17.1 C
New York
Saturday, October 16, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (21)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു?

ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം വീട്ടിൽ തന്നെ. ഒരു ഓണം കൂടി എത്തുമ്പോൾ എൻറെ മനസ്സിലേക്ക് ഓടി വന്നത് 1990ലെ ഓണമായിരുന്നു. ആ വർഷമാണ് മാതൃഭൂമി വാർഷിക പതിപ്പിന്റെ മുഖചിത്രമായി എന്നെയും എൻറെ സഹോദര ഭാര്യയെയും തിരഞ്ഞെടുത്തത്. ഞങ്ങളുടെ കുടുംബ സുഹൃത്തായ ശ്രീ രാജൻ പൊതുവാൾ ആണ് ഇങ്ങനെയൊരു ആവശ്യം ഞങ്ങളോട് പറഞ്ഞത്.

പേൾ, കോറൽ സെറ്റുകളും വലിയ മാലകളും ഒക്കെ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നെങ്കിലും അതൊക്കെ അണിഞ്ഞാൽ ഒരു ക്രിസ്ത്യൻ ടച്ച് വരുമെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങളുടെ ഉറ്റസുഹൃത്ത് ഊർമ്മിള സഹായത്തിനായി എത്തി. പൂത്താലിയും പാലയ്ക്ക മാലയും മുല്ലമൊട്ടു മാലയും ഇളക്കത്താലിയും ജിമിക്കിയും സെറ്റും മുണ്ടും ഒക്കെ തന്ന് ഞങ്ങളെ അണിയിച്ചൊരുക്കി. ഊർമിളയുടെ പുരാതന തറവാട്ട് വീടിൻറെ സപ്രമഞ്ച ഊഞ്ഞാലിലും അവരുടെ പൂജാമുറിയിൽ വിളക്ക് കത്തിച്ചും ഒക്കെ പത്തോളം ഫോട്ടോകൾ എടുത്തിരുന്നു അന്ന്. മാധ്യമപ്രവർത്തകർ ഉപയോഗിക്കുന്ന വിലയേറിയ ക്യാമറ ഉപയോഗിച്ചുള്ള ഫോട്ടോയെടുപ്പ് ജീവിതത്തിൽ അന്ന് ആദ്യമായിട്ടായിരുന്നു. കൃത്രിമ ഭാവപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു അദ്ദേഹം.

സാധാരണ മലയാളികൾ ഓണസദ്യ ഉണ്ണുന്നത് തിരുവോണത്തിന്റെ അന്ന് മാത്രമായിരിക്കും. പക്ഷേ ക്രിസ്ത്യാനികളായ ഞങ്ങൾ ഹിന്ദുക്കളുടെ ഇടയിൽ താമസിച്ചിരുന്നത് കൊണ്ട് നാലുദിവസവും പായസം അടക്കമുള്ള സദ്യയാണ് ഞങ്ങൾ കഴിച്ചിരുന്നത്. ഉത്രാട രാവിലെ 10 മണി തൊട്ട് അടുത്തടുത്ത വീടുകളിൽ നിന്നെല്ലാം പായസം എത്തും. കടലപ്പരിപ്പ്, സേമിയോ, ചക്ക, നേന്ത്രപ്പഴം, അട…. ….. പായസം. അങ്ങനെ പലവിധ പായസങ്ങളും കുടിച്ചു അവസാനം മാർക്ക് ഇടുകയാണ് ഞങ്ങളുടെ ജോലി. അവിയൽ, രസം, സാമ്പാർ, തീയൽ, ഓലൻ, കാളൻ, പുളിശ്ശേരി, മൊളോഷ്യം.. …ഈ കറികളൊക്കെ ആ വീടുകളിൽ നിന്ന് കൊണ്ടു വരുമ്പോഴും അവരുടെ വീട്ടിൽ സദ്യ ഉണ്ണാൻ പോകുമ്പോഴും ആണ് ഈ കറികൾക്കൊക്കെ ഇത്രയധികം രുചി ഉണ്ടെന്ന് മനസ്സിലാകുന്നത്. ക്രിസ്ത്യാനികളും ഇതൊക്കെ ഉണ്ടാക്കാറുണ്ടെങ്കിലും ഇതിന്റെയൊന്നും ഏഴയലത്തുപോലും എത്തില്ല എന്നത് പച്ചപ്പരമാർത്ഥം. ക്രിസ്തുമസിന് നിങ്ങൾ ഉണ്ടാക്കുന്ന കട്‌ലറ്റും കോഴി മപ്പാസും പാലപ്പവും താറാവ് കറിയും കേക്കും പുഡിങ്ങും ഞങ്ങൾക്കും നിങ്ങളുടെയത്ര നന്നായി ഉണ്ടാക്കാൻ അറിയില്ലല്ലോ എന്ന് അവർ പറയുമ്പോൾ ഒരു ആശ്വാസം.

ഓണ ദിവസം വൈകുന്നേരം ആകുമ്പോഴേ എല്ലാവരും വീടും പൂട്ടി ഓണാഘോഷങ്ങൾ കാണാൻ ഇറങ്ങും. അഞ്ചും ആറും കിലോമീറ്റർ നടന്നാണ് സർക്കാർ ആഘോഷിക്കുന്ന ഓണം കാണാൻ പോകേണ്ടത്. തിരുവനന്തപുരം മുഴുവൻ കനകക്കുന്ന് കൊട്ടാരവും മ്യൂസിയവും വൈദുത ദീപാലങ്കാരത്തിൽ മുങ്ങിക്കുളിച്ചു്. ഹോ! അതൊന്നു കാണേണ്ടത് തന്നെ. എല്ലാ വേദികളിലും കലാപരിപാടികൾ. ഏതേത് കാണണമെന്ന കൺഫ്യൂഷനിൽ ആയിരിക്കും എല്ലാവരും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഗാനമേള, നിശാഗന്ധിയിൽ പ്രശസ്ത നടികളുടെ നൃത്തനൃത്യങ്ങൾ.2010 ആയപ്പോഴേക്കും ചാനലുകാരുടെ ഓണാഘോഷങ്ങൾ തുടങ്ങി പല വേദികളിലും. അത് പിന്നെ ഗംഭീരം എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ? വെള്ളിത്തിരയിലെ താരങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വന്ന് നമ്മുടെ തൊട്ടു മുമ്പിൽ നിന്ന് ഓരോ കലാപരിപാടികൾ അവതരിപ്പിക്കുമ്പോൾ ഹാ!ആ ആനന്ദം പറഞ്ഞറിയിക്കാൻ വയ്യ. ഏഴാം ദിവസത്തെ കലാശക്കൊട്ട് അതിലും കെങ്കേമം. നാലുമണിക്ക് കിഴക്കേകോട്ടയിൽ നിന്ന് തുടങ്ങുന്ന ഫ്ലോട്ടുകൾ നഗരം ചുറ്റി അവസാനം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ എത്തും. അവിടെ മുഖ്യമന്ത്രി ഏറ്റവും നല്ല ഫ്ലോട്ടിന് സമ്മാനം കൊടുക്കുന്നതോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിന് തിരശ്ശീല വീഴും.

2022 ആകുമ്പോഴേക്കും എല്ലാവർക്കും രണ്ട് ഇഞ്ചക്ഷനും ലഭിച്ച് മുഖംമൂടിയും മാറ്റി പഴയതു പോലെ ആകുമോ നമ്മുടെ നാട്? ശുഭ പ്രതീക്ഷകളോടെ!!

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...

തെക്കൻ ജില്ലകളിൽ പ്രളയഭീതി: മഴ തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: