തയ്യാറാക്കിയത്: ദിവ്യ എസ്. മേനോൻ.

വായിച്ചിട്ടുള്ളതിൽ വച്ച് എനിക്ക് വളരെ പ്രിയമുള്ള ‘മഞ്ഞ് ‘ എന്ന നോവലിനെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.
എം ടി യുടെ തൂലികയിൽ വിടർന്ന ഒരു മനോഹര പുഷ്പമാണ് മഞ്ഞ് എന്ന നോവൽ. നൈനിറ്റാളിന്റെ മനോഹാരിത മുഴുവനും ആവാഹിച്ചിട്ടുള്ള, കാത്തിരിപ്പിന്റെ കഥ പറയുന്ന നോവൽ. മടങ്ങി വരുമെന്ന് ഒരു ഉറപ്പുമില്ലെങ്കിലും കാമുകനായ സുധീർ കുമാർ മിശ്രയെ കാത്തിരിക്കുന്ന വിമലാദേവിയും, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അച്ഛനെ കാത്തിരിക്കുന്ന തോണിക്കാരനായ ബുദ്ദുവും രംഗബോധമില്ലാത്ത കോമാളിയായ മരണത്തെ തന്നെ കാത്തിരിക്കുന്ന സർദാർജിയും കാത്തിരിപ്പിന്റെ വ്യത്യസ്ത മുഖങ്ങളുമായി വായനക്കാരന്റെ മനസ്സിൽ സ്ഥാനം പിടിക്കുന്നു. പ്രണയത്തിനും വിരഹത്തിനുമൊപ്പം തന്നെ പച്ചയായ മനുഷ്യജീവിതങ്ങളുടെ നിസ്സഹായതയും വരച്ചു കാണിക്കുന്ന ഒരു നോവലാണ് മഞ്ഞ്.
കാത്തിരിപ്പിന്റെ വ്യത്യസ്ത മുഖങ്ങൾ പോലെത്തന്നെ പ്രണയത്തിന്റെ വ്യത്യസ്ത മുഖങ്ങളും വായനക്കാരന്റെ മനസ്സിൽ മായാതെ പതിഞ്ഞു കിടക്കുന്നു. തന്റെ മനസ്സും ശരീരവും കവർന്ന് തന്നെ വിട്ടുപോയ കാമുകനെ ഒരിക്കൽ പോലും വഞ്ചകനായോ ദുഷ്ടനായോ കാണാൻ കഴിയാത്ത വിമലയ്ക്ക് അനശ്വര പ്രണയത്തിന്റെ മുഖമാണ്. “വരും, വരാതിരിക്കില്ല ” എന്ന പ്രതീക്ഷയോടെ അവൾ കാമുകനെ കാത്തിരിക്കുമ്പോൾ വായനക്കാരന്റെ മനസ്സിലും പണ്ടെന്നോ മറന്നുവച്ച പ്രണയത്തിന്റെ മധുരനൊമ്പരങ്ങളുടെ മഞ്ഞ് പെയ്യുന്നു.
ജീവിതസായാഹ്നത്തിൽ, മരണത്തെ കാത്തിരിക്കുമ്പോൾ “എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കരണമൊന്നുമില്ല…വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനം എഴുതില്ല, ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ… വെറുതെ… എനിക്ക് നിങ്ങളെ ഇഷ്ടമാണ്” എന്ന് വിമലയോടു പറയുന്ന സർദാർജിക്കു ഉപാധികളില്ലാത്ത, ആത്മാവിൽ നിന്നുള്ള പ്രണയത്തിന്റെ മുഖമാണ്. ഹൃദയത്തിലെന്നും പ്രണയത്തിന്റെ മഞ്ഞ് പെയ്യുന്നവർക്ക് ശരീരത്തിന്റെ ചുളിവുകൾ ഒരിക്കലും മരുഭൂമികളാവാറില്ല. ജീവിതത്തിലെ കഠിനമായ പ്രതിസന്ധിഘട്ടത്തിലും അദ്ദേഹത്തിന്റെ മനസ്സിൽ പ്രണയമുണ്ട്. നിലനില്പിനുള്ള ഊർജ്ജവും പ്രതീക്ഷയുമാണ് പ്രണയം എന്നാണ് വിമലയും സർദാർജിയും വായനക്കാരോട് പറയാതെ പറയുന്നത്. ഓരോ മനുഷ്യന്റെയും ഉള്ളിൽ വിമലയുടെയും സർദാർജിയുടെയും ചെറിയൊരു അംശമെങ്കിലുമുണ്ടാവും.അതില്ലെന്നു പറയുന്നത് കളവാണ്.
ഒരു ഗദ്യകവിത പോലെ മനോഹരമാണ് മഞ്ഞ്. കാവ്യാത്മകമായ ശൈലിയിൽ എഴുതിയിട്ടുള്ള കാലാതിവർത്തിയായ നോവൽ. മഞ്ഞ് വായിച്ചു തീരുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്നത് അതിലെ കഥാപാത്രങ്ങൾ മാത്രമല്ല, മഞ്ഞിൻ പുതപ്പ് മൂടിപ്പുതച്ചു കിടക്കുന്ന അതിമനോഹരിയായ നൈനിറ്റാൾ കൂടിയാണ്… നൈനി ദേവിയുടെ ക്ഷേത്രവും തടാകവും മാൾ റോഡും എല്ലാം മനസ്സിൽ പതിഞ്ഞു കിടക്കുന്ന മനോഹര ദൃശ്യങ്ങളാണ്.
ഹൃദയങ്ങളിൽ പ്രണയത്തിന്റെ മഞ്ഞ് പെയ്തിറങ്ങുന്ന ഒരു അനുഭവമാണ് മഞ്ഞ് എന്ന നോവൽ. വായിച്ചു നിർത്തുമ്പോൾ ഏതൊരു വായനക്കാരന്റെയും മനസ്സ് മന്ത്രിച്ചു പോകും “വരും, വരാതിരിക്കില്ല!”
ദിവ്യ എസ് മേനോൻ.
ഹൃദയത്തിലെന്നും പ്രണയത്തിന്റെ മഞ്ഞു പെയ്യുന്നവർക്ക് ശരീരത്തിന്റെ ചുളിവുകൾ ഒരിക്കലും മരുഭൂമികളാവാറില്ല… ആഹാ … ഈ വരികൾ എത്ര മനോഹരം👍👍
അതിസുന്ദരമായ ആസ്വാദനകുറിപ്പ് ദിവ്യാ ഒത്തിരി സ്നേഹത്തോടെ ആശംസകൾ😀🙏💕💕💕💕💕💐💐💐💐💐🌺🍇🌺🍇🌺🍇
നല്ല ആസ്വാദനക്കുറിപ്പ്. അഭിനന്ദനങ്ങൾ !!
വളരെ മനോഹരം. ഇനിയും പോരട്ടെ ഇങ്ങനെ 😍🌹