ഇനി പരീക്ഷകളുടെ നാളുകൾ ആണ്. മാതാപിതാക്കളുടെയും കുട്ടികളുടെയും മനസിൽ പേടിയും ആധിയും ഒക്കെ ആഴത്തിൽ വേരോടുന്ന കാലം. പരീക്ഷകളെ ഇത്രക്ക് പേടിക്കേണ്ടതുണ്ടോ. ഈ ആകുലതകളുടെയും ആശങ്കകളുടെയും ആവശ്യമുണ്ടോ ? ചിന്തിക്കേണ്ട വിഷയമല്ലേ ?
മുമ്പത്തേക്കാൾ ഏറെ പരീക്ഷയെ പേടിക്കുന്നു കുട്ടികൾ. കാരണം എന്തെന്ന് ചോദിച്ചാൽ പണ്ട്, അതായതു കുറച്ച് വർഷങ്ങൾക്കു മുൻപ് വരെ SSLC പരീക്ഷയെ ആണ് കുട്ടികളും മാതാപിതാക്കളും ഏറെ ഭയന്നത്. എന്നാൽ ഇന്ന് KGമുതൽ മത്സരം തുടങ്ങുന്നു. KGയിൽ പ്രവേശനം നേടാൻ പോലും പ്രവേശനപരീക്ഷയിൽ ജയിക്കണം.
മാതാപിതാക്കളുടെ പേടി ഇളം മനസുകളിലേക്കും പകരുന്നുണ്ട്. അവർ ഓരോ ദിവസവും കുഞ്ഞുങ്ങളിലേക്ക് പഠന ഭാരവും ഒപ്പം പേടിയും കുത്തിനിറക്കും. ആവശ്യത്തിന് വിശ്രമിക്കാനോ കളിക്കാനോ കൂട്ട് കൂടാനോ അനുവദിക്കാതെ കൂട്ടിലിട്ട കിളികളെ പോലെ വളർത്തുന്നു. മാതാപിതാക്കളുടെ അമിതമായ പേടിയും ആശങ്കയും കുട്ടികളെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കും.
എന്താണ് പഠിക്കേണ്ടത് എങ്ങനെ പഠിക്കണം എന്ന് ഒരു ബോധമില്ലാതെ എന്തൊക്കെയോ വാരിവലിച്ചു പഠിക്കാൻ ശ്രമിക്കും.വെപ്രാളവും സ്ട്രെസ്സും കൊണ്ട് പഠിക്കുന്നതു തലയിൽ കയറുകയുമില്ല. ഇത് അവരെ വല്ലാത്ത മാനസിക സംഘർഷത്തിലേക്ക് നയിക്കും.
കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ സ്വപ്‌നങ്ങൾ പൂവണിയിക്കാനുള്ള ഉപകരണങ്ങൾ അല്ല. തങ്ങൾക്ക് കിട്ടാതെ പോയത് അവരിൽ കൂടി നേടണം എന്ന വാശി, കൂടുതൽ മാർക്ക് വാങ്ങി സ്റ്റാറ്റസ് കീപ് ചെയ്യണം എന്ന അതിമോഹം, നല്ല ജോലി കിട്ടി സാമ്പത്തിക സുരക്ഷിതത്വം നേടണം എന്ന ആഗ്രഹം ഇതെല്ലാം കുട്ടികളുടെ മനസിലേക്ക് എപ്പോഴും ഇൻജെക്ട ചെയ്തു കൊണ്ടിരുന്നാൽ അവർ ക്കു പേടി കൂടിക്കൊണ്ടിരിക്കും. ഇതെല്ലാം ആവശ്യമാണ്. പക്ഷെ പരിധിയും പരിമിതിയും ഉണ്ട്. ഒരു കുഞ്ഞിന്റെ പഠന നിലവാരം തീർച്ചയായും മാതാപിതാക്കൾ അറിഞ്ഞിരിക്കണം. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.നിരന്തരമായ കുറ്റപ്പെടുത്തലുകളും മാനസിക പീഡനവും ഒക്കെ തീർച്ചയായും ഒഴിവാക്കണം.
ഉന്നത വിജയം മക്കൾ വാങ്ങണം എന്ന് ആഗ്രഹിക്കുമ്പോൾ തന്നെ അവർക്കു എത്രമാത്രം കഴിവ് ഉണ്ടെന്നു കൂടി മനസിലാക്കണം. ചില കുട്ടികൾക്ക് ചില വിഷയങ്ങൾ പെട്ടെന്നു ദഹിക്കുന്നതല്ല. ചിലവിഷയങ്ങൾ വളരെ വേഗം പഠിക്കുകയും ചെയ്‌യും. പ്രയാസമുള്ള വിഷയങ്ങൾ കൂടുതൽ സമയം പഠിക്കാൻ അനുവദിക്കണം.
പിന്നെ മാർക്ക് കുറഞ്ഞു പോയാൽ അവരെ കുറ്റപ്പെടുത്താതെ സാരമില്ല അടുത്ത പരീക്ഷ നന്നായി എഴുതാം എന്ന് പറഞ്ഞു അവരെ സമാധാനിപ്പിച്ചാൽ അവർ തീർച്ചയായും അടുത്ത പരീക്ഷക്ക്‌കുടുതൽ മാർക്ക് വാങ്ങിയിരിക്കും. ഏത് വീഴ്ചയിലും മാതാപിതാക്കൾ കൂടെ ഉണ്ട് എന്ന സന്ദേശം കൂടിയാണ് അത്. അത് അവരുടെ മനോബലവും ആത്മവിശ്വാസവും കൂട്ടും.
മാതാപിതാക്കൾ കൂട്ടുകാരെ പോലെ ആയിരിക്കണം.
കുട്ടികൾക്ക് പഠിക്കാനുള്ള ഗൃഹാന്തരീക്ഷം ഒരുക്കി കൊടുക്കണം. ശാന്തമായും സമാധാനമായും പിടിക്കാനുള്ള അവസരം വേണം.
മാതാപിതാക്കളുടെ മദ്യപാനവും വഴക്കും ഒക്കെ കുട്ടികളെ വളരെയധികം മോശമായി ബാധിക്കും. നിരന്തരം കലഹമുണ്ടാക്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് നന്നായി പഠിക്കാൻ കഴിയില്ല. അവരുടെ മനോനില പോലും ശരിയായിരിക്കില്ല. അത് പോലെ കാറ്റും വെളിച്ചവും നന്നായി കിട്ടുന്ന മുറികളിൽ പഠിക്കാൻ ഇരുത്തണം.
ഇന്ന് മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾ കാണില്ല. അത് ഒരു നിശ്ചിത സമയത്തു ഉപയോഗിക്കാൻ പറയുക. ഒപ്പം മാതാപിതാക്കളും അവരുടെ ഫോണിന്റെയും tvയുടെയും ഉപയോഗം പരിമിതപ്പെടുത്തുക. ധാരാളം ശുദ്ധജലം കുടിക്കാൻ നൽകണം. കോളകൾ പരമാവധി കൊടുക്കാതിരിക്കുക. സിസ്റ്റമാറ്റിക് ആയി പഠിക്കാൻ സൗകര്യം ഒരുക്കണം. നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എഴുതി കഴിയാൻ പരിശീലിപ്പിക്കണം.
ചെറുപ്പം മുതൽ പേടി ഉള്ളിൽ വളർത്താതെ തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവരെ മനസിലാക്കി മുന്നോട്ടു പോയാൽ കുട്ടികളുടെ പേടിയും മാതാപിതാക്കളുടെ ആധിയും പമ്പ കടക്കും. നമ്മൾ അവർക്കൊപ്പം ഉണ്ടെന്നു അവർക്കു ബോധ്യം ഉണ്ടെങ്കിൽ അവർ നന്നായി പഠിക്കും പരീക്ഷ എഴുതും
അഥവാ തോറ്റു പോവുകയോ, മാർക്കു കുറയുകയോ ചെയ്താൽ ഒരു കുഞ്ഞും ആത്മഹത്യയിൽ അഭയം തേടില്ല. എല്ലാ കുഞ്ഞുങ്ങൾക്കും വിജയാശംസകൾ.