ദേവു-S

ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും നമ്മളിൽ പലരും അനുഭവം കൊണ്ട് രുചിച്ച് അറിഞ്ഞ ഒന്നാണ്, കൈകൂലി കൊടുത്ത്, നടത്തി കിട്ടിയ നമ്മുടെ പല കാര്യങ്ങളും!
പണത്തിന്റെ മുന്നിൽ പിണവും വായ് തുറക്കും എന്ന പഴമൊഴി ഈ സത്യത്തെ മുദ്രയിടുന്നു.
പണം കണ്ടാൽ, അത് വരെ കടിച്ച് പിടിച്ചിരുന്ന തങ്ങളുടെ അടിസ്ഥാന തത്വങ്ങൾ തന്നെ പലരും മറന്നു പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
പണത്തിന് വേണ്ടി സ്വന്തം രാജ്യത്തെ വിറ്റവരുണ്ട്!
പണത്തിന് വേണ്ടി സ്വന്തം മാനത്തെ വിറ്റവരുമുണ്ട്!
പണത്തിന് വേണ്ടി സ്വന്തം സഹോദരരരെ വിറ്റ കഥകളുടെ കാര്യം പറയുകയേ വേണ്ട! ചുറ്റും നോക്കിയാൽ അത് മാത്രമേ ഉള്ളൂ!
പണത്തിന് വേണ്ടി സ്വന്തം കുടുംബത്തെ കീറി മുറിച്ചവരും ധാരാളം!
പലപ്പോഴും, ഏറ്റവും അടുത്ത സൗഹ്രൃദങ്ങളെ പോലും പല തട്ടുകളിൽ ആയി അടർത്തി മാറ്റിയത്- പണമാണ്!
പണത്തിന്റെ പേരിൽ അന്യോന്യം കൊലയ്ക്ക് കൊടുക്കാൻ പോലും മനുഷ്യൻ മടിക്കില്ല!
എന്നാൽ പണമില്ല എങ്കിൽ ഒന്നും ഇല്ല എന്ന് പലരും ശഠിക്കുന്നത് എന്ത് കൊണ്ടാണ്?
കൈയിൽ പണമുണ്ടെങ്കിൽ, പിണവും സംസാരിക്കുന്ന പ്രവണത ഉള്ളത് കൊണ്ട്! ഇന്നത്തെ കാലത്ത്, എന്തും നേടാൻ ഉള്ള കുറുക്ക് വഴികൾ പണം വെട്ടിപ്പിടിക്കാൻ സഹായിക്കുന്ന കൊണ്ട്! ഇതേ പ്രവണത, വരും തലമുറയുടെ മസ്തിഷ്കത്തിൽ, ഇങ്ങനെ ചിന്തിക്കുന്നവർ കുത്തി വെച്ച് നിറച്ചിടുന്നു.
ആരാണ് പണത്തിന് ഇത്രയും നമ്മളുടെ മേൽ സ്വാധീനം കൊടുത്തത്?
നമ്മൾ തന്നെ!
നമ്മളെ, പണത്തിന്റെ മുന്നിൽ അടിമ ആയി മാറ്റിയെടുക്കാൻ മാത്രം എന്ത് മന്ത്രമാണ് പണത്തിന് ഉള്ളത്?
പണത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം!
സത്യം പറഞ്ഞാൽ, പണത്തിനോടുള്ള ഈ അടങ്ങാത്ത ആർത്തി ആണ് എല്ലാ തിന്മകൾക്കും കാരണം!
പണത്തിന് മേടിക്കാൻ കഴിയാത്ത പലതും ഈ ലോകത്ത് ഉണ്ട്.
സമയം, സ്നേഹം, സന്തോഷം, സമാധാനം, സത്യം, സത്യസന്ധത, ഉദ്ദേശം, സാഹോദര്യം, ആത്മവിശ്വാസം, ആത്മാർഥതയും, ആത്മാർത്ഥമായ സൗഹ്രൃദങ്ങളും ബന്ധങ്ങളും, പെരുമാറ്റം, ബഹുമാനം, ക്ഷമ, ദയ, നീതി, വിനയം, വിവേകം, വിശ്വാസം, പ്രത്യാശ, ഭാഗ്യം, തുറന്ന ചിന്താഗതി, ആരോഗ്യം, ബാല്യം, യുവത്വം, കഴിവുകൾ എന്ന് വേണ്ട, ചുരുക്കം പറഞ്ഞാൽ, ഒരു നല്ല ഉറക്കം പോലും പണത്തിന് നൽകാൻ കഴിയില്ല!
ഇങ്ങനെ പോകുന്നു ആ നീണ്ട ലിസ്റ്റ്!
പണം തിന്മയല്ല, പക്ഷേ പണത്തിനോടുള്ള സ്നേഹം ദുഷ്ടതയാണ്!
ആയതിനാൽ , പണത്തിന് നമ്മുടെ ജീവിതത്തിൽ ഉള്ള അതിർത്തി വിവേകപൂർവ്വം തിരഞ്ഞെടുക്കുക!
സ്നേഹപൂർവ്വം
- ദേവു-