17.1 C
New York
Saturday, October 16, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (23)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

പത്മിനി ശശിധരൻ

ഓണം- തിരുവോണം – പൊന്നോണം
ഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ കൊള്ളും എന്നത് ഒരു യാഥാർത്ഥ്യമാണ്.
ഓണവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഓർമ്മയില്ലാത്ത ഒരു മലയാളിയും ഉണ്ടാകില്ല.

ഓണത്തിനെക്കുറിച്ചുള്ള ബാല്യകൗമാരസ്മരണകൾ അനവധിയാണ് . കർക്കിടക മാസത്തെ കോരിച്ചൊരിയുന്ന മഴക്കാലം കഴിഞ്ഞു എത്തുന്ന പൊന്നിൻ ചിങ്ങമാസം. ആകാശ മാകുന്ന കല്ലിൽ, കാർമേഘ വസ്ത്രങ്ങളെ, കാലമെന്ന വെളുത്തേടൻ അലക്കുമ്പോൾ തെറിക്കുന്ന വെള്ളത്തുള്ളികളെ പോലെ ചില ചാറ്റൽമഴകൾ മാത്രം. ആ അവസരത്തിൽ മാത്രം കാണുന്ന തുമ്പികളും, പൂക്കളും പക്ഷികളും. ഓണക്കാലത്തെ വെയിലിനു പോലും ഒരു പ്രത്യേക ഭംഗിയായിരുന്നു. അതെല്ലാം ഇന്നും മനസ്സെന്ന മണിച്ചെപ്പിലെ നിറംമങ്ങാത്ത മണിമുത്തുകൾ മാത്രം.

നേന്ത്രക്കായ വട്ടത്തിലും നാലാക്കി നുറുക്കിയുമുള്ള ഉപ്പേരി, ശർക്കര വരട്ടി, പുളിയിഞ്ചി,നാരങ്ങ അച്ചാർ എന്നിങ്ങനെ അത്തം ആകുമ്പോഴേക്കും ഉണ്ടാക്കുവാൻ തുടങ്ങുന്ന വിഭവങ്ങളുടെ മണം ഇപ്പോഴും മൂക്കിലേക്ക് എത്തുന്ന പോലെ. അറയിൽ ഭരണിയിൽ സൂക്ഷിച്ചിട്ടുള്ള ഉപ്പേരി എടുത്തു കൊറിച്ചുകൊണ്ട് ഞങ്ങൾ കുട്ടികൾ മുറ്റത്ത് കളിച്ചിരുന്ന പലതരം കളികൾ. പൂക്കൾ ശേഖരിക്കാൻ കുട്ടികൾ ഒത്തൊരുമിച്ച് പറമ്പുകൾതോറും പാടങ്ങൾതോറും നടന്നിരുന്നത് നേന്ത്രക്കുലകളും, മറ്റ് കാർഷിക വിഭവങ്ങളും കൈതോല കൊണ്ടുള്ള പൂവട്ടിയും വട്ടിയുംഎല്ലാം ഓണക്കാഴ്ചയായി കൊണ്ടുവന്നിരുന്ന പാട്ടക്കാരും പണിക്കാരും, അവർക്ക് ഓണവിഭവങ്ങളും ഓണക്കോടിയും കൊടുത്തിരുന്നത്. നാട്ടിലെ സ്ത്രീകൾ വട്ടം കൂടി നിന്ന് കൈക്കൊട്ടിക്കളി (കുമ്മി, തിരുവാതിര ) കളിച്ചിരുന്നത്
അതെല്ലാം ഓർമ്മയിൽ ചിതലരിക്കാതെ നിൽക്കുന്നുണ്ട്.
അതുപോലെ ഒരു ഓണക്കാലത്ത് പ്രിയ ജേഷ്ഠനെ നഷ്ടപ്പെട്ടതും ദുഃഖകരമായ ഒരു ഓർമ്മയായി മനസ്സിലുണ്ട്.

കാലങ്ങൾ മാറുന്നതിനനുസരിച്ച് നമ്മളെല്ലാം മാറിയിരിക്കുന്നു.
ഓർമ്മയിലെ ഓണം ഒരു ആചാരവും അനുഷ്ഠാനവും കൂടിയായിരുന്നു. നമ്മുടെ മഹത്തായ കാർഷിക സംസ്കൃതിയുടെ, പാരമ്പര്യത്തനിമ യുടെ, ഒരുമയുടെ, സ്നേഹത്തിന്റെ കുടുംബബന്ധങ്ങളുടെ മാനുഷികമൂല്യങ്ങളും പാഠങ്ങളും പുതുതലമുറക്കു പഠിക്കാനുള്ള അവസരം ആയിരുന്നു അത്തരം ആചാരങ്ങൾ.

എന്നാൽ ഇന്ന് അതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
ഇന്നത്തെ ഓണക്കാലം ക്രാന്തദർശിയായ മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എൻ. വി കൃഷ്ണവാരിയർ എഴുതിയപോലെയാണ്

ഒരു ചെടിയും നട്ടു വളര്‍ത്തീ;-
ലോണപ്പൂവെങ്ങനെ നുള്ളാന്‍?
ഒരു വയലും പൂട്ടി വിതച്ചീ;-
ലോണച്ചോറെങ്ങനെയുണ്ണാന്‍?
ഒരു വാഴക്കന്നും നട്ടീ;-
ലോണപ്പഴമെങ്ങനെ തിന്നാന്‍?
ഒരു കഴിനൂല്‍പോലും നൂറ്റി;-
ലോണത്തുണിയെങ്ങനെയണിയാന്‍?
ഒരു രാഗം മൂളിപ്പഴകി;-
ലോണപ്പാട്ടെങ്ങനെ പാടാന്‍?
ഒരു കരളിന്‍ സ്നേഹം പാകീ;-
ലോണക്കളിയെന്തു കളിക്കാന്‍?
ഉള്ളത്തില്‍ക്കള്ള കര്‍ക്കടം;
എങ്ങനെ പൊന്നോണം പുലരാന്‍?”

ഇന്ന് ഓണം എന്ന് പറയുന്നത് വെറും ഒരു ആഘോഷമായി പരിണമിച്ചിരിക്കുന്നു. എന്നും ജീവിതം ആഘോഷമാക്കുന്ന തലമുറയ്ക്ക് ഓണനാളിനു പ്രത്യേകതയൊന്നും തോന്നില്ല. ആവോളം മദ്യപിച്ചും ടിവി പരിപാടികൾ കണ്ടും ചില ആഘോഷ പരിപാടികൾ സംഘടിപ്പിച്ചും ഓണം കടന്നുപോകുന്നു പലർക്കും.

എന്നാൽ എന്റെ സങ്കല്പത്തിലെ ഓണം ഇതൊന്നുമല്ല.

വേലികൾ ഒന്നുമില്ലാതെ ഭരിച്ചിരുന്ന മാവേലി മഹാരാജന്റെ ആ നാട് സ്വപ്നങ്ങളിൽ മാത്രമാണ് എന്നറിയാം . എന്റെ സങ്കല്പനാട്ടിൽ മതങ്ങളും ജാതികളും വേലികൾ തീർക്കുന്നില്ല.
മതങ്ങളുടെയും ജാതികളുടെയും അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ജോലിസ്ഥലങ്ങളിലും സംവരണങ്ങൾ ഇല്ല. രാഷ്ട്രീയ കോമരങ്ങൾ അഴിഞ്ഞാട്ടം നടത്താത്ത, കൈക്കൂലിയും ശുപാർശയും ഇല്ലാത്ത നാട്.
സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ധൈര്യപൂർവ്വം ഏതു സമയത്തും സഞ്ചാരസ്വാതന്ത്ര്യം ഉള്ള ഒരു നാടു.
ഏതു ജോലിക്കും മാന്യത കൽപ്പിക്കുന്ന ആ നാട്ടിൽ ഒരിക്കലും പട്ടിണിയും ദാരിദ്ര്യവും ഉണ്ടാകില്ല എന്നത് നിശ്ചയമാണ്
ഇതെല്ലാം വ്യാമോഹങ്ങൾ ആണെന്ന് അറിയാമെങ്കിലും അതെല്ലാം എന്റെ സങ്കല്പത്തിലെ പൊന്നോണം ആണ്.
ഇതൊന്നും സംഭവിച്ചില്ലെങ്കിലും ധാരാളം വിഭവങ്ങൾ ഒരുക്കലും ആഘോഷങ്ങൾ നടത്തലും മാത്ര മല്ല ഓണം .

കുടുംബത്തിലുള്ളവർ ഒത്തൊരുമയോടെ, ഒരുമിച്ചിരുന്ന് ചിരിച്ചും കളിച്ചും ഓർമ്മകൾ പങ്കു വെച്ചു, കഴിയുന്ന വിധത്തിൽ വിഭവങ്ങൾ ഒരുമിച്ച് ഒരുക്കി, വർഷത്തിൽ ഒരു ദിവസം എങ്കിലും ഒരുമിച്ചിരുന്ന്, സന്തോഷത്തോടെ സമാധാനത്തോടെ ഉണ്ണുന്ന ദിനം…
നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമുക്കുചുറ്റുമുള്ളവരും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന ദിനം. അതാണ് ഓണം.
“ഒന്നായാൽ നന്നായി: നന്നായാൽ ഒന്നായി” എന്നെന്നും ഓണമായി.

അതാണ് എന്റെ പൊന്നോണം

പത്മിനി ശശിധരൻ

COMMENTS

32 COMMENTS

 1. ഓണസങ്കല്പം നന്നായി എഴുതി.
  എല്ലാം ഇങ്ങനെയൊക്കെ ആയെങ്കിൽ…… അങ്ങനെ ഒരു കാലം ഇനിയും വരുമോ?
  നടക്കാത്ത സ്വപ്‌നങ്ങൾ!!!!!
  പ്രതീക്ഷയോടെ……….

 2. ഓണസ്മൃതികളും സങ്കല്പവും. നല്ലെഴുത്ത്. അഭിനന്ദനങ്ങൾ

 3. മനോഹരമായി എഴുതി
  ഓണം അന്നും ഇന്നും വായിക്കാൻ സാധിച്ചു..
  എൻ വി കൃഷ്ണ വാരിയരുടെ കവിത ഉൾപ്പെടുത്തിയത് ഏറെ ഇഷ്ടമായി … ഓർമ്മകൾ പുതുക്കിയ ലേഖനം
  അഭിനന്ദനങ്ങൾ dear❤️❤️❤️

 4. നല്ല ലേഖനം, ഒഴുക്കുളള ഭാഷ, ഒരു പാട് ഇഷ്ടമായി, ഒരു ശങ്ക തോന്നി എനിക്ക് : അവസാനത്തെ 2 വരി കുഞ്ഞുണ്ണി മാഷിന്റെ അല്ലേ ? എന്ന് , അഭിനന്ദനങ്ങൾ

 5. അസ്സൽ എഴുത്ത്. എൻ വി കൃഷ്ണ വാര്യരെയും കുഞ്ഞുണ്ണി മാഷിനെയും ഉൾപ്പെടുത്തി എന്നത് നല്ലത്. എന്നാൽ എന്റെ സങ്കല്പം എന്ന അവസാന
  ഖണ്ഡിക അതീവ ഹൃദ്യം.

 6. നന്നായി എഴുതി. അന്നത്തെ ഓണം ഞങ്ങളും ആസ്വദിച്ചു. ഒരുപാട് ഇഷ്ടായി .

 7. വളരെ നന്നായിട്ടുണ്ട് ശരിക്കും നാട്ടിൽ ഒന്ന് പോയി വന്ന സുഖം. ടീച്ചർ ക്ക് നന്മകൾ നേരുന്നു

 8. ഓണക്കാലത്തു മാത്രം കാണുന്ന തുമ്പികളും, ശലഭങ്ങളും പൂക്കളും… പിന്നെ ഓണവെയിലും… ഏറെ ഇഷ്ടമായി… എന്തു നല്ല വിവരണം… ആകെക്കൂടി കുട്ടിക്കാലത്തേക്ക് ഒന്നുകൂടി തിരികെ പോയപോലെ.. അല്പം ഊഞ്ഞാൽ ഓർമ്മകളും കൂടി ആവാമായിരുന്നു 🤔👌👌💖💖💖

 9. മനസ്സിൽ പതിയുന്ന എഴുത്ത് ശൈലി മനോഹരം ഒത്തിരി ഇഷ്ടം.. ❤❤
  ആശംസകൾ 🌹🌹

 10. ഓണസ്മൃതികൾ ഹൃദ്യമായി.സങ്കല്പത്തിലെ മാവേലി നാടും നന്നായെഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: