നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയ്ക്ക് ഒരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ഉണ്ടാകും, അവരുടെ വക ഓണത്തിന് കുട്ടികൾക്ക് വേണ്ടി ഓണാഘോഷവും, മത്സരപരിപാടികളുമൊക്കെ സംഘടിപ്പിക്കുമായിരുന്നു. മുതിർന്നവരുടെ തിരുവാതിരകളിയും കൂട്ടത്തിൽ ഉണ്ടാകും.ഇന്ന് അത്തരം ക്ലബ്‌കളെല്ലാം കാലത്തിന്റെ ഓർമ്മചെപ്പിനുള്ളിൽ ഒതുങ്ങി പോയിരിക്കുന്നു.

ഇന്ന് ഓണത്തിന് നിറം മങ്ങിപ്പോയി എന്ന് പലരും പരാതി പറയുമ്പോഴും, ശരിക്കും ഓണത്തിന്റെ നിറമല്ല, നമ്മൾ മാത്രമേ മാറിയിട്ടുള്ളൂ, മുൻപ് വിശപ്പ് മാറ്റുവാൻ
വിയർത്തവരിൽ നിന്ന് ഇന്ന് വയറ് കുറയ്ക്കാനും, തടി കുറയ്ക്കാനുമായ് വിയർപ്പൊഴുക്കുന്ന ദൂരം വരെ നമ്മൾ എത്തിയെന്നുള്ള സത്യം വിസ്മരിക്കാനാകുമോ?.
ഒന്നാം ഓണം ഉത്രാടമാണെങ്കിലും പൂരാടം മുതൽ ഓണത്തിന്റെ തിരയിളക്കം അടുക്കളയിൽ നിന്നും കേൾക്കാം. അച്ചപ്പം, ആലങ്ങാ, മുറുക്ക്, ഉണ്ണിയപ്പം, അങ്ങിനെ ഒത്തിരി പലഹാരങ്ങൾ, ഓണത്തിന് കൃത്യമായി വീടുകളിൽ ഉണ്ടാക്കുമായിരുന്നു. ഇന്നിപ്പോൾ കൈയെത്തും ദൂരത്തു ബേക്കറികൾ വന്നപ്പോൾ എല്ലാം ഇൻസ്റ്റന്റ് ആയിതീർന്നു.

പ്രജാക്ഷേമ തല്പരനായ മഹാബലിയെ ഇന്ന് നാം കോമാളിവേഷം കെട്ടി ഹാസ്യ രസം പകരാൻ ശ്രമിക്കുമ്പോൾ, ലോകത്തിന് തന്നെ മാതൃകയാകേണ്ട ഒരു ഭരണം നടത്തി ദേവേന്ദ്രനെ പോലും അത്ഭുതപ്പെടുത്തിയ ഒരു ചരിത്രം നമ്മൾ മറക്കുകയാണ്.

മാലോകരെല്ലാമൊന്നുപോലെ എന്ന മഹത്തായ ഒരു സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ഇന്ന് പരസ്പരം കണ്ടാൽ ചിരിക്കാൻ മറക്കുന്ന ഈ കാലഘട്ടത്തിൽ ഈ സന്ദേശം വളരെയധികം പ്രാധാന്യമർഹിക്കുന്നു.

കള്ളവും, ചതിയുമില്ലാതെ, പരസ്പരസ്നേഹത്തോടെ കഴിയുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്ന, പുതിയൊരു മാവേലിനാട് എന്നും പൊന്നോണം പോലെ അതാണ് എന്റെ സങ്കല്പത്തിലുള്ളത്. മനുഷ്യത്വം മരവിച്ചു പോയ ഈ ചുറ്റുപാടിൽ നീന്നും ഇന്നത്തെ ജനതയെ രക്ഷിച്ച്, ജാതിയുടെയും, മതത്തിന്റെയും, വേലിക്കെട്ടുകളില്ലാത്ത സമാധാനത്തിന്റെയും, സൗഹർദ്ദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയണം.

എന്റെ സങ്കല്പത്തിലെ മാവേലി നാട്ടിൽ സ്ത്രീ പുരുഷസമത്വം ഉറപ്പ് വരുത്തുകയും,സ്ത്രീധനം പൂർണ്ണമായും നിരോധിക്കുകയും ,കൂടാതെ വിദ്യാഭ്യാസം എല്ലാവർക്കും സൗജന്യവുമായിരിക്കണം, സംവരണങ്ങളെ ആശ്രയിക്കാതെ കഴിവിനെ ആധാരമാക്കി,മുന്നേറുന്ന, ദാരിദ്ര്യം ഇല്ലാത്ത പുതിയ തലമുറ, അതാണ് എന്റെ സങ്കല്പത്തിലെ പൊന്നോണത്തിന് ഞാൻ ആഗ്രഹിക്കുന്നത്.

ഓണത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപിടിക്കുന്ന മലയാളിക്ക് വീണ്ടും ഒരുമയുടെ നല്ലൊരു പുലരി ആശംസിക്കുന്നു.

✍മോഹൻദാസ് എവർഷൈൻ.

COMMENTS

8 COMMENTS

 1. വളരെ മനോഹരവും, ആധികാര്യവുമായ രചന. മൺമറഞ്ഞൊരു സംസ്കൃതിയുടെ പൊളിച്ചെഴുത്തു. കഴിഞ്ഞുപോയ ആ നല്ലനാളുകളെക്കുറിച്ച് പുതു തലമുറയ്ക്കൊ രു പുനർചിന്തനം.
  തമ്മിൽ കലഹിച്ചും, മതപരിർത്തനത്തിനു വേണ്ടിയും അന്വേന്യം വിദ്വേഷിക്കുന്ന, വൈര ത്തിന്റെ വിത്തുകൾ പാകുന്ന രാഷ്ട്രീയ ദല്ലാ ളന്മാരുടെ മാർക്കടമുഷ്ട്ടിയിൽനിന്നും എന്നാ ണിനിയൊരു മോചനം 🤔🤔കാത്തിരിക്കാം.!!!

 2. ഓണത്തിന്റെ ഓർമ്മകളും പുതിയ
  ഓണക്കാഴ്കളും ഓണസങ്കല്പവുമെല്ലാം
  പങ്കുവയ്ക്കുന്ന ലേഖനം വളരെ നല്ലത് 👍

 3. മറ്റു രചനകളെ പോലെ തന്നെ ഓണം എൻ്റെ സങ്കൽപ്പത്തിൽ മികച്ച നിലവാരം പുലർത്തുന്നു… നാടിനു നന്മ നിറഞ്ഞ ഓണക്കാലങ്ങൾ ഇനിയും ആഗതമാവട്ടെ..
  ആശംസകൾ sir…

 4. ഓണത്തെകുറിച്ചുള്ള ഓർമ്മകൾ …. കാഴിഞ്ഞ കാലത്തിലേയ്ക്ക് കൂട്ടികൊണ്ടുപോയ മനോഹരമായ ലേഖനം ഹൃദയം നിറഞ്ഞ ആശംസകൾ സർ🙏❤️❤️💐💐👏👏🌹🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: