17.1 C
New York
Monday, March 27, 2023
Home Special പുനഃസമാഗമം .. (എന്റെ ഓർമ്മകുറിപ്പ്).

പുനഃസമാഗമം .. (എന്റെ ഓർമ്മകുറിപ്പ്).

മൈഥിലി കാർത്തിക്

എന്റെ പ്രിഡിഗ്രി പഠന കാലത്ത് എനിക്കൊരു കൂട്ടുകാരനെ കിട്ടിയിരുന്നു. എഫ് എ സിറ്റിയുടെ ദത്തു ഗ്രാമമായ മഞ്ഞുമ്മലിനെ തൊട്ടു കിടക്കുന്ന കളമശ്ശേരിയിൽ നിന്നും ഞങ്ങൾടെ കോളേജിൽ വന്നിരുന്ന അജയഘോഷായിരുന്നു ആ കൂട്ടുകാരൻ. എന്നേക്കാൾ രണ്ടു വർഷം സീനിയർ. എങ്ങനെ കണ്ടു . പരിചയപെട്ടു എന്നതോർമ്മയിലില്ല.
പക്ഷേ ഞങ്ങൾ നല്ല കൂട്ടുകാരായതും ഒരുപാടു കത്തുകൾ തമ്മിലയച്ചതും മൈഥിലി മഞ്ഞുമ്മൽ എന്നെഴുതിയാലും കത്ത് വീട്ടിലെത്തുന്ന രീതിയോളം കത്തുകൾ എഴുതി കൂട്ടിയതും ഓർമ്മയിലുണ്ട്.

എഴുപത്തേഴ് എഴുപത്ത് എട്ട് കാലഘട്ടമാണ്. ആൺകുട്ടി പെൺകുട്ടിയോടു മിണ്ടുന്നതു പോലും തെറ്റിദ്ധരിക്കപ്പെടുന്ന കാലം. ആൺ സുഹൃത്തുക്കൾ വീടുകളിലേക്കു വരുന്നത് സ്വപ്നം പോലും കാണാനാവാത്ത കാലം.

എന്താന്നറിയില്ല എന്റെ വീട്ടിൽ അച്ഛനും അമ്മയും പൊതുവെ ഗൗരവക്കാരനായ ചേട്ടനും ഒക്കെ എനിക്കീ വിലക്കുകൾക്കെതിരെ പച്ചക്കൊടി നാട്ടി.

അജയൻ വല്ലപ്പോഴും വീട്ടിൽ വന്നാൽ അമ്മ വാണി പശുവിന്റെ പാലിൽ നല്ല സേമിയോ പായസ്സം വെച്ചു വിളമ്പി ഞങ്ങൾ ടെ സൗഹൃദത്തെ ഊട്ടിയുറപ്പിച്ചു.

അജയന്റെ പുസ്തകശേഖരത്തിൽ നിന്നും എനിക്കായ് നല്ല പുസ്തകങ്ങൾ വായിക്കാൻ തന്നു. വായിച്ചതിനെ പറ്റി ചർച്ച ചെയ്തു.

പതിയെ എഴുത്തുകളിൽ മൈഥിലി സീതക്കുട്ടിയാവുകയും അത് പിന്നെ ചീതക്കുട്ടിയാവുകയും ചെയ്തു.

രാവിലത്തെ മുറ്റമടിയിൽ കൗമാരക്കാരി കല്യാണത്തെ പറ്റി സ്വപ്നം കാണുന്ന പണി കൂടി നടത്തുമായിരുന്നു.
മധുരക്കൊതിച്ചിയായതു കൊണ്ട് അമ്പലത്തിലെ ശാന്തിക്കാരനും , പിന്നെ ഏതെങ്കിലും ബേക്കറിക്കാരനും ഒക്കെ ആയിരുന്നു എന്റെ സ്വപ്നത്തിലെ ജീവിത പങ്കാളി.
ഇത്രയും അടുപ്പമുള്ളൊരു കൂട്ടുകാരനെ കൂട്ടുകാരനായി തന്നെ മനസ്സിൽ പ്രതിഷ്ഠിച്ചു.

പഠനകാലം അവസാനിക്കെ എന്റെ ഓട്ടോഗ്രാഫിൽ അജയനെഴുതി.

“ശിഥിലതയേറിയ വീഥിയിലൂടെയീ ജീവിതം
മുന്നോട്ടടുക്കുമ്പോൾ മൈഥിലീ പൊട്ടിച്ചിരിക്കുക.
നിൻ ചിരി വീഥിയിൽ പൊൻ വിളക്കായ് പ്രഭ ചൊരിയൂ. “

“ചീതക്കുട്ടി ചിരിക്കുമ്പോൾ ഹൃദയമാണ് നിറയുന്നത്.
പിരിയുമ്പോൾ ആത്മാവും. “

അജയൻ തുടർ പഠനത്തിനായി കോളേജു മാറിയപ്പോൾ പതിയെ എഴുത്തുകൾടെ എണ്ണം കുറഞ്ഞു. പരസ്പരം കാണൽ കുറഞ്ഞു.
കല്യാണത്തോടെ ഞാൻ ബാംഗ്ലൂരിലേക്ക് കൂടു മാറിയപ്പോൾ അജയനും എനിക്കും ഇടയിൽ ഒരു കടലോളം വലിയ വിടവു വന്നു. പക്ഷേ ഒരിക്കലും മറന്നില്ല. കാലം കടന്നുപോകെ
സോഷ്യൽ മീഡിയകളുടെ വരവിൽ ഞാൻ എന്റെ കൂട്ടുകാരനെ തെരഞ്ഞു. കോളേജ് ഗ്രൂപ്പുകളിൽ സഹായം തേടി.
എല്ലായിടത്തും നിരാശ മാത്രം !

എം.എസ്സി കഴിഞ്ഞ് അദ്ദേഹം കെനിയയിലേക്കു പോയെന്ന ഒരു കൊച്ചറിവിന്റെ സമാധാനത്തിലിരിക്കെ, കുറച്ചു വർഷങ്ങൾക്കു മുന്നേ എന്റെ ചേട്ടത്തിയമ്മ പറഞ്ഞു മൈഥിലീ ഞങ്ങൾടെ ബാച്ചിലുണ്ടായിരുന്ന അജയഘോഷ് ആത്മഹത്യ ചെയ്തു.
സത്യമാവല്ലേ ദൈവമേന്ന് ഉള്ളുരുകി ദൈവത്തെ വിളിച്ചെങ്കിലും ഓർമ്മ വരുമ്പോഴെല്ലാം പരേതാത്മാവിനു വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

പ്രിഡിഗ്രി ക്ലാസ്സിലെ ഒരു ഒഴിവുദിനമാണ്. രാവിലെ തന്നെ പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ മനസ്സിലേക്കൊരു ചിന്ത കയറി വന്നു. അജയന്റെ അച്ഛൻ എങ്ങാൻ ഇപ്പോൾ മരിച്ചാൽ ആ കുട്ടിയുടെ തലയിലേക്കാവില്ലേ ആ കുടുംബത്തിന്റെ ഉത്തരവാദിത്വം വരിക. ? ഉച്ചയൂണു കഴിഞ്ഞു അന്നത്തെ പത്രവുമായി കിടക്കയിലേക്കു ചാഞ്ഞു. ചരമക്കോളത്തിൽ കണ്ണുടക്കി. ഇത്താപ്പിരിപ്പറമ്പിൽ നാരായണൻ അന്തരിച്ചു.!
എന്റെ ഉള്ളിലേക്ക് ഈ സന്ദേശം രാവിലെ തന്നെ എങ്ങനെ എത്തിച്ചേർന്നെന്ന് ഇന്നുമറിയില്ല.

അച്ഛൻ നഷ്ടപ്പെട്ട മൂത്ത മകൻ നന്നേ ചെറുപ്പത്തിലേ ഒരു പാട് ഭാരം ചുമന്നിട്ടുണ്ടാകാം. എന്നിട്ടും ജീവിതം ആസ്വദിക്കും മുന്നേ ആ ജീവനെ തിരിച്ചു വിളിച്ചതിന് ഞാൻ അന്ന് ഈശ്വരനോട് ഒരുപാടു കലഹിച്ചു. അതെന്താ ചിലർക്ക് സങ്കടങ്ങൾ മാത്രം കൊടുക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

കാർത്തികേയനെന്ന് രേഖകളിലുള്ള പൊന്നനെന്ന് ചെല്ലപ്പേരുള്ള എന്റെ ജീവിത പങ്കാളിയോട് ഈ കഥകൾ പറഞ്ഞ് പറഞ്ഞ് ഞാനദ്ദേഹത്തിന്റെ ചെവി തുളച്ചു.

ഒരിക്കൽ നാട്ടിൽ പോയപ്പോൾ ഞങ്ങൾ എറണാകുളത്തെ ലിസ്സി ആശുപത്രിക്കടുത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ അജയന്റെ അനുജനെ തിരഞ്ഞു നടന്നു.. ആ അനുജന്റെ പേരുപോലും ഓർമ്മയിലില്ലാഞ്ഞിട്ടും മുപ്പത്തഞ്ചു കൊല്ലം മുന്നേ അവിടെ ഒരു മെഡിക്കൽ ഷോപ്പിൽ കണ്ടിരുന്ന ഓർമ്മയിലായിരുന്നു ആ തിരച്ചിൽ. ചന്തക്കു പോയ പട്ടിയെ പോലെ തിരിച്ചു വീട്ടിലേക്കു വരുമ്പോൾ ഒന്നുറപ്പിച്ചു. ഇനി തിരയണ്ട.

ജീവിതം പലയിടങ്ങളിലേക്കു ഞങ്ങളെ പറിച്ചു നട്ടു കൊണ്ടേയിരുന്നു. ഒടുവിൽ എത്തപ്പെട്ടത് ഷിമോഗ ജില്ലയിലെ ഭദ്രാവതിയിലുള്ള ലക്ഷ്മീപുരമെന്ന കൊച്ചു ഗ്രാമത്തിലേക്കാണു്.
അവിടെ അടുത്തുള്ള ഇൻടസ്ട്രിയൽ ഏരിയയിൽ ഞങ്ങൾ ഒരു ഫൗൺട്രി തുടങ്ങി.

കമ്പനിയിലേക്കുള്ള പോക്കുവരവിൽ കാണുന്നതൊക്കെ എഴുതി കൂട്ടുകാർക്കിട്ട് കൈയടി നേടിക്കൊണ്ടിരിക്കെ എന്റെ ബന്ധുവായ കൈഗയിലെ രാജീവ് എന്നെ ഗോവയിലെ ശ്രീമതി രാജേശ്വരിക്ക് പരിചയപ്പെടുത്തുന്നു. അങ്ങനെ ഞാൻ ‘ക്രിയേറ്റീവ് വിമൻ’ ഗ്രൂപ്പിലും അവിടന്നും ‘രചനാ ഭൂമിക’യിലും ‘ബാംഗ്ലൂർ കവി ക്കൂട്ട’ത്തിലും എത്തിപ്പെടുന്നു.

കമ്പനിയിൽ ആയിരത്തി മുന്നൂറിലധികം ഡിഗ്രി ചൂടിൽ ഫർണ്ണസ്സ് കത്തി അതിലേക്കിടുന്നതിനെയെല്ലാം ദഹിപ്പിച്ചു ദ്രവരൂപത്തിലാക്കുന്നത് കണ്ട് കണ്ണഞ്ചിനിൽക്കെ പതിയെ പതിയെ അതെന്റെ മനസ്സിനേയും ദഹിപ്പിക്കുന്നതറിഞ്ഞു. എന്താന്നറിയില്ല. എന്റെ മനസ്സ് ഉരുകിയൊലിച്ചു പിന്നീടു തണുത്തുറഞ്ഞ ലാവ പോലെ കട്ടി പിടിച്ചു കിടന്നു.
അതിൽ നിന്നും അക്ഷരങ്ങൾ ഒന്നും എണീറ്റു വന്നില്ല.
എത്ര ശ്രമിച്ചിട്ടും ഒരു വരി പോലും എഴുതാനായില്ല. ക്രമേണ ഞാൻ വായനയും കുറച്ചു. രചനാ ഭൂമികയിലും ബാംഗ്ലൂർ കവിക്കൂട്ടത്തിലും നൂറുകണക്കിന് കഥകളും കവിതകളും കുമിഞ്ഞുകൂടി. ദീർഘകാലം കാണാഞ്ഞപ്പോൾ ഈ അരങ്ങിലൂടെ പരിചയ പെട്ട ഒന്നുരണ്ടു പേർ ഞാൻ ജീവിച്ചിരിപ്പുണ്ടോന്ന് തിരക്കി. സ്നേഹം പങ്കിട്ടു.

അങ്ങനെ രണ്ടു നാൾ മുന്ന ലക്ഷ്മീപുരത്തെ തിരക്കിൽ നിന്ന് ഒരവധി എടുത്ത് ബാംഗ്ലൂരിലെ വീട്ടിലെത്തി.
തിരക്കുകൾ ഒഴിഞ്ഞപ്പോൾ വെറുതെ “രചനാ ഭൂമിക” യിലെത്തി. ഏറ്റവും താഴേന്ന് മേലേക്ക് വായന തുടങ്ങി.
ഗാഥക്കുട്ടിയുടെ ‘മരണത്തിന് തീയിട്ടവൾ , വായിച്ചു
അതിലെ എഴുതാപ്പുറങ്ങളെ മനസ്സിൽ വായിച്ചു കൊണ്ട് വീണ്ടും മേലേക്കു പോയി. ഒരു പുഴ .കോം മാത്രം കണ്ണിൽ പെട്ടു. കെനിയയിൽ ആദ്യമായി എത്തിയ എഴുത്തുകാരന്റെ കഥ ആറാം ഭാഗമായിരുന്നത്. വായന കഴിഞ്ഞപ്പോൾ വായനക്കാരുടെ അഭിപ്രായങ്ങൾ കാണാൻ തോന്നി.
അതും കണ്ട് കണ്ണുകൾ താഴേക്കു പോയി. അജയ് നാരായണന്റെ പരിചയപ്പെടുത്തലും ഫോട്ടോയും കണ്ടു. കളമശ്ശേരി എന്നു വായിച്ചപ്പോൾ പരിചയപ്പെടണം അയൽനാട്ടുകാരിയാണെന്നു പറയണംന്നു തോന്നി.

പഠിച്ച കോളേജുകളുടെ പേരിൽ കണ്ണുടക്കിയപ്പോഴേക്കും മനസ്സിൽ മഴവില്ലു വിരിഞ്ഞു. അജയഘോഷ് ഇ എൻ
ഇത്താപ്പിരി പറമ്പിൽ നാരയണൻ മകൻ അജയഘോഷ് അജയ് നാരായണനായിരിക്കുന്നു.

ഞാൻ ഫോണിൽ നിന്നും തലയുയർത്തി അന്തരീക്ഷത്തിലേക്കു നോക്കി. ഞാൻ വിശ്വസിക്കുന്ന ആ അദൃശ്യ ശക്തി ഒരു കുസൃതിയോടെ കണ്ണിറുക്കിക്കാട്ടി ചോദിച്ചു. സമാധാനമായോ?

ഒരു പാടു കാലം മുന്നേ കൈ മോശം വന്ന നിധി മനസ്സു തേടിനടന്നു മടുത്തത് യാദൃശ്ചികമായി കൺമുന്നിലേക്കെത്തിയ വിധം! ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമാവുന്നു .

രചനാ ഭൂമികയെന്ന ഈ എഴുത്തുകാരുടെ തട്ടകത്തിൽ വലിയൊരു എഴുത്തുകാരി അല്ലാഞ്ഞിട്ടും ഞാൻ കയറി പറ്റിയത് ഇതിനായിരുന്നോ.?

പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫിൽ ഞങ്ങൾ എഴുതുമായിരുന്നു ‘ വേൾഡ് ഈസ് റൗണ്ട് , സോ വീ ക്യാൻ മീറ്റ് എഗേയ്ൻ ‘ന്നു.
അതൊക്കെ സത്യമായല്ലോന്നോർക്കുമ്പോൾ ………………..

പ്രിയ കൂട്ടുകാരൻ അജയനു സമർപ്പിക്കുന്നു സ്നേഹത്തിൽ ചാലിച്ച എന്റെ ഈ ഓർമ്മകുറിപ്പ്.

മൈഥിലി കാർത്തിക് ✍️

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമ്മിക്കപ്പെടും’: അനുശോചിച്ച് പ്രധാനമന്ത്രി.

നടനും മുൻ ചാലക്കുടി എം പിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം...

ഇന്നസെൻ്റിൻ്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു പോയി.

രാവിലെ ലേക് ഷോർ ആശുപത്രിയിൽ നിന്നും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ച മൃതദേഹം എട്ട് മണി മുതൽ പൊതുദർശനത്തിന് വെച്ചു. സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള പതിനായിരങ്ങളാണ് പ്രിയ നടനെ അവസാനമായി ഒരു വട്ടം കൂടി...

ടെന്നസിയിൽ കാർ അപകടത്തിൽ 5 കുട്ടികളടക്കം 6 പേർ മരിച്ചു.

ടെന്നസി: ഞായറാഴ്ച പുലർച്ചെ ടെന്നസിയിലെ ഇന്റർസ്റ്റേറ്റ് 24-ൽ ഉണ്ടായ കാർ അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. റോബർട്ട്‌സൺ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് എമർജൻസി...

രാഹുൽ, നിങ്ങൾ തനിച്ചല്ല ; ഞങ്ങൾ കൂടെയുണ്ട് : വായ് മൂടി കെട്ടി പ്രതിഷേധിച്ച്‌ ഒഐസിസി യൂഎസ്എ

ഹൂസ്റ്റൺ: ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.കോൺഗ്രസ്...
WP2Social Auto Publish Powered By : XYZScripts.com
error: